ദൈവത്തിന്റെ സുഹൃത്തുക്കളായിത്തീരാൻ മറ്റുള്ളവരെ സഹായിക്കുക
1 ഇന്ന്, സകല ജനതകളിലുമുള്ള ആളുകളെ യഹോവയുടെ വഴികളെക്കുറിച്ചു പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. (യെശ. 2:2, 3) എന്നാൽ അത്തരമാളുകൾ “ക്ഷമയോടെ” അല്ലെങ്കിൽ സഹിഷ്ണുതയോടെ “ഫലം” ഉത്പാദിപ്പിക്കണമെങ്കിൽ അവർ യഹോവയെ സ്നേഹിക്കേണ്ടതുണ്ട്. (ലൂക്കൊ. 8:15; മർക്കൊ. 12:30) ദുഷിച്ച സ്വാധീനങ്ങളെ ചെറുത്തുനിൽക്കുന്നതിനുള്ള ശക്തിയും ശരി ചെയ്യാനുള്ള ധൈര്യവും ഉണ്ടായിരിക്കുന്നതിന് അത്തരം സ്നേഹം അനിവാര്യമാണ്. യഹോവയുമായി ഒരു നല്ല ബന്ധം കെട്ടിപ്പടുക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള ഒരു മാർഗം അവന്റെ ഗുണങ്ങളോടുള്ള അവരുടെ വിലമതിപ്പു വർധിപ്പിക്കുന്നതാണ്. യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകത്തിലെ വിവരങ്ങൾ ശ്രദ്ധാപൂർവം പരിചിന്തിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക.
2 നിങ്ങളുടെ മാതൃക: നിങ്ങളുടെ പ്രവൃത്തികൾക്ക് ബൈബിൾ വിദ്യാർഥികളിൽ ശക്തമായ പ്രഭാവം ചെലുത്താനാകും. യഹോവയുമായുള്ള നിങ്ങളുടെ സുഹൃദ്ബന്ധത്തെ നിങ്ങൾ എത്ര വിലപ്പെട്ടതായി കാണുന്നുവെന്നും അത് നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും അവർ കാണുമ്പോൾ യഹോവയുമായി അത്തരമൊരു ബന്ധം കെട്ടിപ്പടുക്കാൻ അവർ പ്രചോദിതരായേക്കും. (ലൂക്കൊ. 6:40) പലപ്പോഴും നമ്മുടെ വാക്കുകളെക്കാൾ മറ്റുള്ളവരെ സ്വാധീനിക്കുന്നത് നമ്മുടെ മാതൃകയാണ്.
3 യഹോവയെ സ്നേഹിക്കാൻ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ കഴിയുന്ന ഒരു പ്രമുഖ മാർഗം അവരുടെതന്നെ മാതൃകയാണ്. (ആവ. 6:4-9) തങ്ങളുടെ കുട്ടികളെ സത്യത്തിൽ വളർത്തിക്കൊണ്ടുവരാൻ ആഗ്രഹിച്ച ഒരു ദമ്പതികൾ ഇക്കാര്യത്തിൽ വിജയം വരിച്ച മാതാപിതാക്കളുടെ ഉപദേശം തേടുകയുണ്ടായി. “മാതാപിതാക്കളുടെ മാതൃക വളരെ പ്രാധാന്യമർഹിക്കുന്നു എന്നാണ് ഞാൻ സംസാരിച്ച എല്ലാവരും അഭിപ്രായപ്പെട്ടത്,” ഭർത്താവ് പറഞ്ഞു. അതേ, മാതാപിതാക്കൾക്കു തങ്ങളുടെ മുഴുജീവിതഗതിയാലും, “ദൈവത്തിന്റെ സ്നേഹിതൻ” എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നതെന്ന് മക്കളെ പഠിപ്പിക്കുന്നതിനുള്ള ജീവിക്കുന്ന ദൃഷ്ടാന്തമായിരിക്കാൻ കഴിയും.—യാക്കോ. 2:23.
4 ഹൃദയംഗമമായ പ്രാർഥന: ഹൃദയപൂർവം പ്രാർഥിക്കാൻ പഠിപ്പിച്ചുകൊണ്ടും യഹോവയുമായി ഒരു സുഹൃദ്ബന്ധം കെട്ടിപ്പടുക്കാൻ മറ്റുള്ളവരെ നിങ്ങൾക്കു സഹായിക്കാനാകും. യേശുവിന്റെ മാതൃകാപ്രാർഥനയിലേക്കും അതുപോലെതന്നെ തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഹൃദയംഗമമായ പ്രാർഥനകളിലേക്കും അവരുടെ ശ്രദ്ധ ക്ഷണിക്കാവുന്നതാണ്. (മത്താ. 6:9, 10) എങ്ങനെ പ്രാർഥിക്കാമെന്ന്, നിങ്ങളുടെതന്നെ പ്രാർഥനകളാൽ നിങ്ങളുടെ കുട്ടികളെയും ബൈബിൾ വിദ്യാർഥികളെയും പഠിപ്പിക്കാനാകും. ഹൃദയപൂർവകമായ നിങ്ങളുടെ പ്രാർഥന കേൾക്കുമ്പോൾ യഹോവയോടുള്ള നിങ്ങളുടെ വികാരങ്ങൾ അവർക്കു മനസ്സിലാകും. പരിശോധനകൾ നേരിടുമ്പോൾ ‘പ്രാർത്ഥനയിൽ ഉറ്റിരിക്കാൻ’ അവരെ പ്രോത്സാഹിപ്പിക്കുക. (റോമ. 12:13) പ്രതിസന്ധി ഘട്ടങ്ങളിൽ യഹോവയുടെ സഹായം അനുഭവിച്ചറിയുമ്പോൾ അവർ ഒരു യഥാർഥ സുഹൃത്തെന്ന നിലയിൽ യഹോവയിൽ ആശ്രയിക്കാനും അവനെ സ്നേഹിക്കാനും പഠിക്കും.—സങ്കീ. 34:8; ഫിലി. 4:6, 7.