മറ്റുള്ളവരിൽ നിത്യജീവന്റെ പ്രത്യാശ ഉൾനടുക
1 മനുഷ്യൻ, വാർധക്യപ്രക്രിയ വൈകിച്ചുകൊണ്ട് ജീവിതദൈർഘ്യം വർധിപ്പിക്കാനുള്ള മാർഗങ്ങൾ അന്വേഷിച്ചിട്ടുണ്ടെങ്കിലും വാർധക്യവും മരണവും ഇപ്പോഴും മറികടക്കാനാകാത്തവയായി തുടരുന്നു. മനുഷ്യർ വാർധക്യം പ്രാപിക്കുകയും മരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നും വാർധക്യത്തിന്റെ കെടുതികൾ അവസാനിക്കുകയും മരണത്തെ നീക്കിക്കളയുകയും ചെയ്യുന്നത് എങ്ങനെയാണെന്നും ബൈബിൾ വിശദീകരിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്. നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തിൽ ഈ സത്യങ്ങൾ ബോധ്യം വരുത്തുംവിധം അവതരിപ്പിച്ചിരിക്കുന്നു. ഈ പുസ്തകം വായനക്കാരനെ പറുദീസ പുനഃസ്ഥാപിക്കപ്പെടുന്ന സമയത്തേക്കു നയിച്ചുകൊണ്ട് ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള കുഴയ്ക്കുന്ന ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം നൽകുന്നു.
2 ഭവന ബൈബിളധ്യയനങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ മാർച്ചിൽ നാം പരിജ്ഞാനം പുസ്തകം സമർപ്പിക്കുന്നതാണ്. (മത്താ. 28:19, 20) അതിനുശേഷം രാജ്യസന്ദേശത്തോടു താത്പര്യം കാട്ടിയ എല്ലാവർക്കും നാം മടക്കസന്ദർശനങ്ങൾ നടത്തും. ഈ വിധത്തിൽ നാം മറ്റുള്ളവരിൽ നിത്യജീവന്റെ പ്രത്യാശ ഉൾനടും. (തീത്തൊ. 1:2) ഈ ലക്ഷ്യം നേടുന്നതിന്, പിൻവരുന്ന നിർദേശങ്ങൾ സഹായകമാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം.
3 പ്രഥമ സന്ദർശനത്തിൽ നിങ്ങൾക്ക് ഈ ചോദ്യം ചോദിക്കാവുന്നതാണ്:
◼ “മനുഷ്യർ ദീർഘായുസ്സുള്ളവരായിരിക്കാൻ ഇത്രമാത്രം ആഗ്രഹിക്കുന്നതെന്തുകൊണ്ടാണെന്ന് നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ബുദ്ധമതക്കാർക്കും ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും മറ്റുള്ളവർക്കുമൊക്കെ മരണശേഷമുള്ള ഒരു ജീവിതത്തെക്കുറിച്ചു പ്രത്യാശയുണ്ട്.” പരിജ്ഞാനം പുസ്തകത്തിന്റെ “നാം വാർധക്യം പ്രാപിക്കുന്നതും മരിക്കുന്നതും എന്തുകൊണ്ട്?” എന്ന 6-ാം അധ്യായത്തിലേക്കു തുറന്ന് 3-ാം ഖണ്ഡിക വായിക്കുക. കൊടുത്തിരിക്കുന്ന വാക്യങ്ങൾ ഉപയോഗിച്ചു ന്യായവാദം ചെയ്യുക. ഖണ്ഡികയുടെ അവസാന ഭാഗത്തു കൊടുത്തിരിക്കുന്ന രണ്ടു ചോദ്യങ്ങൾ പരാമർശിച്ചുകൊണ്ട് വീട്ടുകാരനോട് ഉത്തരം സ്വയം കണ്ടുപിടിക്കാമോ എന്നു ചോദിക്കുക. അദ്ദേഹത്തിനു താത്പര്യമുണ്ടെങ്കിൽ അടുത്ത ഏതാനും ഖണ്ഡികകൾകൂടി തുടർന്നു പരിചിന്തിക്കുക. ഒരു അധ്യയനം ആരംഭിച്ചുകഴിഞ്ഞു! അല്ലെങ്കിൽ, പുസ്തകം സമർപ്പിച്ചിട്ട് ഉത്തരങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കായി മടങ്ങിച്ചെല്ലാൻ ആസൂത്രണം ചെയ്യുക. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ മടങ്ങിച്ചെല്ലുന്നതാണ് അഭികാമ്യം.
