പഠനലേഖനം 25
ഗീതം 96 ദൈവത്തിന്റെ സ്വന്തം പുസ്തകം—ഒരു നിധി
യാക്കോബിന്റെ അവസാന വാക്കുകളിൽനിന്നുള്ള പാഠങ്ങൾ—ഭാഗം 2
“ഇസ്രായേൽ ഓരോരുത്തർക്കും ഉചിതമായ അനുഗ്രഹങ്ങൾ നൽകി.”—ഉൽപ. 49:28.
ഉദ്ദേശ്യം
യാക്കോബ് മരണക്കിടക്കയിൽവെച്ച് ബാക്കിയുള്ള എട്ട് ആൺമക്കളെക്കുറിച്ച് നടത്തിയ പ്രവചനത്തിൽനിന്ന് പഠിക്കാനാകുന്ന പാഠങ്ങൾ.
1. ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
യാക്കോബിന്റെ ആൺമക്കൾ ഇപ്പോൾ അദ്ദേഹത്തിനു ചുറ്റും കൂടിയിരിക്കുകയാണ്. അവർ തങ്ങളുടെ പ്രായമായ അപ്പൻ പറയുന്ന വാക്കുകൾ ഓരോന്നും ശ്രദ്ധിച്ച് കേൾക്കുന്നു. കഴിഞ്ഞ ലേഖനത്തിൽ നമ്മൾ ചിന്തിച്ചതുപോലെ രൂബേനെക്കുറിച്ചും ശിമെയോനെക്കുറിച്ചും ലേവിയെക്കുറിച്ചും യഹൂദയെക്കുറിച്ചും യാക്കോബ് ചില പ്രവചനങ്ങൾ നടത്തിയതേ ഉള്ളൂ. പ്രതീക്ഷിക്കാത്ത കാര്യങ്ങൾ കേട്ടതിന്റെ അമ്പരപ്പിലായിരിക്കാം അവർ. ബാക്കിയുള്ള എട്ട് ആൺമക്കളോട് അപ്പൻ ഇനി എന്താണു പറയാൻ പോകുന്നതെന്ന ആകാംക്ഷയും അവർക്കുണ്ട്. യാക്കോബിന്റെ മക്കളായ സെബുലൂൻ, യിസ്സാഖാർ, ദാൻ, ഗാദ്, ആശേർ, നഫ്താലി, യോസേഫ്, ബന്യാമീൻ എന്നിവരോട് യാക്കോബ് പറഞ്ഞ വാക്കുകളിൽനിന്ന് എന്തു പഠിക്കാമെന്നു നമ്മൾ നോക്കും.a
സെബുലൂൻ
2. സെബുലൂനോടു യാക്കോബ് എന്താണു പറഞ്ഞത്, അത് എങ്ങനെയാണ് നിറവേറിയത്? (ഉൽപത്തി 49:13) (ചതുരവും കാണുക.)
2 ഉൽപത്തി 49:13 വായിക്കുക. സെബുലൂന്റെ പിൻതലമുറക്കാർ കടലിന് അടുത്ത് താമസമാക്കുമെന്നു യാക്കോബ് സൂചിപ്പിച്ചു; അതായത് വാഗ്ദത്തദേശത്തിന്റെ വടക്ക് വശത്ത്. 200-ലധികം വർഷങ്ങൾക്കു ശേഷം സെബുലൂൻ ഗോത്രത്തിന് ഒരു അവകാശം ലഭിച്ചു. അത്, ഗലീലക്കടലിനും മെഡിറ്ററേനിയൻ കടലിനും ഇടയിലായിരുന്നു. മോശ ഇങ്ങനെ പ്രവചിച്ചു: ‘സെബുലൂനേ, നീ നിന്റെ പ്രയാണങ്ങളിൽ ആഹ്ലാദിക്കുക.’ (ആവ. 33:18) മോശ ഇങ്ങനെ പറഞ്ഞത്, ചിലപ്പോൾ സെബുലൂൻ ഗോത്രത്തിനു രണ്ടു കടലിലേക്കും എളുപ്പത്തിൽ യാത്ര ചെയ്ത് വ്യാപാരം നടത്താൻ കഴിയുമെന്നതുകൊണ്ടായിരിക്കാം. എന്തുതന്നെയായാലും സെബുലൂന്റെ പിൻതലമുറക്കാർക്കു സന്തോഷിക്കാൻ കാരണമുണ്ടായിരുന്നു.
3. സന്തോഷമുള്ളവരായിരിക്കാൻ നമ്മളെ എന്തു സഹായിക്കും?
