പഠനലേഖനം 24
ഗീതം 98 തിരുവെഴുത്തുകൾ ദൈവപ്രചോദിതം
യാക്കോബിന്റെ അവസാന വാക്കുകളിൽനിന്നുള്ള പാഠങ്ങൾ—ഭാഗം 1
“ഒരുമിച്ച് കൂടിവരുവിൻ; അവസാനനാളുകളിൽ നിങ്ങൾക്ക് എന്തു സംഭവിക്കുമെന്നു ഞാൻ നിങ്ങളെ അറിയിക്കാം.” —ഉൽപ. 49:1.
ഉദ്ദേശ്യം
യാക്കോബ് മരണക്കിടക്കയിൽവെച്ച് രൂബേനെയും ശിമെയോനെയും ലേവിയെയും യഹൂദയെയും കുറിച്ച് നടത്തിയ പ്രവചനങ്ങളിൽനിന്ന് പഠിക്കാനാകുന്ന പാഠങ്ങൾ.
1-2. തന്റെ മരണം അടുത്തുവന്നപ്പോൾ യാക്കോബ് എന്തു ചെയ്തു, എന്തുകൊണ്ട്? (ചിത്രവും കാണുക.)
വിശ്വസ്തനായ യാക്കോബ് തന്റെ കുടുംബാംഗങ്ങളോടൊപ്പം കനാനിൽനിന്ന് ഈജിപ്തിലേക്കു വന്നിട്ട് ഏതാണ്ട് 17 വർഷമായി. (ഉൽപ. 47:28) മരിച്ചുപോയെന്നു കരുതിയ തന്റെ പ്രിയമകനായ യോസേഫിനോടും മറ്റു മക്കളോടും ഒപ്പം ഒരുമിച്ച് കഴിയാനായതിൽ അദ്ദേഹം ഒരുപാടു സന്തോഷിച്ചു. എന്നാൽ ഇപ്പോൾ തന്റെ ജീവിതം അവസാനിക്കാൻ പോകുകയാണെന്നു യാക്കോബ് തിരിച്ചറിയുന്നു. തന്റെ മക്കളെയെല്ലാം വിളിച്ചുകൂട്ടി ഒരു പ്രധാനപ്പെട്ട കാര്യം അറിയിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു.—ഉൽപ. 49:28.
2 അക്കാലത്ത് ഒരു കുടുംബനാഥൻ തന്റെ മരണം അടുത്തുവരുമ്പോൾ കുടുംബാംഗങ്ങളെയെല്ലാം വിളിച്ചുകൂട്ടുന്നത് ഒരു പതിവായിരുന്നു. അവസാനമായി കുടുംബാംഗങ്ങൾക്കു ചില നിർദേശങ്ങൾ കൊടുക്കാൻ വേണ്ടിയായിരുന്നു അത്. (യശ. 38:1) തന്റെ മരണശേഷം കുടുംബത്തെ നയിക്കേണ്ടത് ആരാണെന്ന് അദ്ദേഹം തീരുമാനിക്കുന്നതും ആ സമയത്തായിരുന്നിരിക്കാം.
മരണക്കിടക്കയിൽവെച്ച് യാക്കോബ് തന്റെ 12 ആൺമക്കളോടായി പ്രവചനം നടത്തുന്നു (1-2 ഖണ്ഡികകൾ കാണുക)
3. ഉൽപത്തി 49:1, 2 അനുസരിച്ച് യാക്കോബിന്റെ വാക്കുകൾ പ്രത്യേകതയുള്ളതായിരുന്നത് എന്തുകൊണ്ട്?
3 ഉൽപത്തി 49:1, 2 വായിക്കുക. എന്നാൽ അതൊരു സാധാരണ കൂടിവരവായിരുന്നില്ല. കാരണം ആ കൂടിവരവിൽ, ഭാവിയിൽ നടക്കാൻപോകുന്ന കാര്യങ്ങളെക്കുറിച്ച് യാക്കോബ് പ്രവചിക്കുകയായിരുന്നു. അതിലൂടെ തന്റെ ഭാവിതലമുറകളെ ബാധിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ യഹോവ യാക്കോബിലൂടെ വെളിപ്പെടുത്തി. അതുകൊണ്ട് യാക്കോബിന്റെ വാക്കുകളെ മരണക്കിടക്കയിൽവെച്ച് നടത്തിയ പ്രവചനമെന്നു ചിലപ്പോഴൊക്കെ വിളിക്കാറുണ്ട്.
4. യാക്കോബ് എന്താണു മുൻകൂട്ടിപ്പറഞ്ഞത്? അതിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാം? (“യാക്കോബിന്റെ കുടുംബം” എന്ന ചതുരവും കാണുക.)
4 ഈ ലേഖനത്തിൽ, യാക്കോബ് തന്റെ ആൺമക്കളിൽ നാലു പേരായ രൂബേനോടും ശിമെയോനോടും ലേവിയോടും യഹൂദയോടും എന്താണു പറഞ്ഞതെന്നു നമ്മൾ കാണും. അടുത്ത ലേഖനത്തിൽ ബാക്കിയുള്ള എട്ട് ആൺമക്കളോട് എന്താണ് പറഞ്ഞതെന്നും ചിന്തിക്കും. നമ്മൾ കാണാൻപോകുന്നതുപോലെ യാക്കോബ് തന്റെ ആൺമക്കളെക്കുറിച്ച് മാത്രമല്ല അവരുടെ പിൻതലമുറക്കാർക്കു സംഭവിക്കാൻപോകുന്ന കാര്യങ്ങളെക്കുറിച്ചും മുൻകൂട്ടിപ്പറഞ്ഞു. അവരാണു പിന്നീട് ഇസ്രായേൽ ജനതയായിത്തീർന്നത്. യാക്കോബിന്റെ പ്രവചനം എങ്ങനെയാണു നിറവേറിയതെന്ന് ഇസ്രായേൽ ജനതയുടെ ചരിത്രം നോക്കിയാൽ നമുക്കു മനസ്സിലാകും. യാക്കോബിന്റെ ആ വാക്കുകൾ പഠിക്കുന്നതിലൂടെ, യഹോവയെ സന്തോഷിപ്പിക്കാൻ സഹായിക്കുന്ന ചില വിലപ്പെട്ട പാഠങ്ങളും നമ്മൾ പഠിക്കും.
രൂബേൻ
5. രൂബേൻ തന്റെ അപ്പനിൽനിന്ന് എന്തെല്ലാം അവകാശങ്ങൾ പ്രതീക്ഷിച്ചിരിക്കാം?
5 യാക്കോബ് ആദ്യം സംസാരിക്കുന്നതു രൂബേനോടാണ്. ഇങ്ങനെ പറയുന്നു: “നീ എന്റെ മൂത്ത മകൻ.” (ഉൽപ. 49:3) മൂത്ത മകൻ എന്ന നിലയിൽ രൂബേൻ അപ്പന്റെ സ്വത്തിന്റെ ഇരട്ടി ഓഹരി പ്രതീക്ഷിച്ചുകാണും. അതുപോലെതന്നെ യാക്കോബിന്റെ മരണശേഷം ആ കുടുംബത്തെ നയിക്കാനുള്ള ഉത്തരവാദിത്വം തനിക്കും പിന്നീടു തന്റെ മക്കൾക്കും ലഭിക്കുമെന്നും രൂബേൻ പ്രതീക്ഷിച്ചിരിക്കാം.
