സുവാർത്ത സമർപ്പിക്കൽ—സായാഹ്നമണിക്കൂറുകളിൽ
1 യേശുക്രിസ്തുവിന്റെ ആദിമ ശിഷ്യൻമാരിൽ ചിലരോട് “നിങ്ങൾ യെരുശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറച്ചിരിക്കുന്നു”വെന്ന് യഹൂദ മഹാപുരോഹിതൻ പറയുകയുണ്ടായി. (പ്രവൃ. 5:28) സഹോദരൻമാർ ആ നഗരത്തിൽ സാക്ഷീകരിക്കുന്ന നല്ല വേല ചെയ്തിരുന്നുവെന്ന് സ്പഷ്ടമാണ്. തങ്ങളുടെ പ്രദേശത്തെ സകലരെയും സമീപിക്കുന്നതിന് അവർ ഉത്സാഹപൂർവം പ്രവർത്തിച്ചുവെന്നതിന് സംശയമില്ല. അവർ അവിടെയും മററുളളടങ്ങളിലും ഒരു പൂർണ്ണസാക്ഷ്യം കൊടുക്കുന്നതിൽ തുടർന്നു.—പ്രവൃ. 8:25.
2 ഇന്ന് അനേകം പ്രദേശങ്ങളെ നമ്മൾ സത്യത്തിന്റെ ഉപദേശംകൊണ്ട് നിറച്ചിട്ടുണ്ട്. പ്രസാധകരിൽ ഒരു വിശിഷ്ടമായ വർദ്ധനവും സഭകളുടെ എണ്ണത്തിൽ അതിനനുരൂപമായ വർദ്ധനവും ഉണ്ടായിട്ടുണ്ട്. പ്രദേശങ്ങൾ ചെറുതായിത്തീർന്നിരിക്കുന്നു, കൂടുതൽ കൂടെക്കൂടെ പ്രവർത്തിച്ചുതീർക്കുന്നുമുണ്ട്. സുവാർത്തയുമായി കൂടുതൽ ആളുകളെ സമീപിക്കുന്നതിന് നാം നമ്മുടെ പ്രദേശത്തെ വികസിപ്പിക്കേണ്ടതാവശ്യമായിത്തീർന്നിരിക്കുന്നു.
സായാഹ്നസാക്ഷീകരണത്തിന്റെ പ്രയോജനങ്ങൾ
3 സായാഹ്നമണിക്കൂറുകളിൽ ഭവനങ്ങൾ സന്ദർശിച്ചുകൊണ്ട് തങ്ങളുടെ പ്രദേശം ഫലത്തിൽ വികസിപ്പിക്കാൻകഴിയുമെന്ന് അനേകം പ്രസാധകർ കണ്ടെത്തിയിട്ടുണ്ട്. ആ സമയത്ത് സാധാരണയായി വീട്ടിൽ കാണാത്ത അനേകം വീട്ടുകാരെ സമീപിക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്. സായാഹ്നത്തിൽ സന്ദർശിക്കുമ്പോൾ തങ്ങളുടെ പ്രദേശത്ത് മിക്കവാറും എല്ലാ വീടുകളിലും ആരെയെങ്കിലും കണ്ടതായി പ്രസാധകർ റിപ്പോർട്ടുചെയ്തിരിക്കുന്നു. കൂടുതൽ ആളുകൾ വീട്ടിലുണ്ടെന്നു മാത്രമല്ല, അവർ ഒരു സ്വസ്ഥമായ പ്രകൃതത്തിലും നമ്മുടെ സന്ദേശം ശ്രദ്ധിക്കാൻ സന്നദ്ധരുമാണ്. സായാഹ്നസാക്ഷീകരണ ക്രമീകരണങ്ങളേർപ്പെടുത്തുന്നതിന് അനേകം സഭകളെ സഹായിക്കാൻ സർക്കിട്ട് മേൽവിചാരകൻമാർക്ക് കഴിഞ്ഞിട്ടുണ്ട്. സർക്കിട്ട് മേൽവിചാരകൻമാരുടെ സന്ദർശനവേളയിൽ ബുധനാഴ്ചയിലെ ഈ ക്രമമായ സായാഹ്നസവിശേഷതയെ പിന്താങ്ങാൻ എല്ലാ പ്രസാധകരും പ്രോൽസാഹിപ്പിക്കപ്പെടുന്നു.
