അടിയന്തിരതാബോധത്തോടെ സുവാർത്ത അവതരിപ്പിക്കൽ
1 ക്രിസ്തീയ ശുശ്രൂഷയിൽ മുഴുഹൃദയത്തോടെ പങ്കുപറ്റിക്കൊണ്ട് ദൈവത്തിന്റെ രാജ്യവാഗ്ദാനങ്ങളോടുള്ള നമ്മുടെ ആഴമായ വിലമതിപ്പു നാം പ്രകടമാക്കുന്നു. നാം ഈ വേലയിൽ അടിയന്തിരതാബോധത്തോടെ പങ്കെടുക്കേണ്ടതാണ്. എന്തുകൊണ്ട്? കാരണം, വേലക്കാർ ചുരുക്കമാണ്, ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യം അടുത്തുവരുകയാണ്, നമ്മുടെ പ്രദേശത്തുള്ളവരുടെ ജീവൻ അപകടത്തിലുമാണ്. (യെഹെ. 3:19; മത്താ. 9:37, 38) അത്തരമൊരു ഭാരിച്ച ഉത്തരവാദിത്വം ശുശ്രൂഷയിൽ നമ്മുടെ ഏറ്റവും മെച്ചമായ ശ്രമം ആവശ്യമാക്കുന്നു. വയൽസേവന പ്രവർത്തനത്തോടുള്ള ബന്ധത്തിൽ നമുക്കെങ്ങനെ അടിയന്തിരതാബോധം പ്രകടമാക്കാനാകും? നല്ല അവതരണങ്ങൾ കാലേകൂട്ടി തയ്യാറാകുന്നതിനാലും കണ്ടെത്താവുന്നിടങ്ങളിൽ എല്ലാം ആളുകളെ അന്വേഷിക്കുന്നതിൽ ഉത്സാഹമുള്ളവരായിരിക്കുന്നതിനാലും താത്പര്യം കാണിക്കുന്ന എല്ലാവരുടെയും കൃത്യമായ രേഖ സൂക്ഷിക്കുന്നതിനാലും ആ താത്പര്യത്തെ പിന്തുടരുന്നതിനു താമസംവിനാ മടങ്ങിപ്പോകുന്നതിനാലും ജീവൻ ഉൾപ്പെട്ടിരിക്കുന്നതിനാൽ നാം നമ്മുടെ ശുശ്രൂഷ ഗൗരവമായി എടുക്കണമെന്ന് ഓർമിക്കുന്നതിനാലും. ഫെബ്രുവരിയിൽ അടിയന്തിരതാബോധത്തോടെ സുവാർത്ത അവതരിപ്പിക്കാൻ നാം തയ്യാറാകവെ, പിൻവരുന്ന നിർദേശങ്ങൾ സഹായകമായിരുന്നേക്കാം. നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകമോ നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകമോ അല്ലെങ്കിൽ രണ്ടും ഒന്നിച്ചോ ആയിരിക്കും സമർപ്പിക്കുന്നത്.
2 സമൂഹം അഭിമുഖീകരിക്കുന്ന ചില പ്രശ്നങ്ങൾ ഹ്രസ്വമായി പരാമർശിച്ചുകൊണ്ട് ഒരു സംഭാഷണം ആരംഭിക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും, എന്നിട്ട് നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്:
◼“ഒരു ദൈവമുണ്ടെന്ന് ഒട്ടുമിക്കയാളുകളും വിശ്വസിക്കുന്നു. എന്നാൽ, ‘നമുക്കുവേണ്ടി ഏതു തരത്തിലുള്ള ഭാവിയാണ് അവൻ ആഗ്രഹിക്കുന്നത്’ എന്ന് അവർ അതിശയിക്കുന്നു. നിങ്ങൾ അതിന് എന്ത് ഉത്തരം പറയും? [പ്രതികരിക്കാൻ അനുവദിക്കുക.] മനുഷ്യവർഗത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ ഇഷ്ടത്തെക്കുറിച്ചും അതു നിവർത്തിക്കാനായി അവൻ സ്വീകരിച്ചുകൊണ്ടിരിക്കുന്ന പടികളെക്കുറിച്ചും ബൈബിൾ എന്തു പറയുന്നുവെന്നു നിങ്ങൾക്കറിയാമോ?” വെളിപ്പാടു 21:4 വായിച്ചിട്ട് അതിനെ എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 11-ാം പേജിലെ ചിത്രവുമായി ബന്ധിപ്പിക്കുക. നമ്മുടെ ഭാവിക്ക് ഇത് എന്തർഥമാക്കുന്നുവെന്നു കൂടുതലായി ചിത്രീകരിക്കാൻ 12-13 പേജുകളിലെ ചിത്രത്തിലേക്കു തിരിയുക. 12-ാം ഖണ്ഡികയിൽ കൊടുത്തിരിക്കുന്ന യെശയ്യാവു 11:6-9 വായിക്കുക. പുസ്തകം സമർപ്പിക്കുക. സംഭാഷണം തുടരുന്നതിനു മടങ്ങിച്ചെല്ലാൻ സൗകര്യപ്രദമായ ഒരു സമയം ക്രമീകരിക്കുക.
