ഒരു ബൈബിളധ്യയനം സ്വീകരിച്ചേക്കാവുന്നത് ആരാണ്?
1 ഇസ്രായേൽ ദേശത്ത് ഒരു ക്ഷാമം ഉണ്ടാകുമെന്ന് പ്രവാചകനായ ആമോസ് പ്രഖ്യാപിച്ചു. “അപ്പത്തിന്നായുള്ള വിശപ്പല്ല [“ക്ഷാമം,” NW] വെള്ളത്തിന്നായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങളെ കേൾക്കേണ്ടതിന്നുള്ള വിശപ്പുതന്നേ.” (ആമോ. 8:11) ആത്മീയമായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരുടെ പ്രയോജനത്തിനായി, യഹോവയുടെ സംഘടന ലോകവ്യാപകമായി ബൈബിൾ സാഹിത്യങ്ങൾ വൻതോതിൽ വിതരണം ചെയ്യുകയാണ്.
2 ഇതുവരെ, 7 കോടി പരിജ്ഞാനം പുസ്തകവും 9 കോടി 10 ലക്ഷം ആവശ്യം ലഘുപത്രികയും നാം അച്ചടിച്ചിട്ടുണ്ട്. സത്യം പഠിപ്പിക്കുന്നതിൽ ഈ പ്രസിദ്ധീകരണങ്ങൾക്കുള്ള ലാളിത്യവും ഫലപ്രദത്വവും നാം തിരിച്ചറിയുന്നു. എന്നിരുന്നാലും, നമ്മുടെ സാഹിത്യം സ്വീകരിച്ചിട്ടുള്ള നിരവധി ആളുകൾ ഇതുവരെ നമ്മോടൊത്തു ബൈബിൾ പഠിച്ചിട്ടില്ല. ഇതു സംബന്ധിച്ച് നമുക്ക് എന്തു ചെയ്യാൻ കഴിയും?
3 ഓരോ സമർപ്പണത്തിന്റെയും അർഥം സാധ്യതയുള്ള ഒരു അധ്യയനം എന്നാണ്! വീടുതോറുമുള്ള പ്രസംഗവേലയിൽ ആദ്യ സന്ദർഭത്തിൽ തന്നെ ഒരു സ്ത്രീക്ക് ഒരു ബൈബിളധ്യയനം വാഗ്ദാനം ചെയ്ത ഒരു പ്രസാധകന്റെ അനുഭവം പരിചിന്തിക്കുക. അവൾ പെട്ടെന്നുതന്നെ അതിനു സമ്മതിച്ചു. പിന്നീട് അവൾ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: “എനിക്ക് ഒരു ബൈബിളധ്യയനം വാഗ്ദാനം ചെയ്ത ആദ്യത്തെ വ്യക്തി താങ്കളാണ്.” നിങ്ങളുടെ പ്രദേശത്ത്, നമ്മുടെ സാഹിത്യങ്ങൾ കൈവശമുള്ള എത്ര ആളുകൾ അങ്ങനെ പറഞ്ഞേക്കാം? ഓരോ സമർപ്പണവും മടക്കസന്ദർശനങ്ങൾക്കും ഭവന ബൈബിൾ അധ്യയനത്തിനും ഉള്ള അവസരം പ്രദാനം ചെയ്യുന്നു.
4 നമ്മുടെ പ്രസിദ്ധീകരണങ്ങൾ കൈവശമുള്ള ആളുകളെ നാം മിക്കപ്പോഴും കണ്ടുമുട്ടുന്നതിനാൽ, നമ്മുടെ സാഹിത്യങ്ങളിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ പഠിക്കാനുള്ള താത്പര്യം അവരിൽ ഉണർത്താൻ നമുക്കെങ്ങനെ സാധിക്കും? എന്തെങ്കിലും ബൈബിൾ ചോദ്യങ്ങൾ നിങ്ങൾക്കുണ്ടോ എന്ന് ഒരു സാക്ഷി ഒരു കുടുംബിനിയോടു നേരിട്ടു ചോദിച്ചു. “ഇല്ല” എന്ന് അവർ മറുപടി പറഞ്ഞു. “നിങ്ങൾക്കു ചില ചോദ്യങ്ങൾ ഉണ്ടെന്നു തീർച്ചയാണ്,” ആ സഹോദരി തറപ്പിച്ചു പറഞ്ഞു. ആ സ്ത്രീക്ക് ചോദ്യങ്ങൾ ഉണ്ടായിരുന്നു, ഒരു ബൈബിളധ്യയനവും തുടങ്ങി. ഒരു ചോദ്യത്തെ കുറിച്ചോ തന്നെ ബാധിക്കുന്ന ഒരു കാര്യത്തെ കുറിച്ചോ ബൈബിളിന്റെ വീക്ഷണം മനസ്സിലാക്കാൻ താത്പര്യപ്പെടുന്നുവോ എന്നു വീട്ടുകാരനോടു ചോദിക്കരുതോ? അദ്ദേഹത്തിനു ചോദ്യങ്ങൾ ഒന്നും ഇല്ലെങ്കിൽ, താത്പര്യജനകമായ ഒരു ചോദ്യം ഉന്നയിക്കാൻ തയ്യാറായിരിക്കുക. അത്തരം ചർച്ചകൾ അടിസ്ഥാന ബൈബിൾ സത്യങ്ങളുടെ ക്രമമായ പഠനത്തിനു വഴിയൊരുക്കിയേക്കാം.
5 ബൈബിൾ അധ്യയന ക്രമീകരണമാണ് നമ്മുടെ ശുശ്രൂഷയുടെ കാതലായ വശം. ആരാണ് ഒരു അധ്യയനം സ്വീകരിച്ചേക്കാവുന്നത് എന്നു നമുക്കു നിർണയിക്കാനാവാത്തതിനാൽ, കണ്ടുമുട്ടുന്ന ഏതൊരാൾക്കും ഒരു അധ്യയനം വാഗ്ദാനം ചെയ്യാൻ മടിക്കരുത്. ഈ സംഗതി പ്രാർഥനയിൽ യഹോവയെ അറിയിക്കുകയും നിങ്ങളുടെ പ്രാർഥനകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുക. നിങ്ങൾ അധ്യയനം വാഗ്ദാനം ചെയ്യുന്ന ആരെങ്കിലും അതിനു സമ്മതിക്കുന്നതായി പെട്ടെന്നുതന്നെ നിങ്ങൾ കണ്ടെത്തിയേക്കാം!—1 യോഹന്നാൻ 5:14, 15.