ചോദ്യപ്പെട്ടി
◼ യോഗസ്ഥലത്ത് ഉചിതമായി പെരുമാറാൻ കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ സേവകന്മാർക്ക് മാതാപിതാക്കളെ എങ്ങനെ സഹായിക്കാനാകും?
കുട്ടികൾ പൊതുവെ ഊർജസ്വലരാണ്, ദീർഘസമയം അടങ്ങിയിരിക്കുന്ന ശീലം അവർക്കില്ല. യോഗസമയം മുഴുവൻ അടങ്ങിയിരിക്കുന്നതിനാൽ, അതു കഴിഞ്ഞാലുടൻ മറ്റു കുട്ടികളോടൊപ്പം രാജ്യഹാളിനകത്തോ കൂടിവരവിനായി ഉപയോഗിക്കുന്ന മറ്റു സ്ഥലങ്ങളിലോ പാർക്കിങ് സ്ഥലങ്ങളിലോ നടപ്പാതയിലോ ഒക്കെ ഓടിക്കളിക്കാനുള്ള പ്രവണത അവരിൽ കണ്ടേക്കാം. എന്നിരുന്നാലും, സദൃശവാക്യങ്ങളിൽ പറയുന്നതുപോലെ, ‘തന്നിഷ്ടത്തിന്നു വിട്ടിരുന്ന ബാലൻ മാതാപിതാക്കൾക്കു ലജ്ജ വരുത്തു’മെന്നുള്ളത് തർക്കമറ്റ സംഗതിയാണ്.—സദൃ. 29:15.
സങ്കടകരമെന്നു പറയട്ടെ, ഓടിനടന്ന കുട്ടികൾ നമ്മുടെ പ്രായമുള്ള ചില സഹോദരീസഹോദരന്മാരെ ഇടിച്ചിട്ടതിന്റെ ഫലമായി അവർക്കു ഗുരുതരമായി പരിക്കേറ്റ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത് വളരെയധികം പ്രയാസങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട് എന്നു മാത്രമല്ല മാതാപിതാക്കൾക്കും സഭയ്ക്കും അനാവശ്യമായ ചെലവുകളും വരുത്തിവെച്ചിട്ടുണ്ട്. അവരുടെതന്നെയും മറ്റുള്ളവരുടെയും സുരക്ഷിതത്വത്തെ പ്രതി, രാജ്യഹാളിന് അകത്തോ പുറത്തോ കുട്ടികൾ ഓടിനടക്കുന്നതിനോ കളിക്കുന്നതിനോ അനുവദിക്കരുത്.
നമ്മുടെ ആരാധനാ സ്ഥലങ്ങളെ ഉചിതമായ ആദരവോടെ വീക്ഷിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള തിരുവെഴുത്തുപരമായ ഉത്തരവാദിത്വം മാതാപിതാക്കൾക്കാണുള്ളത്. (സഭാ. 5:1എ) നമ്മുടെ ക്രിസ്തീയ യോഗങ്ങളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും “സകലവും ഉചിതമായും ക്രമമായും നട”ക്കുന്നുവെന്നും നല്ല ‘ക്രമം’ പാലിക്കപ്പെടുന്നുവെന്നും ഉറപ്പുവരുത്തുന്നതിന് സേവകന്മാരെ നിയമിച്ചിട്ടുണ്ട്. (1 കൊരി. 14:40; കൊലൊ. 2:5) പരിപാടിക്കിടയിലും അതിനു മുമ്പും പിമ്പും ഉള്ള സമയത്തും ഹാളിനകത്തും പുറത്തും എന്തു നടക്കുന്നു എന്നതു സംബന്ധിച്ച് അവർ ശ്രദ്ധാലുക്കളായിരിക്കണം. ഒരു കുട്ടി ഓടിനടക്കുകയോ തോന്ന്യാസം കാട്ടുകയോ ചെയ്യുന്നെങ്കിൽ സേവകന് നയപൂർവം കുട്ടിയെ അതിൽനിന്നു തടയാൻ കഴിയും. എന്നിട്ട്, എന്തുകൊണ്ടാണ് അതു പാടില്ലാത്തത് എന്നു വിശദീകരിച്ചുകൊടുക്കുക. കൂടാതെ, കുട്ടിയുടെ മാതാപിതാക്കളോട് ഈ പ്രശ്നത്തെക്കുറിച്ചും കുട്ടിക്കു മേൽനോട്ടം വഹിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ദയാപൂർവം സംസാരിക്കുകയും വേണം. മാതാപിതാക്കൾ അതിനോട് ഉചിതമായി പ്രതികരിക്കേണ്ടതുണ്ട്.
ശിശുക്കളും കൊച്ചുകുട്ടികളും ചിലപ്പോഴൊക്കെ യോഗസമയത്ത് കരയുകയോ ശല്യമുണ്ടാക്കുകയോ ചെയ്യുന്നതു മനസ്സിലാക്കാവുന്നതേയുള്ളൂ. സേവകന്മാർക്ക്—അവർ യോഗത്തിന് 20 മിനിട്ടെങ്കിലും മുമ്പേ എത്തേണ്ടതാണ്—പുറകിലത്തെ ഏതാനും നിര ഇരിപ്പിടങ്ങൾ കൊച്ചുകുട്ടികളുള്ള മാതാപിതാക്കൾക്കായി വേർതിരിച്ചിടാവുന്നതാണ്. ആ ഇരിപ്പിടങ്ങൾ അവർക്കായി വിട്ടുകൊടുത്തുകൊണ്ടു മറ്റുള്ളവർ സഹകരിക്കണം.
ഒരു കുട്ടി ശല്യമുണ്ടാക്കുന്ന പക്ഷം മാതാവോ പിതാവോ വേണ്ട നടപടി സ്വീകരിക്കണം. മാതാപിതാക്കൾ ഇതു സംബന്ധിച്ച് ഒന്നും ചെയ്യാതിരിക്കുകയും പ്രശ്നം മറ്റുള്ളവർക്കു ശ്രദ്ധാശൈഥില്യം വരുത്തുന്ന അളവോളം വഷളാകുകയും ചെയ്യുന്നെങ്കിൽ കുട്ടിയെയും കൊണ്ട് ഹാളിനു പുറത്തുപോകാൻ സേവകന് ദയാപൂർവം ആവശ്യപ്പെടാവുന്നതാണ്. കൊച്ചുകുട്ടികളുള്ള പുതിയവർ യോഗത്തിനു വരുമ്പോൾ നാം അവരോടൊപ്പം ഇരിക്കുകയും കുട്ടികൾ കരയുകയോ മറ്റോ ചെയ്യുമ്പോൾ ആവശ്യമായ സഹായം നൽകുകയും വേണം.
പല പ്രായക്കാരായ കുട്ടികളെ രാജ്യഹാളിൽ കാണുന്നതും ദൈവത്തിന്റെ ആലയത്തിലെ അവരുടെ നല്ല പെരുമാറ്റം നിരീക്ഷിക്കുന്നതും നമുക്ക് ഏറെ സന്തോഷം കൈവരുത്തുന്നു. (1 തിമൊ. 3:15) ആരാധനയ്ക്കായുള്ള യഹോവയുടെ ക്രമീകരണത്തെ ആദരിക്കുക വഴി അവർ അവനു ബഹുമതി കരേറ്റുന്നു. മാത്രമല്ല അത്തരം പെരുമാറ്റം സഭയിലുള്ള എല്ലാവരും വിലമതിക്കുകയും ചെയ്യുന്നു.