ദൈവം നൽകിയ അതിശ്രേഷ്ഠ സമ്മാനത്തിനായി നന്ദിയുള്ളവരായിരിക്കുക
1. നാം യഹോവയോട് വിശേഷാൽ നന്ദിയുള്ളവരായിരിക്കുന്നത് എന്തുകൊണ്ട്?
1 യഹോവ നമുക്ക് അനേകം ‘നല്ല ദാനങ്ങൾ’ നൽകിയിട്ടുണ്ട്. എന്നാൽ അവയിൽ ഏറ്റവും ശ്രേഷ്ഠം, തന്റെ പ്രിയ പുത്രനെ മറുവിലയായി നൽകിയതാണ്. (യാക്കോ. 1:17) പാപങ്ങളുടെ ക്ഷമ ഉൾപ്പെടെ നിരവധി അനുഗ്രഹങ്ങൾ അതിലൂടെ സാധ്യമാകുന്നു. (എഫെ. 1:7) അതിനായി നാം എപ്പോഴും നന്ദിയുള്ളവരാണ്. അമൂല്യമായ ഈ സമ്മാനത്തെക്കുറിച്ചു ധ്യാനിക്കുന്നതിന് സ്മാരകകാലത്ത് പ്രത്യേകിച്ചും നാം സമയം ചെലവഴിക്കും.
2. മറുവിലയോടുള്ള നമ്മുടെയും കുടുംബത്തിന്റെയും വിലമതിപ്പ് എങ്ങനെ വർധിപ്പിക്കാം?
2 വിലമതിപ്പ് വർധിപ്പിക്കുക: ദൈവം തന്ന സമ്മാനത്തോടുള്ള നിങ്ങളുടെ കുടുംബത്തിന്റെ വിലമതിപ്പു വളർത്തിയെടുക്കാൻ എന്തു ചെയ്യാനാകും? സ്മാരകാചരണം നടത്തുന്ന മാർച്ച് 30-നു മുമ്പുള്ള ആഴ്ചകളിലെ കുടുംബാരാധനയുടെ സമയം, മറുവിലയെക്കുറിച്ചു ചർച്ചചെയ്യുന്നതിന് ഉപയോഗിക്കരുതോ? കൂടാതെ സ്മാരക വാരത്തിലേക്കു പട്ടികപ്പെടുത്തിയിരിക്കുന്ന തിരുവെഴുത്തുകൾ കുടുംബം ഒത്തൊരുമിച്ച് വായിക്കുക. മറുവില വ്യക്തിപരമായി നിങ്ങൾക്ക് എങ്ങനെ പ്രയോജനം ചെയ്തിരിക്കുന്നുവെന്നും യഹോവയെയും നിങ്ങളെത്തന്നെയും മറ്റുള്ളവരെയും ഭാവിയെയും കുറിച്ചുള്ള നിങ്ങളുടെ വീക്ഷണത്തെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നുവെന്നും ധ്യാനിക്കുക.—സങ്കീ. 77:12.
3. ഏതെല്ലാം വിധങ്ങളിൽ നമുക്ക് നന്ദി കാണിക്കാനാകും?
3 നന്ദി പ്രവൃത്തിയിലൂടെ: മറുവിലയോടുള്ള വിലമതിപ്പ് യഹോവയെക്കുറിച്ചും തന്റെ പുത്രനെ നൽകിയതിലൂടെ അവൻ കാണിച്ച സ്നേഹത്തെക്കുറിച്ചും മറ്റുള്ളവരോടു പറയാൻ നമ്മെ പ്രേരിപ്പിക്കുന്നു. (സങ്കീ. 145:2-7) മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ കുടുംബത്തിലെ ഒരംഗത്തിനെങ്കിലും സഹായ പയനിയറായി സേവിക്കാനുള്ള അവസരം ഒരുക്കിക്കൊണ്ട് ചില കുടുംബങ്ങൾ തങ്ങളുടെ വിലമതിപ്പു പ്രകടമാക്കുന്നു. ഇനി, അതിനു കഴിയുന്നില്ലെങ്കിൽ, ‘സമയം വിലയ്ക്കുവാങ്ങിക്കൊണ്ട്’ ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കാൻ നിങ്ങൾക്കു കഴിയുമോ? (എഫെ. 5:16, അടിക്കു.) സ്മാരകത്തിനു ഹാജരാകാൻ മറ്റുള്ളവരെ സഹായിക്കാനും വിലമതിപ്പു നമ്മെ പ്രേരിപ്പിക്കും. (വെളി. 22:17) താത്പര്യക്കാർ, ബൈബിൾ വിദ്യാർഥികൾ, ബന്ധുക്കൾ, സഹപ്രവർത്തകർ, അയൽക്കാർ എന്നിങ്ങനെ സ്മാരകത്തിനു ക്ഷണിക്കാനുള്ളവരുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. ഒപ്പം, സ്മാരകക്ഷണക്കത്ത് വിതരണം ചെയ്യുന്നതിൽ സജീവമായി പങ്കുപറ്റുക.
4. ഈ സ്മാരകകാലം നമുക്ക് എങ്ങനെ ജ്ഞാനപൂർവം ഉപയോഗിക്കാം?
4 മനുഷ്യവർഗത്തിന് യഹോവ നൽകിയ ആ മഹത്തായ സമ്മാനം നാം എത്രമാത്രം വിലമതിക്കുന്നുവെന്നു കാണിക്കാനുള്ള അനേക അവസരങ്ങളാണ് സ്മാരകകാലത്ത് നമുക്കു ലഭ്യമായിരിക്കുന്നത്. മറുവിലയോടും “ക്രിസ്തുവിങ്കലെ അളവറ്റ ധന”ത്തോടും ഉള്ള വിലമതിപ്പ് വളർത്തിയെടുക്കാനും അതു പ്രകടിപ്പിക്കാനും നമുക്ക് ഈ അവസരം ഉപയോഗിക്കാം.—എഫെ. 3:8.