ദാഹിക്കുന്ന ഏവനും ക്ഷണം വെച്ചുനീട്ടുക
1 പ്രവാചകനായ ആമോസ് മുൻകൂട്ടിപ്പറഞ്ഞതുപോലെ, ‘വെള്ളത്തിന്നായുള്ള ദാഹം നിമിത്തമല്ല, യഹോവയുടെ വചനങ്ങളെ കേൾക്കേണ്ടതിന്നുള്ള വിശപ്പു’ നിമിത്തം മാനവകുടുംബം ഇന്ന് ക്ലേശിക്കുകയാണ്. (ആമോ. 8:11) ഈ ആത്മീയ ഊഷരാവസ്ഥയിൽ ആളുകളെ സഹായിക്കുന്നതിനായി, വെളിപ്പാടു പുസ്തകത്തിന്റെ അവസാന അധ്യായത്തിൽ ഒരു “ജീവജലനദി”യായി ചിത്രീകരിച്ചിരിക്കുന്ന, അനുസരണമുള്ള മനുഷ്യരെ പാപത്തിൽനിന്നും മരണത്തിൽനിന്നും ഉദ്ധരിക്കാനുള്ള ദൈവത്തിന്റെ കരുതലുകളെക്കുറിച്ച് നാം അവരോടു പറയുന്നു. നീതിക്കായി ദാഹിക്കുന്ന ഏവനെയും “ജീവജലം സൌജന്യമായി വാങ്ങു”ന്നതിനു ക്ഷണിക്കാനുള്ള പദവി നമുക്കുണ്ട്. (വെളി. 22:1, 17) ഫെബ്രുവരിയിൽ നമുക്കത് എങ്ങനെ ചെയ്യാനാകും? നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകമോ അർധനിരക്കിലോ പ്രത്യേകനിരക്കിലോ സമർപ്പിക്കാനായി പട്ടികപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും പഴയ പ്രസിദ്ധീകരണമോ സമർപ്പിച്ചുകൊണ്ട് ഇത് സാധിക്കും. പ്രാദേശിക ഭാഷയിൽ ഈ പുസ്തകങ്ങളൊന്നും ലഭ്യമല്ലെങ്കിൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകമോ കുടുംബ സന്തുഷ്ടിയുടെ രഹസ്യം പുസ്തകമോ സമർപ്പിക്കാവുന്നതാണ്. പിൻവരുന്ന അവതരണങ്ങൾ ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം:
2 അനേകരും ആരോഗ്യകാര്യത്തിൽ ആകുലരായതിനാൽ ഈ സമീപനം ഫലപ്രദമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം:
◼ “നല്ല ആരോഗ്യപരിപാലനത്തിനു വേണ്ടിവരുന്ന ചെലവു വർധിക്കുന്നതുനിമിത്തം അനേകരും ആകുലരാണ്. അതു സംബന്ധിച്ചു താങ്കളും ചിന്തിച്ചിട്ടുണ്ടായിരിക്കും. [പ്രതികരിക്കാൻ അനുവദിക്കുക.] ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരമുണ്ടോ? [മറുപടിക്കായി കാക്കുക.] അത്ഭുതകരമായ ഒരു ഭാവിപ്രതീക്ഷ ഇതാ ഇവിടെ കൊടുത്തിരിക്കുന്നു.” വെളിപ്പാടു 21:3-5എ വായിക്കുക. തുടർന്ന് എന്നേക്കും ജീവിക്കാൻ പുസ്തകം തുറന്ന് 162-ാം പേജിലെ ചിത്രം വിശദീകരിക്കാൻ 164-ാം പേജിലെ 17, 18 ഖണ്ഡികകൾ ഉപയോഗിക്കുക. ഇപ്രകാരം പറഞ്ഞുകൊണ്ട് ഉപസംഹരിക്കുക: “ഇത്തരം അവസ്ഥകൾ എങ്ങനെ, എപ്പോൾ വരുമെന്ന് ഈ പുസ്തകം ചർച്ചചെയ്യുന്നു.” പുസ്തകം സമർപ്പിച്ചിട്ട് മടങ്ങിച്ചെല്ലാൻ ക്രമീകരണം ചെയ്യുക.
