“എതിരാളികളാൽ ഒന്നിലും കുലുങ്ങിപ്പോകാതെ”
1 ഫിലിപ്പിയർ 1:27-ലെ മേൽപ്പറഞ്ഞ വാക്കുകൾ രേഖപ്പെടുത്തിയപ്പോൾ പൗലൊസിന്റെ മനസ്സിലുണ്ടായിരുന്നത് ഫിലിപ്പിയിൽവെച്ച് നേരിടേണ്ടിവന്ന എതിർപ്പായിരിക്കാം. (പ്രവൃ. 16:19-24) എങ്കിലും സുവാർത്ത പ്രസംഗിക്കുന്നതിൽനിന്ന് അവൻ ഭയന്നു പിന്മാറിയില്ല. ആ അനുഭവത്തിൽനിന്ന് നമുക്കു പലതും പഠിക്കാനുണ്ട്.
2 ശുശ്രൂഷയിലായിരിക്കുമ്പോൾ ആളുകൾ കൂട്ടമായി നമ്മെ നേരിടാൻ വന്നാൽ എന്തു ചെയ്യണം? അവർ നമ്മെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നെങ്കിലോ? രണ്ടു സാഹചര്യങ്ങളും വ്യത്യസ്തമാണെങ്കിലും, സഹായകമായ ചില തത്ത്വങ്ങൾ നോക്കാം.
3 ആൾക്കൂട്ടം വളഞ്ഞാൽ: സാധ്യമെങ്കിൽ ആളുകൾ തടിച്ചുകൂടുന്നതിനു മുമ്പുതന്നെ അവിടംവിട്ടു പോകുക. (പ്രവൃ. 14:6, 7) നിങ്ങളെ തടഞ്ഞുവെച്ചാൽ മൊബൈൽ ഫോണിലൂടെ പോലീസിനെ വിളിക്കുക. നെഹെമ്യാവിനെപ്പോലെ പെട്ടെന്നുതന്നെ യഹോവയോടു പ്രാർഥിക്കുക. (നെഹെ. 2:4) ജനക്കൂട്ടത്തോടോ അവരുടെ നേതാവിനോടോ, ദൈവത്തോടുള്ള അവരുടെ ആദരവിനെ എടുത്തുകാട്ടി വളരെ നയപരമായി സംസാരിച്ചുകൊണ്ട് രംഗം ശാന്തമാക്കി നിറുത്താൻ ശ്രമിക്കുക. അക്രമാസക്തമായ ഒരു ജനക്കൂട്ടം എതിരിടാൻ വന്നപ്പോൾ പൗലൊസും ഇതുതന്നെയാണ് ചെയ്തത്.—പ്രവൃ.
21:27-22:30.
4 നിങ്ങളെ ഭീഷണിപ്പെടുത്തുകയോ ദേഹോപദ്രവമേൽപ്പിക്കുകയോ ചെയ്യുന്നെങ്കിലോ? ആത്മരക്ഷാർഥം എന്തെങ്കിലും ചെയ്യുന്നത് ഉചിതമാണോ? ഇത് ഓരോ വ്യക്തിയും തീരുമാനിക്കേണ്ട കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട സഹായകമായ തത്ത്വങ്ങൾ, “അക്രമത്തിനിരയാകുമ്പോൾ” (വീക്ഷാഗോപുരം, (ഇംഗ്ലീഷ്) 1991 മേയ് 1, പേജ് 4-7), “ഞാൻ ആത്മരക്ഷാമാർഗങ്ങൾ അഭ്യസിക്കേണ്ടതുണ്ടോ?” (ഉണരുക!, 1995 സെപ്റ്റംബർ 22, പേജ് 12-14) തുടങ്ങിയ ലേഖനങ്ങളിൽ കാണാവുന്നതാണ്. ഇപ്പോൾത്തന്നെ അവ വായിച്ചുവെക്കുന്നത് നന്നായിരിക്കും.