6. മൂത്ത മകനുള്ള അവകാശം രൂബേനു നഷ്ടമായത് എന്തുകൊണ്ടാണ്? (ഉൽപത്തി 49:3, 4)
6 എന്നാൽ രൂബേന്റെ പ്രതീക്ഷകളെല്ലാം തെറ്റി. മൂത്ത മകനുള്ള അവകാശം അദ്ദേഹത്തിനു ലഭിക്കാതെപോയി. (1 ദിന. 5:1) എന്തുകൊണ്ട്? കുറച്ച് വർഷങ്ങൾക്കു മുമ്പ് രൂബേൻ യാക്കോബിന്റെ ഉപപത്നിയായ ബിൽഹയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നു. യാക്കോബിന്റെ മരിച്ചുപോയ പ്രിയഭാര്യയായ റാഹേലിന്റെ ദാസിയായിരുന്നു ബിൽഹ. (ഉൽപ. 35:19, 22) രൂബേനാകട്ടെ യാക്കോബിന്റെ മറ്റൊരു ഭാര്യയായ ലേയയുടെ മകനും. എന്തുകൊണ്ടായിരിക്കാം രൂബേൻ ഇങ്ങനെയൊരു പാപം ചെയ്തത്? ചിലപ്പോൾ ലൈംഗികവികാരങ്ങൾ അദ്ദേഹത്തിനു നിയന്ത്രിക്കാൻ പറ്റാതെ പോയതായിരിക്കാം. അല്ലെങ്കിൽ യാക്കോബ് ബിൽഹയെ വെറുത്തിട്ട് തന്റെ അമ്മയായ ലേയയെ കൂടുതൽ സ്നേഹിക്കണം എന്ന ചിന്തയായിരിക്കാം ഈ മോശമായ പ്രവൃത്തിക്കു പിന്നിൽ. കാരണം എന്താണെങ്കിലും രൂബേൻ ചെയ്ത ആ കാര്യം യഹോവയോടും തന്റെ അപ്പനോടും ഉള്ള കടുത്ത അനാദരവായിരുന്നു.—ഉൽപത്തി 49:3, 4 വായിക്കുക.
7. രൂബേനും പിൻതലമുറക്കാർക്കും എന്തു സംഭവിച്ചു? (“മരണക്കിടക്കയിൽവെച്ച് യാക്കോബ് നടത്തിയ പ്രവചനം” എന്ന ചതുരവും കാണുക.)
7 യാക്കോബ് രൂബേനോട് ഇങ്ങനെയും പറഞ്ഞു: “നീ ശ്രേഷ്ഠനാകില്ല.” ആ വാക്കുകൾ സത്യമായിത്തീർന്നു. കാരണം രൂബേന്റെ പിൻതലമുറക്കാരിൽ ആരും ഒരു രാജാവോ പുരോഹിതനോ പ്രവാചകനോ ആയതായി ബൈബിളിൽ രേഖയില്ല. എന്നാലും യാക്കോബ് തന്റെ മകനെ തള്ളിക്കളഞ്ഞില്ല. രൂബേന്റെ പിൻതലമുറക്കാർക്ക് ഇസ്രായേലിൽ ഒരു ഗോത്രംതന്നെ ലഭിച്ചു. (യോശു. 12:6) രൂബേൻ നല്ല ഗുണങ്ങൾ കാണിച്ച സന്ദർഭങ്ങളെക്കുറിച്ചും ബൈബിളിൽ പറയുന്നുണ്ട്. അതുപോലെ പിന്നീട് ഒരിക്കലും അദ്ദേഹം ഒരു അധാർമികപ്രവൃത്തിയിലേക്കു പോയതിന്റെ രേഖയുമില്ല.—ഉൽപ. 37:20-22; 42:37.
8. രൂബേന്റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാം?