4 നിങ്ങളുടെ പ്രദേശത്ത് സായാഹ്നമണിക്കൂറുകളിൽ സാക്ഷീകരിക്കുന്നത് നിങ്ങൾ പരീക്ഷിച്ചുനോക്കിയിട്ടുണ്ടോ? വേനൽക്കാലത്ത് സൂര്യൻ താമസിച്ചു അസ്തമിക്കുന്നതുകൊണ്ട് സാധാരണയിൽ കൂടുതൽ ദീർഘിച്ചുപ്രവർത്തിക്കാൻ നമുക്ക് അവസരമുണ്ട്. സായാഹ്നത്തിന്റെ ഒരു ഭാഗം വീടുതോറുമുളള സാക്ഷീകരണത്തിനോ ആളില്ലാവീടുകളെ സന്ദർശിക്കുന്നതിനോ ഉപയോഗിക്കാവുന്നതാണ്. അനന്തരം സായാഹ്നത്തിൽ കുറേക്കൂടെ കഴിഞ്ഞ് നമുക്ക് മടക്കസന്ദർശനങ്ങൾ നടത്താനോ ഒരു ബൈബിളദ്ധ്യയനം നടത്താനോ കഴിയും. വർഷത്തിൽ പിൽക്കാലത്ത് പകൽമണിക്കൂറുകൾ കൂടുതൽ പരിമിതമായിരിക്കുമ്പോൾപോലും നേരത്തെയുളള സായാഹ്നമണിക്കൂറുകൾ വീടുതോറുമുളള സാക്ഷീകരണത്തിന് ഉപയോഗിക്കാൻ നമുക്ക് കഴിഞ്ഞേക്കും. തീർച്ചയായും നാം ഒരു സുബോധമനസ്സിന്റെ ആത്മാവ് ഉപയോഗിക്കേണ്ടതുണ്ട്. വിശേഷിച്ച് ഇരുണ്ടശേഷം സുരക്ഷിതത്വമില്ലാത്ത പ്രദേശങ്ങളിൽ നാം വിവേചന പ്രകടമാക്കണം.
പരിഗണനയുളളവരായിരിക്കുക
5 സായാഹ്നസാക്ഷീകരണത്തിൽ വിജയപ്രദരായിരിക്കുന്നതിന് നാം ചില അടിസ്ഥാന ആശയങ്ങൾ മനസ്സിൽ പിടിക്കേണ്ടതുണ്ട്. ദൃഷ്ടാന്തത്തിന്, ചില പ്രദേശങ്ങളിലെ ആളുകൾ വൈകുന്നേരത്ത് അപ്രതീക്ഷിതസന്ദർശകർ വരുന്നതിനെ ഭയപ്പെട്ടേക്കാമെന്നുളളതുകൊണ്ട് നാം നമ്മുടെ മുഖവുരകളിൽ ഊഷ്മളതയും സൗഹൃദവുമുളളവരായിരിക്കുകയും നമ്മുടെ സന്ദർശനത്തിന്റെ ഉദ്ദേശ്യം പെട്ടെന്ന് വ്യക്തമാക്കുകയും വേണം. വീട്ടുകാരുടെ ക്ഷേമത്തിൽ നമുക്ക് യഥാർത്ഥ താത്പര്യം പ്രകടമാക്കാൻ കഴിയുമെങ്കിൽ, അവർക്ക് കൂടുതൽ സുഖം തോന്നാനിടയുണ്ട്, തുറന്നുസംസാരിക്കാൻ കൂടുതൽ ചായ്വുളളവരുമായിരിക്കാം.
