ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്? എന്ന ലഘുപത്രിക എങ്ങനെ ഉപയോഗിക്കാം?
ബൈബിൾവിദ്യാർഥികളെ സംഘടനയിലേക്കു നയിക്കാൻ ഒരു പുതിയ ലഘുപത്രിക
1. യഹോവയുടെ ഇഷ്ടം ലഘുപത്രികയുടെ മൂന്ന് ഉദ്ദേശ്യങ്ങൾ ഏവ?
1 ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത് ആരാണ്? എന്ന ലഘുപത്രിക നിങ്ങൾ ഉപയോഗിച്ചു തുടങ്ങിയോ? എന്താണ് ഈ ലഘുപത്രികയുടെ ഉദ്ദേശ്യം? (1) യഹോവയുടെ സാക്ഷികളായ നമ്മെ പരിചയപ്പെടാനും (2) നമ്മുടെ പ്രവർത്തനങ്ങളെക്കുറിച്ച് അടുത്തറിയാനും (3) നമ്മുടെ സംഘടനയുടെ പ്രവർത്തനവിധം മനസ്സിലാക്കാനും ബൈബിൾവിദ്യാർഥികളെ സഹായിക്കുക. ഇതിലെ ഓരോ പാഠവും ഒരു പേജിൽ അവസാനിക്കുന്നു. അതുകൊണ്ടുതന്നെ അധ്യയനത്തിന്റെ ഒടുവിൽ വെറും അഞ്ചോ പത്തോ മിനിട്ട് എടുത്ത് പാഠഭാഗം ചർച്ച ചെയ്യാനാകും.
2. ഈ ലഘുപത്രികയുടെ സവിശേഷതകൾ എന്തെല്ലാം?
2 തയ്യാറാക്കിയിരിക്കുന്ന വിധം: ഈ ലഘുപത്രിക മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മുകളിൽ പരാമർശിച്ചിരിക്കുന്നതുപോലെ, ഓരോ ഭാഗവും യഹോവയുടെ സംഘടനയുടെ ഓരോ വശങ്ങളെക്കുറിച്ചുള്ളതാണ്. മൊത്തം 28 പാഠങ്ങളാണ് ഈ ലഘുപത്രികയിൽ. ഓരോന്നിന്റെയും ശീർഷകങ്ങൾ ചോദ്യരൂപത്തിൽ നൽകിയിരിക്കുന്നു. തടിച്ച അക്ഷരത്തിലുള്ള ഉപതലക്കെട്ടുകൾ ആ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ്. 50-ലേറെ രാജ്യങ്ങളിൽനിന്നുള്ള ചിത്രങ്ങളും ഈ പത്രികയിൽ കാണാം; നമ്മുടെ പ്രവർത്തനം ഗോളവ്യാപകമാണെന്ന് അത് തെളിയിക്കുന്നു. ഒട്ടുമിക്ക പാഠങ്ങളിലും “കൂടുതൽ അറിയാൻ” എന്ന ചതുരമുണ്ട്. വിദ്യാർഥികൾക്കുള്ള ചില നിർദേശങ്ങളാണ് അതിൽ. അവ പരീക്ഷിച്ചുനോക്കാൻ നിങ്ങൾക്ക് അവരെ പ്രോത്സാഹിപ്പിക്കാനാകും.
3. യഹോവയുടെ ഇഷ്ടം ലഘുപത്രിക നമുക്ക് എങ്ങനെ ഉപയോഗിക്കാം?
3 എങ്ങനെ ഉപയോഗിക്കാം? ആദ്യംതന്നെ, ചോദ്യരൂപത്തിലുള്ള ശീർഷകത്തിലേക്ക് വിദ്യാർഥിയുടെ ശ്രദ്ധ ക്ഷണിക്കുക. പാഠഭാഗം വായിക്കുമ്പോൾ തടിച്ച അക്ഷരത്തിലുള്ള ഉപതലക്കെട്ടുകൾക്ക് കൂടുതൽ ശ്രദ്ധ നൽകുക. തുടർന്ന് പുനരവലോകനത്തിനായി അവസാനം നൽകിയിരിക്കുന്ന ചോദ്യങ്ങൾ പരിചിന്തിക്കാനാകും. പാഠം മുഴുവനായോ ഭാഗം തിരിച്ചോ വായിച്ച് ചർച്ച ചെയ്യാം. പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളിൽ ഏതൊക്കെ വായിക്കണമെന്ന് വിവേചനയോടെ തീരുമാനിക്കുക. ചിത്രങ്ങളും “കൂടുതൽ അറിയാൻ” എന്ന ചതുരവും ചർച്ച ചെയ്യാൻ മറക്കരുത്. കഴിയുമ്പോഴൊക്കെ ലഘുപത്രികയിൽ കൊടുത്തിരിക്കുന്ന ക്രമത്തിൽത്തന്നെ പാഠങ്ങൾ പരിചിന്തിക്കുക. എന്നിരുന്നാലും ഏതെങ്കിലും പ്രത്യേക പാഠഭാഗം വിശേഷാൽ ചർച്ച ചെയ്യേണ്ടതുണ്ടെങ്കിൽ ആ ഭാഗത്തിലേക്ക് ശ്രദ്ധ തിരിക്കുന്നതിൽ കുഴപ്പമില്ല. ഉദാഹരണത്തിന് സമ്മേളനത്തിന്റെയോ കൺവെൻഷന്റെയോ സമയം അടുത്തിരിക്കുന്നെങ്കിൽ 11-ാം പാഠം ചർച്ച ചെയ്യാവുന്നതാണ്.
4. ഈ പുതിയ ലഘുപത്രിക ലഭിച്ചിരിക്കുന്നതിൽ നിങ്ങൾ സന്തോഷിക്കുന്നത് എന്തുകൊണ്ട്?
4 നാം ഒരാളെ ബൈബിൾ പഠിപ്പിക്കുമ്പോൾ നമ്മുടെ സ്വർഗീയ പിതാവിനെ അടുത്തറിയാൻ നാം ആ വ്യക്തിയെ സഹായിക്കുകയാണ്. എന്നിരുന്നാലും യഹോവയുടെ സംഘടനയെക്കുറിച്ചും നാം അദ്ദേഹത്തെ പഠിപ്പിക്കേണ്ടതുണ്ട്. (സദൃ. 6:20) അതിനു നമ്മെ സഹായിക്കുന്ന ഈ പുതിയ ലഘുപത്രിക ലഭിച്ചിരിക്കുന്നതിൽ നാം എത്ര സന്തോഷിക്കുന്നു, അല്ലേ?