ഒരു യഹൂദനോടു നിങ്ങൾ എന്തു പറയും?
1 ഒന്നാം നൂറ്റാണ്ടിൽ അനേകം “യിസ്രായേൽ മക്കൾ” യേശുവിന്റെയും അവന്റെ അപ്പൊസ്തലന്മാരുടെയും പ്രസംഗത്തോടു വിലമതിപ്പോടെ പ്രതികരിച്ചു. (പ്രവൃ. 10:36) അന്നത്തെ പോലെ, ഇന്നും ആത്മാർഥരായ അനേകം യഹൂദന്മാർ—ഇസ്രായേലിൽ മാത്രമല്ല, ഇന്ത്യയിലും റഷ്യയിലും ഐക്യനാടുകളിലും മറ്റു രാജ്യങ്ങളിലും ഉള്ളവർ—മുഴുഹൃദയത്തോടെ സത്യം സ്വീകരിക്കുന്നുണ്ട്. യഹൂദന്മാരോടു സാക്ഷീകരിക്കുന്നതിൽ കൂടുതൽ ഫലപ്രദരായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? മതചായ്വുള്ളവരും അല്ലാത്തവരുമായ യഹൂദന്മാർക്കു നയപൂർവം സാക്ഷ്യം നൽകാൻ പിൻവരുന്ന നിർദേശങ്ങൾ സഹായിക്കും.
2 മതചായ്വുള്ള യഹൂദന്മാരോടു സാക്ഷീകരിക്കൽ: മതചായ്വുള്ള യഹൂദന്മാർക്ക് പ്രത്യേക തത്ത്വങ്ങളെക്കാൾ റബ്ബിമാരുടെ പാരമ്പര്യങ്ങൾ അനുഷ്ഠിക്കുന്നതിൽ ആണ് കൂടുതൽ താത്പര്യമെന്നു മനസ്സിൽ പിടിക്കണം. സാധാരണമായി, തിരുവെഴുത്തുകൾക്കുള്ള അതേ ആധികാരികത പാരമ്പര്യങ്ങൾക്കും ഉള്ളതായി അവർ കരുതുന്നു എന്നതാണു വാസ്തവം. അതുകൊണ്ട്, ആഴമായ ബൈബിൾ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിൽ അവർക്ക് അത്ര താത്പര്യം ഉണ്ടായിരിക്കണമെന്നില്ല. ബൈബിൾ ഒരു ക്രിസ്തീയ ഗ്രന്ഥമാണെന്നു ചിന്തിക്കാനും അവർ ചായ്വു കാട്ടുന്നു. അക്കാരണത്താൽ, ബൈബിളിനെ പരാമർശിക്കുമ്പോൾ “എബ്രായ തിരുവെഴുത്തുകൾ,” “തോറ,” “തിരുവെഴുത്തുകൾ” എന്നിങ്ങനെയുള്ള പദങ്ങൾ ഉപയോഗിക്കുന്നതാണു മിക്കപ്പോഴും നല്ലത്. യുദ്ധമില്ലാത്ത ഒരു ലോകം എന്നെങ്കിലും ഉണ്ടാകുമോ? (ഇംഗ്ലീഷ്) എന്ന ലഘുപത്രിക യഹൂദന്മാർക്കു വേണ്ടി പ്രത്യേകാൽ തയ്യാർ ചെയ്തിരിക്കുന്ന ഒരു ഉത്തമ പ്രസിദ്ധീകരണമാണ്.
3 മതചായ്വുള്ള യഹൂദന്മാർക്ക് ഏതു വിഷയങ്ങൾ താത്പര്യജനകം ആയിരുന്നേക്കാം? മനുഷ്യവർഗത്തിൽ യഥാർഥ താത്പര്യമുള്ള ഒരു ദൈവം ഉണ്ടെന്നും മനുഷ്യ കാര്യാദികളിൽ അവൻ ഇടപെടുന്നുവെന്നും അവർ വിശ്വസിക്കുന്നു. ഒരു പൊതു അടിസ്ഥാനം ഇടാൻ നിങ്ങൾക്ക് ഈ ആശയങ്ങൾ ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല, രണ്ടാം ലോകമഹായുദ്ധകാലത്ത് തങ്ങളുടെ ജനങ്ങൾ അനുഭവിച്ച യാതനകളെക്കുറിച്ചു മിക്ക യഹൂദർക്കും നന്നായി അറിയാം. ദൈവം അത്തരം അനീതി അനുവദിച്ചത് എന്തുകൊണ്ടെന്നും ദുഷ്ടത എപ്പോൾ അവസാനിക്കും എന്നും അവർ ചിന്തിക്കുന്നു. കൂട്ടക്കൊലയുടെ സമയത്ത് നമ്മുടെ സഹോദരങ്ങൾ അനുഭവിച്ച കാര്യങ്ങൾ പരാമർശിച്ചുകൊണ്ട് അത്തരം ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നാം സുസജ്ജരാണ്.
