നോട്ടീസുകൾ നന്നായി പ്രയോജനപ്പെടുത്തുക
1 രാജ്യഹാളിന്റെ മേൽവിലാസവും യോഗങ്ങളുടെ കൃത്യമായ സമയവും പ്രദേശത്തെ ആളുകളെ അറിയിക്കാൻ സഭാനോട്ടീസുകൾ ഉപകരിക്കുന്നു. നിങ്ങൾ സമ്പർക്കം പുലർത്തുന്ന എല്ലാ ആളുകൾക്കും ഓരോന്നു നൽകുന്നത് ഉചിതമായിരിക്കും. ആ ലക്ഷ്യത്തിൽ ഓരോ സഭകളും വേണ്ടത്ര നോട്ടീസുകൾ സ്റ്റോക്ക് ചെയ്യേണ്ടതാണ്. സഭ അതിന്റെ യോഗസ്ഥലമോ സമയമോ മാറ്റാൻ പോകുകയാണെങ്കിൽ, ആ മാറ്റങ്ങൾ നിലവിൽ വരുന്നതിന് മൂന്ന് മാസം മുമ്പ് പുതിയ നോട്ടീസുകൾ ഓർഡർ ചെയ്യേണ്ടതാണ്. തന്മൂലം, നിലവിലുള്ള യോഗങ്ങളുടെ സമയം പ്രതിപാദിക്കുന്ന നോട്ടീസ് ശേഖരം എല്ലായ്പോഴും കൈവശമുണ്ടായിരിക്കും. അവ ഓർഡർ ചെയ്യുന്നതിന് നോട്ടീസ് അപേക്ഷാ ഫാറം ഉപയോഗിക്കേണ്ടതാണ്. 1,000-ത്തിന് 40.00 രൂപ എന്ന നിരക്കിലാണ് നോട്ടീസുകൾ വിതരണം ചെയ്യുന്നത്. 1,000-ത്തിന്റെ കെട്ടുകളായി മാത്രമേ അവ ഓർഡർ ചെയ്യാവൂ. ലഭിച്ച നോട്ടീസുകൾ ഏറ്റവും ഫലപ്രദമായ വിധത്തിൽ നിങ്ങൾക്കെങ്ങനെ പ്രയോജനപ്പെടുത്താൻ കഴിയും?
2 അവയിലൊന്ന് ഒരു വ്യക്തിക്കു നൽകുന്നത് നമ്മെത്തന്നെ പരിചയപ്പെടുത്തുന്നതിനും സംഭാഷണം ആരംഭിക്കുന്നതിനുമുള്ള ഒരു ഫലപ്രദമായ മാർഗമാണെന്ന് അനേകം പ്രസാധകർ കണ്ടെത്തുന്നു. യോഗപട്ടികയോ മറുവശത്തെ സന്ദേശമോ ചൂണ്ടിക്കാട്ടിക്കൊണ്ട് നമ്മുടെ വേലയെക്കുറിച്ചും അതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചുമുള്ള ഒരു ചർച്ച തുടങ്ങാൻ കഴിഞ്ഞേക്കും. വീടുകളിൽ കൊച്ചുകുട്ടികളെക്കൊണ്ട് നോട്ടീസ് കൊടുപ്പിച്ചുകൊണ്ട് മാതാപിതാക്കൾക്ക് അവരെ ശുശ്രൂഷയിൽ ഉൾപ്പെടുത്താൻ സാധിക്കും. കത്തുകൾ മുഖേന സാക്ഷീകരണം നടത്തുന്ന പ്രസാധകർ തങ്ങളുടെ കത്തിൽ ഒരു നോട്ടീസ് അടക്കംചെയ്ത് വ്യക്തിയെ യോഗങ്ങൾക്കു ക്ഷണിക്കണം. ആളില്ലാഭവനങ്ങളിൽ നോട്ടീസുകൾ ഇട്ടേച്ചു പോരാവുന്നതാണ്. എന്നാൽ പുറത്തുനിന്ന് ഒട്ടും കാണാൻ കഴിയാത്തവിധത്തിൽ അവ കതകിനടിയിലൂടെ ഇടാൻ ശ്രദ്ധിക്കണം.
3 ആത്മാർഥ ഹൃദയരായ ആളുകളെ സത്യത്തിലേക്കു വഴിനയിക്കുന്നതിൽ നോട്ടീസുകൾ ഒരു ഉപകരണമായി വർത്തിച്ചിരിക്കുന്നു. ഒരു നോട്ടീസ് നിമിത്തം, ബൈബിൾ പഠിക്കാനുള്ള ആയുഷ്ക്കാല മോഹം പൂവണിഞ്ഞ ഒരു സ്ത്രീയെക്കുറിച്ചുള്ളതാണ് പിൻവരുന്ന അനുഭവം. ദൈവത്തോടുള്ള പ്രാർഥനയിൽ ഒരു രാത്രി അവൾ ചെലവഴിച്ചശേഷം, രാവിലെ സാക്ഷികളായ ഒരു ദമ്പതികൾ അവളുടെ വാതിലിൽ മുട്ടി. വാതിലിലെ ഒളിദ്വാരത്തിലൂടെ നോക്കിക്കൊണ്ട് അത് വാതിൽ തുറക്കാൻ പറ്റിയ സമയമല്ലെന്ന് അവൾ വിളിച്ചുപറഞ്ഞു. ആ സാക്ഷികൾ വാതിലിനടിയിലൂടെ ഒരു നോട്ടീസ് ഉള്ളിലേക്കിട്ടു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “നിങ്ങളുടെ ബൈബിളിനെ മനസ്സിലാക്കുക.” അവൾ അതു കണ്ടിട്ട് വാതിൽ തുറന്നു. അപ്പോൾത്തന്നെ ഒരു അധ്യയനം ആരംഭിക്കുകയും പിന്നീട് അവൾ സ്നാപനമേൽക്കുകയും ചെയ്തു. നാം നമ്മുടെ ശുശ്രൂഷ പൂർണമായി നിവർത്തിക്കവേ, ദൈവാത്മാവിന്റെ ശക്തിയെ ഒരിക്കലും താഴ്ത്തിമതിക്കാതെ നമുക്ക് പതിവായി നോട്ടീസുകൾ നന്നായി പ്രയോജനപ്പെടുത്താം.—1994 ഫെബ്രുവരിയിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1-ാം പേജും കാണുക.