3 നമുക്കുള്ള പാഠങ്ങൾ: നമ്മൾ താമസിക്കുന്നത് എവിടെയായാലും നമ്മുടെ സാഹചര്യം എന്തുതന്നെയാണെങ്കിലും സന്തോഷത്തോടെയിരിക്കാൻ കാരണങ്ങളുണ്ട്. ഉള്ളതിൽ തൃപ്തിപ്പെടുകയാണെങ്കിൽ നമുക്കു സന്തോഷം നിലനിറുത്താൻ കഴിയും. (സങ്കീ. 16:6; 24:5) ചിലപ്പോഴൊക്കെ നമുക്കുള്ള നല്ല കാര്യങ്ങളെക്കാൾ നമുക്കില്ലാത്ത കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആയിരിക്കാം നമ്മുടെ ചായ്വ്. അതുകൊണ്ട് നമ്മുടെ സാഹചര്യത്തിലെ നന്മകൾ കാണാൻ നമുക്കു ശ്രമിക്കാം.—ഗലാ. 6:4.
യിസ്സാഖാർ
4. യിസ്സാഖാരിനോടു യാക്കോബ് എന്താണു പറഞ്ഞത്, അത് എങ്ങനെയാണ് നിറവേറിയത്? (ഉൽപത്തി 49:14, 15) (ചതുരവും കാണുക.)
4 ഉൽപത്തി 49:14, 15 വായിക്കുക. നല്ല ഭാരം ചുമക്കുന്ന അസ്ഥിബലമുള്ള കഴുതയോടു താരതമ്യം ചെയ്തുകൊണ്ട് യാക്കോബ് യിസ്സാഖാരിന്റെ കഠിനാധ്വാനത്തെ അഭിനന്ദിച്ചു. യിസ്സാഖാരിനു നല്ലൊരു ദേശം അവകാശമായി കിട്ടുമെന്നും യാക്കോബ് പറഞ്ഞു. ആ വാക്കുകൾക്കു ചേർച്ചയിൽ യിസ്സാഖാരിന്റെ പിൻതലമുറക്കാർക്കു യോർദാൻ നദിയോടു ചേർന്ന, നല്ല വിളവ് തരുന്ന ഒരു ദേശം അവകാശമായി കിട്ടി. (യോശു. 19:22) തങ്ങളുടെ ദേശത്ത് കൃഷി ചെയ്യുന്നതിനു മാത്രമല്ല മറ്റുള്ളവരുടെ പ്രയോജനത്തിനുവേണ്ടിയും അവർ കഠിനാധ്വാനം ചെയ്തു. (1 രാജാ. 4:7, 17) ഉദാഹരണത്തിന്, ന്യായാധിപനായ ബാരാക്കും പ്രവാചകിയായ ദബോരയും സീസരയ്ക്ക് എതിരെ യുദ്ധം ചെയ്യാൻ ഇസ്രായേല്യരോടു സഹായം ചോദിച്ചപ്പോൾ അവരെ സഹായിക്കാൻ യിസ്സാഖാർ ഗോത്രവും മുന്നോട്ടു വന്നു. മറ്റു സമയങ്ങളിലും അവർ യുദ്ധത്തിനു സഹായിച്ചു.—ന്യായാ. 5:15.
5. നമ്മൾ കഠിനാധ്വാനം ചെയ്യേണ്ടത് എന്തുകൊണ്ട്?
5 നമുക്കുള്ള പാഠങ്ങൾ: യിസ്സാഖാർ ഗോത്രത്തിന്റെ കഠിനാധ്വാനത്തെ യഹോവ വിലമതിച്ചതുപോലെ തന്റെ സേവനത്തിലെ നമ്മുടെ കഠിനാധ്വാനത്തെയും യഹോവ വിലമതിക്കും. (സഭാ. 2:24) ഉദാഹരണത്തിന്, സഭയെ പരിപാലിക്കാൻ കഠിനാധ്വാനം ചെയ്യുന്ന സഹോദരങ്ങളുടെ കാര്യമെടുക്കുക. (1 തിമൊ. 3:1) യിസ്സാഖാർ ഗോത്രത്തിലെ ആളുകളെപ്പോലെ ഇന്ന് ഈ സഹോദരങ്ങൾ യുദ്ധമൊന്നും ചെയ്യുന്നില്ലെങ്കിലും സഭയെ ആത്മീയ അപകടങ്ങളിൽനിന്ന് സംരക്ഷിക്കാൻ അവർ കഠിനാധ്വാനം ചെയ്യുന്നു. (1 കൊരി. 5:1, 5; യൂദ 17-23) അതുപോലെ സഭയെ പ്രോത്സാഹിപ്പിക്കാനായി നല്ല പ്രസംഗങ്ങൾ തയ്യാറാകാനും നടത്താനും ഈ സഹോദരങ്ങൾ നല്ല ശ്രമം ചെയ്യുന്നു.—1 തിമൊ. 5:17.