4 തീർച്ചയായും വീട്ടുകാരനെ പ്രകോപിപ്പിക്കാതിരിക്കേണ്ടതിന് സംഭാഷണത്തിൽ പെട്ടെന്നുതന്നെ മിശിഹായെ സംബന്ധിച്ചു പരാമർശിക്കാതിരിക്കുന്നതാണു നല്ലത്. പകരം, ഇസ്രായേലിന്റെ ചരിത്രത്തിൽ മോശെ വഹിച്ച പങ്കിനെ കുറിച്ചു ചർച്ച ചെയ്യുകയും മോശെയുടെ പഠിപ്പിക്കലുകൾ ഇന്നു പ്രസക്തമാണെന്ന് അവർ വിശ്വസിക്കുന്നുണ്ടോ എന്നു ചോദിക്കുകയും ചെയ്യാം. മിശിഹായെ കുറിച്ചു ചർച്ച ചെയ്യുന്നത് ഉചിതമെന്നു തോന്നുമ്പോൾ ആദ്യംതന്നെ നിങ്ങൾക്ക് ആവർത്തനപുസ്തകം 18:15 വായിക്കാവുന്നതാണ്. അവിടെ ഇങ്ങനെ പറയുന്നു: “നിന്റെ ദൈവമായ യഹോവ നിനക്കു എന്നെപ്പോലെ ഒരു പ്രവാചകനെ നിന്റെ മദ്ധ്യേ നിന്റെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചുതരും; അവന്റെ വചനം നിങ്ങൾ കേൾക്കേണം.” തന്നെ പോലെയുള്ള ഒരു പ്രവാചകൻ എന്നു പറഞ്ഞപ്പോൾ മോശയുടെ മനസ്സിൽ ഉണ്ടായിരുന്നത് ആരായിരുന്നുവെന്ന് വീട്ടുകാരനോടു ചോദിക്കുക. പിന്നെ യുദ്ധമില്ലാത്ത ഒരു ലോകം (ഇംഗ്ലീഷ്) ലഘുപത്രികയുടെ 14-ാം പേജിലെ 17, 18 ഖണ്ഡികകളിൽ പറഞ്ഞിരിക്കുന്ന ഏതാനും ആശയങ്ങൾ ചർച്ച ചെയ്യുക.
5 മതചായ്വില്ലാത്ത യഹൂദന്മാർ കാര്യങ്ങളെ വ്യത്യസ്തമായി വീക്ഷിക്കുന്നു: യഹൂദന്മാർ എന്നറിയപ്പെടുന്ന എല്ലാവരും യഹൂദമത പഠിപ്പിക്കലുകൾ സ്വീകരിക്കുന്നില്ല. പല യഹൂദന്മാരും മതേതര ചിന്താഗതിക്കാരാണ്. യഹൂദ മതം അനുഷ്ഠിക്കുന്നതിനു പകരം തങ്ങളുടേതായ വിദ്യാഭ്യാസവും പാരമ്പര്യവും സംസ്കാരവും സഹിതം വേറിട്ട ഒരു യഹൂദമത രീതി ഉന്നമിപ്പിക്കാനാണ് അവർക്കു കൂടുതൽ താത്പര്യം. മതചായ്വില്ലാത്ത ചില യഹൂദന്മാർ അജ്ഞേയ വാദികളാണ്—ചിലർ നിരീശ്വര വാദികൾ പോലുമാണ്. തുടക്കത്തിൽ എബ്രായ തിരുവെഴുത്തുകളിൽ നിന്ന് കൂടുതലായി ഉദ്ധരിക്കുന്നതുകൊണ്ട് വലിയ പ്രയോജനമൊന്നും ലഭിക്കുകയില്ല. മതത്തിൽ താത്പര്യമില്ലാത്ത ഒരാളുമായി ചർച്ച നടത്തുന്നതു പോലുള്ള ഒരു സംഭാഷണം ആയിരിക്കും കൂടുതൽ പ്രയോജനകരം. ഉദാഹരണമായി, നമ്മുടെ നാളിൽ എങ്ങനെയാണു ബൈബിൾ പ്രായോഗികമായിരിക്കുന്നത് എന്നു നിങ്ങൾക്കു വിശദീകരിക്കാൻ കഴിഞ്ഞേക്കാം. ബൈബിൾ നിശ്വസ്തമാണെന്നു വീട്ടുകാരൻ വിശ്വസിക്കുന്നില്ലെങ്കിൽ, യുദ്ധമില്ലാത്ത ഒരു ലോകം ലഘുപത്രികയിലെ ഏതാനും ആശയങ്ങൾ സഹായകമായിരുന്നേക്കാം, പ്രത്യേകിച്ചും 3-ാം പേജിലെ “ബൈബിൾ—ദൈവനിശ്വസ്തമോ?” എന്ന ശീർഷകത്തിൻ കീഴിലുള്ള വിവരങ്ങൾ.
