യാതൊന്നും ഒരു തടസ്സമാകരുത് —തിരക്കുപിടിച്ച ദിനചര്യ
1. ബൈബിളധ്യയനം വാഗ്ദാനം ചെയ്യാൻ ചിലർ മടിക്കുന്നത് എന്തുകൊണ്ട്?
1 തിരക്കുപിടിച്ച ഒരു ദിനചര്യ ഉള്ളതിനാലാണ് ചിലർ ബൈബിളധ്യയനം വാഗ്ദാനം ചെയ്യാൻ മടിക്കുന്നത്. ബൈബിൾ വിദ്യാർഥിയുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയം ആവശ്യമാണ്. ബൈബിളധ്യയനത്തിനു തയ്യാറാകാനും അതു നടത്താനും പുരോഗമിക്കുന്നതിൽനിന്ന് തടയുന്ന കാര്യങ്ങളെ മറികടക്കാൻ വിദ്യാർഥിയെ സഹായിക്കാനും സമയം വേണം. യഹോവയെ അറിയുന്നതിന് തെസ്സലോനിക്യയിലുള്ളവരെ സഹായിക്കാൻ തന്റെ പ്രാണൻപോലും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നെന്ന് അപ്പൊസ്തലനായ പൗലോസ് പറഞ്ഞു. (1 തെസ്സ. 2:7, 8) തിരക്കുപിടിച്ച ദിനചര്യ ഉള്ളവർക്കു പോലും ബൈബിളധ്യയനം നടത്താൻ എങ്ങനെ കഴിയും?
2. യഹോവയോട് സ്നേഹമുള്ള ഒരു വ്യക്തി സമയം എങ്ങനെ ഉപയോഗിക്കും?
2 ദൈവസേവനത്തിന് സമയം ആവശ്യമാണ്: ദൈവസേവനത്തിന് സമയം ആവശ്യമാണ് എന്നത് ഒരു വസ്തുതയാണ്. ഉദാഹരണത്തിന്, യോഗങ്ങൾക്ക് ഹാജരാകാനും ശുശ്രൂഷയിൽ പങ്കെടുക്കാനും ബൈബിൾ വായിക്കാനും പ്രാർഥിക്കാനും എല്ലാം നാം ക്രമമായി സമയം വിനിയോഗിക്കുന്നു. എത്ര തിരക്കാണെങ്കിലും, വിവാഹിതനായ ഒരു വ്യക്തി തന്റെ ഇണയോടൊപ്പം ചെലവഴിക്കാനായി സന്തോഷത്തോടെ സമയം നീക്കിവെക്കും. അങ്ങനെയെങ്കിൽ, യഹോവയെ സ്നേഹിക്കുന്നവരായ നാം അവനെ ആരാധിക്കാനായി അത്യന്തം സന്തോഷത്തോടെ സമയം ‘വിലയ്ക്കുവാങ്ങേണ്ടതല്ലേ?’ (എഫെ. 5:15-17, അടിക്കുറിപ്പ്; 1 യോഹ. 5:3) ശിഷ്യരാക്കൽവേല ദൈവസേവനത്തിന്റെ സുപ്രധാനമായ ഒരു വശമാണെന്ന് യേശു പറഞ്ഞു. (മത്താ. 28:19, 20) അക്കാര്യം മനസ്സിൽപ്പിടിക്കുന്നെങ്കിൽ ഒരു ബൈബിളധ്യയനം നടത്തുക എന്ന ചുമതലയിൽനിന്ന് ഒഴിഞ്ഞുമാറാൻ നമുക്കാകില്ല.
3. സാഹചര്യങ്ങൾ നിമിത്തം ബൈബിളധ്യയനം നടത്താൻ കഴിയാതെ വരുമ്പോൾ നമുക്ക് എന്തു ചെയ്യാനാകും?
3 എന്നാൽ തൊഴിലോ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോ ദിവ്യാധിപത്യ നിയമനങ്ങളോ ബൈബിളധ്യയനത്തിനായി മാറ്റിവെച്ചിരിക്കുന്ന സമയം കവർന്നെടുക്കുന്നെങ്കിലോ? താത്കാലികമായി സ്ഥലത്തില്ലാതെ വരുമ്പോൾ, ചില പ്രസാധകർ അവരുടെ അധ്യയനങ്ങൾ ഫോണിലൂടെയോ ഇന്റർനെറ്റിലൂടെയോ നടത്തുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവർ അധ്യയനത്തിനായി തങ്ങളുടെ വീട്ടിലേക്കു വരാൻ വിദ്യാർഥിയോട് ആവശ്യപ്പെടാറുണ്ട്. ചില സഹോദരങ്ങൾ, തങ്ങൾക്കു പോകാൻ കഴിയാതെ വരുന്ന സാഹചര്യങ്ങളിൽ അധ്യയനം നടത്താൻ ആശ്രയയോഗ്യനായ ഒരു പ്രസാധകനെ ക്രമീകരിക്കുന്നു.
4. ആളുകളെ ബൈബിൾ പഠിപ്പിക്കുന്നതിൽ പങ്കുചേരുന്നത് എന്തെല്ലാം അനുഗ്രഹങ്ങൾ കൈവരുത്തും?
4 മറ്റുള്ളവരെ സത്യം പഠിപ്പിക്കാനായി തന്റെ സമയവും ഊർജവും ചെലവഴിച്ചപ്പോൾ പൗലോസിന് വളരെയധികം സന്തോഷം ലഭിച്ചു. (പ്രവൃ. 20:35) തെസ്സലോനിക്യയിലുള്ളവരെ തനിക്ക് സഹായിക്കാനായതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ യഹോവയോടു നന്ദി പറയാൻ അവൻ പ്രേരിതനായി. (1 തെസ്സ. 1:2) ബൈബിളധ്യയനങ്ങൾ നടത്തുന്നതിൽനിന്ന് നമ്മെ തടയാൻ തിരക്കുകളെ നാം അനുവദിക്കാതിരിക്കുന്നെങ്കിൽ ശുശ്രൂഷയിലുള്ള നമ്മുടെ സന്തോഷവും സംതൃപ്തിയും വർധിക്കും.