4 “പരിജ്ഞാനം” പുസ്തകം സമർപ്പിച്ചിടത്ത് മടങ്ങിച്ചെല്ലുമ്പോൾ, നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼ “അന്നു നമ്മൾ സംസാരിച്ചപ്പോൾ മരണത്തെക്കുറിച്ചുള്ള രണ്ടു ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ വിട്ടിരുന്നല്ലോ. അതിനെക്കുറിച്ചു സംസാരിക്കാനാണ് ഞാൻ മടങ്ങിവന്നത്.” ചോദ്യങ്ങൾ ഒരിക്കൽക്കൂടി വീട്ടുകാരന്റെ ഓർമയിലേക്കു കൊണ്ടുവരിക. എന്നിട്ട് 6-ാം അധ്യായത്തിലെ “ഒരു കുടില തന്ത്രം” എന്ന ഉപതലക്കെട്ടിൻകീഴിലുള്ള വിവരങ്ങൾ ചർച്ചചെയ്യുക. സാഹചര്യങ്ങൾക്കനുസൃതം, ഒന്നുകിൽ അധ്യയനം തുടരുക അല്ലെങ്കിൽ അടുത്ത തവണത്തെ ചർച്ചയ്ക്കുള്ള അടിസ്ഥാനമായി 7-ാം ഖണ്ഡികയുടെ ഒടുവിൽ കൊടുത്തിരിക്കുന്ന ചോദ്യം ഉപയോഗിക്കുക. മടങ്ങിച്ചെല്ലുന്നതിന് സുനിശ്ചിതമായ ആസൂത്രണങ്ങൾ നടത്തുക. വീട്ടുകാരന് ഒരു നോട്ടീസ് നൽകുക, എന്നിട്ട് സഭായോഗങ്ങൾ നടത്തപ്പെടുന്നതെങ്ങനെയെന്ന് ചുരുക്കമായി വിശദീകരിച്ചു കൊടുക്കുക. ഹാജരാകാൻ ഊഷ്മളമായി ക്ഷണിക്കുക.
5 വീടുതോറുമുള്ള വേലയിലോ അനൗപചാരിക സാക്ഷീകരണത്തിലോ, നിങ്ങൾക്ക് ഇങ്ങനെ പറഞ്ഞുകൊണ്ട് ഒരു സംഭാഷണം തുടങ്ങാവുന്നതാണ്:
◼ “ഭാവി നമുക്കും ഈ ഭൂമിക്കും എന്തു കൈവരുത്തുമെന്ന് നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക.] ബൈബിൾ ഭാവിയെ ഒരൊറ്റ വാക്കിൽ സംഗ്രഹിക്കുന്നു—പറുദീസ! ആദിയിൽ ദൈവം ഭൂമിയുടെ ഒരു ഭാഗത്തെ മനോഹരമായ ഒരു പറുദീസയാക്കി താൻ സൃഷ്ടിച്ച മാനുഷ ദമ്പതികളെ അവിടെ ആക്കിവെച്ചെന്ന് അതു വിശദീകരിക്കുന്നു. അവർ മുഴു ഭൂമിയിലും പെരുകുകയും ക്രമേണ അതിനെ ഒരു പറുദീസയാക്കി മാറ്റുകയും ചെയ്യേണ്ടിയിരുന്നു. അവിടുത്തെ അവസ്ഥകളെക്കുറിച്ചുള്ള ഈ വിവരണം ശ്രദ്ധിക്കൂ.” പരിജ്ഞാനം പുസ്തകത്തിന്റെ 8-ാം പേജ് തുറന്ന് “പറുദീസയിലെ ജീവിതം” എന്ന ഉപതലക്കെട്ടിൻ കീഴിലെ 9-ാം ഖണ്ഡിക വായിക്കുക. അതിനുശേഷം 10-ാം ഖണ്ഡികയിലെ ആശയങ്ങൾ ചർച്ചചെയ്യുക. കൊടുത്തിരിക്കുന്ന വാക്യമായ യെശയ്യാവു 55:10, 11 വായിക്കുക. പുനഃസ്ഥാപിത പറുദീസയിലെ ജീവിതം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ചുള്ള ചർച്ച തുടരാമെന്നും 11-16 ഖണ്ഡികകളിലെ ആശയങ്ങൾ പരിചിന്തിക്കാമെന്നും പറയുക. അല്ലെങ്കിൽ അതു തനിയെ വായിച്ചുകൊള്ളാൻ അയാളെ പ്രോത്സാഹിപ്പിക്കുകയും അതിനെക്കുറിച്ചുള്ള ചർച്ചയ്ക്കായി വീണ്ടും കണ്ടുമുട്ടാൻ ക്രമീകരിക്കുകയും ചെയ്യുക.
6 ആദ്യ സന്ദർശനത്തിൽ അധ്യയനം ആരംഭിച്ചില്ലെങ്കിൽ, നിങ്ങൾക്ക് ഇപ്രകാരം പറഞ്ഞുകൊണ്ട് മടക്കസന്ദർശനത്തിൽ അതിനു ശ്രമിക്കാവുന്നതാണ്:
◼ “കഴിഞ്ഞ തവണ നാം ചർച്ച ചെയ്തതുപോലെ, മുഴുഭൂമിയെയും ഒരു പറുദീസയാക്കി മാറ്റുകയെന്നതു ദൈവോദ്ദേശ്യമാണ്. അത്, പറുദീസ എങ്ങനെയിരിക്കും എന്ന ചോദ്യമുയർത്തുന്നു.” പരിജ്ഞാനം പുസ്തകം 1-ാം അധ്യായത്തിലേക്കു തുറന്ന് “പുനഃസ്ഥാപിക്കപ്പെട്ട പറുദീസയിലെ ജീവിതം” എന്ന ഉപതലക്കെട്ടിൻകീഴിലെ 11-16 ഖണ്ഡികകൾ പഠിക്കുക. എന്നിട്ട് 4-5 പേജുകളിലെ ചിത്രം കാണിക്കുക. തുടർന്ന്, അത്തരം മനോഹരമായ ചുറ്റുപാടിൽ ജീവിക്കാൻ ആഗ്രഹിക്കുന്നുവോയെന്ന് അയാളോടു ചോദിക്കുക. എന്നിട്ട് 10-ാം പേജിലെ 17-ാം ഖണ്ഡികയുടെ ആദ്യ വാചകം വായിക്കുക. സാഹചര്യങ്ങൾക്കനുസൃതം, ഒന്നുകിൽ അധ്യയനം തുടരുക അല്ലെങ്കിൽ നിങ്ങളുടെ അടുത്ത സന്ദർശനത്തിൽ, പുനഃസ്ഥാപിത പറുദീസയിൽ ഒരുവനു ജീവിക്കണമെന്നുണ്ടെങ്കിൽ എന്തു ചെയ്യണമെന്നതു സംബന്ധിച്ചു വിശദീകരിക്കാമെന്നു പറയുക. ഒരു നോട്ടീസ് നൽകുക, യോഗങ്ങളുടെ പട്ടികയെക്കുറിച്ചു വിശദീകരിക്കുക. രാജ്യഹാളിൽ ഹാജരാകാൻ ആ വ്യക്തിയെ ഊഷ്മളമായി ക്ഷണിക്കുക.
7 ദൈവം വാഗ്ദാനം ചെയ്തിട്ടുള്ള “നിത്യജീവനെ”ക്കുറിച്ചു മറ്റുള്ളവർക്കു വിശദീകരിച്ചുകൊടുക്കാൻ ഉപയോഗിക്കാവുന്ന ഒരു മികച്ച ഉപകരണമാണ് പരിജ്ഞാനം പുസ്തകം. “ഭോഷ്കില്ലാത്ത” ദൈവം നൽകിയിരിക്കുന്ന ഈ മഹത്തായ പ്രത്യാശ ആളുകളിൽ ഉൾനടാൻ നിങ്ങൾ അവരോടൊത്തു നടത്തുന്ന ഭവന ബൈബിളധ്യയനങ്ങൾക്കു സാധിക്കും.