മാതാപിതാക്കളേ—നിങ്ങളുടെ കുട്ടികൾക്കു നല്ല ഒരു മാതൃക വെക്കുക
1 ദൈവവചനം നമ്മോട് ഇങ്ങനെ പറയുന്നു: “നീതിമാന്റെ അപ്പൻ [അമ്മയും] ഏറ്റവും ആനന്ദിക്കും.” (സദൃ. 23:24, 25) തങ്ങളുടെ മക്കൾക്ക് നല്ല മാതൃക ആയിരിക്കുന്ന മാതാപിതാക്കൾക്ക് എന്തൊരനുഗ്രഹം! ഒരു ബ്രാഞ്ച് കമ്മിറ്റിയംഗം തന്റെ മാതാപിതാക്കളെ കുറിച്ച് ഇങ്ങനെ പറഞ്ഞു: “അവരുടെ മുഴുജീവിതവും സത്യത്തെ കേന്ദ്രീകരിച്ചിരുന്നു, എന്റെ മുഴു ജീവിതവും സത്യത്തെ കേന്ദ്രീകരിച്ചായിരിക്കാനാണ് ഞാനും ആഗ്രഹിച്ചത്.” തങ്ങളുടെ മാതാപിതാക്കളിൽ കുട്ടികൾ കാണേണ്ടത് എന്താണ്?
2 നല്ല പെരുമാറ്റരീതികളും ആഴമായ ആദരവും: ആരോഗ്യാവഹമായ സ്വഭാവ സവിശേഷതകൾ കുട്ടികളിൽ ഉൾനടേണ്ട ഉത്തരവാദിത്വം മാതാപിതാക്കളുടേതാണ്. നല്ല പെരുമാറ്റരീതികൾ പഠിക്കുന്നത് കേവലം പറഞ്ഞുകൊടുക്കുന്നതിലൂടെയല്ല, മറിച്ച് നിരീക്ഷിക്കുന്നതിലൂടെയും അനുകരിക്കുന്നതിലൂടെയുമാണ്. അതുകൊണ്ട്, എങ്ങനെയുള്ള പെരുമാറ്റരീതികളാണ് നിങ്ങളുടേത്? “ക്ഷമിക്കണം”, “ദയവായി”, “നന്ദി” എന്നിങ്ങനെയുള്ള വാക്കുകൾ നിങ്ങളിൽ നിന്നു കുട്ടികൾ കേൾക്കുന്നുണ്ടോ? കുടുംബത്തിനുള്ളിൽ, ആഴമായ ആദരവോടെയാണോ നിങ്ങൾ പരസ്പരം പെരുമാറുന്നത്? മറ്റുള്ളവർ സംസാരിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? കുട്ടികൾ നിങ്ങളോടു സംസാരിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കാറുണ്ടോ? രാജ്യഹാളിലും വീട്ടിലെ സ്വകാര്യതയിലും ഒരുപോലെ ഇത്തരം സദ്ഗുണങ്ങൾ പ്രകടമാകുന്നുവോ?
3 ശക്തമായ ആത്മീയതയും തീക്ഷ്ണമായ പ്രവർത്തനവും: മുഴുസമയ ശുശ്രൂഷയിൽ 50-ലധികം വർഷം ചെലവഴിച്ച ഒരു സഹോദരൻ ഇങ്ങനെ അനുസ്മരിക്കുന്നു: “യോഗങ്ങളോടു വിലമതിപ്പും ശുശ്രൂഷയോടു തീക്ഷ്ണതയും കാട്ടുന്നതിൽ എന്റെ മാതാപിതാക്കൾ അത്യുത്തമ മാതൃകകളായിരുന്നു.” കുടുംബാംഗങ്ങൾ ആത്മീയത നിലനിർത്തുന്ന കാര്യത്തിൽ നിങ്ങൾ തത്പരരാണെന്ന് എങ്ങനെയാണു കുട്ടികളെ ബോധ്യപ്പെടുത്തുക? നിങ്ങൾ ഒരുമിച്ചിരുന്ന് ദിനവാക്യം പരിചിന്തിക്കാറുണ്ടോ? ക്രമമായ ഒരു കുടുംബാധ്യയനം നിങ്ങൾക്കുണ്ടോ? ബൈബിളും സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളും നിങ്ങൾ വായിക്കുന്നതായി കുട്ടികൾ കാണുന്നുണ്ടോ? കുടുംബത്തിനുവേണ്ടി നിങ്ങൾ പ്രാർഥിക്കുമ്പോൾ അവർ കേൾക്കുന്നത് എന്താണ്? സത്യത്തെയും സഭയെയും കുറിച്ച് ക്രിയാത്മകമായ സംഗതികൾ ചർച്ച ചെയ്തുകൊണ്ട്, കുട്ടികളുമായി കെട്ടുപണിചെയ്യുന്ന ആത്മീയ സംഭാഷണങ്ങളിൽ നിങ്ങൾ ഏർപ്പെടാറുണ്ടോ? ഒരു കുടുംബം എന്ന നിലയിൽ എല്ലാ യോഗങ്ങളിലും ഹാജരാകുന്നതിലും വയൽ ശുശ്രൂഷയിൽ പങ്കു പറ്റുന്നതിലും നിങ്ങൾ ഉത്സാഹമുള്ളവരാണോ?
4 മാതാപിതാക്കളേ, കുട്ടികൾക്കായി നിങ്ങൾ വെക്കുന്ന മാതൃകയെ കുറിച്ച് ചിന്തിക്കുക. ഏറ്റവും നല്ല ഒരു മാതൃക വെക്കുക, ജീവിതത്തിലുടനീളം അവർ അത് അമൂല്യമായി കരുതും. ഒരു സഞ്ചാര മേൽവിചാരകന്റെ ഭാര്യ—ഇപ്പോൾ 70-ലധികം വയസ്സുണ്ട്—പിൻവരുന്ന പ്രകാരം പറഞ്ഞു: “സ്നേഹനിധികളായ എന്റെ ക്രിസ്തീയ മാതാപിതാക്കളുടെ നല്ല മാതൃകയിൽ നിന്നു ഞാൻ ഇപ്പോഴും പ്രയോജനം അനുഭവിക്കുന്നു. ഭാവിയിലും ഈ പൈതൃകത്തെ ഉചിതമായി ഉപയോഗിച്ചുകൊണ്ട് അതിനോടുള്ള എന്റെ പൂർണമായ വിലമതിപ്പു തെളിയിക്കാൻ ഇടയാക്കണമേ എന്നാണ് എന്റെ ആത്മാർഥമായ പ്രാർഥന.”