നേതൃത്വം വഹിക്കുന്ന മേൽവിചാരകന്മാർ—സേവന മേൽവിചാരകൻ
1 സഭയുടെ നിയമിത പ്രദേശത്തെ സാക്ഷീകരണ വേലയുടെ പുരോഗതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സേവന മേൽവിചാരകൻ അങ്ങേയറ്റം തത്പരനാണ്. അങ്ങനെ, സുവാർത്ത പ്രസംഗിക്കാനുള്ള ഉത്തരവാദിത്വം നിവർത്തിക്കാൻ നമ്മെ സഹായിക്കുന്നതിൽ അദ്ദേഹം ഒരു മർമപ്രധാന പങ്കു വഹിക്കുന്നു. തീക്ഷ്ണതയുള്ള ഒരു സുവിശേഷകൻ എന്ന നിലയിൽ, വയൽസേവനവുമായി ബന്ധപ്പെട്ട എല്ലാ കാര്യാദികളും സംഘടിപ്പിക്കുന്നതിൽ അദ്ദേഹം നേതൃത്വമെടുക്കുന്നു. പ്രാപ്തിയുള്ള ഒരു അധ്യാപകൻ എന്ന നിലയിൽ, ശുശ്രൂഷയിൽ തങ്ങളുടെ ഫലപ്രാപ്തി വർധിപ്പിക്കാൻ അദ്ദേഹം ഓരോ പ്രസാധകനെയും സഹായിക്കുന്നു.—എഫെ. 4:11, 13.
2 സാഹിത്യം, മാസിക, പ്രദേശം എന്നീ ഡിപ്പാർട്ടുമെന്റുകൾ കൈകാര്യം ചെയ്യാൻ നിയമിക്കപ്പെട്ടിരിക്കുന്ന ശുശ്രൂഷാദാസന്മാരുടെ പ്രവർത്തനത്തിന് ഈ മൂപ്പൻ നേരിട്ടു മേൽനോട്ടം വഹിക്കുന്നു. നമ്മുടെ ഉപയോഗത്തിനായി ഓരോ മാസവും വേണ്ടത്ര സാഹിത്യവും മാസികകളും സേവന ഫാറങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ട്. വർഷത്തിലൊരിക്കൽ അദ്ദേഹം പ്രദേശ ഫയൽ പുനരവലോകനം ചെയ്യുകയും സന്ദർശിക്കേണ്ടതില്ലെന്ന് നമ്മെ അറിയിച്ച എല്ലാ മേൽവിലാസങ്ങളും കണ്ടുപിടിച്ച് ആ ഭവനങ്ങൾ സന്ദർശിക്കാനായി യോഗ്യരായ സഹോദരങ്ങളെ നിയമിക്കുകയും ചെയ്യുന്നു.
3 വ്യാപാര മേഖലകളിലെ സാക്ഷീകരണം, തെരുവു സാക്ഷീകരണം, ടെലഫോൺ സാക്ഷീകരണം എന്നിവ ഉൾപ്പെടെ വ്യത്യസ്ത പ്രസംഗ മേഖലകളിൽ മേൽനോട്ടം വഹിക്കാൻ സേവന മേൽവിചാരകന് ഉത്തരവാദിത്വമുണ്ട്. അവധി ദിവസങ്ങൾ ഉൾപ്പെടെ വാരത്തിലുടനീളം സേവനത്തിന് ഒന്നിച്ചു കൂടാനുള്ള പ്രായോഗിക ക്രമീകരണങ്ങൾ ചെയ്യുന്നതിൽ അദ്ദേഹം ശ്രദ്ധിക്കുന്നു. ബൈബിൾ അധ്യയന വേലയിൽ അദ്ദേഹം യഥാർഥ താത്പര്യം പ്രകടമാക്കുന്നു. ശുശ്രൂഷയിൽ ക്രമമില്ലാത്തവരോ നിഷ്ക്രിയരോ ആകുന്നവർക്ക് ആത്മീയ സഹായം പ്രദാനം ചെയ്യാനുള്ള വഴികൾ അദ്ദേഹം തേടുന്നു. അദ്ദേഹം പയനിയർമാരുടെ പ്രവർത്തനത്തിൽ നല്ല താത്പര്യം എടുക്കുകയും പയനിയർമാർ മറ്റുള്ളവരെ സഹായിക്കുന്നു എന്ന പരിപാടിക്കു നേതൃത്വം വഹിക്കുകയും ചെയ്യുന്നു.
4 സഭാ സേവന കമ്മിറ്റിയിലെ ഒരു അംഗമെന്ന നിലയിൽ, സഭാ പുസ്തകാധ്യയന കൂട്ടങ്ങളിൽ വരുത്തേണ്ട ഭേദഗതികൾ അദ്ദേഹം അവതരിപ്പിക്കുന്നു. അദ്ദേഹം നിങ്ങളുടെ പുസ്തകാധ്യയന കൂട്ടത്തെ സന്ദർശിക്കുമ്പോൾ, സന്നിഹിതനായിരിക്കാനും അദ്ദേഹത്തോടൊപ്പം വയൽ സേവനത്തിൽ പങ്കുപറ്റാനും തീർച്ചപ്പെടുത്തുക.
5 സേവന മേൽവിചാരകൻ നൽകുന്ന മാർഗനിർദേശങ്ങളോടു സഭയിലെ എല്ലാവരും മനസ്സൊരുക്കത്തോടെ സഹകരിക്കണം. അതു ശിഷ്യരാക്കൽ വേലയിലെ ഫലപ്രദത്വം വർധിപ്പിക്കാനും ശുശ്രൂഷയിൽ വർധിച്ച സന്തോഷം കണ്ടെത്താനും നമ്മെ സഹായിക്കും.