നിങ്ങളുടെ കുട്ടികൾക്കുവേണ്ടി എന്തു ലക്ഷ്യങ്ങളാണു നിങ്ങൾ വെച്ചിരിക്കുന്നത്?
1 ജീവിതവിജയം മൂല്യവത്തായ ലക്ഷ്യങ്ങൾ വെച്ച് അവ നേടിയെടുക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. നിസ്സാരമായ അല്ലെങ്കിൽ അവാസ്തവികമായ ലക്ഷ്യങ്ങൾ പിന്തുടരുന്നവർ അവസാനം നിരാശരും അതൃപ്തരും ആയിത്തീരുന്നു. “സാക്ഷാലുള്ള ജീവനെ പിടിച്ചുകൊള്ളേണ്ടതിന്നു” ഏതു ലക്ഷ്യങ്ങൾ പിന്തുടരണമെന്നു വിവേചിച്ചറിയാൻ ജ്ഞാനം ആവശ്യമാണ്. (1 തിമൊ. 6:19) ഏതു വഴിയെ പോകണമെന്നു യഹോവ തന്റെ വചനത്തിലൂടെയും സ്ഥാപനത്തിലൂടെയും നമുക്കു കൃത്യമായി കാണിച്ചുതരുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്!—യെശ. 30:21.
2 സ്നേഹനിർഭരമായ അത്തരം മാർനിർദേശം പ്രദാനം ചെയ്യുന്നതിൽ, യഹോവ മാതാപിതാക്കൾക്കുവേണ്ടി ഉത്തമ മാതൃക വെക്കുന്നുണ്ട്. ഏറ്റവും നല്ല മാർഗം തിരഞ്ഞെടുക്കുകയെന്ന സംഗതി അനുഭവപരിജ്ഞാനമില്ലാത്ത കുട്ടികൾക്കുതന്നെ വിട്ടുകൊടുക്കുന്നതിനു പകരം, ജ്ഞാനികളായ മാതാപിതാക്കൾ കുട്ടികൾ പോകേണ്ടുന്ന വഴിയിൽ അവരെ പരിശീലിപ്പിക്കും. അങ്ങനെ, പ്രായമാകുമ്പോൾ, അവർ “അതു വിട്ടുമാറുകയില്ല.” (സദൃ. 22:6) തങ്ങൾക്കു സ്വന്തം അഭിപ്രായങ്ങളിൽ ആശ്രയിക്കാൻ സാധിക്കുകയില്ലെന്നും തങ്ങൾ യഹോവയിൽ ആശ്രയിക്കണമെന്നും ക്രിസ്തീയ മാതാപിതാക്കൾ അനുഭവത്തിൽനിന്നു തിരിച്ചറിയുന്നു. (സദൃ. 3:5, 6) അറിവിലും അനുഭവജ്ഞാനത്തിലും പരിമിതിയുള്ള കുട്ടികളുടെ കാര്യത്തിൽ ഈ ആവശ്യം അതിലും കൂടുതലാണ്.
3 “കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങ”ളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കുട്ടികളെ സഹായിക്കുന്ന മൂല്യവത്തായ ലക്ഷ്യങ്ങൾ അവർക്കു മുമ്പിൽ വെച്ചുകൊടുക്കാൻ മാതാപിതാക്കൾക്കു സാധിക്കും. (ഫിലി. 1:10, NW) അവർക്ക് അതു കുടുംബ അധ്യയനത്തോടെ തുടങ്ങാനാവും. അതിന്റെ പ്രാധാന്യം മനസ്സിലാക്കി അതിൽനിന്നു പഠിക്കാൻ അവരെ പ്രോത്സാഹിപ്പിക്കണം. സഭായോഗങ്ങൾക്കു വേണ്ടി മുന്നമേ പഠിക്കുക, സ്വന്തം വാക്കുകളിൽ ഉത്തരങ്ങൾ പറയാൻ തയ്യാറാകുക എന്നീ ശീലങ്ങൾ കുട്ടികൾ വളർത്തിയെടുക്കുന്നതു നല്ലതാണ്. പ്രസംഗവേലയിൽ ക്രമമായി പങ്കെടുക്കുന്നതു പ്രധാനമാണ്. ലഘുലേഖ സമർപ്പിക്കുക, തിരുവെഴുത്തുകൾ വായിക്കുക അല്ലെങ്കിൽ മാസിക സമർപ്പിക്കുക എന്നിവയിലൊക്കെ പങ്കുകൊള്ളാൻ കൊച്ചുകുട്ടികൾക്കു കഴിയും. വായിക്കാൻ പ്രാപ്തരായിത്തീരുമ്പോൾ, അവർ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂളിൽ ചേരുന്നുവെങ്കിൽ അവർക്കു തങ്ങളുടെ ആത്മീയ പുരോഗതിയുടെ ഗതിവേഗം കൂട്ടാൻ സാധിക്കും. സ്നാപനമേൽക്കാത്ത ഒരു പ്രസാധകൻ എന്നനിലയിലേക്ക് എത്തിച്ചേരുന്നത് അല്ലെങ്കിൽ സ്നാപനത്തിന് അംഗീകരിക്കപ്പെടുന്നതു പുരോഗതിയിലേക്കുള്ള ഒരു വലിയ പടിയാണ്.
