പഠനലേഖനം 27
ഗീതം 79 ഉറച്ചുനിൽക്കാൻ അവരെ പഠിപ്പിക്കുക
സത്യത്തിനുവേണ്ടി ഉറച്ച നിലപാടെടുക്കാൻ ബൈബിൾവിദ്യാർഥിയെ സഹായിക്കുക
“വിശ്വാസത്തിൽ ഉറച്ചുനിൽക്കുക. . . കരുത്തു നേടുക.”—1 കൊരി. 16:13.
ഉദ്ദേശ്യം
സത്യത്തിനുവേണ്ടി ഉറച്ച നിലപാടെടുക്കാൻ ആവശ്യമായ വിശ്വാസവും ധൈര്യവും വളർത്തുന്നതിനു നിങ്ങളുടെ ബൈബിൾവിദ്യാർഥികളെ എങ്ങനെ സഹായിക്കാം?
1-2. (എ) ചില ബൈബിൾവിദ്യാർഥികൾ സത്യത്തിനുവേണ്ടി ഒരു നിലപാടെടുക്കാൻ മടിച്ചുനിൽക്കുന്നത് എന്തുകൊണ്ട്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
ബൈബിൾ പഠിച്ചുകൊണ്ടിരുന്ന സമയത്ത് ഒരു യഹോവയുടെ സാക്ഷിയാകുന്നതിൽനിന്ന് നിങ്ങളെ പിന്നോട്ടുവലിച്ച എന്തെങ്കിലുമുണ്ടായിരുന്നോ? ചിലപ്പോൾ അത്, കൂടെ ജോലി ചെയ്യുന്നവരോ കൂട്ടുകാരോ കുടുംബാംഗങ്ങളോ ഒക്കെ എതിർക്കുമോ എന്ന പേടി ആയിരുന്നിരിക്കാം. അല്ലെങ്കിൽ യഹോവ പറയുന്നതെല്ലാം അനുസരിക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല എന്ന തോന്നൽ ആയിരുന്നിരിക്കാം. അങ്ങനെയെങ്കിൽ, ഇപ്പോൾ സത്യത്തിനുവേണ്ടി ഉറച്ച നിലപാടെടുക്കാൻ ബുദ്ധിമുട്ടുന്ന ഒരു ബൈബിൾവിദ്യാർഥിയുടെ അവസ്ഥ നിങ്ങൾക്കു ശരിക്കും മനസ്സിലാകുന്നുണ്ടാകും.
2 ഇതുപോലുള്ള കാര്യങ്ങൾ ആത്മീയവളർച്ചയ്ക്ക് ഒരു തടസ്സമായേക്കാമെന്ന് യേശു മനസ്സിലാക്കി. (മത്താ. 13:20-22) എന്നാൽ അങ്ങനെ മടിച്ചുനിന്നവരെ യേശു ഉപേക്ഷിച്ചില്ല, പകരം സഹായിച്ചു. എങ്ങനെ? (1) പുരോഗമിക്കുന്നതിനു തടസ്സമായി നിൽക്കുന്ന കാര്യങ്ങൾ തിരിച്ചറിയാനും (2) യഹോവയോടുള്ള സ്നേഹം കൂട്ടാനും (3) മുൻഗണനകളിൽ മാറ്റം വരുത്താനും (4) എതിർപ്പുകളെ നേരിടാനും യേശു അവരെ സഹായിച്ചു. ഇന്ന് ജീവിതം ആസ്വദിക്കാം പുസ്തകം ഉപയോഗിച്ചുകൊണ്ട് ഉറച്ച നിലപാടെടുക്കാൻ ബൈബിൾവിദ്യാർഥിയെ സഹായിക്കുമ്പോൾ നമുക്ക് എങ്ങനെ യേശുവിന്റെ മാതൃക അനുകരിക്കാം?
പുരോഗമിക്കാൻ തടസ്സമായി നിൽക്കുന്ന കാര്യങ്ങൾ തിരിച്ചറിയാൻ സഹായിക്കുക
3. യേശുവിന്റെ ഒരു ശിഷ്യനാകുന്നതിൽനിന്ന് നിക്കോദേമൊസിനെ തടഞ്ഞത് എന്തായിരിക്കാം?
3 ജൂതന്മാരുടെ ഒരു പ്രമുഖ നേതാവായിരുന്നു നിക്കോദേമൊസ്. യേശു ശുശ്രൂഷ തുടങ്ങി ഏതാണ്ട് ആറു മാസം കഴിഞ്ഞപ്പോൾത്തന്നെ യേശുവാണു മിശിഹയെന്നു നിക്കോദേമൊസിനു മനസ്സിലായതാണ്. (യോഹ. 3:1, 2) പക്ഷേ, ‘ജൂതന്മാരോടുള്ള പേടി’ യേശുവിന്റെ ശിഷ്യനാകുന്നതിൽനിന്ന് അദ്ദേഹത്തെ തടഞ്ഞു. അതുകൊണ്ടുതന്നെ നിക്കോദേമൊസ് രഹസ്യമായിട്ടാണ് യേശുവിനെ കാണാൻപോയത്. (യോഹ. 7:13; 12:42) യേശുവിന്റെ ശിഷ്യനായിത്തീർന്നാൽ തനിക്കു പലതും നഷ്ടപ്പെട്ടേക്കാമെന്ന് അദ്ദേഹം ചിന്തിച്ചുകാണും.a
4. ദൈവം എന്താണു പ്രതീക്ഷിക്കുന്നതെന്ന് മനസ്സിലാക്കാൻ യേശു നിക്കോദേമൊസിനെ സഹായിച്ചത് എങ്ങനെ?
