സായാഹ്ന സാക്ഷീകരണത്തിൽ പങ്കുപറ്റാൻ നിങ്ങൾക്കാകുമോ?
1. പൗലോസ് അപ്പൊസ്തലൻ വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്ന സമയത്തെക്കുറിച്ച് ഒരു പണ്ഡിതൻ എന്തു പറയുന്നു?
1 പൗലോസ് അപ്പൊസ്തലൻ “വൈകിട്ട് നാലുമണി മുതൽ രാത്രി വൈകുവോളം” വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്നതായി ബൈബിൾക്കാലങ്ങളിലെ ജീവിതം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. വീടുതോറുമുള്ള ശുശ്രൂഷയ്ക്കായി പൗലോസ് വാസ്തവത്തിൽ നീക്കിവെച്ചിരുന്ന സമയം ഏതാണെന്ന് നമുക്കറിയില്ലെങ്കിലും ‘സകലവും സുവിശേഷത്തിനായി ചെയ്യാൻ’ അവൻ സന്നദ്ധനായിരുന്നു എന്ന് ഉറപ്പാണ്. (1 കൊരി. 9:19-23) ആളുകളെ കണ്ടുമുട്ടാൻ ഏറ്റവും സാധ്യതയുള്ള സമയത്ത് വീടുതോറും പോകാൻ അവൻ ശ്രമിച്ചിട്ടുണ്ടാകണമെന്ന് അതു സൂചിപ്പിക്കുന്നു.
2. സായാഹ്ന സാക്ഷീകരണം ഫലകരമായ ഒരു മാർഗമായിരിക്കുന്നത് എന്തുകൊണ്ട്?
2 പലയിടങ്ങളിലും പൊതുവെ രാവിലെയാണ് പ്രസാധകർ വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെടുന്നത്. നിങ്ങളുടെ പ്രദേശത്തും ശുശ്രൂഷയ്ക്കുള്ള അനുയോജ്യമായ സമയം ഇതാണോ? തന്റെ പ്രദേശത്തെക്കുറിച്ച് ഒരു പയനിയർ പറയുന്നത് ഇതാണ്: “പകൽസമയത്ത് ആരും വീട്ടിലുണ്ടാകാറില്ല. പക്ഷേ വൈകുന്നേരങ്ങളിൽ മിക്കവാറും ആളുകൾ വീട്ടിലുണ്ടാകും.” പുരുഷന്മാരുടെ പക്കൽ സുവാർത്ത എത്തിക്കാനുള്ള നല്ലൊരു മാർഗമാണ് സായാഹ്ന സാക്ഷീകരണം അല്ലെങ്കിൽ ഉച്ചകഴിഞ്ഞുള്ള സാക്ഷീകരണം. വൈകുന്നേരങ്ങളിൽ ആളുകൾ തിരക്കൊഴിഞ്ഞ് സംസാരിക്കാൻ പറ്റിയ മാനസികാവസ്ഥയിൽ ആയിരിക്കും. ഫലപ്രദമെന്നു തോന്നുന്നെങ്കിൽ വൈകുന്നേരങ്ങളിൽ വയൽസേവന യോഗങ്ങൾ നടത്താൻ മൂപ്പന്മാർ വേണ്ട ക്രമീകരണം ചെയ്യണം.
3. സായാഹ്ന സാക്ഷീകരണത്തിൽ ഏർപ്പെടവെ എങ്ങനെ വിവേകമുള്ളവരായിരിക്കാം?
3 വിവേകമുള്ളവരായിരിക്കുക: സായാഹ്ന സാക്ഷീകരണത്തിൽ ഏർപ്പെടുമ്പോൾ വിവേകമുള്ളവരായിരിക്കേണ്ടത് പ്രധാനമാണ്. ഉദാഹരണത്തിന്, നിങ്ങൾ ചെല്ലുമ്പോൾ വീട്ടുകാരൻ ആഹാരം കഴിക്കുകയോ മറ്റോ ആണെങ്കിൽ മറ്റൊരു സമയത്ത് വരാമെന്നു പറഞ്ഞ് മടങ്ങുക. ഇരുട്ടിത്തുടങ്ങിയാൽ വീട്ടുകാരന് ശരിക്കു കാണാൻ കഴിയുന്നവിധത്തിൽ നിന്നുകൊണ്ട് പെട്ടെന്നുതന്നെ നിങ്ങളെ പരിചയപ്പെടുത്തിയിട്ട് സന്ദർശനത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കുക. ഈരണ്ടു പേരായോ കൂട്ടമായോ പ്രവർത്തിക്കുന്നതാണു നല്ലത്; അതുപോലെ, ഒറ്റപ്പെടാതെ, തെരുവിൽ നല്ല വെളിച്ചമുള്ളിടങ്ങളിൽ മാത്രം പ്രവർത്തിക്കുക. വീട്ടുകാർ കിടക്കാൻ തയ്യാറെടുക്കുന്ന സമയത്ത് കയറിച്ചെല്ലരുത്. (2 കൊരി. 6:3) ഇരുട്ടുവീണാൽ പ്രവർത്തിക്കുന്നത് സുരക്ഷിതമല്ലെന്ന് തോന്നുന്ന ഇടങ്ങളിൽ അൽപ്പംനേരത്തേ പ്രവർത്തിക്കാൻ ശ്രദ്ധിക്കണം.—സദൃ. 22:3.
4. സായാഹ്ന സാക്ഷീകരണത്തിൽ ഏർപ്പെടുന്നതിന്റെ അനുഗ്രഹങ്ങൾ എന്ത്?
4 അനുഗ്രഹങ്ങൾ: സാക്ഷീകരിക്കാൻ അവസരം ലഭിക്കുമ്പോഴാണ് നമ്മുടെ ശുശ്രൂഷ ഏറെ ആസ്വാദ്യമായിരിക്കുക. സാക്ഷീകരിക്കാൻ എത്രയധികം അവസരം ലഭിക്കുന്നുവോ, ‘രക്ഷ പ്രാപിക്കാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്താനും’ അത്രയധികം ആളുകളെ സഹായിക്കാൻ നമുക്കാകും. (1 തിമൊ. 2:3, 4) സായാഹ്ന സാക്ഷീകരണത്തിൽ ഏർപ്പെടാൻ സാധിക്കത്തക്കവിധം കാര്യാദികൾ ക്രമീകരിക്കാൻ നിങ്ങൾക്കാകുമോ?