ദാൻ
6. ദാൻ ഗോത്രത്തിന് എന്തു നിയമനമാണു കിട്ടിയത്? (ഉൽപത്തി 49:17, 18) (ചതുരവും കാണുക.)
6 ഉൽപത്തി 49:17, 18 വായിക്കുക. യാക്കോബ് ദാനിനെ ഒരു പാമ്പിനോടാണ് ഉപമിച്ചത്; തന്നെക്കാൾ വലിയ എതിരാളിയായ ഒരു യുദ്ധക്കുതിരയെയും അതിന്റെ സവാരിക്കാരനെയും നേരിടുന്ന ഒരു പാമ്പിനോട്. ദാൻ ഗോത്രത്തിന്റെ കാര്യത്തിൽ അതു സത്യമായി. അവർ ഇസ്രായേല്യരുടെ ശത്രുക്കൾക്കെതിരെ ധൈര്യത്തോടെ പോരാടി. വാഗ്ദത്തദേശത്തേക്കുള്ള യാത്രയിൽ ദാൻ ഗോത്രം “പിൻപടയായി” നിന്നുകൊണ്ട് ഇസ്രായേല്യരെ സംരക്ഷിച്ചു. (സംഖ്യ 10:25) പിന്നിൽനിന്ന് ഇവർ ചെയ്ത കാര്യങ്ങളെല്ലാമൊന്നും ഇസ്രായേല്യർ കണ്ടില്ലെങ്കിലും അതു വളരെ പ്രധാനപ്പെട്ട ഒരു നിയമനമായിരുന്നു.
7. യഹോവയ്ക്കായി എന്തെങ്കിലും ചെയ്യുമ്പോൾ നമുക്ക് എന്തു മനസ്സിൽപ്പിടിക്കാം?
7 നമുക്കുള്ള പാഠങ്ങൾ: നിങ്ങൾ ചെയ്ത ഏതെങ്കിലും നിയമനം മറ്റുള്ളവർ ശ്രദ്ധിക്കാതെപോയെന്നു നിങ്ങൾക്കു തോന്നിയിട്ടുണ്ടോ? ചിലപ്പോൾ നിങ്ങൾ രാജ്യഹാൾ വൃത്തിയാക്കാനോ അതിന്റെ അറ്റകുറ്റപ്പണികൾക്കോ സഹായിച്ചിട്ടുണ്ടാകും, അല്ലെങ്കിൽ ഒരു സമ്മേളനത്തിനോ കൺവെൻഷനോ സഹായിക്കാനായി നിങ്ങളെത്തന്നെ വിട്ടുകൊടുത്തിട്ടുണ്ടാകും. അതല്ലെങ്കിൽ അതുപോലുള്ള മറ്റെന്തെങ്കിലും ജോലികൾ ചെയ്തിട്ടുണ്ടാകും. നിങ്ങൾ ചെയ്ത ആ സേവനങ്ങൾക്കു നിങ്ങളെ ആത്മാർഥമായി അഭിനന്ദിക്കുന്നു. നിങ്ങൾ യഹോവയ്ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങൾ യഹോവ കാണുന്നുണ്ടെന്നും അതിൽ സന്തുഷ്ടനാണെന്നും എപ്പോഴും ഓർക്കുക. കാരണം നിങ്ങൾ ഇതെല്ലാം ചെയ്യുന്നതു മറ്റുള്ളവരുടെ കൈയടി നേടാൻവേണ്ടിയല്ല പകരം യഹോവയെ ആത്മാർഥമായി സ്നേഹിക്കുന്നതുകൊണ്ടാണെന്ന് യഹോവയ്ക്ക് അറിയാം.—മത്താ. 6:1-4.
ഗാദ്
8. ഗാദ്യരെ ശത്രുക്കൾക്ക് എളുപ്പം ആക്രമിക്കാൻ പറ്റുമായിരുന്നത് എന്തുകൊണ്ട്? (ഉൽപത്തി 49:19) (ചതുരവും കാണുക.)
