ബൈബിളധ്യയനം ആരംഭിക്കാൻ ഒരു പുതിയ ലേഖന പരമ്പര
1. വീക്ഷാഗോപുരത്തിന്റെ പൊതുജനങ്ങൾക്കുള്ള പതിപ്പിൽ ഏതു പുതിയ ലേഖന പരമ്പര ഉണ്ടായിരിക്കും, എന്ത് ലക്ഷ്യത്തിലാണ് ഇത് തയ്യാറാക്കുന്നത്?
1 ബൈബിളധ്യയനം ആരംഭിക്കാൻ സഹായകമായ ഒരു പുതിയ ലേഖന പരമ്പര അടുത്ത മാസംമുതൽ വീക്ഷാഗോപുരത്തിന്റെ പൊതുജനങ്ങൾക്കുള്ള പതിപ്പിൽ ഉണ്ടായിരിക്കും. “ദൈവവചനത്തിൽനിന്നു പഠിക്കുക” എന്നായിരിക്കും ഇതിന്റെ ശീർഷകം. നമ്മുടെ പ്രദേശത്തുള്ള പലരും ഈ പരമ്പരയിലെ ലേഖനങ്ങൾ വായിക്കുന്നത് ആസ്വദിക്കും എന്നതിൽ സംശയമില്ല, എന്നാൽ വാസ്തവത്തിൽ ഇത് അവരുമായി ചർച്ചചെയ്യാൻ ഉദ്ദേശിച്ച് തയ്യാറാക്കുന്നതാണ്.
2. ഈ ലേഖനങ്ങളുടെ ചില സവിശേഷതകൾ എന്തെല്ലാം?
2 സവിശേഷതകൾ: ചോദ്യങ്ങൾ ചോദിച്ചുകൊണ്ടു ചർച്ച നടത്താൻ സഹായിക്കുന്നതിനായി ലേഖനത്തിലെ തലക്കെട്ടും ഉപതലക്കെട്ടുകളും ചോദ്യരൂപേണയാണു തയ്യാറാക്കുന്നത്. മുഖ്യ തിരുവെഴുത്തുകൾ ഉദ്ധരിക്കാതെ പരാമർശിക്കുക മാത്രം ചെയ്തിരിക്കുന്നത് വീട്ടുകാരനു ദൈവവചനത്തിൽനിന്നു നേരിട്ടു പഠിക്കാനുള്ള അവസരം പ്രദാനം ചെയ്യും. ഖണ്ഡികകളുടെ ദൈർഘ്യം കുറവായതിനാൽ വീട്ടുവാതിൽക്കൽ നിന്നുകൊണ്ടുപോലും ചർച്ച നടത്താനാകും. ഓരോ ലേഖനത്തിലും ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലേക്കുള്ള പരാമർശമുണ്ട്. അതുകൊണ്ട് ഉചിതമെന്നു തോന്നുമ്പോൾ ആ പുസ്തകത്തിലേക്കു ശ്രദ്ധ ക്ഷണിക്കുന്നതിനും അത് ഉപയോഗിച്ചു അധ്യയനം തുടരുന്നതിനും സാധിക്കും.
3. വീടുതോറുമുള്ള വേലയിൽ വീട്ടുവാതിൽക്കൽവെച്ച് അധ്യയനം നടത്താൻ ഈ ലേഖനപരമ്പര എങ്ങനെ ഉപയോഗിക്കാനാകും?