4 കുട്ടികൾ കൗമാരപ്രായത്തോട് അടുക്കുമ്പോൾ, അല്ലെങ്കിൽ അതിലും മുമ്പുതന്നെ, അവരുടെ ജീവിതവൃത്തി സംബന്ധിച്ച ലക്ഷ്യങ്ങളെക്കുറിച്ചു യാഥാർഥ്യബോധത്തോടെ അവരുമായി സംസാരിക്കണം. സ്കൂൾ ഉപദേഷ്ടാക്കന്മാർക്കും സഹപാഠികൾക്കും അവരെ ലൗകികമായ, ഭൗതികത്വപരമായ ഗതികളിലേക്ക് എളുപ്പം സ്വാധീനിക്കാൻ സാധിക്കും. രാജ്യതാത്പര്യങ്ങൾ വിട്ടുകളയാതെതന്നെ ഭൗതിക ആവശ്യങ്ങൾക്കു വേണ്ടി കരുതാൻ സജ്ജരാക്കുന്ന, പ്രായോഗിക പരിശീലനം പ്രദാനംചെയ്യുന്ന, സ്കൂൾ കോഴ്സുകൾ തിരഞ്ഞെടുക്കാൻ മാതാപിതാക്കൾ കുട്ടികളെ സഹായിക്കണം. (1 തിമൊ. 6:6-10) ഏകാകിത്വം എന്ന “വരം” പിൻപറ്റാൻ അവരെ പ്രോത്സാഹിപ്പിക്കാവുന്നതാണ്. പിൽക്കാലത്ത് വിവാഹം ചെയ്യാൻ തീരുമാനിക്കുന്നപക്ഷം, വിവാഹത്തിന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ അവർ പ്രാപ്തരായിത്തീരും. (മത്താ. 19:10, 11; 1 കൊരി. 7:36-38) പയനിയറിങ്, ആവശ്യം അധികമുള്ളിടത്തു സേവിക്കൽ, ബെഥേൽ സേവനം, അല്ലെങ്കിൽ മിഷനറി പ്രവർത്തനം എന്നിവയെക്കുറിച്ചൊക്കെ ക്രിയാത്മകമായി സംസാരിക്കുന്നത് യഹോവയെ പ്രസാദിപ്പിക്കുന്ന, മറ്റുള്ളവർക്കു പ്രയോജനം ചെയ്യുന്ന, തങ്ങൾക്കുതന്നേ അനുഗ്രഹങ്ങൾ കൈവരുത്തുന്ന ഒരു വിധത്തിൽ ജീവിക്കാനുള്ള ഒരാഗ്രഹം നന്നേ ചെറുപ്പത്തിൽത്തന്നെ കുട്ടികളിൽ അങ്കുരിപ്പിക്കും.
5 ഇന്നു സ്ഥാപനത്തിൽ ഉയർന്ന ക്രിസ്തീയ മൂല്യങ്ങളോടു പറ്റിനിൽക്കുന്ന, ദിവ്യാധിപത്യ ലക്ഷ്യങ്ങൾ പിൻപറ്റുന്ന അനേകം യുവജനങ്ങളുള്ളത് യാദൃച്ഛികമായി സംഭവിച്ചതല്ല. അവരുടെ വിജയത്തിനുള്ള മുഖ്യകാരണം സ്നേഹമതികളായ മാതാപിതാക്കളാണെന്നു പറയാവുന്നതാണ്. നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ, നിങ്ങളുടെ കുട്ടികളുടെ പോക്ക് എങ്ങോട്ടാണെന്നാണു നിങ്ങൾക്കു തോന്നുന്നത്? രാജ്യതാത്പര്യങ്ങളിൽ കേന്ദ്രീകരിച്ചുള്ള ഒരു ജീവിതഗതിയിലേക്കു ക്രമാനുഗതമായി അവർ മുന്നേറുകയാണോ? ഓർക്കുക, സത്യത്തെ കുട്ടികളുടെ മനസ്സിൽ പതിപ്പിക്കുകയും അതിനെക്കുറിച്ച് എല്ലാ ദിവസവും സംസാരിക്കുകയും ചെയ്യുക എന്നതാണു നിങ്ങൾക്കു ചെയ്യാൻ സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംഗതികളിലൊന്ന്. യഹോവയെ സേവിക്കുന്നതിൽ വിശ്വസ്തമായ ഒരു ഭവനത്താൽ നിങ്ങൾ അനുഗൃഹീതരായേക്കാം.—ആവ. 6:6, 7; യോശു. 24:15.