8 ഉൽപത്തി 49:19 വായിക്കുക. ഗാദിനെ ഒരു കവർച്ചപ്പട ആക്രമിക്കുമെന്നു യാക്കോബ് മുൻകൂട്ടിപ്പറഞ്ഞു. 200-ലധികം വർഷങ്ങൾക്കു ശേഷം യോർദാൻ നദിക്കു കിഴക്കുള്ള ഒരു ദേശം അവർക്ക് അവകാശമായി കിട്ടി. അതിനു തൊട്ടടുത്ത് ശത്രുക്കളുടെ ദേശമായിരുന്നതുകൊണ്ട് അവർക്കു ഗാദിനെ എളുപ്പം ആക്രമിക്കാനാകുമായിരുന്നു. എങ്കിലും ആ ദേശത്തുതന്നെ കഴിയാൻ ഗാദ്യർ തീരുമാനിച്ചു. കാരണം തങ്ങളുടെ ആടുമാടുകളെ വളർത്താൻ പറ്റിയ സ്ഥലമായിരുന്നു അത്. (സംഖ്യ 32:1, 5) തെളിവനുസരിച്ച് ഗാദ്യർ നല്ല ധൈര്യമുള്ള ആളുകളായിരുന്നു. അതുപോലെ ഈ ദേശം തന്ന ദൈവത്തിന് ഏത് ആക്രമണങ്ങളിൽനിന്നും തങ്ങളുടെ ദേശത്തെ സംരക്ഷിക്കാൻ കഴിയുമെന്നും അവർക്ക് ഉറപ്പുണ്ടായിരുന്നു. ഇനി, വാഗ്ദത്തദേശത്തിന്റെ ബാക്കി ഭാഗം പിടിച്ചടക്കാൻ മറ്റു ഗോത്രക്കാരെ സഹായിക്കുന്നതിനു തങ്ങളുടെ സൈന്യത്തെ വർഷങ്ങളോളം വിട്ടയയ്ക്കാൻപോലും ഗാദ്യർ തയ്യാറായിരുന്നു. (സംഖ്യ 32:16-19) സൈന്യം ദൂരെയായിരിക്കുമ്പോൾ തങ്ങളുടെ ഭാര്യമാരെയും മക്കളെയും യഹോവ സംരക്ഷിക്കുമെന്ന് ഗാദ്യർ വിശ്വസിച്ചു. അവരുടെ ധൈര്യത്തെയും ആത്മത്യാഗമനോഭാവത്തെയും യഹോവ അനുഗ്രഹിച്ചു.—യോശു. 22:1-4.
9. യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ നമ്മൾ എങ്ങനെയുള്ള തീരുമാനങ്ങളെടുക്കും?
9 നമുക്കുള്ള പാഠങ്ങൾ: യഹോവയിൽ ആശ്രയിക്കുന്നതു തുടർന്നാൽ മാത്രമേ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോഴും യഹോവയെ സേവിക്കാൻ നമുക്കു കഴിയൂ. (സങ്കീ. 37:3) ദിവ്യാധിപത്യ നിർമാണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും ആവശ്യം അധികമുള്ളിടത്ത് സേവിക്കാനും മറ്റു നിയമനങ്ങൾ ചെയ്യാനും ത്യാഗങ്ങൾ ചെയ്തുകൊണ്ട് ഇന്നു പലരും യഹോവയിൽ ആശ്രയിക്കുന്നെന്നു കാണിക്കുന്നു. യഹോവ എപ്പോഴും തങ്ങളെ പരിപാലിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്.—സങ്കീ. 23:1.
ആശേർ
10. ആശേർ എന്തു ചെയ്യുന്നതിൽ പരാജയപ്പെട്ടു? (ഉൽപത്തി 49:20) (ചതുരവും കാണുക.)
10 ഉൽപത്തി 49:20 വായിക്കുക. ആശേർ ഗോത്രത്തിനു സമൃദ്ധിയുണ്ടാകുമെന്നു യാക്കോബ് മുൻകൂട്ടിപ്പറഞ്ഞു. അതുതന്നെയാണു സംഭവിച്ചതും. ആശേർ ഗോത്രത്തിന് അവകാശമായി നൽകിയ പ്രദേശത്തിൽ ഇസ്രായേലിലെ ഏറ്റവും ഫലസമൃദ്ധമായ ചില സ്ഥലങ്ങളും ഉൾപ്പെട്ടിരുന്നു. (ആവ. 33:24) മെഡിറ്ററേനിയൻ കടലിനോടു ചേർന്ന് കിടക്കുന്ന ആ പ്രദേശത്തായിരുന്നു സീദോന്റെ സമ്പന്നമായ വാണിജ്യതുറമുഖവും. എങ്കിലും ആ പ്രദേശത്തുനിന്ന് കനാന്യരെ നീക്കിക്കളയുന്നതിൽ ആശേർ പരാജയപ്പെട്ടു. (ന്യായാ. 1:31, 32) കനാന്യരുടെ മോശം സ്വാധീനവും തങ്ങളുടെതന്നെ സമൃദ്ധിയും ശുദ്ധാരാധനയോടുള്ള അവരുടെ തീക്ഷ്ണത തണുപ്പിച്ചുകളഞ്ഞിരിക്കാം. ന്യായാധിപനായ ബാരാക്ക് കനാന്യർക്കെതിരെ യുദ്ധം ചെയ്യാൻ സഹായം ചോദിച്ചപ്പോൾ ആശേർ ഗോത്രം സഹായിക്കാൻ തയ്യാറായില്ല. അതുകൊണ്ട് “മെഗിദ്ദോ നീരുറവിന് അരികിൽവെച്ച്” ആ യുദ്ധത്തിനു കിട്ടിയ വിജയത്തിൽ ഒരു പങ്കുണ്ടായിരിക്കാൻ ആശേർ ഗോത്രത്തിനു കഴിയാതെപോയി. (ന്യായാ. 5:19-21) ബാരാക്കും ദബോരയും ദൈവപ്രചോദിതമായി പാടിയ വിജയഗീതത്തിൽ ആശേർ ഗോത്രത്തെക്കുറിച്ച് ഇങ്ങനെ ഒരു വരിയുണ്ടായിരുന്നു: “ആശേർ കടൽത്തീരത്ത് അനങ്ങാതിരുന്നു.” ഇതു കേട്ടപ്പോൾ അവർക്ക് എത്ര നാണക്കേടു തോന്നിക്കാണും.—ന്യായാ. 5:17.
