“നന്മ ചെയ്യുന്നതിൽ” തുടരുക
1 യഹോവയാം ദൈവത്തിന്റെ ഒരു ദാസൻ ആയിത്തീർന്നപ്പോൾ നിങ്ങൾ ഉചിതമായ ഒരു കാര്യം അഥവാ “നന്മ” ചെയ്തു. എന്നിരുന്നാലും, ഈ ദുർഘട നാളുകളിൽ “നന്മ ചെയ്യുന്നതിൽ” തുടരുക എന്നത് ഒരു വെല്ലുവിളിയാണ്. (ഗലാ. 6:9, NW) അതിന് യഥാർഥ ശ്രമം ആവശ്യമാണ്. എങ്കിലും നിങ്ങൾക്ക് അതിനു സാധിക്കും. എങ്ങനെ?
2 യേശുവിന്റെ മാനസിക ഭാവം നട്ടുവളർത്തുക: നിങ്ങൾ രാജ്യ പ്രത്യാശയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നെങ്കിൽ യേശുവിനെ പോലെ പരിശോധനകളെ സഹിച്ചുനിൽക്കാൻ കഴിയും. (എബ്രാ. 12:2, 3) യഹോവ നിങ്ങളെ സ്നേഹിക്കുന്നെന്നും നിങ്ങൾ വിജയിക്കാൻ അവൻ ആഗ്രഹിക്കുന്നെന്നും ഉറപ്പുള്ളവരായിരിക്കുക. (2 പത്രൊ. 3:9) അവൻ നിങ്ങളെ സഹായിക്കുമെന്ന ഉറച്ച ബോധ്യത്തോടെ അവനിൽ പൂർണമായി ആശ്രയിക്കുക. (1 കൊരി. 10:13) സഹിച്ചുനിൽക്കാനുള്ള സഹായത്തിന് യഹോവയോടു യാചിച്ചുകൊണ്ട് പ്രാർഥനയിൽ ഉറ്റിരിക്കുക. (റോമ. 12:13) നിങ്ങളുടെ സഹിഷ്ണുത ദൈവദൃഷ്ടിയിൽ ഒരു അംഗീകൃത നിലയ്ക്ക് ഇടയാക്കുമെന്ന ബോധ്യത്തിൽ സന്തോഷിക്കുക. (റോമ. 5:3-5, NW) “ക്രിസ്തുയേശുവിന് ഉണ്ടായിരുന്ന അതേ മാനസിക ഭാവം” നട്ടുവളർത്തുന്നതിൽ വിശ്വസ്തരായിരിക്കുന്നത് നിങ്ങൾക്കു വ്യക്തിപരമായ സംതൃപ്തി നൽകുകയും യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും ചെയ്യും.—റോമ. 15:5, NW; സദൃ. 27:11.
3 ദിവ്യാധിപത്യ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്താതിരിക്കുക: നന്മ ചെയ്യുന്നതിൽ തുടരാൻ തന്റെ ജനത്തെ സഹായിക്കുന്നതിന് യഹോവ ചെയ്തിരിക്കുന്ന കരുതലുകളിൽനിന്നു പൂർണ പ്രയോജനം നേടുക. ദൈവവചനം വായിക്കുന്നതിനും വിശ്വസ്തനും വിവേകിയുമായ അടിമ വർഗം പ്രദാനം ചെയ്യുന്ന ബൈബിൾ അധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ പഠിക്കുന്നതിനും ഒരു നല്ല വ്യക്തിഗത ദിനചര്യ നിലനിറുത്തുക. എല്ലാ സഭായോഗങ്ങൾക്കും തയ്യാറായി ഹാജരാകുകയും അതിൽ പങ്കുപറ്റുകയും ചെയ്യുന്നതിൽ വിശ്വസ്തരായിരിക്കുക. ക്രിസ്തീയ യോഗങ്ങൾക്കു മുമ്പും പിമ്പും ആത്മീയ സഹോദരങ്ങളോട് അടുത്തു സഹവസിക്കുക. വയൽസേവനത്തിൽ അർഥവത്തായ പങ്കുണ്ടായിരിക്കുന്നതിനും സുവാർത്ത അവതരിപ്പിക്കുന്നതിലെ നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ശുശ്രൂഷയിൽ വസ്തുനിഷ്ഠമായ ലാക്കുകൾ വെക്കുക.
4 അപ്രകാരം നിങ്ങൾക്കു നന്മ ചെയ്യുന്നതിൽ തുടരാനും അതേസമയം വർധിച്ച സന്തോഷം അനുഭവിക്കാനും കഴിയും. ഇതിനോടുള്ള ബന്ധത്തിൽ ഇറ്റലിയിലുള്ള ഒരു സഹോദരൻ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സേവനത്തിൽ ദിവസം മുഴുവൻ ചെലവഴിച്ചശേഷം വൈകുന്നേരം വീട്ടിലേക്കു മടങ്ങുമ്പോൾ ക്ഷീണം തോന്നുന്നു എന്നതു ശരിയാണ്. എന്നിരുന്നാലും ഞാൻ സന്തുഷ്ടനാണ്. ആർക്കും കവർന്നെടുക്കാൻ കഴിയാത്ത സന്തോഷം നൽകിയതിന് ഞാൻ യഹോവയോടു നന്ദി പറയുകയും ചെയ്യുന്നു.” അതുകൊണ്ട്, നന്മ ചെയ്യുന്നതിൽ തുടരുക, നിങ്ങൾക്കും വർധിച്ച സന്തോഷം അനുഭവിക്കാനാകും.