4 നിക്കോദേമൊസിനു മോശയുടെ നിയമം നന്നായി അറിയാമായിരുന്നു. എന്നാൽ താൻ എന്തു ചെയ്യാനാണ് യഹോവ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹത്തിനു മനസ്സിലാക്കാൻ കഴിഞ്ഞില്ല. അതിന് യേശു സഹായിച്ചു. എങ്ങനെ? രാത്രി ആണെങ്കിൽപ്പോലും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാനും സംസാരിക്കാനും യേശു തയ്യാറായി. ഇനി, തന്റെ ശിഷ്യനാകുന്നതിനു നിക്കോദേമൊസ് എന്താണു ചെയ്യേണ്ടതെന്ന് യേശു വ്യക്തമായി പറഞ്ഞുകൊടുത്തു: പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുക, ജലത്തിൽ സ്നാനമേൽക്കുക, ദൈവപുത്രനിൽ വിശ്വസിക്കുക.—യോഹ. 3:5, 14-21.
5. പുരോഗമിക്കാൻ തടസ്സമായി നിൽക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നു മനസ്സിലാക്കാൻ വിദ്യാർഥിയെ എങ്ങനെ സഹായിക്കാം?
5 ഒരു ബൈബിൾവിദ്യാർഥിക്കു തിരുവെഴുത്തുകളെക്കുറിച്ച് നല്ല അറിവുണ്ടായിരിക്കാം. പക്ഷേ, പുരോഗമിക്കാൻ തടസ്സമായി നിൽക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നു മനസ്സിലാക്കാൻ ആ വ്യക്തിക്കു സഹായം ആവശ്യമായിവന്നേക്കാം. ചിലപ്പോൾ ജോലിയോ കുടുംബത്തിൽനിന്നുള്ള എതിർപ്പോ ആയിരിക്കാം ആ വ്യക്തി നേരിടുന്ന പ്രശ്നം. എങ്കിൽ നമുക്ക് എങ്ങനെ സഹായിക്കാം? വിദ്യാർഥിയോടൊപ്പം സമയം ചെലവഴിക്കുക. അതിനായി അദ്ദേഹത്തിന്റെ കൂടെ ഒരു ചായ കുടിക്കാനോ മറ്റോ നിങ്ങൾക്കു പോകാനാകും. അത്തരം സാഹചര്യങ്ങളിൽ ആ വ്യക്തിക്കു നിങ്ങളോടു മനസ്സുതുറക്കാൻ എളുപ്പമായിരിക്കും. അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ നിങ്ങൾക്കു മനസ്സിലായിക്കഴിയുമ്പോൾ വേണ്ട മാറ്റങ്ങൾ വരുത്താൻ പ്രോത്സാഹിപ്പിക്കുക. അധ്യാപകനെ അല്ല, യഹോവയെ സന്തോഷിപ്പിക്കാൻവേണ്ടി മാറ്റങ്ങൾ വരുത്താൻ വിദ്യാർഥിയോടു പറയുക.
6. പഠിച്ച കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കാനുള്ള ധൈര്യം നേടാൻ നിങ്ങൾക്കു വിദ്യാർഥിയെ എങ്ങനെ സഹായിക്കാം? (1 കൊരിന്ത്യർ 16:13)
6 മാറ്റങ്ങൾ വരുത്താൻ യഹോവ സഹായിക്കുമെന്ന ഉറപ്പ് ബൈബിൾവിദ്യാർഥിക്കു കിട്ടിയാൽ പഠിച്ചതനുസരിച്ച് പ്രവർത്തിക്കാനുള്ള ധൈര്യം അവർക്കു തോന്നും. (1 കൊരിന്ത്യർ 16:13 വായിക്കുക.) നിങ്ങളെ ഒരു സ്കൂൾ ടീച്ചറോടു താരതമ്യം ചെയ്യാനാകും. സ്കൂളിൽ പഠിച്ചുകൊണ്ടിരുന്ന സമയത്ത് എങ്ങനെയുള്ള ഒരു ടീച്ചറെയായിരുന്നു നിങ്ങൾക്കു കൂടുതൽ ഇഷ്ടം? നിങ്ങളെ കുറെ കാര്യങ്ങൾ പഠിപ്പിക്കുക മാത്രം ചെയ്ത ഒരാളെ ആയിരിക്കില്ല, പകരം പലതും ചെയ്യാനുള്ള കഴിവ് നിങ്ങൾക്കുണ്ടെന്നു മനസ്സിലാക്കിത്തന്ന ആളെ ആയിരിക്കും. ഇതുപോലെതന്നെ ഒരു നല്ല ബൈബിൾ അധ്യാപകൻ, യഹോവ ആവശ്യപ്പെടുന്ന കാര്യങ്ങൾ എന്താണെന്നു പഠിപ്പിച്ചാൽ മാത്രം പോരാ. പകരം യഹോവയുടെ സഹായത്താൽ വേണ്ട മാറ്റങ്ങൾ വരുത്താനാകുമെന്ന ഉറപ്പ് വിദ്യാർഥിക്കു കൊടുക്കുകയും വേണം. എന്നാൽ അത് എങ്ങനെ ചെയ്യാം?
യഹോവയോടുള്ള സ്നേഹം കൂട്ടാൻ സഹായിക്കുക
7. യഹോവയോടുള്ള സ്നേഹം വർധിപ്പിക്കാൻ തന്റെ കേൾവിക്കാരെ യേശു എങ്ങനെയാണു സഹായിച്ചത്?