6 ഒരു യഹൂദനോടു സാക്ഷീകരിക്കുമ്പോൾ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“പ്രിയപ്പെട്ട ഒരാളെ മരണത്തിൽ നഷ്ടപ്പെടുന്നതിന്റെ ദുഃഖാനുഭവം നമ്മിൽ മിക്കവർക്കും ഉണ്ടായിട്ടുണ്ട്. മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു എന്നാണ് താങ്കൾ വിചാരിക്കുന്നത്?” പ്രതികരണത്തിന് അനുവദിക്കുക. പിന്നെ യുദ്ധമില്ലാത്ത ഒരു ലോകം ലഘുപത്രികയുടെ 22-ാം പേജിലെ “മരണവും ദേഹിയും—അവ എന്താണ്?” എന്ന ശീർഷകമുള്ള ചതുരത്തിലേക്ക് വീട്ടുകാരന്റെ ശ്രദ്ധ ക്ഷണിക്കുക. മരണാനന്തര ജീവിതം സംബന്ധിച്ച് ബൈബിൾ പറയുന്നതിനെ റബ്ബിമാരുടെ പഠിപ്പിക്കലുമായി താരതമ്യം ചെയ്യുകയാണ് ആ ചതുരം. പിന്നെ 23-ാം പേജിലെ 17-ാം ഖണ്ഡികയിലേക്കു തിരിഞ്ഞ്, മരിച്ചവർ ഒരു പറുദീസാ ഭൂമിയിലേക്കു പുനരുത്ഥാനം പ്രാപിക്കും എന്നാണു തിരുവെഴുത്തുകൾ പറയുന്നത് എന്നു ചൂണ്ടിക്കാണിക്കുക. പ്രസ്തുത ലഘുപത്രിക സമർപ്പിക്കുക. മടക്ക സന്ദർശനത്തിനുള്ള തയ്യാറെടുപ്പ് എന്ന നിലയിൽ, ഗോത്ര പിതാവായ ഇയ്യോബ് പുനരുത്ഥാന പ്രത്യാശ വെച്ചുപുലർത്തിയിരുന്നു എന്ന് നിങ്ങൾക്കു പറയാവുന്നതാണ്. 17-ാം ഖണ്ഡികയുടെ അവസാനം കൊടുത്തിരിക്കുന്ന തിരുവെഴുത്തുകൾ പരാമർശിച്ചിട്ട്, മടങ്ങിവന്ന് ചർച്ച ചെയ്യാമെന്നു പറയുക.
7 സത്യത്തിനു ചെവികൊടുത്ത് അതനുസരിച്ചു ജീവിച്ച യഹൂദന്മാരുടെ അനുഭവങ്ങൾ മത്തായി, മർക്കൊസ്, ലൂക്കൊസ്, യോഹന്നാൻ, പ്രവൃത്തികൾ എന്നീ പുസ്തകങ്ങൾ രേഖപ്പെടുത്തുന്നുണ്ട്. യഹോവ ഇപ്പോഴും നിത്യജീവനിലേക്കുള്ള വഴി തുറന്നു വെച്ചിരിക്കുകയാണ്. ദൈവത്തിന്റെ പുതിയ വ്യവസ്ഥിതിയിൽ ജീവിക്കാൻ തക്കവണ്ണം ആത്മാർഥരായ അനേകം യഹൂദന്മാർ ഇനിയും സത്യ ദൈവമായ യഹോവയെക്കുറിച്ചു പഠിച്ചേക്കാം.—മീഖാ 4:1-4.