ചോദ്യപ്പെട്ടി
◼ ക്രിസ്തീയ യോഗങ്ങളിൽ പഠനത്തിനു സഹായകമായ ഒരു അന്തരീക്ഷം ഉണ്ടായിരിക്കാൻ എല്ലാവർക്കും എങ്ങനെ സഹായിക്കാനാകും? (ആവ. 31:12, 13)
യോഗങ്ങൾക്കു നേരത്തേ എത്തിച്ചേരുന്നതിനും അങ്ങനെ യഹോവയാൽ പഠിപ്പിക്കപ്പെടാൻ ഒരുങ്ങിയിരിക്കുന്നതിനും ഞങ്ങൾ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയാണ്. അങ്ങനെ ചെയ്യുന്നത് യഹോവയോടും ക്രിസ്തീയ യോഗങ്ങളോടുമുള്ള ആഴമായ ആദരവിന്റെ തെളിവായിരിക്കും. ആദ്യമാദ്യം എത്തുന്നവർ ഹാളിന്റെ മുൻഭാഗത്തെ ഇരിപ്പിടങ്ങളിൽ ഇരിക്കുകയാണെങ്കിൽ, കൊച്ചുകുട്ടികൾ ഉള്ളവർക്കും വല്ലപ്പോഴുമൊക്കെ വൈകി എത്തുന്നവർക്കും പിന്നിൽ ഇരിപ്പിടങ്ങൾ ലഭ്യമായിരിക്കും. യോഗം ആരംഭിക്കുന്നതിനു മുമ്പുതന്നെ മൊബൈൽ ഫോൺ, പേജർ എന്നിവ മറ്റുള്ളവർക്കു ശല്യമാകാത്തവിധം സെറ്റുചെയ്തുവെക്കുക. യോഗസമയത്തുടനീളം നമുക്കു ഭക്തിനിർഭരമായ ഒരു മനോഭാവം ഉണ്ടെങ്കിൽ മറ്റുള്ളവർക്കു ശല്യമായേക്കാവുന്ന സാഹചര്യങ്ങൾ നാം പരമാവധി ഒഴിവാക്കും.—സഭാ. 5:1, NW; ഫിലി. 2:4
പുതുതായി ആളുകൾ യോഗങ്ങൾക്കു വരുമ്പോൾ അവർക്കു പരിചയമുള്ള ആരെങ്കിലും അവരോടൊപ്പം ഇരിക്കുന്നത് നല്ലതാണ്. അവരോടൊപ്പം കൊച്ചുകുട്ടികൾ ഉണ്ടെങ്കിൽ അവർക്കു പരിശീലനം നൽകാൻ ഇതു സഹായകമാകും. ഒരുപക്ഷേ, അത്തരം കുടുംബങ്ങൾ ആദ്യമായിട്ടായിരിക്കാം യോഗങ്ങൾക്കു ഹാജരാകുന്നത്. ഹാളിന്റെ പിൻഭാഗത്തെ ഇരിപ്പിടങ്ങളിൽ ഇരിക്കാനായിരിക്കും അവർ താത്പര്യപ്പെടുക, കാരണം കുഞ്ഞുങ്ങളുടെ ആവശ്യത്തിനായി ഇടയ്ക്കൊക്കെ പുറത്തുപോകേണ്ടിവരുന്നെങ്കിൽ മറ്റുള്ളവർക്ക് അതു ശല്യമാകില്ലല്ലോ. (സദൃ. 22:6, 15) കൊച്ചുകുട്ടികളുള്ള കുടുംബങ്ങളും പ്രധാനഹാളിൽത്തന്നെ ഇരിക്കുന്നതാണ് ഏറെ നല്ലത്. അല്ലാത്തപക്ഷം, കുട്ടികൾ ഓടിക്കളിക്കാനും ഒച്ചവെക്കാനുമൊക്കെ കൂടുതൽ ചായ്വുകാണിച്ചേക്കാം. എന്നാൽ, ശിക്ഷണം നൽകുന്നതിനും കുട്ടികളുടെ മറ്റാവശ്യങ്ങൾക്കുമായി അവരെ പ്രധാനഹാളിന് വെളിയിൽ കൊണ്ടുപോകുന്നത് നന്നായിരിക്കും. അതിനുശേഷം അവരെ പ്രധാനഹാളിലേക്കുതന്നെ തിരികെക്കൊണ്ടുവരിക.
ആരാധനാ സ്ഥലത്തിനു യോജിച്ച ഒരു അന്തരീക്ഷം നിലനിർത്തുന്നതിൽ സേവകന്മാർ ഗണ്യമായ പങ്കു വഹിക്കുന്നു. ഇരിപ്പിടങ്ങൾ കണ്ടെത്താൻ കുടുംബങ്ങളെയും ഇടയ്ക്കൊക്കെ വൈകിയെത്തുന്നവരെയും അവർക്കു സഹായിക്കാനാകും. മറ്റുള്ളവർക്കു ശല്യമാകാത്തവിധം ഇരിപ്പിടങ്ങളിൽ ചെന്നിരിക്കാൻ അവരെ സഹായിക്കുമ്പോൾ സേവകന്മാർ നയവും വിവേചനയും പ്രകടമാക്കുന്നു. യോഗസമയത്ത് ശ്രദ്ധപതറിച്ചേക്കാവുന്ന എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ചാൽ, നല്ല വിവേചനയോടെയാണ് അവർ അതു കൈകാര്യംചെയ്യുക. കുഞ്ഞുങ്ങളുടെ പെരുമാറ്റരീതികൾ മറ്റുള്ളവർക്കു ശല്യമാകുന്നെങ്കിൽ സേവകന്മാർ സദയം സഹായം നൽകും.
യഹോവയെക്കുറിച്ചും നീതിയും സമാധാനവും കളിയാടുന്ന പുതിയ ഭൂമിയെക്കുറിച്ചും ചർച്ചചെയ്യുന്ന ക്രിസ്തീയ യോഗങ്ങളിൽ, പഠനത്തിനു സഹായകമായ ഒരു അന്തരീക്ഷം നിലനിർത്താൻ ഹാജരാകുന്ന എല്ലാവർക്കും സഹായിക്കാനാകും.—എബ്രാ. 10:24, 25.