7 യഹോവയോടുള്ള സ്നേഹം, പഠിച്ച കാര്യങ്ങൾക്കു ചേർച്ചയിൽ മാറ്റങ്ങൾ വരുത്താൻ ശിഷ്യന്മാരെ സഹായിക്കുമെന്ന് യേശുവിന് അറിയാമായിരുന്നു. അതുകൊണ്ട് സ്വർഗീയപിതാവിനോടുള്ള സ്നേഹം കൂട്ടാൻ വേണ്ട കാര്യങ്ങൾ യേശു മിക്കപ്പോഴും അവരെ പഠിപ്പിച്ചു. ഉദാഹരണത്തിന്, യേശു യഹോവയെ നല്ല സമ്മാനങ്ങൾ കൊടുക്കുന്ന സ്നേഹമുള്ള ഒരു പിതാവിനോടാണ് ഉപമിച്ചത്. (മത്താ. 7:9-11) യേശുവിന്റെ കേൾവിക്കാരിൽ ചിലർക്ക് അത്തരം സ്നേഹമുള്ള ഒരു പിതാവ് ഉണ്ടായിക്കാണില്ല. അങ്ങനെയുള്ളവർക്കു ധൂർത്തപുത്രനെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തകഥ ഒക്കെ കേട്ടപ്പോൾ എന്തു തോന്നിക്കാണും? വഴിപിഴച്ചുപോയ തന്റെ മകനെ അനുകമ്പയോടെ തിരികെ സ്വീകരിക്കുന്ന അപ്പനെക്കുറിച്ച് കേട്ടപ്പോൾ, യഹോവയ്ക്കു മനുഷ്യമക്കളോടുള്ള വലിയ സ്നേഹം അവർക്കു മനസ്സിലാക്കാനായി.—ലൂക്കോ. 15:20-24.
8. യഹോവയോടുള്ള സ്നേഹം കൂട്ടാൻ ബൈബിൾവിദ്യാർഥിയെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാം?
8 ഇതുപോലെ നിങ്ങൾക്കും, യഹോവയോടുള്ള വിദ്യാർഥിയുടെ സ്നേഹം കൂട്ടാനാകും. അതിന്, കിട്ടുന്ന അവസരങ്ങളിലെല്ലാം യഹോവയുടെ ഗുണങ്ങളെക്കുറിച്ച് അവരെ പഠിപ്പിക്കുക. ഓരോ പഠനത്തിന്റെ സമയത്തും പഠിക്കുന്ന കാര്യങ്ങൾ യഹോവയുടെ സ്നേഹവുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നു മനസ്സിലാക്കാൻ അവരെ സഹായിക്കുക. മോചനവിലയെക്കുറിച്ചൊക്കെ സംസാരിക്കുമ്പോൾ അത് ആ വ്യക്തിയോടുള്ള യഹോവയുടെ സ്നേഹത്തിന്റെ തെളിവായിരിക്കുന്നത് എങ്ങനെയെന്ന് എടുത്ത് കാണിക്കാനാകും. (റോമ. 5:8; 1 യോഹ. 4:10) തന്നെ യഹോവ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നു മനസ്സിലാക്കുന്നത് യഹോവയെ കൂടുതൽ സ്നേഹിക്കാൻ വിദ്യാർഥിയെ പ്രേരിപ്പിച്ചേക്കാം.—ഗലാ. 2:20.
9. ജീവിതത്തിൽ മാറ്റം വരുത്താൻ മൈക്കിളിനെ സഹായിച്ചത് എന്താണ്?
9 ഇന്തൊനീഷ്യയിൽനിന്നുള്ള മൈക്കിളിന്റെ അനുഭവം നോക്കാം. സത്യത്തിലാണു വളർന്നുവന്നതെങ്കിലും അദ്ദേഹം സ്നാനമേറ്റില്ല. 18-ാം വയസ്സിൽ ഒരു ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്നതിന് അദ്ദേഹം വിദേശത്തേക്കു പോയി. പിന്നീട് നാട്ടിൽ വന്ന് വിവാഹം കഴിച്ചെങ്കിലും ജോലിക്കായി അദ്ദേഹം വീണ്ടും വിദേശത്തേക്കു തിരിച്ചുപോയി. ആ സമയം നാട്ടിൽ ഭാര്യയും മകളും ബൈബിൾ പഠിക്കാൻ തുടങ്ങി. അവർ മാറ്റങ്ങൾവരുത്തി പുരോഗമിച്ചു. മൈക്കിളിന്റെ അമ്മ മരിച്ചശേഷം അദ്ദേഹം അപ്പനെ നോക്കാനായി തിരിച്ച് നാട്ടിലേക്കു വന്നു. ആ സമയത്ത് ബൈബിൾ പഠിക്കാനും തുടങ്ങി. ജീവിതം ആസ്വദിക്കാം പുസ്തകത്തിന്റെ 27-ാം പാഠത്തിലെ “ആഴത്തിൽ പഠിക്കാൻ” എന്ന ഭാഗം അദ്ദേഹത്തിന്റെ ഹൃദയത്തിൽ തൊട്ടു. യേശു വേദന അനുഭവിക്കുന്നതു കണ്ട പിതാവായ യഹോവയ്ക്ക് എത്രമാത്രം സങ്കടം തോന്നിക്കാണും എന്ന് ചിന്തിച്ചപ്പോൾ മൈക്കിളിന്റെ കണ്ണ് നിറഞ്ഞു. യഹോവയും യേശുവും തന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നു മനസ്സിലാക്കിയപ്പോൾ അദ്ദേഹത്തിന് ഒരുപാടു നന്ദി തോന്നി. ജീവിതത്തിൽ മാറ്റം വരുത്താനും സ്നാനമേൽക്കാനും അത് അദ്ദേഹത്തെ പ്രേരിപ്പിച്ചു.
മുൻഗണനകളിൽ മാറ്റം വരുത്താൻ സഹായിക്കുക
10. മുൻഗണനകളിൽ മാറ്റം വരുത്താൻ യേശു ആദ്യകാലശിഷ്യന്മാരെ എങ്ങനെയാണു സഹായിച്ചത്? (ലൂക്കോസ് 5:5-11) (ചിത്രവും കാണുക.)
10 ആദ്യകാല ശിഷ്യന്മാർ യേശു മിശിഹയാണെന്നു പെട്ടെന്നു മനസ്സിലാക്കിയെങ്കിലും ശുശ്രൂഷയ്ക്കു മുൻഗണന കൊടുക്കാൻ അവർക്കു സഹായം വേണമായിരുന്നു. ഉദാഹരണത്തിന്, പത്രോസിനെയും അന്ത്രയോസിനെയും കുറിച്ച് ചിന്തിക്കുക. യേശു മുഴുസമയം തന്നെ അനുഗമിക്കാൻ ക്ഷണിക്കുന്ന സമയത്ത്, അവർ യേശുവിന്റെ ശിഷ്യന്മാരായിട്ട് കുറെ നാളായിട്ടുണ്ടായിരുന്നു. (മത്താ. 4:18, 19) അവർ മീൻപിടുത്തക്കാരായിരുന്നു. സാധ്യതയനുസരിച്ച് യാക്കോബിനോടും യോഹന്നാനോടും ഒപ്പം ചേർന്നുള്ള ഒരു ബിസിനെസ്സായിരുന്നു അത്. അതിൽനിന്ന് നല്ല വരുമാനവും കിട്ടിയിരുന്നു. (മർക്കോ. 1:16-20) യേശുവിന്റെ ക്ഷണം സ്വീകരിച്ച് ‘വലകൾ ഉപേക്ഷിച്ച’ അവർ, തങ്ങളുടെ കുടുംബത്തിനുവേണ്ടി കരുതാൻ മറ്റു മാർഗങ്ങൾ കണ്ടെത്തിയിട്ടുണ്ടാകും. മുൻഗണനകളിൽ മാറ്റം വരുത്താൻ അവരെ എന്താണു പ്രേരിപ്പിച്ചത്? എന്തൊക്കെ സംഭവിച്ചാലും യഹോവ അവർക്കുവേണ്ടി കരുതുമെന്ന അവരുടെ വിശ്വാസം ശക്തമാക്കുന്ന ഒരു അത്ഭുതം യേശു ചെയ്തു.—ലൂക്കോസ് 5:5-11 വായിക്കുക.
മുൻഗണനകളിൽ മാറ്റം വരുത്താൻ യേശു തന്റെ ശിഷ്യന്മാരെ സഹായിച്ച വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (10-ാം ഖണ്ഡിക കാണുക)b
11. നിങ്ങളുടെതന്നെ അനുഭവങ്ങൾ ഉപയോഗിച്ചുകൊണ്ട് വിദ്യാർഥിയുടെ വിശ്വാസം എങ്ങനെ ശക്തിപ്പെടുത്താം?
11 നമുക്ക് യേശുവിനെപ്പോലെ അത്ഭുതമൊന്നും ചെയ്ത് കാണിക്കാൻ പറ്റില്ലെന്നതു ശരിയാണ്. പക്ഷേ, തന്നെ ജീവിതത്തിൽ ഒന്നാമതു വെക്കുന്നവരെ യഹോവ എങ്ങനെയാണു സഹായിക്കുന്നതെന്നു കാണിക്കുന്ന അനുഭവങ്ങൾ അവരോടു പറയാനാകും. ഉദാഹരണത്തിന്, നിങ്ങൾ ആദ്യമായി മീറ്റിങ്ങിനു പോയിത്തുടങ്ങിയപ്പോൾ യഹോവ സഹായിച്ചതിനെക്കുറിച്ച് നിങ്ങൾ ഓർക്കുന്നുണ്ടോ? ചിലപ്പോൾ അതിനെക്കുറിച്ച് തൊഴിലുടമയോടു സംസാരിക്കേണ്ടി വന്നിട്ടുണ്ടാകും. മീറ്റിങ്ങ് മുടക്കിക്കൊണ്ട് കൂടുതൽ സമയം ജോലി ചെയ്യാൻ കഴിയില്ലെന്നു നിങ്ങൾ വിശദീകരിച്ചിട്ടുണ്ടാകാം. അങ്ങനെ ആരാധനയ്ക്കു മുൻഗണന കൊടുത്തപ്പോൾ യഹോവ നിങ്ങളെ എങ്ങനെയാണു സഹായിച്ചതെന്നും അതു നിങ്ങളുടെ വിശ്വാസം എങ്ങനെയാണു ശക്തിപ്പെടുത്തിയതെന്നും വിദ്യാർഥിക്കു പറഞ്ഞുകൊടുക്കുക.
12. (എ) ബൈബിൾപഠനത്തിനു പോകുമ്പോൾ സഹോദരങ്ങളെ മാറിമാറി കൊണ്ടുപോകേണ്ടത് എന്തുകൊണ്ട്? (ബി) വിദ്യാർഥിയെ നന്നായി പഠിപ്പിക്കാൻ വീഡിയോകൾ എങ്ങനെ ഉപയോഗിക്കാം? ഒരു ഉദാഹരണം പറയുക.
12 ഇനി മുൻഗണനകളിൽ മാറ്റങ്ങൾ വരുത്തിയ മറ്റു സഹോദരങ്ങളുടെ അനുഭവങ്ങളിൽനിന്നും വിദ്യാർഥികൾക്കു പലതും പഠിക്കാനാകും. അതുകൊണ്ട് ബൈബിൾപഠനത്തിനു പല പശ്ചാത്തലങ്ങളിൽനിന്നുള്ള സഹോദരങ്ങളെ കൂടെ കൊണ്ടുപോകുക. അവർ എങ്ങനെയാണു സത്യം പഠിച്ചതെന്നും യഹോവയെ ജീവിതത്തിൽ ഒന്നാമതു വെക്കാൻവേണ്ടി എന്തെല്ലാം മാറ്റങ്ങളാണു വരുത്തിയതെന്നും ബൈബിൾവിദ്യാർഥിയോട് പറയാൻ അവരോട് ആവശ്യപ്പെടാം. കൂടാതെ ജീവിതം ആസ്വദിക്കാം പുസ്തകം ഉപയോഗിക്കുമ്പോൾ അതിലെ “ആഴത്തിൽ പഠിക്കാൻ” എന്ന ഭാഗത്തോ “കൂടുതൽ മനസ്സിലാക്കാൻ” എന്ന ഭാഗത്തോ ഉള്ള വീഡിയോകൾ നിങ്ങൾക്ക് അവരോടൊപ്പം കാണാനാകും. ഉദാഹരണത്തിന്, 37-ാം പാഠമാണു പഠിക്കുന്നതെങ്കിൽ അതിലുള്ള യഹോവ എല്ലായ്പ്പോഴും നമ്മളെ കരുതും എന്ന വീഡിയോ ഉപയോഗിച്ച് അവരെ പല തത്ത്വങ്ങളും പഠിപ്പിക്കാം.
എതിർപ്പുകളെ നേരിടാൻ സഹായിക്കുക
13. എതിർപ്പുകളെ നേരിടാൻ തന്റെ അനുഗാമികളെ യേശു എങ്ങനെയാണ് ഒരുക്കിയത്?
13 തന്റെ അനുഗാമികൾക്കു മറ്റുള്ളവരിൽനിന്ന്, സ്വന്തം കുടുംബാംഗങ്ങളിൽനിന്നുപോലും എതിർപ്പുകൾ ഉണ്ടായേക്കാമെന്ന് യേശു അവർക്ക് ആവർത്തിച്ച് മുന്നറിയിപ്പുകൊടുത്തു. (മത്താ. 5:11; 10:22, 36) തന്റെ ശിഷ്യന്മാർക്കു മരണംപോലും നേരിട്ടേക്കാമെന്ന് ശുശ്രൂഷയുടെ അവസാന സമയത്ത് യേശു അവരോടു പറഞ്ഞു. (മത്താ. 24:9; യോഹ. 15:20; 16:2) ഇനി, ശുശ്രൂഷ ചെയ്യുമ്പോൾ ജാഗ്രത കാണിക്കണമെന്നും യേശു ഓർമിപ്പിച്ചു. ആരെങ്കിലും എതിർക്കാൻ വന്നാൽ അവരുമായി തർക്കിക്കരുതെന്നും, പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യത്തിൽ വിവേകം കാണിക്കണമെന്നും യേശു അവരെ ഉപദേശിച്ചു. അങ്ങനെ ചെയ്താൽ അവർക്കു ശുശ്രൂഷ തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമായിരുന്നു.
14. എതിർപ്പുകൾ നേരിടാൻ ബൈബിൾവിദ്യാർഥിയെ എങ്ങനെ ഒരുക്കാം? (2 തിമൊഥെയൊസ് 3:12)
14 എതിർപ്പുകളെ നേരിടാൻ നമുക്കു വിദ്യാർഥിയെ ഒരുക്കാനാകും. കൂടെ ജോലി ചെയ്യുന്നവരിൽനിന്നോ, കൂട്ടുകാരിൽനിന്നോ, കുടുംബാംഗങ്ങളിൽനിന്നോ എന്തൊക്കെ നേരിടേണ്ടിവന്നേക്കാം എന്ന് അദ്ദേഹത്തോടു നേരത്തേതന്നെ പറയുക. (2 തിമൊഥെയൊസ് 3:12 വായിക്കുക.) പഠിക്കുന്നതിനു ചേർച്ചയിൽ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുമ്പോൾ കൂടെ ജോലി ചെയ്യുന്നവർ അദ്ദേഹത്തെ കളിയാക്കിയേക്കാം. ഇനി മറ്റുള്ളവർ, അടുത്ത കുടുംബാംഗങ്ങൾപോലും, ബൈബിൾ അടിസ്ഥാനമാക്കിയുള്ള ആ വ്യക്തിയുടെ വിശ്വാസങ്ങളെ കുറ്റപ്പെടുത്തിയേക്കാം. അതുകൊണ്ട് എതിർപ്പുകൾക്കായി എത്ര നേരത്തേ വിദ്യാർഥികളെ ഒരുക്കുന്നോ അത്രത്തോളം അതു നേരിടാൻ അവർ തയ്യാറായിരിക്കും.
15. കുടുംബത്തിൽനിന്നുള്ള എതിർപ്പിനെ നേരിടാൻ വിദ്യാർഥിയെ എന്തു സഹായിക്കും?
15 കുടുംബാംഗങ്ങളിൽനിന്ന് എതിർപ്പു നേരിടുന്നുണ്ടെങ്കിൽ, അവർ ആ രീതിയിൽ ഇടപെടുന്നത് എന്തുകൊണ്ടാണെന്നു ചിന്തിക്കാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക. അദ്ദേഹത്തെ ആരോ വഴിതെറ്റിച്ചിരിക്കുകയാണ് എന്ന ചിന്തയോ യഹോവയുടെ സാക്ഷികളെക്കുറിച്ചുള്ള മുൻവിധിയോ ഒക്കെയായിരിക്കാം ചിലപ്പോൾ അവർ അങ്ങനെ പ്രതികരിക്കുന്നതിന്റെ കാരണം. യേശുവിന്റെ ചില കുടുംബാംഗങ്ങൾപോലും യേശുവിനോടു മോശമായി പ്രതികരിച്ചിട്ടുണ്ട്. (മർക്കോ. 3:21; യോഹ. 7:5) കുടുംബാംഗങ്ങൾ ഉൾപ്പെടെ എല്ലാവരോടും ക്ഷമയോടെയും നയത്തോടെയും ഇടപെടാൻ വിദ്യാർഥിയെ പഠിപ്പിക്കാനാകും.
16. തന്റെ വിശ്വാസങ്ങളെക്കുറിച്ച് നയത്തോടെ സംസാരിക്കാൻ വിദ്യാർഥിയെ നമുക്ക് എങ്ങനെ സഹായിക്കാം?
16 കുടുംബാംഗങ്ങളിൽ ആരെങ്കിലും ബൈബിൾവിഷയങ്ങളോടു താത്പര്യം കാണിച്ചാലും വിദ്യാർഥി എല്ലാ കാര്യങ്ങളും ഒരുമിച്ച് പറയുന്നതു ബുദ്ധിയായിരിക്കില്ല. കാരണം അങ്ങനെ ചെയ്താൽ എല്ലാംകൂടെ ഉൾക്കൊള്ളാൻ അവർക്കു ബുദ്ധിമുട്ടായിരിക്കും. പിന്നീട് ഇതുപോലുള്ള വിഷയങ്ങൾ സംസാരിക്കാനും ആ കുടുംബാംഗം മടി കാണിച്ചേക്കാം. അതുകൊണ്ട് എല്ലാ കാര്യങ്ങളുംകൂടെ ഒരുമിച്ച് പറയാതിരിക്കാൻ ബൈബിൾവിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക. അങ്ങനെയാകുമ്പോൾ ആ കുടുംബാംഗത്തിനു വീണ്ടും സംസാരിക്കാൻ താത്പര്യമായിരിക്കും. (കൊലോ. 4:6) കൂടാതെ jw.org വെബ്സൈറ്റ് സന്ദർശിക്കാനും വിദ്യാർഥിക്ക് അവരോടു പറയാനാകും. അപ്പോൾ യഹോവയുടെ സാക്ഷികളെക്കുറിച്ച് അറിയാൻ ഇഷ്ടമുള്ള അത്രയും വിവരങ്ങൾ അവരുടേതായ സമയത്ത് അവർക്കു നോക്കാനാകും.
17. യഹോവയുടെ സാക്ഷികളെക്കുറിച്ച് മറ്റുള്ളവർക്ക് ഉണ്ടായേക്കാവുന്ന ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ വിദ്യാർഥിയെ എങ്ങനെ പരിശീലിപ്പിക്കാം? (ചിത്രവും കാണുക.)
17 കുടുംബാംഗങ്ങളോ കൂടെ ജോലി ചെയ്യുന്നവരോ ചോദിച്ചേക്കാവുന്ന ചോദ്യങ്ങൾക്കു ലളിതമായ ഉത്തരങ്ങൾ കൊടുക്കാൻ വിദ്യാർഥി തയ്യാറായിരിക്കണം. അതിന് അവരെ സഹായിക്കുന്നതിനു jw.org-ലെ “സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ” എന്ന ലേഖനപരമ്പര നിങ്ങൾക്ക് ഉപയോഗിക്കാം. (2 തിമൊ. 2:24, 25) കൂടാതെ ജീവിതം ആസ്വദിക്കാം പുസ്തകത്തിലെ ഓരോ പാഠത്തിന്റെയും അവസാനമുള്ള “ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ” എന്ന ഭാഗം നിങ്ങൾക്കു വിദ്യാർഥിയുമായി ചർച്ച ചെയ്യാനാകും. തങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് മറ്റുള്ളവരോടു സ്വന്തം വാക്കുകളിൽ എങ്ങനെ പറയാമെന്നു പരിശീലിക്കാൻ വിദ്യാർഥിയെ സഹായിക്കുക. അങ്ങനെ അവർ പറഞ്ഞുനോക്കുമ്പോൾ, എന്തെങ്കിലും മാറ്റം വരുത്താനുണ്ടെങ്കിൽ നിങ്ങൾക്ക് അതു മടികൂടാതെ പറഞ്ഞുകൊടുക്കാനാകും. ഇങ്ങനെ പരിശീലിക്കുന്നത് ആത്മവിശ്വാസത്തോടെ മറ്റുള്ളവരോടു സംസാരിക്കാൻ അവരെ പ്രാപ്തരാക്കും.
ബൈബിൾപഠനത്തിന്റെ സമയത്ത് പരിശീലിച്ച് നോക്കിക്കൊണ്ട് ധൈര്യത്തോടെ മറ്റുള്ളവരോടു പ്രസംഗിക്കാൻ വിദ്യാർഥിയെ സഹായിക്കുക (17-ാം ഖണ്ഡിക കാണുക)c
18. സ്നാനമേൽക്കാത്ത ഒരു പ്രചാരകനാകാൻ വിദ്യാർഥിയെ നിങ്ങൾക്ക് എങ്ങനെ പ്രോത്സാഹിപ്പിക്കാം? (മത്തായി 10:27)
18 ആളുകളെ സന്തോഷവാർത്ത അറിയിക്കാൻ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ടുണ്ട്. (മത്തായി 10:27 വായിക്കുക.) വിദ്യാർഥി എത്ര പെട്ടെന്നു പ്രസംഗപ്രവർത്തനം ചെയ്ത് തുടങ്ങുന്നോ അത്രയും പെട്ടെന്ന് അദ്ദേഹം യഹോവയിൽ ആശ്രയിക്കാൻ പഠിക്കും. എങ്കിൽ, ഒരു പ്രചാരകനാകുക എന്ന ലക്ഷ്യം വെക്കാൻ വിദ്യാർഥിയെ എങ്ങനെ സഹായിക്കാം? ഒരു പ്രചാരണപരിപാടി നടക്കുന്ന സമയം അതിനു പറ്റിയൊരു അവസരമായിരിക്കും. കാരണം ആ സമയത്ത് പൊതുവേ പ്രസംഗപ്രവർത്തനം ചെയ്യാൻ എളുപ്പമാണ്. അതുകൊണ്ട് അങ്ങനെയൊരു പരിപാടിയെക്കുറിച്ച് സഭയിൽ അറിയിപ്പു നടത്തുമ്പോൾ, ഒരു പ്രചാരകനാകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക. അതിന് എന്തു ചെയ്യണമെന്നും പറഞ്ഞുകൊടുക്കുക. ഇനി, ഇടദിവസത്തെ മീറ്റിങ്ങിൽ പ്രസംഗങ്ങൾ നടത്തുന്നതും വിദ്യാർഥിക്കു പ്രയോജനം ചെയ്യും. ആ പരിശീലനത്തിലൂടെ, ബോധ്യത്തോടെ മറ്റുള്ളവരോടു തന്റെ വിശ്വാസത്തെക്കുറിച്ച് പറയാൻ വിദ്യാർഥി പഠിക്കും.
വിദ്യാർഥിയിൽ നിങ്ങൾക്കു വിശ്വാസമുണ്ടെന്നു കാണിക്കുക
19. യേശു തന്റെ ശിഷ്യന്മാരിൽ വിശ്വാസമുണ്ടെന്ന് എങ്ങനെയാണു കാണിച്ചത്, നമുക്ക് അത് എങ്ങനെ അനുകരിക്കാം?
19 താനും ശിഷ്യന്മാരും വീണ്ടും ഒരുമിക്കുമെന്നു സ്വർഗത്തിലേക്കു പോകുന്നതിനു മുമ്പ് യേശു അവരോടു പറഞ്ഞു. തങ്ങളുടെ സ്വർഗീയപ്രത്യാശയെക്കുറിച്ചാണ് യേശു പറഞ്ഞതെന്നു ശിഷ്യന്മാർക്കു മനസ്സിലായില്ല. (യോഹ. 14:1-5, 8) അത്തരം കാര്യങ്ങൾ മനസ്സിലാക്കാൻ അവർക്കു സമയം വേണമെന്ന് യേശു തിരിച്ചറിഞ്ഞു. (യോഹ. 16:12) എല്ലാ കാര്യങ്ങളും മനസ്സിലായില്ലെങ്കിലും അവർക്ക് യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് യേശുവിന് ഉറപ്പായിരുന്നു. നമ്മുടെ ബൈബിൾവിദ്യാർഥിക്കും യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹമുണ്ടെന്ന് യേശുവിനെപ്പോലെ നമുക്കും വിശ്വസിക്കാം.
വിദ്യാർഥി എത്ര പെട്ടെന്നു പ്രസംഗപ്രവർത്തനം ചെയ്ത് തുടങ്ങുന്നോ അത്രയും പെട്ടെന്ന് അദ്ദേഹം യഹോവയിൽ ആശ്രയിക്കാൻ പഠിക്കും
20. മലാവിയിലുള്ള ഒരു സഹോദരി തന്റെ വിദ്യാർഥിയിൽ വിശ്വാസമുണ്ടെന്നു കാണിച്ചത് എങ്ങനെ?
20 നമ്മുടെ ബൈബിൾവിദ്യാർഥിക്കു ശരിയായ കാര്യം ചെയ്യാനുള്ള ആഗ്രഹമുണ്ടെന്ന് നമ്മൾ വിശ്വസിക്കണം. ഉദാഹരണത്തിന്, മലാവിയിലുള്ള ചിഫുണ്ടോ സഹോദരിയുടെ അനുഭവം നോക്കാം. സഹോദരി ഒരു ചെറുപ്പക്കാരിയായ കത്തോലിക്കാ സ്ത്രീക്കു ബൈബിൾപഠനം നടത്തുന്നുണ്ടായിരുന്നു. അലീനാഫെ എന്നാണ് അവളുടെ പേര്. ജീവിതം ആസ്വദിക്കാം പുസ്തകത്തിന്റെ 14-ാം പാഠം പഠിച്ചുകഴിഞ്ഞപ്പോൾ സഹോദരി അലീനാഫെയോട് രൂപങ്ങൾ ഉപയോഗിച്ച് ആരാധിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്നു ചോദിച്ചു. അപ്പോൾ അലീനാഫെ ദേഷ്യത്തോടെ ഇങ്ങനെ പറഞ്ഞു: “അത് എന്റെ തീരുമാനമാണ്.” ഈ പഠനം അധികം മുന്നോട്ടുപോകില്ലെന്നു തോന്നിയെങ്കിലും സഹോദരി ക്ഷമയോടെ ബൈബിൾപഠനം തുടർന്നു. പതിയെ അവൾ കാര്യങ്ങൾ മനസ്സിലാക്കുമെന്ന് സഹോദരി വിശ്വസിച്ചു. പഠനം മുന്നോട്ടുപോയി. 34-ാം പാഠം എത്തിയപ്പോൾ അതിൽ ഇങ്ങനെ ഒരു ചോദ്യമുണ്ടായിരുന്നു: “ബൈബിളിനെക്കുറിച്ചും യഹോവയെക്കുറിച്ചും ഇതുവരെ പഠിച്ചതിൽനിന്ന് നിങ്ങൾക്ക് എന്തൊക്കെ പ്രയോജനങ്ങൾ ലഭിച്ചു?” ആ ചോദ്യത്തിന് അവൾ പറഞ്ഞ ഉത്തരത്തെക്കുറിച്ച് സഹോദരി പറയുന്നത് ഇങ്ങനെയാണ്: “ഒരുപാട് കാര്യങ്ങൾ അലീനാഫെ പറഞ്ഞു. അതിൽ ഒരു കാര്യം, യഹോവയുടെ സാക്ഷികൾ ബൈബിൾ വെറുക്കുന്ന ഒന്നും ചെയ്യുന്നില്ല എന്നതാണ്.” വൈകാതെ അലീനാഫെ ആരാധനയിൽ രൂപങ്ങൾ ഉപയോഗിക്കുന്നതു നിറുത്തി; പെട്ടെന്നുതന്നെ സ്നാനപ്പെടുകയും ചെയ്തു.
21. സത്യത്തിനുവേണ്ടി ഉറച്ച നിലപാടെടുക്കാനുള്ള വിദ്യാർഥിയുടെ ആഗ്രഹം ശക്തമാക്കുന്നതിനു നമുക്ക് എന്തു ചെയ്യാം?
21 ‘വളർത്തുന്നത്’ യഹോവയാണെങ്കിലും പുരോഗതി വരുത്താൻ ബൈബിൾവിദ്യാർഥിയെ സഹായിക്കുന്നതിൽ നമുക്കും ഒരു പങ്കുണ്ട്. (1 കൊരി. 3:7) ദൈവം ആവശ്യപ്പെടുന്ന കാര്യങ്ങൾ പഠിപ്പിക്കുക മാത്രമല്ല നമ്മൾ ചെയ്യുന്നത്, പകരം യഹോവയോടുള്ള സ്നേഹം കൂട്ടാനും അവരെ സഹായിക്കുന്നു. മുൻഗണനകളിൽ മാറ്റം വരുത്തിക്കൊണ്ട് ആ സ്നേഹം തെളിയിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നു. അതുപോലെ എതിർപ്പുകൾ ഉണ്ടാകുമ്പോൾ യഹോവയിൽ എങ്ങനെ ആശ്രയിക്കാമെന്ന് അവരെ പഠിപ്പിക്കുന്നു. നമ്മുടെ വിദ്യാർഥികളെ നമ്മൾ വിശ്വസിക്കുന്നെന്നു കാണിക്കുമ്പോൾ യഹോവയുടെ നിലവാരങ്ങൾക്കനുസരിച്ച് ജീവിക്കാനും സത്യത്തിനുവേണ്ടി ഉറച്ച നിലപാടെടുക്കാനും തങ്ങൾക്കും കഴിയുമെന്ന അവരുടെ ബോധ്യം ശക്തമാകും.
ഗീതം 55 അവരെ ഭയപ്പെടേണ്ടാ!
a യേശുവിനെ കണ്ടുമുട്ടി രണ്ടര വർഷം കഴിഞ്ഞും നിക്കോദേമൊസ് ജൂതന്മാരുടെ ഹൈക്കോടതിയിലെ ഒരു അംഗം തന്നെയായിരുന്നു. (യോഹ. 7:45-52) ചരിത്രകാരന്മാർ പറയുന്നതനുസരിച്ച്, യേശുവിന്റെ മരണശേഷം മാത്രമാണ് അദ്ദേഹം യേശുവിന്റെ ഒരു ശിഷ്യനായിത്തീർന്നത്.—യോഹ. 19:38-40.
b ചിത്രത്തിന്റെ വിവരണം: പത്രോസും മറ്റു മീൻപിടുത്തക്കാരും തങ്ങളുടെ മത്സ്യബന്ധന ബിസിനെസ്സ് ഉപേക്ഷിച്ച് യേശുവിനെ അനുഗമിക്കുന്നു.
c ചിത്രത്തിന്റെ വിവരണം: ഒരു സഹോദരി പ്രസംഗപ്രവർത്തനത്തിനായി തന്റെ വിദ്യാർഥിയെ പരിശീലിപ്പിക്കുന്നു.