11. പണത്തെക്കുറിച്ച് സമനിലയോടെയുള്ള ഒരു കാഴ്ചപ്പാടു നമുക്കുണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
11 നമുക്കുള്ള പാഠങ്ങൾ: ഏറ്റവും മികച്ചത് യഹോവയ്ക്കു കൊടുക്കാനാണു നമ്മൾ ആഗ്രഹിക്കുന്നത്. അതിന്, പണത്തെക്കുറിച്ചും സ്വത്തിനെക്കുറിച്ചും ഉള്ള ഈ ലോകത്തിന്റെ കാഴ്ചപ്പാടു നമ്മൾ ഒഴിവാക്കണം. (സുഭാ. 18:11) നമുക്കു പണം വേണമെങ്കിലും യഹോവയെ സേവിക്കുന്നതിനെക്കാൾ പ്രാധാന്യം നമ്മൾ ഒരിക്കലും പണത്തിനു കൊടുക്കില്ല. (സഭാ. 7:12; എബ്രാ. 13:5) യഹോവയുടെ സേവനത്തിൽനിന്ന് പിന്നോട്ടു വലിക്കുന്ന കാര്യങ്ങൾക്കു പുറകേ പോയി സമയവും ഊർജവും നമ്മൾ പാഴാക്കില്ല. കാരണം യഹോവ പുതിയ ലോകത്തിൽ നമുക്ക് ഏറ്റവും സന്തോഷം തരുന്ന, സുരക്ഷിതമായൊരു ജീവിതം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ യഹോവയ്ക്കു നമ്മുടെ ഏറ്റവും മികച്ചതു കൊടുക്കാം.—സങ്കീ. 4:8.
നഫ്താലി
12. നഫ്താലിയോടു യാക്കോബ് പറഞ്ഞ വാക്കുകൾ എങ്ങനെയായിരിക്കാം സത്യമായിത്തീർന്നത്? (ഉൽപത്തി 49:21) (ചതുരവും കാണുക.)
12 ഉൽപത്തി 49:21 വായിക്കുക. നഫ്താലി “മധുരമായ വാക്കുകൾ” പൊഴിക്കുമെന്ന് യാക്കോബ് പറഞ്ഞത്, ശുശ്രൂഷയിൽ യേശു സംസാരിച്ച വിധത്തെയായിരിക്കാം സൂചിപ്പിക്കുന്നത്. യേശു വിദഗ്ധനായ ഒരു അധ്യാപകനായിരുന്നല്ലോ. നഫ്താലി ഗോത്രത്തിനു ലഭിച്ച കഫർന്നഹൂം പട്ടണത്തിൽ യേശു ധാരാളം സമയം ചെലവഴിച്ചു. അതുകൊണ്ട് കഫർന്നഹൂമിനെ യേശുവിന്റെ ‘സ്വന്തം നഗരം’ എന്നു വിളിച്ചിട്ടുണ്ട്. (മത്താ. 4:13; 9:1; യോഹ. 7:46) യേശുവിനെക്കുറിച്ച് യശയ്യ പ്രവചിച്ചത്, സെബുലൂനിലെയും നഫ്താലിയിലെയും ആളുകൾ “വലിയൊരു വെളിച്ചം” കാണുമെന്നാണ്. (യശ. 9:1, 2) അതും യേശുവിൽ നിറവേറി. തന്റെ പഠിപ്പിക്കലിലൂടെ “എല്ലാ തരം മനുഷ്യർക്കും വെളിച്ചം നൽകുന്ന യഥാർഥവെളിച്ചം” താനാണെന്നു യേശു തെളിയിച്ചു.—യോഹ. 1:9.
