യുദ്ധങ്ങളും പോരാട്ടങ്ങളും തുടരുന്നത് എന്തുകൊണ്ട്?
യുദ്ധങ്ങളുടെ അടിസ്ഥാനകാരണം എന്താണെന്നും അതു തുടരുന്നത് എന്തുകൊണ്ടാണെന്നും ബൈബിൾ വിശദീകരിക്കുന്നു.
പാപം
ആദ്യമാതാപിതാക്കളായ ആദാമിനെയും ഹവ്വയെയും ദൈവം തന്റെ ഛായയിലാണു സൃഷ്ടിച്ചത്. (ഉൽപത്തി 1:27) അതുകൊണ്ടുതന്നെ അവർക്കു ദൈവത്തിന്റെ ഗുണങ്ങൾ പകർത്താൻ എളുപ്പമായിരുന്നു. മറ്റുള്ളവരെ സ്നേഹിക്കാനും അവരുമായി സമാധാനത്തിലായിരിക്കാനും അവർക്കു സ്വാഭാവികമായി തോന്നേണ്ടതായിരുന്നു. (1 കൊരിന്ത്യർ 14:33; 1 യോഹന്നാൻ 4:8) എന്നാൽ ആദാമും ഹവ്വയും ദൈവത്തോട് അനുസരണക്കേടു കാണിക്കുകയും പാപികളായിത്തീരുകയും ചെയ്തു. അങ്ങനെ പാപവും മരണവും നമുക്ക് എല്ലാവർക്കും കൈമാറി കിട്ടി. (റോമർ 5:12) ആ പാപം കാരണമാണ് അക്രമാസക്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള ഒരു ചായ്വ് നമുക്കുള്ളത്.—ഉൽപത്തി 6:5; മർക്കോസ് 7:21, 22.
മനുഷ്യഗവൺമെന്റ്
സ്വയം ഭരിക്കാനുള്ള പ്രാപ്തിയോടെയല്ല ദൈവം നമ്മളെ സൃഷ്ടിച്ചത്. മനുഷ്യന് ‘സ്വന്തം കാലടികളുടെ നിയന്ത്രണംപോലും ഇല്ല’ എന്നു ബൈബിൾ പറയുന്നു. (യിരെമ്യ 10:23) അതുകൊണ്ടുതന്നെ യുദ്ധവും അക്രമവും പൂർണമായും ഇല്ലാതാക്കാൻ മനുഷ്യഗവൺമെന്റുകൾക്ക് ഒരിക്കലും കഴിയില്ല.
സാത്താനും അവന്റെ ഭൂതങ്ങളും
“ലോകം മുഴുവനും ദുഷ്ടന്റെ നിയന്ത്രണത്തിലാണ്” എന്നു ബൈബിൾ പറയുന്നു. (1 യോഹന്നാൻ 5:19) പിശാചായ സാത്താനാണ് ഈ ‘ദുഷ്ടൻ.’ അവൻ ക്രൂരനായ ഒരു കൊലയാളിയാണ്. (യോഹന്നാൻ 8:44) സാത്താനും അവന്റെ ഭൂതങ്ങളും ആണ് യുദ്ധങ്ങളും പോരാട്ടങ്ങളും തുടങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.—വെളിപാട് 12:9, 12.
യുദ്ധത്തിന്റെയും അക്രമത്തിന്റെയും അടിസ്ഥാനകാരണങ്ങൾ ഇല്ലാതാക്കാൻ നമുക്കാകില്ല; എന്നാൽ ദൈവത്തിനാകും