6 ചില സ്ഥലങ്ങളിൽ വീട്ടുകാർ തങ്ങളുടെ സുരക്ഷിതത്വംകാക്കാൻ നടപടികൾ എടുത്തിട്ടുണ്ട്. ഇത് നാം ഒരു ഇൻറർകോം ഉപയോഗിക്കേണ്ടതാവശ്യമാക്കിത്തീർത്തേക്കാം അല്ലെങ്കിൽ അടച്ചിട്ടിരിക്കുന്ന വാതിലിലൂടെയായിരിക്കാം വീട്ടുകാർ സംസാരിക്കുന്നത്. അല്ലെങ്കിൽ കതകിലെ ഒരു ദ്വാരത്തിലൂടെ നമ്മെ കാണാൻ ആഗ്രഹിച്ചേക്കാം. വീട്ടുകാരൻ ചെയ്തിരിക്കുന്ന ക്രമീകരണങ്ങളെ നാം ആദരിക്കുന്നതിനാൽ നാം അയാൾക്കു പങ്കുവെക്കാനാഗ്രഹിക്കുന്ന സത്യങ്ങളെ ശ്രദ്ധിക്കാൻ അയാൾ കൂടുതൽ സമ്മതം പ്രകടമാക്കിയേക്കാം.
7 അനേകം സഭകൾ വാരത്തിൽ ഒന്നോ രണ്ടോ സായാഹ്നങ്ങളിൽ കൂട്ട സാക്ഷീകരണം പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇത് മുഴുസമയ ലൗകികജോലിയുളള പ്രസാധകർക്ക് ശുശ്രൂഷയിൽ പങ്കെടുക്കുന്നതിനും പൊരുത്തമില്ലാത്ത ജോലിപ്പട്ടികകൾ നിമിത്തം മുമ്പൊരിക്കലും കൂടെ പ്രവർത്തിച്ചിട്ടില്ലാത്ത ചില പ്രസാധകരോടൊത്ത് പ്രവർത്തിക്കുന്നതിനുപോലും വർദ്ധിച്ച അവസരം കൊടുത്തിരിക്കുന്നു. സായാഹ്നസാക്ഷീകരണം ചില പ്രസാധകർക്ക് വയൽശുശ്രൂഷയിൽ ചെലവഴിക്കുന്ന സമയത്തിന്റെ അളവു വർദ്ധിപ്പിക്കുക സാദ്ധ്യമാക്കിയിരിക്കുന്നു. ഇത് ക്രമത്തിൽ അവർ മററുളളവർക്ക് സുവാർത്ത പങ്കുവെക്കുന്നതിൽ കൂടുതൽ പ്രാപ്തരായിത്തീരുന്നതിലേക്കു നയിച്ചിരിക്കുന്നു. കൂടാതെ മുമ്പ് യഹോവയുടെ സാക്ഷികളെ ശ്രദ്ധിച്ചിട്ടില്ലാത്ത വ്യക്തികളെ സമീപിച്ചതിന്റെ ഫലമായി കൂടുതൽ ബൈബിളദ്ധ്യയനങ്ങൾ തുടങ്ങിയിട്ടുണ്ട്.
8 സായാഹ്നസാക്ഷീകരണത്തിൽ പങ്കെടുക്കുന്നതും “സുവിശേഷകന്റെ വേല ചെയ്യുന്നതി”നുളള ഈ വർദ്ധിച്ച അവസരത്തെ ആസ്വദിക്കുന്നതും നിങ്ങൾക്ക് സാദ്ധ്യമായിരിക്കുമോ? (2 തിമൊ. 4:5) ആ ചോദ്യത്തിന് നമ്മിൽ കൂടുതൽ പേർക്ക് ഉവ്വ് എന്ന് ഉത്തരം പറയാൻ കഴിയുമെങ്കിൽ, ഒരുപക്ഷേ നാമും നമ്മുടെ പ്രദേശത്തെ സത്യംകൊണ്ടു നിറക്കുന്നതിൽ മെച്ചമായി പ്രവർത്തിക്കുന്നതായിരിക്കും.