പഠനലേഖനം 26
ഗീതം 123 ദൈവത്തിന്റെ ക്രമീകരണത്തിനു മനസ്സോടെ കീഴ്പെടാം
നിങ്ങൾക്ക് അറിയാത്ത കാര്യങ്ങളുണ്ടെന്ന് എളിമയോടെ അംഗീകരിക്കുക
“സർവശക്തനെ മനസ്സിലാക്കാൻ നമുക്കാകില്ല.”—ഇയ്യോ. 37:23.
ഉദ്ദേശ്യം
നമുക്ക് അറിയില്ലാത്ത കാര്യങ്ങളുണ്ടെന്ന് എളിമയോടെ അംഗീകരിക്കുകയും അറിയാവുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും യഹോവയിൽ ആശ്രയിക്കുകയും ചെയ്യുന്നെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമുക്കു പിടിച്ചുനിൽക്കാനാകും.
1. യഹോവ നമ്മളെ എന്തു കഴിവോടെയാണ് സൃഷ്ടിച്ചിരിക്കുന്നത്, എന്തുകൊണ്ട്?
യഹോവ നമ്മളെ സൃഷ്ടിച്ചിരിക്കുന്നത് ചിന്തിക്കാനും അറിവ് നേടാനും അതിനനുസരിച്ച് എങ്ങനെ ജീവിക്കാമെന്നു മനസ്സിലാക്കാനും ഉള്ള കഴിവോടെയാണ്. എന്തുകൊണ്ട്? കാരണം, നമ്മൾ ‘ദൈവത്തെക്കുറിച്ച് അറിവ് നേടാനും’ ചിന്താപ്രാപ്തി ഉപയോഗിച്ചുകൊണ്ട് തന്നെ സേവിക്കാനും ദൈവം ആഗ്രഹിക്കുന്നു.—സുഭാ. 2:1-5; റോമ. 12:1.
2. (എ) നമ്മളെക്കുറിച്ച് നമ്മൾ എന്ത് അംഗീകരിക്കണം? (ഇയ്യോബ് 37:23, 24) (ചിത്രവും കാണുക.) (ബി) നമ്മുടെ പരിമിതികൾ എളിമയോടെ അംഗീകരിക്കുന്നതുകൊണ്ട് എന്ത് പ്രയോജനമാണുള്ളത്?
2 നമുക്ക് പഠിക്കാനുള്ള കഴിവുണ്ടെങ്കിലും നമുക്ക് എല്ലാ കാര്യങ്ങളും അറിയാൻ കഴിയില്ല. (ഇയ്യോബ് 37:23, 24 വായിക്കുക.) ഇയ്യോബിന്റെ കാര്യം ചിന്തിക്കാം. യഹോവ ഇയ്യോബിനോട് ഒരുപാടു ചോദ്യങ്ങൾ ചോദിച്ചപ്പോൾ തനിക്ക് അറിയില്ലാത്ത പല കാര്യങ്ങളുമുണ്ടെന്ന് അദ്ദേഹത്തിനു മനസ്സിലായി. അതു താഴ്മ കാണിക്കാനും ചിന്തകളിൽ മാറ്റം വരുത്താനും അദ്ദേഹത്തെ സഹായിച്ചു. (ഇയ്യോ. 42:3-6) അറിയില്ലാത്ത പല കാര്യങ്ങളുമുണ്ടെന്ന് എളിമയോടെ അംഗീകരിക്കുന്നത് ഇന്നു നമുക്കും പ്രയോജനം ചെയ്യും. നല്ല തീരുമാനങ്ങളെടുക്കാൻ നമ്മൾ ശരിക്കും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ, യഹോവ വെളിപ്പെടുത്തിത്തരുമെന്നു വിശ്വസിക്കാൻ ആ എളിമ നമ്മളെ സഹായിക്കും.—സുഭാ. 2:6.
അറിയാത്ത കാര്യങ്ങൾ ഉണ്ടെന്ന് അംഗീകരിക്കുക; ഇയ്യോബിനെപ്പോലെ അത് നിങ്ങൾക്കും പ്രയോജനം ചെയ്യും (2-ാം ഖണ്ഡിക കാണുക)
3. ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
3 ഈ ലേഖനത്തിൽ, നമുക്ക് അറിയാത്ത ചില കാര്യങ്ങളെക്കുറിച്ചും അതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും നമ്മൾ ചർച്ച ചെയ്യും. അതുപോലെ ചില കാര്യങ്ങൾ അറിയാതിരിക്കുന്നതിന്റെ പ്രയോജനങ്ങളും നമ്മൾ കാണും. ഇതെക്കുറിച്ചൊക്കെ പഠിക്കുന്നത്, “സർവജ്ഞാനിയായ” യഹോവ നമ്മൾ ശരിക്കും അറിയേണ്ട കാര്യങ്ങൾ നമ്മളോടു പറയും എന്ന നമ്മുടെ വിശ്വാസം ശക്തമാക്കും.—ഇയ്യോ. 37:16.
അവസാനം എപ്പോൾ വരുമെന്നു നമുക്ക് അറിയില്ല
4. മത്തായി 24:36 പറയുന്നതനുസരിച്ച് നമുക്ക് അറിയില്ലാത്ത ഒരു കാര്യം എന്താണ്?
4 മത്തായി 24:36 വായിക്കുക. ഈ വ്യവസ്ഥിതിയുടെ അവസാനം എന്നാണെന്നു നമുക്ക് അറിയില്ല. യേശുവിനുപോലും ഭൂമിയിലായിരുന്നപ്പോൾ “ആ ദിവസവും മണിക്കൂറും” അറിയില്ലായിരുന്നു.a ചില സംഭവങ്ങൾ എപ്പോൾ നടക്കണമെന്നു തീരുമാനിക്കുന്നത് യഹോവയുടെ “അധികാരപരിധിയിൽപ്പെട്ട” കാര്യമാണെന്നു യേശു അപ്പോസ്തലന്മാരോടു പറഞ്ഞു. (പ്രവൃ. 1:6, 7) യഹോവ ഈ വ്യവസ്ഥിതിയുടെ അവസാനത്തിന് ഒരു സമയം നിശ്ചയിച്ചിട്ടുണ്ട്. പക്ഷേ അതു കൃത്യമായി എപ്പോഴാണെന്നു കണ്ടുപിടിക്കാൻ നമുക്കു പറ്റില്ല.
5. അവസാനം എപ്പോൾ വരുമെന്ന് അറിയാത്തതുകൊണ്ട് നമുക്ക് എന്തെല്ലാം ബുദ്ധിമുട്ടുകൾ തോന്നിയേക്കാം?
5 യേശു പറഞ്ഞതനുസരിച്ച്, അവസാനം വരാൻ ഇനി എത്രനാൾ കാത്തിരിക്കണമെന്നു നമുക്ക് അറിയില്ല. അതുകൊണ്ട് ക്ഷമ നശിച്ച് നമ്മൾ മടുത്തുപോകാൻ സാധ്യതയുണ്ട്; പ്രത്യേകിച്ചും യഹോവയുടെ ദിവസത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ നാളായെങ്കിൽ. അതല്ലെങ്കിൽ, അവസാനം ഇതുവരെ വരാത്തതിന്റെ പേരിൽ കുടുംബാംഗങ്ങളോ മറ്റുള്ളവരോ പരിഹസിക്കുമ്പോൾ പിടിച്ചുനിൽക്കാൻ നമുക്കു ബുദ്ധിമുട്ട് തോന്നുന്നുണ്ടാകും. (2 പത്രോ. 3:3, 4) അങ്ങനെയൊരു സാഹചര്യത്തിൽ, അവസാനം വരുന്ന കൃത്യദിവസം അറിഞ്ഞിരുന്നെങ്കിൽ കൂടുതൽ ക്ഷമയുള്ളവരായിരിക്കാനും പരിഹാസമൊക്കെ സഹിച്ചുനിൽക്കാനും കുറച്ചുകൂടി എളുപ്പമായേനേ എന്നു നിങ്ങൾ ചിന്തിച്ചേക്കാം.
6. അവസാനം എപ്പോൾ വരുമെന്നു നമുക്ക് അറിയാത്തതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്?
6 പക്ഷേ, അവസാനം വരുന്ന കൃത്യദിവസം യഹോവ നമ്മളോടു പറയാത്തതുകൊണ്ട് പ്രയോജനമുണ്ട്. ദൈവത്തോടുള്ള സ്നേഹവും ആശ്രയവുംകൊണ്ടാണ് നമ്മൾ ദൈവത്തെ സേവിക്കുന്നതെന്ന് തെളിയിക്കാൻ അതിലൂടെ യഹോവ നമുക്ക് അവസരം തരുന്നു. ഏതെങ്കിലും ഒരു പ്രത്യേകദിവസംവരെ ദൈവത്തെ സേവിക്കാനല്ല, പകരം നിത്യം സേവിക്കാനാണ് നമ്മൾ ആഗ്രഹിക്കുന്നത്. അതുകൊണ്ട് ‘യഹോവയുടെ ദിവസം’ എപ്പോൾ വരും എന്നതിനെക്കുറിച്ച് ഒരുപാട് ചിന്തിക്കുന്നതിനു പകരം അത് കൊണ്ടുവരാൻപോകുന്ന നല്ല കാര്യങ്ങളിൽ ശ്രദ്ധിക്കുക. അങ്ങനെ ചെയ്യുന്നത് യഹോവയോടു കൂടുതൽ അടുക്കാനും ദൈവത്തിൽ ആശ്രയിക്കാനും ദൈവത്തെ സന്തോഷിപ്പിക്കാനും നമ്മളെ സഹായിക്കും.—2 പത്രോ. 3:11, 12.
7. നമുക്ക് എന്തൊക്കെ അറിയാം?
7 നമുക്ക് ഇപ്പോൾത്തന്നെ അറിയാവുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. നമുക്ക് എന്തൊക്കെ അറിയാം? 1914-ൽ അവസാനനാളുകൾ തുടങ്ങിയെന്നു നമുക്ക് അറിയാം. അത് യഹോവ ബൈബിൾപ്രവചനങ്ങളിലൂടെ നമുക്ക് കൃത്യമായി കാണിച്ചുതന്നിട്ടുണ്ട്. പിന്നീടങ്ങോട്ട് ലോകത്തിന്റെ അവസ്ഥകൾ എന്തായിരിക്കുമെന്നും ദൈവം വിശദമായി പറഞ്ഞുതന്നിട്ടുണ്ട്. അതെല്ലാം സംഭവിച്ചിരിക്കുന്നതു കാണുമ്പോൾ “യഹോവയുടെ ഭയങ്കരമായ ദിവസം അടുത്ത് എത്തിയിരിക്കുന്നു” എന്നു നമുക്ക് ഉറപ്പുകിട്ടുന്നു. (സെഫ. 1:14) കൂടാതെ, നമ്മൾ ചെയ്യാൻ ദൈവം പ്രതീക്ഷിക്കുന്ന പ്രവർത്തനം എന്താണെന്നും നമുക്ക് അറിയാം. പരമാവധി ആളുകളോട് ‘ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത’ അറിയിക്കുക എന്നതാണ് അത്. (മത്താ. 24:14) ഈ സന്തോഷവാർത്ത ഇപ്പോൾ ഏകദേശം 240 ദേശങ്ങളിൽ 1,000-ത്തിലധികം ഭാഷകളിലായി പ്രസംഗിച്ചുകൊണ്ടാണിരിക്കുന്നത്. ഈ പ്രവർത്തനം ഉത്സാഹത്തോടെ ചെയ്യാൻ “ആ ദിവസവും മണിക്കൂറും” നമ്മൾ അറിയേണ്ട ആവശ്യമില്ല.
യഹോവ പ്രവർത്തിക്കുന്ന വിധം നമുക്ക് അറിയില്ല
8. ‘സത്യദൈവത്തിന്റെ പ്രവൃത്തികൾ’ എന്നാൽ എന്താണ്? (സഭാപ്രസംഗകൻ 11:5)
8 ‘സത്യദൈവത്തിന്റെ പ്രവൃത്തികൾ’ എപ്പോഴും നമുക്ക് അറിയാൻ കഴിയില്ല. (സഭാപ്രസംഗകൻ 11:5 വായിക്കുക.) ‘സത്യദൈവത്തിന്റെ പ്രവൃത്തികൾ’ എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നത്? തന്റെ ഉദ്ദേശ്യം നടപ്പാക്കാനായി, യഹോവ സംഭവിക്കാൻ ഇടയാക്കുന്ന കാര്യങ്ങളും അനുവദിക്കുന്ന കാര്യങ്ങളും ആണ് അത്. ദൈവം ചില കാര്യങ്ങൾ അനുവദിക്കുന്നത് എന്തുകൊണ്ടാണെന്നോ നമുക്കുവേണ്ടി എങ്ങനെ പ്രവർത്തിക്കുമെന്നോ നമുക്കു കൃത്യമായി അറിയാനാകില്ല. (സങ്കീ. 37:5) അത് ഒരു അമ്മയുടെ വയറ്റിൽ കുഞ്ഞ് വളർന്നുവരുന്നത് എങ്ങനെയാണെന്ന് നമുക്കു മനസ്സിലാക്കാൻ പറ്റാത്തതുപോലെയാണ്. ഇന്നത്തെ ശാസ്ത്രജ്ഞന്മാർക്കുപോലും അക്കാര്യം മുഴുവനായി അറിയാൻ കഴിഞ്ഞിട്ടില്ല. ഇതുപോലെതന്നെ സത്യദൈവത്തിന്റെ പ്രവൃത്തികൾ പൂർണമായും മനസ്സിലാക്കാൻ നമുക്കും കഴിയില്ല.
9. യഹോവ എങ്ങനെ പ്രവർത്തിക്കുമെന്ന് അറിയാത്തതുകൊണ്ട് എന്തെല്ലാം പ്രശ്നങ്ങൾ നമ്മൾ നേരിട്ടേക്കാം?
9 യഹോവ നമുക്കുവേണ്ടി പ്രവർത്തിക്കുന്നത് എങ്ങനെയായിരിക്കുമെന്ന് അറിയാത്തതുകൊണ്ട് ചില തീരുമാനങ്ങളെടുക്കാൻ നമ്മൾ മടിച്ചുനിന്നേക്കാം. ഉദാഹരണത്തിന്, ശുശ്രൂഷയിൽ കൂടുതൽ ചെയ്യുന്നതിനുവേണ്ടി ജീവിതം ലളിതമാക്കാനോ പ്രചാരകരുടെ ആവശ്യം കൂടുതലുള്ള സ്ഥലത്തേക്ക് മാറിത്താമസിക്കാനോ നമുക്കു മടി തോന്നിയേക്കാം. ഇനി, യഹോവ പ്രവർത്തിക്കുന്ന വിധം മനസ്സിലാകാത്തതുകൊണ്ട് നമുക്ക് യഹോവയുടെ അംഗീകാരമുണ്ടോ എന്നും നമ്മൾ സംശയിക്കാനിടയുണ്ട്. ഉദാഹരണത്തിന്, ഒരാൾക്കു ദൈവസേവനത്തിൽ ചില ലക്ഷ്യങ്ങൾ വെച്ചിട്ട് എത്തിച്ചേരാൻ കഴിയുന്നില്ല, അല്ലെങ്കിൽ ശുശ്രൂഷയിൽ കഠിനാധ്വാനം ചെയ്തിട്ടും നല്ല ഫലങ്ങൾ കിട്ടുന്നില്ല, അതല്ലെങ്കിൽ നിർമാണ പ്രവർത്തനങ്ങൾപോലുള്ള സംഘടനയുടെ ചില പ്രോജക്ടുകളിൽ ഏർപ്പെടുമ്പോൾ തടസ്സങ്ങൾ നേരിടുന്നു. ഈ സമയത്തൊക്കെ, യഹോവയുടെ അംഗീകാരമുണ്ടോ എന്നു നമ്മൾ സംശയിച്ചേക്കാം.
10. യഹോവ എങ്ങനെ പ്രവർത്തിക്കുമെന്ന് അറിയാത്തതുകൊണ്ട് നമുക്ക് എന്തെല്ലാം ഗുണങ്ങൾ വളർത്താനാകുന്നു?
10 യഹോവ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് അറിയാത്തതുകൊണ്ട് ശരിക്കും പ്രയോജനങ്ങളുണ്ട്. താഴ്മയും എളിമയും പോലുള്ള പ്രധാനപ്പെട്ട ഗുണങ്ങൾ വളർത്തിയെടുക്കാൻ അതു സഹായിക്കുന്നു. യഹോവയുടെ ചിന്തകളും വഴികളും നമ്മുടേതിനെക്കാൾ ഉയർന്നതാണ് എന്ന് നമ്മൾ മനസ്സിലാക്കും. (യശ. 55:8, 9) ഇനി, യഹോവ കാര്യങ്ങളെല്ലാം ഏറ്റവും നന്നായി ചെയ്യുമെന്ന ഉറപ്പോടെ യഹോവയിൽ ആശ്രയിക്കാനും നമ്മൾ പഠിക്കും. നമ്മുടെ ശുശ്രൂഷയുടെയും ദിവ്യാധിപത്യ പ്രോജക്ടുകളുടെയും ഒക്കെ കാര്യത്തിൽ ഇതു സത്യമാണ്. പ്രശ്നങ്ങളൊന്നും ഇല്ലാതെ എല്ലാം നന്നായി പോകുമ്പോൾ നമ്മൾ യഹോവയ്ക്ക് മഹത്ത്വം കൊടുക്കും എന്നത് ശരിയാണ്. (സങ്കീ. 127:1; 1 കൊരി. 3:7) എന്നാൽ നമ്മൾ പ്രതീക്ഷിച്ചതുപോലെ ഒന്നും നടക്കുന്നില്ലെങ്കിലും കാര്യങ്ങൾ അപ്പോഴും യഹോവയുടെ നിയന്ത്രണത്തിലാണ് എന്ന് നമ്മൾ ഓർക്കണം. (യശ. 26:12) നമ്മൾ നമ്മുടെ ഭാഗം ചെയ്യുമ്പോൾ ബാക്കി യഹോവ ചെയ്തുകൊള്ളും എന്ന് നമ്മൾ വിശ്വസിക്കും. പണ്ടത്തെപ്പോലെ അത്ഭുതകരമായ രീതിയിൽ അല്ലെങ്കിലും, വേണ്ട നിർദേശങ്ങൾ യഹോവ തരുമെന്നു നമുക്ക് ഉറപ്പാണ്.—പ്രവൃ. 16:6-10.
11. പ്രധാനപ്പെട്ട എന്തെല്ലാം കാര്യങ്ങൾ നമുക്ക് അറിയാം?
11 നമുക്ക് എന്തെല്ലാം അറിയാം? യഹോവ സ്നേഹവും നീതിയും ഉള്ള ജ്ഞാനിയായ ദൈവമാണെന്ന് നമുക്ക് അറിയാം. നമ്മൾ യഹോവയ്ക്കുവേണ്ടിയും സഹോദരങ്ങൾക്കുവേണ്ടിയും ചെയ്യുന്ന കാര്യങ്ങളെല്ലാം യഹോവ വളരെയധികം വിലമതിക്കുന്നുണ്ട് എന്നും നമുക്ക് അറിയാം. ഇനി, തന്നോടു വിശ്വസ്തരായിരിക്കുന്നവർക്ക് യഹോവ എല്ലായ്പോഴും പ്രതിഫലം നൽകുമെന്നും നമുക്ക് ഉറപ്പാണ്.—എബ്രാ. 11:6.
നാളെ എന്തു സംഭവിക്കുമെന്ന് നമുക്ക് അറിയില്ല
12. യാക്കോബ് 4:13, 14 പറയുന്നതനുസരിച്ച് നമുക്ക് എന്തിനെക്കുറിച്ച് അറിയില്ല?
12 യാക്കോബ് 4:13, 14 വായിക്കുക. നമ്മളെല്ലാം അംഗീകരിക്കേണ്ട ഒരു സത്യമുണ്ട്. നാളെ നമുക്ക് എന്ത് സംഭവിക്കുമെന്നു നമുക്ക് ആർക്കും അറിയില്ല. കാരണം ഈ വ്യവസ്ഥിതിയിൽ നമ്മുടെ നിയന്ത്രണത്തിലല്ലാത്ത പല കാര്യങ്ങളുമുണ്ട്. അതുപോലെ “അപ്രതീക്ഷിതസംഭവങ്ങളും” ഉണ്ടായേക്കാം. (സഭാ. 9:11) അതുകൊണ്ടുതന്നെ നമ്മൾ പ്ലാൻ ചെയ്തതുപോലെ കാര്യങ്ങൾ നടക്കണമെന്നില്ല. ഇനി, വിചാരിച്ചതുപോലെയൊക്കെ കാര്യങ്ങൾ ചെയ്യാൻ നമ്മൾ നാളെ ജീവനോടെ ഉണ്ടാകുമോ എന്നുപോലും പറയാനാകില്ല.
13. നാളെയെക്കുറിച്ച് അറിയില്ലാത്തതുകൊണ്ട് നമുക്ക് എന്തൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം?
13 നാളെ എന്ത് സംഭവിക്കുമെന്ന് അറിയാത്തതുകൊണ്ട് നമുക്കു പല ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. ഭാവിയെക്കുറിച്ചുള്ള ആ ടെൻഷൻ നമ്മുടെ സന്തോഷം കവർന്നെടുത്തേക്കാം. പെട്ടെന്നുണ്ടാകുന്ന ദുരന്തങ്ങളും അപ്രതീക്ഷിതസംഭവങ്ങളും കാരണം നമുക്ക് ദുഃഖമോ ദേഷ്യമോ തോന്നിയേക്കാം. ഇനി, നമ്മൾ പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങൾ നടന്നില്ലെങ്കിൽ മടുപ്പോ നിരാശയോ തോന്നാനും ഇടയുണ്ട്.—സുഭാ. 13:12.
14. നമ്മുടെ യഥാർഥസന്തോഷം എന്തിലാണ് ആശ്രയിച്ചിരിക്കുന്നത്? (ചിത്രങ്ങളും കാണുക.)
14 നാളെ നമുക്ക് എന്തൊക്കെ സംഭവിച്ചാലും നമ്മൾ യഹോവയെ സേവിക്കുന്നതിൽ തുടരുന്നതിലൂടെ നമുക്ക് ഒരു കാര്യം തെളിയിക്കാനാകുന്നു: നിസ്വാർഥമായ സ്നേഹംകൊണ്ടാണ് നമ്മൾ യഹോവയെ സേവിക്കുന്നത് എന്ന കാര്യം. നമുക്കുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളിൽനിന്നും യഹോവ നമ്മളെ സംരക്ഷിക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കരുതെന്നും നാളെ നമുക്ക് എന്ത് സംഭവിക്കുമെന്ന് യഹോവ മുന്നമേ തീരുമാനിച്ചിട്ടില്ലെന്നും ബൈബിൾവിവരണങ്ങൾ കാണിക്കുന്നു. നമുക്കു ശരിക്കും സന്തോഷം തരുന്നത് എന്താണെന്ന് യഹോവയ്ക്ക് അറിയാം. നമ്മുടെ സന്തോഷത്തിന്റെ അടിസ്ഥാനം നാളെ നമുക്ക് എന്ത് സംഭവിക്കും എന്ന് അറിയുന്നതല്ല. പകരം, യഹോവയുടെ നിർദേശങ്ങൾക്കായി നോക്കുന്നതും അത് അനുസരിക്കുന്നതും ആണ്. (യിരെ. 10:23) ഒരു തീരുമാനമെടുക്കുമ്പോൾ യഹോവയിലേക്കു നോക്കുന്നെങ്കിൽ നമ്മൾ ഇങ്ങനെ പറയുന്നതുപോലെയാണ്: “യഹോവയ്ക്ക് ഇഷ്ടമെങ്കിൽ ഞങ്ങൾ ജീവിച്ചിരുന്ന് ഇന്നിന്നതു ചെയ്യും.”—യാക്കോ. 4:15.
യഹോവയുടെ നിർദേശങ്ങൾക്കായി നോക്കുകയും അത് അനുസരിക്കുകയും ചെയ്യുന്നത് ശരിക്കുമുള്ള സംരക്ഷണം തരും (14-15 ഖണ്ഡികകൾ കാണുക)b
15. ഭാവിയെക്കുറിച്ച് നമുക്ക് എന്തെല്ലാം അറിയാം?
15 ഓരോ ദിവസവും എന്ത് സംഭവിക്കുമെന്ന് അറിയില്ലെങ്കിലും യഹോവ ഭാവിയിൽ നമുക്കു നിത്യജീവൻ തരുമെന്ന് നമുക്ക് അറിയാം. അതു ചിലപ്പോൾ സ്വർഗത്തിൽ ആയിരിക്കും, അല്ലെങ്കിൽ ഭൂമിയിൽ ആയിരിക്കും. അതുപോലെ യഹോവയ്ക്കു നുണ പറയാൻ ആകില്ലെന്നും താൻ പറഞ്ഞിരിക്കുന്നതെല്ലാം നടപ്പാക്കുന്നതിൽനിന്ന് ദൈവത്തെ തടയാൻ ഒന്നിനും കഴിയില്ലെന്നും നമുക്ക് അറിയാം. (തീത്തോ. 1:2) യഹോവയ്ക്കു മാത്രമാണ് “ഒടുക്കം എന്തായിരിക്കുമെന്നു” മുൻകൂട്ടിപ്പറയാനും ‘ഇതുവരെ സംഭവിച്ചിട്ടില്ലാത്തവ പുരാതനകാലംമുതലേ പ്രവചിക്കാനും’ കഴിയുന്നത്. ദൈവം പണ്ടു പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം അങ്ങനെതന്നെ സംഭവിച്ചു. ഭാവിയിലും അത് അങ്ങനെതന്നെ സംഭവിക്കും. (യശ. 46:10) ഇനി, നമ്മളെ സ്നേഹിക്കുന്നതിൽനിന്ന് യഹോവയെ തടയാൻ യാതൊന്നിനും ആകില്ലെന്നും നമുക്ക് അറിയാം. (റോമ. 8:35-39) ഭാവിയിൽ നമുക്ക് എന്തൊക്കെ സംഭവിച്ചാലും അതെല്ലാം സഹിച്ചുനിൽക്കാൻവേണ്ട ജ്ഞാനവും ശക്തിയും യഹോവ തരുകയും നമ്മളെ ആശ്വസിപ്പിക്കുകയും ചെയ്യും. യഹോവ നമ്മളെ സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുമെന്ന് നമുക്ക് ഉറപ്പാണ്.—യിരെ. 17:7, 8.
യഹോവയ്ക്കു നമ്മളെ എത്ര നന്നായി അറിയാമെന്ന് നമുക്കു പൂർണമായി മനസ്സിലാക്കാനാകില്ല
16. സങ്കീർത്തനം 139:1-6 പറയുന്നതുപോലെ നമുക്കു പൂർണമായും മനസ്സിലാക്കാൻ പറ്റാത്ത ഏത് അറിവാണ് യഹോവയ്ക്കുള്ളത്?
16 സങ്കീർത്തനം 139:1-6 വായിക്കുക. നമ്മുടെ സ്രഷ്ടാവിനു നമ്മളെക്കുറിച്ച് എല്ലാം അറിയാം. നമുക്ക് ഒരു കാര്യത്തെക്കുറിച്ച് എന്തുകൊണ്ടാണ് അങ്ങനെ തോന്നുന്നതെന്നും നമ്മൾ എന്തുകൊണ്ടാണ് അങ്ങനെ ചിന്തിക്കുന്നതെന്നും യഹോവയ്ക്ക് അറിയാം. നമ്മൾ പറയുന്ന കാര്യങ്ങളും നമ്മുടെ ഹൃദയത്തിലുള്ളതുപോലും യഹോവ അറിയുന്നു. നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും, അത് നമ്മൾ എന്തുകൊണ്ട് ചെയ്യുന്നു എന്നും യഹോവയ്ക്ക് അറിയാം. ദാവീദ് രാജാവ് പറഞ്ഞതുപോലെ നമ്മളെ സഹായിക്കാനായി യഹോവ എപ്പോഴും നമ്മളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എപ്പോഴും നമ്മൾ യഹോവയുടെ കൺമുന്നിൽ ഉണ്ട്. പ്രപഞ്ചത്തിന്റെ പരമാധികാരിയും സ്വർഗത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവും ആയ അത്യുന്നതൻ നമ്മളെ ഇങ്ങനെ അടുത്ത് നിരീക്ഷിക്കുന്നു എന്നത് എത്ര വലിയൊരു കാര്യമാണ്! ദാവീദ് പറഞ്ഞതുപോലെ നമുക്കും തോന്നുന്നുണ്ടാകും: “അത് എനിക്കു മനസ്സിലാകുന്നതിനും അപ്പുറമാണ്. അത് എനിക്ക് അത്യത്ഭുതം!”—സങ്കീ. 139:6, അടിക്കുറിപ്പുകൾ.
17. യഹോവയ്ക്കു നമ്മളെ ശരിക്കും അറിയാം എന്നു വിശ്വസിക്കാൻ നമുക്കു ബുദ്ധിമുട്ട് തോന്നിയേക്കാവുന്നത് എന്തുകൊണ്ട്?
17 ചിലപ്പോൾ നമ്മൾ വളർന്നുവന്ന സാഹചര്യമോ സംസ്കാരമോ മുമ്പു വിശ്വസിച്ചിരുന്ന കാര്യങ്ങളോ ഒക്കെ കാരണം നമ്മളെക്കുറിച്ച് ചിന്തയുള്ള, സ്നേഹവാനായ ഒരു പിതാവായി യഹോവയെ കാണാൻ നമുക്ക് ബുദ്ധിമുട്ട് തോന്നിയേക്കാം. അല്ലെങ്കിