സംസാരത്തിലും നടത്തയിലും മാതൃകയായിരിക്കുക
1 സംസാരത്തിലും നടത്തയിലും മാതൃകയായിരിക്കാൻ അപ്പോസ്തലനായ പൗലോസ് തിമൊഥെയൊസിനെ ഉദ്ബോധിപ്പിച്ചു. (1 തിമൊ. 4:12) നാമും മാതൃകായോഗ്യമായ സംസാരവും നടത്തയും പ്രദർശിപ്പിക്കേണ്ടതാണ്, വിശേഷാൽ ശുശ്രൂഷയിൽ പങ്കെടുക്കുമ്പോൾ. കാരണം അപ്രകാരം ചെയ്യുന്നതു കണ്ടുമുട്ടുന്നവരുടെ ഹൃദയത്തിൽ നാം എത്തിച്ചേരുമോ ഇല്ലയോ എന്നു നിശ്ചയിക്കും.
2 മര്യാദ, പരിഗണന, ദയ, വിനയം, നയം എന്നിവ ഉൾപ്പെടെയുള്ള നല്ല പെരുമാറ്റത്തിന്റെ എല്ലാ വശങ്ങളും നാം പ്രദർശിപ്പിക്കേണ്ടതാവശ്യമാണ്. ഈ ഗുണങ്ങൾ പ്രതിഫലിപ്പിക്കുന്നതിനാൽ, നമ്മുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരുടെ വികാരങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നതു സംബന്ധിച്ചു നാം ബോധവാൻമാരാണെന്നു നാം കാണിക്കുന്നു. ശുശ്രൂഷയിലെ നല്ല പെരുമാറ്റരീതികളെ ഭക്ഷണത്തിന്റെ സ്വാദു വർധിപ്പിക്കാൻ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങളോടു താരതമ്യപ്പെടുത്താവുന്നതാണ്. അവ ഇല്ലെങ്കിൽ, നല്ല ഭക്ഷണം അരുചികരവും വിശപ്പുവർധിപ്പിക്കാത്തതും ആയിരുന്നേക്കാം. മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപെടലുകളിൽ നല്ല പെരുമാറ്റരീതികൾ പ്രദർശിപ്പിക്കുന്നതിലെ പരാജയത്തിനു സമാനമായ ഒരു ഫലമുണ്ടായിരിക്കാവുന്നതാണ്.—കൊലൊ. 4:6.
3 സംസാരത്തിൽ മാതൃകയായിരിക്കുക: സുവാർത്തയുടെ അവതരണത്തിലെ മർമപ്രധാനമായ ഘടകങ്ങളാണ് സൗഹൃദപരമായ പുഞ്ചിരിയും ഊഷ്മളമായ അഭിവാദ്യവും. നമ്മുടെ മുഖവുരയ്ക്ക് ഊഷ്മളതയും ആത്മാർഥതയുംകൊണ്ട് നാം രുചിവരുത്തുമ്പോൾ, നമുക്കു വീട്ടുകാരനിൽ യഥാർഥ താത്പര്യമുണ്ടെന്ന് അറിയാൻ നാം അദ്ദേഹത്തെ അനുവദിക്കുന്നു. അദ്ദേഹം സംസാരിക്കുമ്പോൾ ശ്രദ്ധാപൂർവം കേൾക്കുകയും അദ്ദേഹത്തിന്റെ അഭിപ്രായത്തോട് ഉചിതമായ ആദരവു കാണിക്കുകയും ചെയ്യുക. നിങ്ങൾ സംസാരിക്കുമ്പോൾ നയവും ഭവ്യതയും ഉള്ളവരായിരിക്കുക.—പ്രവൃ. 6:8 താരതമ്യം ചെയ്യുക.