3 ഹ്രസ്വമായ ഈ അവതരണംകൊണ്ട് വെളിപ്പാടു 21:4-നെ സംബന്ധിച്ചുള്ള മുൻ ചർച്ച നിങ്ങൾക്കു തുടരാവുന്നതാണ്:
◼“മനുഷ്യവർഗത്തിനുവേണ്ടി ഒരു പുതിയ ഭൗമിക സമുദായം ഒരുക്കാനുള്ള ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ച് എന്റെ കഴിഞ്ഞ സന്ദർശനത്തിൽ നാം ചർച്ച ചെയ്തു. [എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 12-13 പേജുകളിലെ ചിത്രത്തിലേക്കു വീണ്ടും ശ്രദ്ധതിരിക്കുക.] നിങ്ങളുടെ കുടുംബം അത്തരം അവസ്ഥകൾ ആസ്വദിക്കുന്നതു കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? [പ്രതികരിക്കാൻ അനുവദിക്കുക.] ഇപ്പോൾ ചോദ്യമിതാണ്, ദൈവത്തിന്റെ വാഗ്ദാനങ്ങൾ എത്രമാത്രം ആശ്രയയോഗ്യമാണ്? അവൻതന്നെ എന്താണു പറയുന്നതെന്നു ദയവായി ശ്രദ്ധിക്കുക.” തീത്തൊസ് 1:2-ഉം 56-ാം പേജിലെ 28-ാം ഖണ്ഡികയും വായിക്കുക. ആ ഖണ്ഡികയ്ക്കായുള്ള അച്ചടിച്ച ചോദ്യത്തിന്റെ (എ) ഭാഗം ചോദിച്ച് ഉത്തരത്തിലേക്കു ശ്രദ്ധക്ഷണിക്കുക. ഖണ്ഡികയുടെ അവസാന വാചകവും ഉൾപ്പെടുത്തുക. സൗജന്യ ബൈബിളധ്യയന വാഗ്ദാനത്തെപ്പറ്റി പരാമർശിക്കുക. അതു പിന്നീടു പ്രകടിപ്പിച്ചുകാണിക്കാൻ ക്രമീകരിക്കുക.
