ക്രിസ്‌ത്യാനികളായി ജീവിക്കാം
ലഘുലേഖകൾ ഉപയോഗിച്ച് സംഭാഷണം എങ്ങനെ തുടങ്ങാം?
ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയുടെ ആദ്യത്തെ പേജിൽ 2018 ജനുവരി മുതൽ സംഭാഷണത്തിനുള്ള മാതൃകകൾ കൊടുക്കുന്നുണ്ട്. ആളുകൾക്കു വെറുതേ പ്രസിദ്ധീകരണങ്ങൾ കൊടുത്തിട്ട് പോരുന്നതിനു പകരം അവരോടു സംസാരിക്കാൻ പ്രചാരകരെ പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു ഇത്. ഇതിനു പ്രചാരകരെ സഹായിക്കുന്നതിന്, ബൈബിൾ മാത്രം ഉപയോഗിച്ച് സംഭാഷണങ്ങൾ എങ്ങനെ തുടങ്ങാമെന്നു കാണിക്കുന്ന അവതരണങ്ങളുടെ വീഡിയോകളും പുറത്തിറക്കി. വീടുതോറുമുള്ള പ്രവർത്തനത്തിൽ പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്നാണോ ഇതിന് അർഥം? അല്ല. ഉദാഹരണത്തിന്, സംഭാഷണങ്ങൾ ആരംഭിക്കാനുള്ള നല്ല ഉപകരണമാണു ലഘുലേഖകൾ. ഏതു ലഘുലേഖയുടെ കാര്യത്തിലും താഴെ പറയുന്ന രീതി നമുക്ക് ഉപയോഗിക്കാം:
ആദ്യത്തെ പേജിലെ ചോദ്യവും അതിനു കൊടുത്തിരിക്കുന്ന ഉത്തരങ്ങളും കാണിക്കുക.
രണ്ടാമത്തെ പേജിന്റെ മുകളിൽ കൊടുത്തിരിക്കുന്ന ബൈബിളിന്റെ ഉത്തരം കാണിക്കുക. സമയമുണ്ടെങ്കിൽ, ലഘുലേഖയിലെ ഏതാനും ചില വിവരങ്ങൾകൂടി വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുക.
വീട്ടുകാരനു ലഘുലേഖ കൊടുക്കുക, സമയം കിട്ടുമ്പോൾ ബാക്കി ഭാഗം വായിക്കാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക.
പോരുന്നതിനു മുമ്പ്, “നിങ്ങൾക്ക് എന്തു തോന്നുന്നു?” എന്ന ഭാഗത്ത് കൊടുത്തിരിക്കുന്ന ചോദ്യം കാണിക്കുക. മടക്കസന്ദർശനത്തിൽ, അതിനു ബൈബിൾ നൽകുന്ന ഉത്തരം ചർച്ച ചെയ്യാൻ ക്രമീകരണം ചെയ്യുക.
മടങ്ങിച്ചെല്ലുമ്പോൾ, ആ ചോദ്യത്തിന്റെ ഉത്തരം ചർച്ച ചെയ്യുക. എന്നിട്ട് അടുത്ത പ്രാവശ്യം ചർച്ച ചെയ്യാനായി മറ്റൊരു ചോദ്യം ചോദിക്കുക. വെബ്സൈറ്റിലെ ഒരു ചോദ്യമോ ലഘുലേഖയുടെ പുറകിൽ കൊടുത്തിരിക്കുന്ന പ്രസിദ്ധീകരണത്തിൽനിന്ന് ഒരു ചോദ്യമോ നിങ്ങൾക്കു തിരഞ്ഞെടുക്കാം. ഉചിതമെന്നു തോന്നുന്ന സമയത്ത്, ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത! എന്ന ലഘുപത്രികയോ ‘പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ’ എന്ന ഭാഗത്തെ മറ്റൊരു പ്രസിദ്ധീകരണമോ കൊടുക്കാം.