3 എങ്ങനെ ഉപയോഗിക്കാം: ഓരോ ലക്കത്തിലും ഈ പരമ്പരയിലെ മൂന്നുലേഖനങ്ങൾ ഉണ്ടാകും. മാസിക സമർപ്പിക്കുമ്പോൾ ഏതെങ്കിലും ഒരു ലേഖനത്തിലെ പൊതുവായ വിഷയത്തെ അടിസ്ഥാനമാക്കി താത്പര്യജനകമായ ഒരു ചോദ്യം ചോദിക്കുക. ഉദാഹരണത്തിന്, ജൂലൈ-സെപ്റ്റംബർ ലക്കത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ പരമ്പരയിലെ ആദ്യ ലേഖനം ബൈബിളിന്റെ മൂല്യത്തെക്കുറിച്ച് ചർച്ചചെയ്യുന്നു. നമുക്ക് ഇങ്ങനെ ചോദിക്കാനായേക്കും: “നിങ്ങൾ ബൈബിളിനെ ദൈവവചനമായിട്ടാണോ അതോ ഒരു നല്ല പുസ്തകം മാത്രമായിട്ടാണോ വീക്ഷിക്കുന്നത്? [പ്രതികരിക്കാൻ അനുവദിക്കുക.] ഈ വിഷയത്തെക്കുറിച്ച് ഒരു പ്രധാനപ്പെട്ട ആശയം നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” ആദ്യത്തെ ചോദ്യം ചൂണ്ടികാണിച്ചശേഷം അതിനു താഴെ കാണുന്ന ഖണ്ഡിക വായിക്കുക. പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തും ബൈബിളിൽനിന്നു വായിക്കുക. ചോദ്യം വീണ്ടും വായിച്ചശേഷം വീട്ടുകാരന്റെ അഭിപ്രായം ആരായുക. അക്കമിട്ടു നൽകിയിരിക്കുന്ന ചോദ്യങ്ങൾ ചർച്ചയ്ക്കുള്ള പോയിന്റുകളായി ഉപയോഗിച്ചുകൊണ്ട് സാധിക്കുന്നത്ര ഭാഗം വീട്ടുകാരനുമായി ചർച്ചചെയ്യാനാകും. അതിനുശേഷം അക്കമിട്ടു നൽകിയിരിക്കുന്ന അടുത്ത ചോദ്യത്തിലേക്കു വീട്ടുകാരന്റെ ശ്രദ്ധ ക്ഷണിക്കുകയും മടങ്ങിച്ചെന്ന് അതേക്കുറിച്ച് ചർച്ചചെയ്യാൻ ക്രമീകരിക്കുകയും ചെയ്യുക. ഈ ലേഖനത്തിലെ ശേഷിച്ച ഭാഗങ്ങൾ തുടർന്നുള്ള വാരങ്ങളിൽ പരിചിന്തിക്കാനാകും. ബൈബിൾ പഠിപ്പിക്കുന്നു പുസ്തകം ഉപയോഗിച്ചുള്ള ഒരു അധ്യയനമായി ചർച്ച പരിണമിക്കുന്നതുവരെ ഈ പരമ്പരയിലെ മറ്റു ലേഖനങ്ങളും ഈ രീതിയിൽ ചർച്ച ചെയ്യാം. ഇനി മറ്റൊരു മാർഗം, താത്പര്യം കാണിക്കുന്ന വീട്ടുകാരന് ഈ ലേഖനം ഉപയോഗിച്ചു നേരിട്ടു ബൈബിളധ്യയനം വാഗ്ദാനം ചെയ്യുക എന്നതാണ്. അധ്യയനം നടത്തുന്നത് എങ്ങനെയെന്നും അവതരിപ്പിച്ചു കാണിക്കുക.
4. മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ ഈ ലേഖനങ്ങൾ നമുക്കെങ്ങനെ ഉപയോഗിക്കാനാകും?
4 മടക്കസന്ദർശനങ്ങൾ നടത്തുമ്പോഴും മാസികാറൂട്ടിലുള്ളവരോടു സംസാരിക്കുമ്പോഴും ഈ ലേഖനപരമ്പര നിങ്ങൾക്കു ഫലപ്രദമായി ഉപയോഗിക്കാനാകും. ഉദാഹരണത്തിന്, “ഈ വീക്ഷാഗോപുരത്തിൽ ഒരു പ്രത്യേക ലേഖനം ഉണ്ട്, ഞാൻ അത് നിങ്ങളെയൊന്നു പരിചയപ്പെടുത്തട്ടെ” എന്നു പറഞ്ഞുകൊണ്ട് ഈ ലേഖനത്തിലേക്കു ശ്രദ്ധ ക്ഷണിക്കാനായേക്കും. ഇനിയും അനേകം ആളുകൾ ‘സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്താൻ’ ഈ പുതിയ ലേഖനപരമ്പര ഒരു സഹായമാകട്ടെ എന്നു ഞങ്ങൾ പ്രാർഥിക്കുന്നു.—1 തിമൊ. 2:4.