4 കുടുംബത്തിലെ വർധിച്ചുവരുന്ന പ്രശ്നങ്ങളെക്കുറിച്ച് അനേകർ ഉത്കണ്ഠാകുലരായതിനാൽ, പ്രാഥമിക സന്ദർശനത്തിൽ നിങ്ങൾക്ക് ഇതുപോലെ എന്തെങ്കിലും പറയാവുന്നതാണ്:
◼“ആധുനിക കുടുംബം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് മിക്കവാറും എല്ലാവരും ഉത്കണ്ഠാകുലരാണ്. [സ്കൂളുകളിലെയും കോളെജുകളിലെയും മയക്കുമരുന്നിന്റെ പ്രശ്നം, ഭാര്യ ജോലിചെയ്യേണ്ടതുള്ളപ്പോൾ വീട്ടുകാര്യങ്ങൾ നോക്കുന്നതും കുട്ടികളെ പരിപാലിക്കുന്നതും സംബന്ധിച്ച പ്രശ്നം എന്നിങ്ങനെ ഏതാനും കാര്യങ്ങൾ പരാമർശിക്കുക.] ദശകങ്ങളായി മാനുഷ ഉപദേഷ്ടാക്കൾ ഈ വിഷയങ്ങളിൽ ഉപദേശം വാഗ്ദാനം ചെയ്യുകയും ആളുകൾ അവരെ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും അവസ്ഥകൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണെന്നാണു നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] കാലപ്പഴക്കം ചെന്നവയെന്നു ചില ആളുകൾ വീക്ഷിക്കുന്നെങ്കിലും പ്രായോഗികമെന്നു കൂടെക്കൂടെ തെളിഞ്ഞിട്ടുള്ള ഉപദേശങ്ങൾ ബൈബിൾ വാഗ്ദാനം ചെയ്യുന്നു.” ഉദാഹരണമെന്നനിലയിൽ, കുടുംബജീവിതം പുസ്തകത്തിന്റെ 39-ാം പേജിലെ സദൃശവാക്യങ്ങൾ 10:19 വായിക്കുക. ആ പേജിലെയും അതിനു തൊട്ടുമുമ്പുള്ള പേജിലെയും മറ്റു വാക്യങ്ങൾ ചൂണ്ടിക്കാണിച്ചിട്ട് പ്രസ്തുത പുസ്തകത്തിൽ, ബൈബിളിൽ അടങ്ങിയിരിക്കുന്ന കാലാതീത ജ്ഞാനത്തിന്റെ പ്രായോഗിക ബാധകമാക്കൽ നടത്തിയിരിക്കുന്ന വിധം വിശദീകരിക്കുക. മടങ്ങിച്ചെല്ലാനും കുടുംബജീവിതം എങ്ങനെ മെച്ചപ്പെടുത്താമെന്നു തുടർന്നു ചർച്ച ചെയ്യാനുമുള്ള ആസൂത്രണങ്ങൾ ചെയ്യുക.
5 ഒരുവന്റെ കുടുംബജീവിതത്തിൽ എങ്ങനെ സന്തുഷ്ടി വർധിപ്പിക്കാവുന്നതാണെന്നു വിശദീകരിക്കാൻ മടങ്ങിച്ചെല്ലാമെന്നു നിങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് ഈ സമീപനം പരീക്ഷിക്കാവുന്നതാണ്:
◼“കുടുംബജീവിതം എങ്ങനെ മെച്ചപ്പെടുത്താമെന്നതിനെക്കുറിച്ചുള്ള നമ്മുടെ ചർച്ച തുടരാൻ തിരിച്ചുവരുന്നതിനു ഞാൻ ഒരു പ്രത്യേക ശ്രമം നടത്തി. അക്കാര്യത്തിൽ ബൈബിൾ ഉത്തമ ബുദ്ധ്യുപദേശം നൽകുന്നതായി എന്റെ കഴിഞ്ഞ സന്ദർശനത്തിൽ നാം കണ്ടു.” കുടുംബജീവിതം പുസ്തകത്തിന്റെ ‘ഉള്ളടക്കം’ കൊടുത്തിരിക്കുന്ന പേജിലേക്കു മറിച്ചിട്ട് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അധ്യായം തിരഞ്ഞെടുക്കാൻ വീട്ടുകാരനെ അനുവദിക്കുക. പേജിന്റെ താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ഉപയോഗിച്ചുകൊണ്ട് ആ വിഷയം പഠിക്കുന്നതിനാൽ അദ്ദേഹത്തിന് എങ്ങനെ പ്രസ്തുത വിഷയത്തിൽനിന്നു പരമാവധി പ്രയോജനം നേടാനാകുമെന്നു കാണിക്കുക. അത് അദ്ദേഹത്തോടൊപ്പം പഠിക്കാമെന്നു വാഗ്ദാനം ചെയ്തിട്ട് അപ്പോൾത്തന്നെ അധ്യയനമാരംഭിക്കാൻ ശ്രമിക്കുക.