3 മടക്കസന്ദർശനം നടത്തുമ്പോൾ ഇങ്ങനെ പറഞ്ഞുകൊണ്ട് നിങ്ങളുടെ ചർച്ച പുനരാരംഭിക്കാവുന്നതാണ്:
◼ “കഴിഞ്ഞ പ്രാവശ്യം ഞാൻ താങ്കളെ സന്ദർശിച്ചപ്പോൾ ആരോഗ്യപ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരത്തെക്കുറിച്ചു നാം സംസാരിക്കുകയുണ്ടായി. രോഗികളാരുമില്ലാത്ത ഒരു കാലം എന്നെങ്കിലും വരുമെന്നു താങ്കൾ കരുതുന്നുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ശ്രദ്ധേയമായ ഈ പ്രസ്താവനയൊന്നു നോക്കൂ.” യെശയ്യാവു 33:24 വായിക്കുക. തുടർന്ന് ആവശ്യം ലഘുപത്രികയുടെ 5-ാം പാഠം എടുക്കുക. പാഠത്തിന്റെ ആരംഭത്തിൽ 5-ഉം 6-ഉം ഖണ്ഡികകൾക്കായി കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചോദിച്ചിട്ട് പരാമർശിച്ചിരിക്കുന്ന ഏതാനും തിരുവെഴുത്തുകൾ എടുത്തുനോക്കിക്കൊണ്ട് പ്രസ്തുത ഖണ്ഡികകൾ ചർച്ചചെയ്യുക. രോഗവും മരണവും നീക്കംചെയ്യപ്പെടുന്നത് ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ആദിമോദ്ദേശ്യത്തിന്റെ നിവൃത്തിയുടെ ഭാഗമാണെന്നു സൂചിപ്പിക്കുക. അതേ പാഠത്തിലെ 1-4, 7 ഖണ്ഡികകൾ ചർച്ചചെയ്യാനായി മടങ്ങിച്ചെല്ലാൻ ക്രമീകരിക്കുക.
4 അകാല മരണം ഉൾപ്പെടുന്ന ഒരു ആനുകാലിക വാർത്ത ആളുകളുടെ മനസ്സിലുണ്ടെങ്കിൽ, നിങ്ങൾക്ക് ഈ സമീപനം ഉപയോഗിക്കാം:
◼ “താങ്കൾ ഇതിനെക്കുറിച്ചു [വാർത്ത സൂചിപ്പിക്കുക] കേട്ടിരിക്കും. ജീവിതം അകാലത്തിൽ ദാരുണമായി പൊലിയുമ്പോൾ, ഇരകളായവരുടെ കുടുംബത്തിന് എന്താശ്വാസം പകർന്നുകൊടുക്കാനാകുമെന്ന് അനേകർക്കുമറിയില്ല. അതു സംബന്ധിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?” പ്രതികരിക്കാൻ അനുവദിക്കുക. തുടർന്ന് പരിജ്ഞാനം പുസ്തകത്തിന്റെ 86-ാം പേജ് എടുക്കുക. അവിടെ ചിത്രീകരിച്ചിരിക്കുന്ന പുനരുത്ഥാന രംഗം കാണിക്കുക. ഇങ്ങനെ പറഞ്ഞുകൊണ്ട് സംഭാഷണം തുടരുക: “ഭൂമിയിലെ പറുദീസയിൽ ജീവിക്കുന്നതിന് നീതിമാന്മാരും നീതികെട്ടവരും തിരികെ വരുത്തപ്പെടും എന്നു മനസ്സിലാക്കുമ്പോൾ നിരവധിയാളുകളും അമ്പരന്നുപോകുന്നു. [87-ാം പേജിലെ 17-ാം ഖണ്ഡികയിൽ ഉദ്ധരിച്ചിരിക്കുന്ന പ്രവൃത്തികൾ 24:15 വായിക്കുക. അതിനുശേഷം പ്രസ്തുത ഖണ്ഡികയിലുള്ള വിശദീകരണം നൽകുക.] ഭാവി സംബന്ധിച്ച ദൈവോദ്ദേശ്യത്തെക്കുറിച്ചുള്ള അനേകം രസകരമായ ആശയങ്ങൾ ഈ പുസ്തകം ചർച്ചചെയ്യുന്നു. ഇതിന്റെ ഒരു പ്രതി സ്വന്തമാക്കി വായിക്കാൻ ഞാൻ താങ്കളെ പ്രോത്സാഹിപ്പിക്കുകയാണ്.” വ്യക്തിയുടെ അഭിരുചികളും താത്പര്യങ്ങളും കണക്കിലെടുത്ത് മടങ്ങിച്ചെല്ലാൻ ക്രമീകരണങ്ങൾ നടത്തുക.
5 മടക്കസന്ദർശനം നടത്തുമ്പോൾ നിങ്ങളുടെ അവതരണം വീട്ടുകാരന് അനുയോജ്യമാക്കുക. ഒരുപക്ഷേ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼ “കഴിഞ്ഞ പ്രാവശ്യം നാം സംസാരിച്ചപ്പോൾ, ഭൂമിയെക്കുറിച്ചുള്ള ദൈവോദ്ദേശ്യം സംബന്ധിച്ച് താങ്കൾ പറഞ്ഞ ഒരു കാര്യം ഞാൻ വിലമതിക്കുകയുണ്ടായി. [അദ്ദേഹം പറഞ്ഞ അഭിപ്രായം ആവർത്തിക്കുക.] അതു സംബന്ധിച്ച് കുറച്ചു വിവരങ്ങൾ ഞാൻ കണ്ടെത്തിയിട്ടുണ്ട്. താങ്കൾക്കതിൽ താത്പര്യമുണ്ടായിരിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.” ആവശ്യം ലഘുപത്രികയുടെ 5-ാം പാഠമെടുക്കുക. വീട്ടുകാരൻ താത്പര്യം കാണിക്കുന്നിടത്തോളം ഖണ്ഡികകൾ ആ പാഠത്തിൽനിന്ന് വായിച്ചു ചർച്ചചെയ്യുക. പാഠത്തിന്റെ ബാക്കിഭാഗം ചർച്ചചെയ്യാനായി മടങ്ങിച്ചെല്ലാനുള്ള സമയം തീർച്ചപ്പെടുത്തിയ ശേഷം സഭായോഗങ്ങളുടെ സമയം കാണിച്ചിരിക്കുന്ന ഒരു നോട്ടീസ് അദ്ദേഹത്തിനു നൽകുക. പരസ്യയോഗത്തെക്കുറിച്ച് വിശദീകരിക്കുകയും അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്യുക.
6 പഴയ പുസ്തകങ്ങൾ സമർപ്പിക്കുമ്പോൾ, ഒരു ലഘുലേഖ വിശേഷവത്കരിച്ചുകൊണ്ടുള്ള ലളിതമായ ഒരു അവതരണമാണു നിങ്ങൾ ഇഷ്ടപ്പെടുന്നതെങ്കിൽ ഇങ്ങനെ പറയാവുന്നതാണ്:
◼ “സമാധാനപൂർണ്ണമായ ഒരു പുതിയ ലോകത്തിലെ ജീവിതം എന്ന ശീർഷകത്തിലുള്ള ഈ ലഘുലേഖ താങ്കൾക്കു തരുന്നതിനു ഞാനാഗ്രഹിക്കുന്നു.” അതു വീട്ടുകാരനു കൊടുത്തിട്ട് നിങ്ങൾ ആദ്യഖണ്ഡിക വായിക്കുമ്പോൾ അതിൽ നോക്കിയിരിക്കാൻ അദ്ദേഹത്തോട് അഭ്യർഥിക്കുക. അവിടെ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാമോയെന്നു ചോദിക്കുക. രണ്ടാം ഖണ്ഡിക വായിച്ചിട്ട് നിങ്ങൾ സമർപ്പിക്കുന്നത് ഏതു പുസ്തകമായാലും അതിൽനിന്ന് പറുദീസയുടെ ഒരു ചിത്രം കാണിച്ചുകൊടുക്കുക. ഇങ്ങനെ പറഞ്ഞുകൊണ്ട് തുടരുക: “ഭാവി സംബന്ധിച്ചുള്ള ബൈബിളിന്റെ അത്ഭുതകരമായ വാഗ്ദത്തങ്ങളെക്കുറിച്ച് ഈ പുസ്തകം കൂടുതലായ വിവരങ്ങൾ പ്രദാനം ചെയ്യുന്നു”. പുസ്തകം സമർപ്പിക്കുക, മടക്കസന്ദർശനത്തിനു ക്രമീകരിക്കുക.
7 മറ്റുള്ളവർക്കായി നാം വെച്ചുനീട്ടുന്ന ഹൃദ്യമായ ക്ഷണം യഹോവ ഇപ്പോൾ ലഭ്യമാക്കുന്ന ജീവജലത്തിങ്കലേക്ക് അവർ വരുന്നതിന് ഇടയാക്കിയേക്കാം. അതുകൊണ്ട് ദാഹിക്കുന്ന ഏവനോടും നമുക്ക് “വരിക” എന്നു പറയാം.—വെളി. 22:17.