13. നമ്മുടെ സംസാരം യഹോവയെ സന്തോഷിപ്പിക്കുന്നതാണെന്ന് എങ്ങനെ ഉറപ്പുവരുത്താം?
13 നമുക്കുള്ള പാഠങ്ങൾ: നമ്മൾ എന്തു പറയുന്നു എന്നതും എങ്ങനെ പറയുന്നു എന്നതും യഹോവയ്ക്കു പ്രധാനമാണ്. യഹോവയെ സന്തോഷിപ്പിക്കുന്ന “മധുരമായ വാക്കുകൾ” ഉപയോഗിക്കുന്നുണ്ടെന്നു നമുക്ക് എങ്ങനെ ഉറപ്പുവരുത്താം? അതിനുള്ള ഒരു വിധം എപ്പോഴും സത്യം സംസാരിക്കുന്നതാണ്. (സങ്കീ. 15:1, 2) അതുപോലെ മറ്റുള്ളവരെ അഭിനന്ദിക്കുന്ന കാര്യത്തിൽ നമുക്കു മുന്നിൽ നിൽക്കാം; എന്നാൽ അവരുടെ കുറവുകൾ സംസാരിക്കുന്ന കാര്യത്തിൽ പിന്നിലും. അങ്ങനെ മറ്റുള്ളവരെ ബലപ്പെടുത്താം. (എഫെ. 4:29) കൂടാതെ, മറ്റുള്ളവരോടു സാക്ഷീകരിക്കുന്നതിനായി സംഭാഷണം തുടങ്ങുന്ന കാര്യത്തിലും നമുക്കു നമ്മുടെ കഴിവ് വർധിപ്പിക്കാം.
യോസേഫ്
14. യോസേഫിനെക്കുറിച്ചുള്ള പ്രവചനം സത്യമായത് എങ്ങനെ? (ഉൽപത്തി 49:22, 26) (ചതുരവും കാണുക.)
14 ഉൽപത്തി 49:22, 26 വായിക്കുക. യോസേഫിനെക്കുറിച്ച് ഓർത്തപ്പോൾ യാക്കോബിനു വളരെ അഭിമാനം തോന്നിക്കാണും. യഹോവ യോസേഫിനെ ‘തന്റെ സഹോദരന്മാരിൽനിന്ന് തിരഞ്ഞെടുത്ത്’ ഒരു പ്രത്യേകവിധത്തിൽ ഉപയോഗിച്ചു. യോസേഫിനെ “തഴച്ചുവളരുന്ന ഫലവൃക്ഷത്തിന്റെ ഒരു ശാഖ” എന്നാണു യാക്കോബ് വിളിച്ചത്. യാക്കോബ് ആയിരുന്നു ആ വൃക്ഷം, യോസേഫ് ശാഖയും. യാക്കോബിന്റെ പ്രിയ ഭാര്യയായ റാഹേലിന് ആദ്യം ജനിച്ച മകനായിരുന്നു യോസേഫ്. യാക്കോബിനു ലേയയിലൂടെ ഉണ്ടായ മൂത്ത മകനായ രൂബേനു കിട്ടേണ്ടിയിരുന്ന ഇരട്ടി ഓഹരി, ഇപ്പോൾ യോസേഫിനു ലഭിക്കുമെന്നാണു യാക്കോബ് സൂചിപ്പിച്ചത്. (ഉൽപ. 48:5, 6; 1 ദിന. 5:1, 2) ഈ പ്രവചനത്തിന്റെ നിവൃത്തിയായി യോസേഫിന്റെ രണ്ടു മക്കളായ എഫ്രയീമും മനശ്ശെയും ഇസ്രായേലിലെ രണ്ടു ഗോത്രങ്ങളായി. അവർക്കു രണ്ടു പേർക്കും അവിടെ അവകാശവും ലഭിച്ചു.—ഉൽപ. 49:25; യോശു. 14:4.
15. അനീതി നേരിട്ടപ്പോൾ യോസേഫ് എങ്ങനെയാണു പ്രതികരിച്ചത്?