8 നമുക്കുള്ള പാഠങ്ങൾ. നമ്മൾ ആത്മനിയന്ത്രണം വളർത്തിയെടുക്കാനും ലൈംഗിക അധാർമികതയിൽ ഏർപ്പെടാതിരിക്കാനും കഠിനശ്രമം ചെയ്യണം. തെറ്റു ചെയ്യാനുള്ള ഒരു പ്രലോഭനം ഉണ്ടാകുമ്പോൾ പെട്ടെന്നുതന്നെ ഇങ്ങനെ ചിന്തിക്കുക: ‘ഞാൻ ചെയ്യുന്ന ഈ കാര്യം യഹോവയെയും എന്റെ കുടുംബത്തെയും മറ്റുള്ളവരെയും എങ്ങനെ ബാധിക്കും?’ “ഒരാൾ വിതയ്ക്കുന്നതുതന്നെ കൊയ്യും” എന്ന കാര്യവും നമ്മൾ ഒരിക്കലും മറക്കരുത്. (ഗലാ. 6:7) ഇനി, രൂബേന്റെ അനുഭവം യഹോവയുടെ കരുണയെക്കുറിച്ചും നമ്മളെ ഓർമിപ്പിക്കുന്നു. തെറ്റു ചെയ്തതുകൊണ്ട് ഉണ്ടാകുന്ന കുഴപ്പങ്ങളിൽനിന്ന് യഹോവ നമ്മളെ സംരക്ഷിക്കുന്നില്ലെങ്കിലും നമ്മൾ പശ്ചാത്തപിച്ച് ശരി ചെയ്യാൻ ശ്രമിക്കുമ്പോൾ യഹോവ നമ്മളെ അനുഗ്രഹിക്കും.
ശിമെയോനും ലേവിയും
9. ശിമെയോനോടും ലേവിയോടും യാക്കോബ് അനിഷ്ടത്തോടെ സംസാരിച്ചതിന്റെ കാരണം എന്താണ്? (ഉൽപത്തി 49:5-7)
9 ഉൽപത്തി 49:5-7 വായിക്കുക. അടുത്തതായി യാക്കോബ് ശിമെയോനോടും ലേവിയോടും ആണ് സംസാരിക്കുന്നത്. യാക്കോബിന്റെ അനിഷ്ടം വ്യക്തമാക്കുന്നതായിരുന്നു അവരോടുള്ള ശക്തമായ ആ വാക്കുകൾ. വർഷങ്ങൾക്കു മുമ്പ് യാക്കോബിന്റെ മകളായ ദീനയെ കനാനിലുള്ള ശേഖേം എന്നൊരാൾ ബലാത്സംഗം ചെയ്തു. യാക്കോബിന്റെ മക്കൾക്കെല്ലാം അതിൽ ദേഷ്യം തോന്നിയെങ്കിലും ശിമെയോനും ലേവിക്കും ദേഷ്യവും അമർഷവും അടക്കാനായില്ല. പരിച്ഛേദനയേൽക്കുകയാണെങ്കിൽ അവരുമായി സമാധാനത്തിലാകാമെന്നു ശേഖേമിനോടും പുരുഷന്മാരോടും അവർ നുണ പറഞ്ഞു. ആ പുരുഷന്മാർ അതിനു സമ്മതിക്കുകയും ചെയ്തു. എന്നാൽ പരിച്ഛേദനയേറ്റതിന്റെ വേദനയോടിരിക്കുമ്പോൾ, ശിമെയോനും ലേവിയും “വാൾ എടുത്ത് ആ നഗരത്തിലേക്കു ചെന്ന് അവിടെയുള്ള ആണുങ്ങളെയെല്ലാം കൊന്നു.”—ഉൽപ. 34:25-29.
10. ശിമെയോനെയും ലേവിയെയും കുറിച്ചുള്ള യാക്കോബിന്റെ പ്രവചനം എങ്ങനെയാണു നിവൃത്തിയേറിയത്? (“മരണക്കിടക്കയിൽവെച്ച് യാക്കോബ് നടത്തിയ പ്രവചനം” എന്ന ചതുരവും കാണുക.)
10 ശിമെയോന്റെയും ലേവിയുടെയും അക്രമാസക്തമായ പ്രവൃത്തി കാരണം യാക്കോബിന് അങ്ങേയറ്റം ബുദ്ധിമുട്ടു തോന്നി. അവർ ഇസ്രായേലിലെങ്ങും വിഭജിക്കപ്പെടുമെന്നും ചിതറിപ്പാർക്കുമെന്നും അദ്ദേഹം മുൻകൂട്ടിപ്പറഞ്ഞു. 200 വർഷങ്ങൾ കഴിഞ്ഞ് ഇസ്രായേൽ ജനം വാഗ്ദത്തദേശത്ത് പ്രവേശിച്ചപ്പോൾ ആ പ്രവചനം സത്യമായിത്തീർന്നു. യഹൂദയുടെ അവകാശത്തിനിടയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളായിരുന്നു ശിമെയോന് അവകാശമായി കിട്ടിയത്. (യോശു. 19:1) ഇനി ലേവിക്ക് അവകാശമായി കിട്ടിയത്, ഇസ്രായേലിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന 48 നഗരങ്ങളാണ്.—യോശു. 21:41.
11. ശിമെയോന്റെയും ലേവിയുടെയും ഗോത്രങ്ങൾ എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്തു?
11 ശിമെയോന്റെയും ലേവിയുടെയും പിൻതലമുറക്കാർ തങ്ങളുടെ പിതാക്കന്മാരുടെ തെറ്റുകൾ ആവർത്തിച്ചില്ല. ലേവിഗോത്രം ശുദ്ധാരാധനയോടു വലിയ വിശ്വസ്തത കാണിച്ചു. യഹോവയുടെ നിയമം സ്വീകരിക്കാനായി മോശ സീനായ് പർവതത്തിലേക്കു പോയപ്പോൾ പല ഇസ്രായേല്യരും കാളക്കുട്ടിയെ ആരാധിച്ച് വിഗ്രഹാരാധനയിൽ ഏർപ്പെട്ടു. എന്നാൽ ലേവ്യർ അങ്ങനെ ചെയ്തില്ല. അവർ മോശയുടെ പക്ഷത്ത് നിൽക്കുകയും പിന്നീട് വിഗ്രഹാരാധനയിൽ ഏർപ്പെട്ട ആ ഇസ്രായേല്യരെ നശിപ്പിക്കാൻ മോശയെ സഹായിക്കുകയും ചെയ്തു. (പുറ. 32:26-29) അതുപോലെ ഇസ്രായേലിന്റെ പുരോഹിതന്മാരായി സേവിക്കാൻ യഹോവ തിരഞ്ഞെടുത്തതു ലേവിഗോത്രത്തെയായിരുന്നു. (പുറ. 40:12-15; സംഖ്യ 3:11, 12) ഇനി, വാഗ്ദത്തദേശം പിടിച്ചടക്കുന്ന സമയത്ത് കനാന്യർക്കെതിരെ പോരാടാൻ യഹൂദാഗോത്രത്തെ സഹായിച്ചതു ശിമെയോൻഗോത്രമാണ്.—ന്യായാ. 1:3, 17
12. ശിമെയോന്റെയും ലേവിയുടെയും അനുഭവത്തിൽനിന്ന് നമുക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാം?
12 നമുക്കുള്ള പാഠങ്ങൾ. നമ്മുടെ ദേഷ്യവും അരിശവും നമ്മൾ നിയന്ത്രിക്കണം. ആരെങ്കിലും നമ്മളെയോ നമ്മുടെ പ്രിയപ്പെട്ടവരെയോ വേദനിപ്പിച്ചാൽ സ്വാഭാവികമായും നമുക്കു വിഷമം തോന്നും. (സങ്കീ. 4:4) എന്നാൽ ദേഷ്യത്തോടെ തിരിച്ച് എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ യഹോവ അത് അംഗീകരിക്കില്ല എന്ന കാര്യം നമ്മൾ ഓർക്കണം. (യാക്കോ. 1:20) ചിലപ്പോൾ അത്തരം അനീതി നേരിടുന്നതു സഭയ്ക്കുള്ളിൽനിന്നുപോലും ആകാം. അപ്പോഴും ബൈബിൾതത്ത്വങ്ങൾ അനുസരിച്ചുകൊണ്ട്, അനിയന്ത്രിതമായ കോപത്തോടെ പ്രതികരിക്കുന്നതു നമ്മൾ ഒഴിവാക്കും. (റോമ. 12:17, 19; 1 പത്രോ. 3:9) ഇനി, നിങ്ങളുടെ മാതാപിതാക്കൾ യഹോവയ്ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും നിങ്ങൾ അവരുടെ മാതൃക അനുകരിക്കരുത്. പകരം ശരിയായതു ചെയ്യുക. നിങ്ങൾ എന്തു ചെയ്താലും യഹോവയെ സന്തോഷിപ്പിക്കാനാകില്ലെന്നും ഒരിക്കലും ചിന്തിക്കരുത്. യഹോവയുടെ കണ്ണിൽ ശരിയായതു ചെയ്യുമ്പോൾ യഹോവ നിങ്ങളെ അനുഗ്രഹിക്കുമെന്ന ഉറപ്പുണ്ടായിരിക്കാം.
യഹൂദ
13. യാക്കോബ് തന്നോടു സംസാരിക്കുന്ന സമയമായപ്പോൾ യഹൂദയ്ക്കു പേടിയും ഉത്കണ്ഠയും തോന്നിയിരിക്കാനുള്ള കാരണം എന്താണ്?
13 യാക്കോബ് അടുത്തതായി സംസാരിക്കുന്നതു യഹൂദയോടാണ്. തന്റെ മൂത്ത സഹോദരന്മാരോട് അപ്പൻ പറഞ്ഞ വാക്കുകളെല്ലാം കേട്ടപ്പോൾ യഹൂദയ്ക്കു പേടിയും ഉത്കണ്ഠയും തോന്നിയിരിക്കാം. കാരണം യഹൂദയും ഗുരുതരമായ പല തെറ്റുകൾ ചെയ്തിട്ടുണ്ട്. ശിമെയോനും ലേവിയും ശേഖേമിനെയും അവിടെയുള്ള ആളുകളെയും കൊന്നശേഷം യാക്കോബിന്റെ മറ്റ് ആൺമക്കൾ ആ നഗരം കൊള്ളയടിച്ചു. അക്കൂട്ടത്തിൽ യഹൂദയും ഉണ്ടായിരുന്നു. (ഉൽപ. 34:27) തന്റെ അനിയനായ യോസേഫിനെ വിൽക്കാനും യോസേഫ് മരിച്ചെന്നു പറഞ്ഞ് അപ്പനെ വഞ്ചിക്കാനും യഹൂദ കൂട്ടുനിന്നു. (ഉൽപ. 37:31-33) പിന്നീട് തന്റെ മരുമകളായ താമാറുമായി യഹൂദ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഒരു വേശ്യയാണെന്നു കരുതിയാണ് അങ്ങനെ ചെയ്തത്.—ഉൽപ. 38:15-18.
14. എന്തെല്ലാം നല്ല കാര്യങ്ങളാണ് യഹൂദ ചെയ്തത്? (ഉൽപത്തി 49:8, 9)
14 എന്നാൽ യഹൂദയുടെ കുറവുകളെക്കുറിച്ചൊന്നും പറയാതെ ദൈവപ്രചോദിതമായി യാക്കോബ് യഹൂദയെ അനുഗ്രഹിക്കുകയും അഭിനന്ദിക്കുകയും ആണ് ചെയ്തത്. (ഉൽപത്തി 49:8, 9 വായിക്കുക.) പ്രായമായ അപ്പനെക്കുറിച്ച് ശരിക്കും ചിന്തയുണ്ടെന്ന് യഹൂദ തെളിയിച്ചിരുന്നു. അതുപോലെ ഏറ്റവും ഇളയ അനിയനായ ബന്യാമീനോടും യഹൂദ സ്നേഹവും അനുകമ്പയും പ്രകടമാക്കി.—ഉൽപ. 44:18, 30-34.
15. യഹൂദയ്ക്ക് കിട്ടിയ അനുഗ്രഹം നിവൃത്തിയേറിയത് എങ്ങനെയെല്ലാമാണ്?
15 മക്കൾക്കിടയിൽ നേതൃത്വമെടുക്കുന്നതു യഹൂദ ആയിരിക്കുമെന്നു യാക്കോബ് മുൻകൂട്ടിപ്പറഞ്ഞു. എന്നാൽ ആ പ്രവചനം നിവൃത്തിയേറാൻ വളരെക്കാലം എടുക്കുമായിരുന്നു. ഏതാണ്ട് 200 വർഷം കഴിഞ്ഞ് ഇസ്രായേല്യർ ഈജിപ്തിൽനിന്ന് വിടുവിക്കപ്പെട്ടശേഷം വിജനഭൂമിയിലൂടെ വാഗ്ദത്തദേശത്തേക്കു പോയപ്പോൾ ആദ്യം പുറപ്പെട്ടത് യഹൂദാഗോത്രമായിരുന്നു. മറ്റു ഗോത്രങ്ങൾ അവരെ പിന്തുടർന്നു. (സംഖ്യ 10:14) വർഷങ്ങൾക്കു ശേഷം വാഗ്ദത്തദേശം പിടിച്ചടക്കാൻ ആദ്യമായി പോയതും യഹൂദാഗോത്രമായിരുന്നു. (ന്യായാ. 1:1, 2) അതുപോലെ, യഹൂദാഗോത്രത്തിൽനിന്ന് ഒരുപാട് രാജാക്കന്മാർ വന്നു. അതിൽ ഏറ്റവും ആദ്യത്തെ രാജാവ് യഹൂദയുടെ പിൻതലമുറക്കാരനായ ദാവീദായിരുന്നു. എന്നാൽ യഹൂദയെക്കുറിച്ചുള്ള പ്രവചനത്തിന് ഇനിയും നിവൃത്തിയുണ്ട്.
16. ഉൽപത്തി 49:10-ലെ പ്രവചനം എങ്ങനെയാണു നിറവേറിയത്? (“മരണക്കിടക്കയിൽവെച്ച് യാക്കോബ് നടത്തിയ പ്രവചനം” എന്ന ചതുരവും കാണുക.)
16 മനുഷ്യരെ എന്നേക്കുമായി ഭരിക്കുന്ന ഒരു ഭരണാധികാരി യഹൂദയുടെ പിൻതലമുറക്കാരിൽനിന്ന് വരുമെന്നും യാക്കോബ് മുൻകൂട്ടിപ്പറഞ്ഞു. (ഉൽപത്തി 49:10-ഉം അടിക്കുറിപ്പും വായിക്കുക.) ആ ഭരണാധികാരിയെ ശീലോ എന്നാണ് യാക്കോബ് വിളിച്ചത്. അതു യേശുക്രിസ്തുവായിരുന്നു. യേശുവിനെക്കുറിച്ച് ഒരു ദൂതൻ പറഞ്ഞത് ഇങ്ങനെയാണ്: ‘ദൈവമായ യഹോവ അവന്, പിതാവായ ദാവീദിന്റെ സിംഹാസനം കൊടുക്കും.’ (ലൂക്കോ. 1:32, 33) ഇനി, യേശുവിനെ ‘യഹൂദാഗോത്രത്തിലെ സിംഹം’ എന്നും വിളിച്ചിട്ടുണ്ട്.—വെളി. 5:5.
17. മറ്റുള്ളവരെ നമ്മൾ എങ്ങനെ കാണണം, ഇക്കാര്യത്തിൽ നമുക്ക് എങ്ങനെ യഹോവയെ അനുകരിക്കാം?
17 നമുക്കുള്ള പാഠങ്ങൾ. യഹൂദ ഗുരുതരമായ തെറ്റുകൾ ചെയ്തെങ്കിലും യഹോവ അദ്ദേഹത്തെ അനുഗ്രഹിച്ചു. യഹൂദയിൽ എന്തു നന്മയാണ് യഹോവ കണ്ടതെന്ന് അദ്ദേഹത്തിന്റെ സഹോദരന്മാർ ചിന്തിച്ചുകാണുമോ? കാര്യം എന്താണെങ്കിലും യഹൂദയുടെ നല്ല ഗുണങ്ങൾ യഹോവ കണ്ടു, അദ്ദേഹത്തെ അനുഗ്രഹിച്ചു. നമുക്ക് യഹോവയുടെ ഈ മാതൃക എങ്ങനെ അനുകരിക്കാം? ഒരു സഹോദരനോ സഹോദരിക്കോ പ്രത്യേക നിയമനമോ പദവികളോ ലഭിക്കുമ്പോൾ നമ്മൾ അവരുടെ കുറവുകളിലേക്കാണോ ആദ്യം ശ്രദ്ധിക്കുന്നത്? നമുക്ക് ഒന്നോർക്കാം: യഹോവ ഉറപ്പായും അവരുടെ നല്ല ഗുണങ്ങളിൽ സന്തുഷ്ടനാണ്. യഹോവ തന്റെ ആരാധകരുടെ നന്മയിലേക്കാണു നോക്കുന്നത്. നമുക്കും അങ്ങനെതന്നെ ചെയ്യാം.
18. നമ്മൾ ക്ഷമയോടെ കാത്തിരിക്കേണ്ടത് എന്തുകൊണ്ട്?
18 യഹൂദയിൽനിന്ന് പഠിക്കാൻ കഴിയുന്ന മറ്റൊരു പാഠം, ക്ഷമയോടെ കാത്തിരിക്കണം എന്നതാണ്. യഹോവ എല്ലായ്പോഴും തന്റെ വാക്കു പാലിക്കുന്നു. എന്നാൽ അതു നമ്മൾ ഉദ്ദേശിച്ച വിധത്തിലോ സമയത്തോ ആയിരിക്കണമെന്നില്ല. യഹൂദയുടെ പിൻതലമുറക്കാരുടെ കാര്യമെടുത്താൽ അവരാരും പെട്ടെന്നു ദൈവജനത്തിനിടയിൽ നേതൃത്വമെടുക്കാൻ തുടങ്ങിയില്ല. എന്നാൽ നേതൃത്വമെടുക്കാൻ യഹോവ നിയമിച്ച ലേവ്യനായ മോശയെയും എഫ്രയീമ്യനായ യോശുവയെയും ബന്യാമീന്യനായ ശൗൽ രാജാവിനെയും ഒക്കെ അവർ വിശ്വസ്തമായി പിന്തുണച്ചു. അതുപോലെ നേതൃത്വമെടുക്കാൻ യഹോവ ഇന്നു തിരഞ്ഞെടുക്കുന്നവരെ നമുക്കു പൂർണമായി പിന്തുണയ്ക്കാം.—എബ്രാ. 6:12.
19. മരണക്കിടക്കയിൽവെച്ച് യാക്കോബ് നടത്തിയ പ്രവചനത്തിൽനിന്ന് യഹോവയെക്കുറിച്ച് എന്തു പഠിക്കാം?
19 മരണക്കിടക്കയിൽവെച്ച് യാക്കോബ് നടത്തിയ പ്രവചനത്തിൽനിന്ന് നമ്മൾ ഇതുവരെ എന്താണു പഠിച്ചത്? “മനുഷ്യൻ കാണുന്നതുപോലെയല്ല ദൈവം കാണുന്നത്” എന്ന കാര്യം വ്യക്തമാണ്. (1 ശമു. 16:7) യഹോവ ക്ഷമയോടെ കാത്തിരിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നു. മോശമായ പ്രവൃത്തികൾ യഹോവ വെച്ചുപൊറുപ്പിക്കില്ല എന്നതു ശരിയാണ്. അതേസമയം തന്റെ ആരാധകരിൽനിന്ന് യഹോവ പൂർണത പ്രതീക്ഷിക്കുന്നുമില്ല. മുമ്പ് ഗുരുതരമായ തെറ്റുകൾ ചെയ്തവർ പശ്ചാത്തപിക്കുകയും ശരിയായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയും ചെയ്താൽ യഹോവ അവരെ അനുഗ്രഹിക്കുകപോലും ചെയ്യും. അടുത്ത ലേഖനത്തിൽ യാക്കോബ് തന്റെ ബാക്കിയുള്ള എട്ട് ആൺമക്കളോട് എന്താണ് പറഞ്ഞതെന്നു നമ്മൾ കാണും.
ഗീതം 124 എന്നും വിശ്വസ്തൻ