6 അനേകമാളുകൾ പരിസ്ഥിതിയിൽ തത്പരരായിരിക്കുന്നതിനാൽ, ഒരു സംഭാഷണം തുടങ്ങുന്നതിനു നിങ്ങൾക്ക് ഇതുപോലെയെന്തെങ്കിലും പറയാവുന്നതാണ്:
◼“വായുവിന്റെയും വെള്ളത്തിന്റെയും ആഹാരത്തിന്റെയും മലിനീകരണം സംബന്ധിച്ചു മിക്കവാറുമെല്ലാവരും ആകുലചിത്തരാണെന്നു ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു. ചില രാജ്യങ്ങളിൽ പരിസ്ഥിതിയുടെ അവസ്ഥ ഇപ്പോൾത്തന്നെ ജീവനു ഭീഷണിയാണ്. ദൈവം ഭൂമിയുടെ സ്രഷ്ടാവായതിനാൽ അവൻ അതു സംബന്ധിച്ച് എന്തു ചെയ്യുമെന്നാണു നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരണത്തിന് അനുവദിക്കുക.] നാം ഈ ഗ്രഹം ഉപയോഗിക്കുന്ന വിധം സംബന്ധിച്ചു ദൈവം കണക്കുചോദിക്കാൻ പോകുകയാണെന്നു ബൈബിൾ പറയുന്നു. [വെളിപ്പാടു 11:18ബി വായിക്കുക.] സകല മലിനീകരണങ്ങളിൽനിന്നും വിമുക്തമായ ഒരു ഭൂമിയിൽ ജീവിക്കുന്നതു വിഭാവനചെയ്യുക!” വെളിപ്പാടു 21:3-5എ-യിൽ സൂചിപ്പിച്ചിരിക്കുന്ന പറുദീസയെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനം ചൂണ്ടിക്കാണിക്കുക. എന്നേക്കും ജീവിക്കാൻ പുസ്തകത്തിന്റെ 153-ാം പേജിലെ അവസാനത്തെ ചിത്രം കാണിച്ചിട്ട് 156 മുതൽ 158 വരെയുള്ള പേജുകളിലെ ചിത്രങ്ങളുമായി അതിനെ വിപരീതതാരതമ്യം ചെയ്യുക. പുസ്തകം സമർപ്പിച്ചിട്ട് മടങ്ങിച്ചെല്ലാൻ ക്രമീകരിക്കുക.
7 പറുദീസാ ഭൂമിയിൽ താത്പര്യം കാണിച്ച ഒരുവന്റെ അടുത്തു മടങ്ങിചെല്ലുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“മലിനീകൃതമായ ഭൂമിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു മാനുഷ കാര്യാദികളിൽ ദൈവം ഇടപെടേണ്ടതുണ്ടെന്ന് എന്റെ കഴിഞ്ഞ സന്ദർശനത്തിൽ നാം സമ്മതിച്ചു. എന്നാൽ ചോദ്യമിതാണ്, ദൈവം നിർമിക്കുന്ന നീതിനിഷ്ഠമായ പുതിയ ലോകത്തിലേക്ക് അതിജീവിക്കാൻ നാമെന്തുചെയ്യണം?” യോഹന്നാൻ 17:3 വായിക്കുക. ഈ പ്രത്യേക പരിജ്ഞാനം സ്വായത്തമാക്കാനുള്ള ബൈബിളധ്യയന കോഴ്സിൽനിന്നു പ്രയോജനം നേടാൻ വീട്ടുകാരനെ ക്ഷണിക്കുക.
8 ആധുനികകാല കൊയ്ത്തുകാരായി ഉപയോഗിക്കപ്പെടുന്നതും ജീവരക്ഷാകരമായ പ്രസംഗപ്രവർത്തനം നടത്തുന്നതും എന്തൊരു പദവിയാണ്! ‘നമ്മുടെ പ്രയത്നം . . . വ്യർത്ഥമല്ല എന്നു അറിഞ്ഞു’കൊണ്ട്, അടിയന്തിരതാബോധത്തോടെ സുവാർത്ത അവതരിപ്പിക്കുന്നതിൽ നാമെല്ലാം തിരക്കുള്ളവരായിരിക്കട്ടെ.—1 കൊരി. 15:58.