15 യോസേഫിനു ‘നേരെ അമ്പ് എയ്ത, അവനോടു വിദ്വേഷം വെച്ചുകൊണ്ടിരുന്ന’ വില്ലാളികളെക്കുറിച്ചും യാക്കോബ് പറഞ്ഞു. (ഉൽപ. 49:23) ഒരിക്കൽ അസൂയയോടെ ഇടപെട്ട യോസേഫിന്റെ സഹോദരന്മാരായിരുന്നു അവർ. യോസേഫ് അനുഭവിച്ച പല അനീതികൾക്കും അവർ ഉത്തരവാദികളായിരുന്നു. എങ്കിലും യോസേഫിന് യഹോവയോടോ തന്റെ സഹോദരന്മാരോടോ ഒരു നീരസവും തോന്നിയില്ല. യാക്കോബ് പറഞ്ഞതുപോലെ യോസേഫിന്റെ “വില്ല് അചഞ്ചലമായി നിന്നു. അവന്റെ കരങ്ങൾ ശക്തിയും വേഗതയും ഉള്ളതായിരുന്നു.” (ഉൽപ. 49:24) പ്രയാസങ്ങൾ നേരിടേണ്ടിവന്നപ്പോൾ യോസേഫ് യഹോവയിൽ ആശ്രയിച്ചു. തന്റെ സഹോദരന്മാരോടു ക്ഷമിക്കുകയും അവരോടു ദയയോടെ ഇടപെടുകയും ചെയ്തു. (ഉൽപ. 47:11, 12) ഈ മോശമായ അനുഭവങ്ങൾ ഉണ്ടായപ്പോൾ കൂടുതൽ മെച്ചപ്പെട്ട ഒരു വ്യക്തിയാകാനാണു യോസേഫ് ശ്രമിച്ചത്. (സങ്കീ. 105:17-19) അതുകൊണ്ട് പിന്നീടു വളരെ പ്രധാനപ്പെട്ട കാര്യങ്ങൾക്കായി യഹോവയ്ക്ക് അദ്ദേഹത്തെ ഉപയോഗിക്കാനായി.
16. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് എങ്ങനെ യോസേഫിനെ അനുകരിക്കാം?
16 നമുക്കുള്ള പാഠങ്ങൾ: കഷ്ടപ്പാടുകൾ വരുമ്പോൾ യഹോവയിൽനിന്നോ സഹാരാധകരിൽനിന്നോ നമ്മൾ നമ്മളെത്തന്നെ ഒറ്റപ്പെടുത്തരുത്. വിശ്വാസത്തിന്റെ പരിശോധനകൾ യഹോവ അനുവദിക്കുന്നുണ്ടെങ്കിൽ അതു നമ്മുടെ പരിശീലനത്തിന്റെ ഭാഗമാണെന്ന് ഓർക്കാം. (എബ്രാ. 12:7, അടിക്കുറിപ്പ്) ഇത്തരം പരിശീലനം, ക്രിസ്തീയഗുണങ്ങളായ കരുണയും ക്ഷമയും ഒക്കെ വളർത്താനും അതു മെച്ചപ്പെടുത്താനും സഹായിക്കും. (എബ്രാ. 12:11) കഷ്ടപ്പാടുകൾ നമ്മൾ സഹിച്ചുനിൽക്കുമ്പോൾ യഹോവ യോസേഫിനെ അനുഗ്രഹിച്ചതുപോലെ നമ്മളെയും അനുഗ്രഹിക്കും എന്ന് ഓർക്കാം.
ബന്യാമീൻ
17. ബന്യാമീനെക്കുറിച്ചുള്ള പ്രവചനം നിവൃത്തിയേറിയത് എങ്ങനെ? (ഉൽപത്തി 49:27) (ചതുരവും കാണുക.)