5 പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയാൽ: മറ്റുള്ളവരോട് സമാധാനപരമായി നിങ്ങളുടെ വിശ്വാസം പങ്കുവെക്കുന്നത് നിയമലംഘനമല്ല. ഓരോ വ്യക്തിയുടെയും നിയമപരമായ അവകാശമാണ് അത്. പോലീസ് ചോദ്യം ചെയ്താൽ, നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് ആദരവോടെ അവരോടു പറയുക. ശമ്പളം പറ്റിക്കൊണ്ടല്ല ബൈബിൾസന്ദേശം അറിയിക്കുന്നതെന്നും മതംമാറാൻ ആരെയും സ്വാധീനിക്കുന്നില്ലെന്നും വ്യക്തമാക്കുക.
6 പോലീസ് അപമര്യാദയായി പെരുമാറിയാൽ, സംരക്ഷണം നൽകാനുള്ള അവരുടെ കടമയെക്കുറിച്ച് നയപരമായി ഓർമിപ്പിക്കുക. ആവശ്യമെങ്കിൽ അവരുടെ മേലധികാരികളോടു പരാതിപ്പെടുക. (റോമ. 13:3, 4; സഭാ. 5:8) യഹോവ കൂടെയുണ്ടായിരിക്കുമെന്ന ഉറപ്പുണ്ടായിരിക്കുക, ശാന്തത കൈവെടിയാതിരിക്കുക.—ലൂക്കൊ. 12:11, 12.
7 എവിടെയെങ്കിലും ഒപ്പിടാൻ പോലീസ് ആവശ്യപ്പെടുന്നപക്ഷം വിവരങ്ങൾ ശ്രദ്ധാപൂർവം വായിച്ച് അതിൽ പറഞ്ഞിരിക്കുന്നതെല്ലാം കൃത്യമാണെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ മതവിശ്വാസങ്ങൾ മറ്റുള്ളവരുമായി ഇനിയൊരിക്കലും പങ്കുവെക്കുകയില്ലെന്നു പറയുന്ന ഒരു രേഖയിലും ഒപ്പിടരുത്. കേസെടുക്കുന്നപക്ഷം, നിങ്ങളുടെ പേരിലുള്ള ആരോപണം എന്താണെന്നും കേസ് ഏതു വകുപ്പിൽപ്പെടുന്നതാണെന്നും ചോദിച്ചറിയുക. എതിരാളികൾ അപമര്യാദയായി പെരുമാറിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ കേസ് ഫയൽചെയ്യാൻ ആവശ്യപ്പെടുക. അതു നിങ്ങളുടെ അവകാശമായതുകൊണ്ട് അതിൽ ഉറച്ചുനിൽക്കുക. പരിക്കേറ്റിട്ടുണ്ടെങ്കിൽ പോലീസിനോട് നിങ്ങളെ ഡോക്ടറുടെയടുത്തോ ആശുപത്രിയിലേക്കോ കൊണ്ടുപോകാൻ നിർബന്ധമായും പറയുക.
8 യഹോവയിൽ ആശ്രയിക്കുക: അധികാരികളുടെയോ കോടതികളുടെയോ മുമ്പാകെ നമ്മെ ഹാജരാക്കിയേക്കാം എന്ന് യേശു പറഞ്ഞിട്ടുണ്ടെന്ന് ഓർക്കുക. (മത്താ. 10:17, 18) ഉപദ്രവം നേരിട്ടാൽ ഒരിക്കലും ഭയന്നുപിന്മാറരുത്. പകരം യഹോവ നിങ്ങളുടെ പ്രാർഥന കേൾക്കുമെന്ന ഉറപ്പോടെ ശക്തിക്കായി അവനോടു യാചിക്കുക. “സർവ്വഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം” നയിക്കാൻ അധികാരികൾ നമ്മെ ഇടയാക്കണമേ എന്നു പ്രാർഥിക്കാനും നമുക്കു കഴിയും. (1 തിമൊ. 2:1, 2) ശുശ്രൂഷയിൽ യഹോവയെക്കുറിച്ച് തുടർന്നും സംസാരിക്കവേ, എതിർപ്പുണ്ടാകുന്നപക്ഷം അവൻ നമ്മെ ശക്തീകരിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുക.