പഴയ മാസികകൾ നന്നായി ഉപയോഗിക്കുക
പഴയ മാസികകൾ നാം അലമാരിയിൽ പൂട്ടിവയ്ക്കുകയോ നശിപ്പിച്ചുകളയുകയോ ചെയ്യുന്നത് ആർക്കും പ്രയോജനം ചെയ്യുകയില്ല. അതുകൊണ്ട് അവ സമർപ്പിക്കാൻ ശ്രമം ചെയ്യണം. ഒരൊറ്റ മാസികയ്ക്കുപോലും ഒരു വ്യക്തിയുടെ സത്യത്തോടുള്ള താത്പര്യത്തെ ഉണർത്താനും യഹോവയുടെ നാമം വിളിച്ചപേക്ഷിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കാനും കഴിയും. (റോമ. 10:13, 14) പഴയ മാസികകൾ ഫലപ്രദമായി ഉപയോഗിക്കാൻ സഹായകമായ ചില നിർദേശങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
• കൂടെക്കൂടെ പ്രവർത്തിക്കാത്ത പ്രദേശങ്ങളിൽ പ്രസംഗിക്കുമ്പോൾ ഒരുപക്ഷേ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാത്ത വിധത്തിൽ മാസികയുടെ ഒരു പ്രതി ആളില്ലാഭവനങ്ങളിൽ വെക്കാനാകും.
• ബസ് സ്റ്റോപ്പ്, റെയിൽവേസ്റ്റേഷൻ എന്നിങ്ങനെ ആളുകൾ കാത്തിരിക്കുന്ന സ്ഥലങ്ങളിൽ പൊതുസാക്ഷീകരണം നടത്തുമ്പോൾ ഓരോ വ്യക്തിയോടും എന്തെങ്കിലും വായിക്കാൻ താത്പര്യമുണ്ടോ എന്നു ചോദിച്ചുകൊണ്ട് പഴയലക്കം മാസികകൾ കാണിക്കുക. അവരോട് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാൻ പറയുക.
• നഴ്സിങ് ഹോമുകളിലോ ക്ലിനിക്കുകളിലോ സഭയുടെ പ്രദേശത്തെ അതുപോലുള്ള സ്ഥലങ്ങളിലെ കാത്തിരിപ്പുമുറിയിൽ നമ്മുടെ ഏതാനും പഴയലക്കം മാസികകൾ വെക്കാനാകും. ഇതു ചെയ്യുന്നതിനു മുമ്പ്, ഉത്തരവാദിത്വപ്പെട്ടവർ ഉണ്ടെങ്കിൽ അനുവാദം വാങ്ങുന്നത് നന്നായിരിക്കും. ഇപ്പോൾത്തന്നെ മാസികകൾ അവിടെ ഉണ്ടെങ്കിൽ കൂടുതൽ പ്രതികൾ അവിടെ വെക്കരുത്.
• മടക്കസന്ദർശനത്തിനായി തയ്യാറാകുമ്പോൾ നിങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ഓരോ വ്യക്തിയുടെയും താത്പര്യങ്ങൾ പരിഗണിക്കുക. അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചെന്ത്? യാത്ര ചെയ്യാൻ ഇഷ്ടമുള്ള വ്യക്തിയാണോ? പൂന്തോട്ടം പരിപാലിക്കുന്നതിൽ തത്പരനാണോ? അദ്ദേഹം താത്പര്യപൂർവ്വം വായിക്കാൻ സാധ്യതയുള്ള ലേഖനങ്ങൾ പഴയലക്കങ്ങളിൽ കണ്ടെത്തുന്നെങ്കിൽ മടങ്ങിച്ചെല്ലുമ്പോൾ അദ്ദേഹത്തെ അതു കാണിക്കുക.
• താത്പര്യമുള്ള ഒരു വ്യക്തിയെ ആവർത്തിച്ചുള്ള ശ്രമങ്ങൾക്കൊടുവിൽ വീട്ടിൽ നാം കണ്ടെത്തുമ്പോൾ അദ്ദേഹത്തിനു ലഭിക്കാതിരുന്ന ചില പഴയലക്കം മാസികകൾ കാണിക്കുക.