17 ഉൽപത്തി 49:27 വായിക്കുക. ബന്യാമീൻ ഗോത്രത്തിന് ചെന്നായെപ്പോലെ വലിയ പോരാട്ടശേഷി ഉണ്ടായിരിക്കുമെന്നു യാക്കോബ് മുൻകൂട്ടിപ്പറഞ്ഞു. (ന്യായാ. 20:15, 16; 1 ദിന. 12:2) തുടർന്ന് ഇങ്ങനെയും പറഞ്ഞു: “രാവിലെ അവൻ ഇരയെ ഭക്ഷിക്കും.” രാവിലെ എന്നതിന്റെ അർഥം എന്താണ്? ഇസ്രായേലിൽ രാജാക്കന്മാരുടെ ഭരണം തുടങ്ങിയപ്പോൾ ആദ്യത്തെ രാജാവ്, ബന്യാമീൻ ഗോത്രത്തിൽനിന്നുള്ള ശൗലായിരുന്നു. ഫെലിസ്ത്യർക്ക് എതിരെ ധൈര്യത്തോടെ പോരാടിക്കൊണ്ട് ശക്തനായ ഒരു പോരാളിയാണ് താനെന്ന് അദ്ദേഹം തെളിയിച്ചു. (1 ശമു. 9:15-17, 21) യാക്കോബ് ബന്യാമീനെക്കുറിച്ച്, “വൈകുന്നേരം അവൻ കൊള്ളമുതൽ പങ്കിടും” എന്നും പറഞ്ഞു. വൈകുന്നേരം എന്നു പറഞ്ഞപ്പോൾ എന്താണ് ഉദ്ദേശിച്ചത്? രാജാക്കന്മാരുടെ യുഗം അവസാനിക്കുകയും ഇസ്രായേല്യർ പേർഷ്യൻ ഭരണത്തിനു കീഴിലാകുകയും ചെയ്തപ്പോൾ ഇസ്രായേല്യരെ മുഴുവൻ ഇല്ലാതാക്കാനുള്ള ഒരു ശ്രമമുണ്ടായി. എന്നാൽ ബന്യാമീൻ ഗോത്രത്തിൽപ്പെട്ട എസ്ഥേർ രാജ്ഞിയും പ്രധാനമന്ത്രിയായ മൊർദെഖായിയും ഇസ്രായേല്യരെ വലിയൊരു ആപത്തിൽനിന്ന് രക്ഷിച്ചു.—എസ്ഥേ. 2:5-7; 8:3; 10:3.
18. യഹോവയുടെ ക്രമീകരണങ്ങളോടു ബന്യാമീന്യർ വിശ്വസ്തരായിനിന്നതു നമുക്ക് എങ്ങനെ അനുകരിക്കാം?
18 നമുക്കുള്ള പാഠങ്ങൾ: ബന്യാമീൻ ഗോത്രക്കാരനായ ശൗലിനെ ഇസ്രായേലിന്റെ ആദ്യ രാജാവാക്കിയപ്പോൾ ആ ഗോത്രക്കാർക്ക് അതിയായ സന്തോഷം തോന്നിക്കാണും. പിന്നീട് യഹോവ രാജത്വം യഹൂദ ഗോത്രത്തിലുള്ള ദാവീദിനു കൈമാറി. അപ്പോഴും ബന്യാമീന്യർ ആ മാറ്റത്തെ പിന്തുണച്ചു. (2 ശമു. 3:17-19) വർഷങ്ങൾക്കു ശേഷം പത്തു ഗോത്രം യഹൂദയെ എതിർത്തപ്പോൾ ബന്യാമീന്യർ യഹൂദയോടും യഹോവ തിരഞ്ഞെടുത്ത രാജാവിനോടും വിശ്വസ്തരായിനിന്നു. (1 രാജാ. 11:31, 32; 12:19, 21) അവരുടെ മാതൃക നമുക്കും അനുകരിക്കാം. ഇന്ന് യഹോവ തന്റെ ജനത്തെ നയിക്കാനായി ആരെയാണോ ഉപയോഗിക്കുന്നത്, അവരെ നമുക്കു പൂർണമായും പിന്തുണയ്ക്കാം.—1 തെസ്സ. 5:12.
19. മരണക്കിടക്കയിൽവെച്ച് യാക്കോബ് നടത്തിയ പ്രവചനത്തിൽനിന്ന് നമ്മൾ എന്തു പഠിച്ചു?
19 മരണക്കിടക്കയിൽവെച്ച് യാക്കോബ് നടത്തിയ പ്രവചനത്തിൽനിന്ന് നമ്മൾ ഒരുപാടു കാര്യങ്ങൾ പഠിച്ചു. ആ പ്രവചനങ്ങൾ നിവൃത്തിയേറിയതു കണ്ടപ്പോൾ യഹോവ പറഞ്ഞിരിക്കുന്ന മറ്റു പ്രവചനങ്ങളും നിറവേറുമെന്ന ഉറപ്പു നമുക്കു കിട്ടി. യാക്കോബ് പറഞ്ഞ വാക്കുകളിൽനിന്ന് യഹോവയെ സന്തോഷിപ്പിക്കാൻ നമുക്ക് എന്തു ചെയ്യാനാകുമെന്നും മനസ്സിലാക്കി.
ഗീതം 128 അവസാനത്തോളം സഹിച്ചുനിൽക്കുക
a യാക്കോബ് തന്റെ ആദ്യത്തെ നാല് ആൺമക്കളായ രൂബേനെയും ശിമെയോനെയും ലേവിയെയും യഹൂദയെയും അനുഗ്രഹിച്ചത്, ജനിച്ച ക്രമം അനുസരിച്ചാണ്. എന്നാൽ ബാക്കി ആൺമക്കളുടെ കാര്യത്തിൽ അങ്ങനെയൊരു ക്രമമില്ല.