4 സൗഹൃദരഹിതനായ, വഴക്കുണ്ടാക്കുകപോലും ചെയ്യുന്ന ഒരു വ്യക്തിയെ നാം ഇടയ്ക്കിടെ കണ്ടുമുട്ടിയേക്കാം. നാം എങ്ങനെ പ്രതികരിക്കണം? “സൗമ്യതയും ആഴമായ ആദരവും” പ്രകടമാക്കുന്ന ഒരു വിധത്തിൽ സംസാരിക്കാൻ പത്രോസ് നമ്മെ ഉദ്ബോധിപ്പിച്ചു. (1 പത്രൊ. 3:15, NW; റോമ. 12:17, 18) ഒരു വീട്ടുകാരൻ രാജ്യസന്ദേശം പരുഷമായി നിരസിക്കുന്നുവെങ്കിൽ നാം കേവലം “കാലിലെ പൊടി തട്ടിക്കള”യണം എന്ന് യേശു പറഞ്ഞു. (മത്താ. 10:14) അത്തരം സാഹചര്യങ്ങളിൽ നാം മാതൃകായോഗ്യമായ പെരുമാററരീതികൾ പ്രകടിപ്പിക്കുന്നത് എതിർപ്പുകാരന്റെ ഹൃദയത്തെ ഒടുവിൽ മൃദുവാക്കിയേക്കാം.
5 നടത്തയിൽ മാതൃകയായിരിക്കുക: തിരക്കുള്ള തെരുവുകളിലും പൊതുസ്ഥലങ്ങളിലും സുവാർത്ത പ്രസംഗിക്കുന്നതു നാം പരിഗണനയുള്ളവരായിരിക്കേണ്ടത് ആവശ്യമാക്കുന്നു, ഒരിക്കലും ഒച്ചയിടുന്നവരോ നിർബന്ധബുദ്ധികളോ ആയിരിക്കരുത്, അങ്ങനെ യാത്രക്കാരുടെ നടപ്പിനു തടസ്സംസൃഷ്ടിക്കുകയുമരുത്. താത്പര്യക്കാരുടെ ഭവനങ്ങളിലായിരിക്കുമ്പോൾ, അവരുടെ ആതിഥ്യത്തോടുള്ള വിലമതിപ്പു കാണിച്ചുകൊണ്ടു മര്യാദയുള്ള അതിഥികൾ എന്നനിലയിൽ നാം ഉചിതമായ മാന്യതയും നടത്തയും നിലനിർത്തണം. നമ്മുടെ കൂടെവരുന്ന കുട്ടികൾ വീട്ടുകാരനോടും അദ്ദേഹത്തിന്റെ വസ്തുവകകളോടും ആദരവു കാണിക്കണം. അവർ നല്ല പെരുമാറ്റരീതികളുള്ളവരും നാം സംഭാഷിക്കുമ്പോൾ ശ്രദ്ധിക്കുന്നവരും ആയിരിക്കണം. കുട്ടികൾ നിയന്ത്രണാതീതരാണെങ്കിൽ, അതൊരു പ്രതികൂലമായ ധാരണ അവശേഷിപ്പിക്കും.—സദൃ. 29:15.
6 നമ്മുടെ വ്യക്തിപരമായ ആകാരം നാം ദൈവവചനത്തിന്റെ ശുശ്രൂഷകരാണെന്നു മറ്റുള്ളവർക്കു പ്രസ്പഷ്ടമാക്കണം. നമ്മുടെ വസ്ത്രധാരണത്തിലും ചമയത്തിലും നാം വൃത്തിയില്ലാത്തവരോ അമിതത്ത്വമുള്ളവരോ ആയിരിക്കരുത്. നമ്മുടെ ആകാരം എല്ലായ്പോഴും സുവിശേഷത്തിന്നു യോഗ്യമായതായിരിക്കണം. (ഫിലി. 1:27 താരതമ്യം ചെയ്യുക.) നമ്മുടെ ആകാരത്തിനും ഉപകരണങ്ങൾക്കും അടുത്ത ശ്രദ്ധനൽകുന്നതിനാൽ, ഇടർച്ചക്കോ നമ്മുടെ ശുശ്രൂഷയിൽ കുറ്റം കണ്ടുപിടിക്കുന്നതിനോ നാം മറ്റുള്ളവർക്കു കാരണം നൽകില്ല. (2 കൊരി. 6:3, 4) നമ്മുടെ മാതൃകായോഗ്യമായ സംസാരവും നടത്തയും യഹോവക്കു ബഹുമതി കൈവരുത്തിക്കൊണ്ട് രാജ്യസന്ദേശത്തോടു ഹൃദ്യമായൊരു ഗുണം കൂട്ടിച്ചേർക്കുന്നു.—1 പത്രൊ. 2:12.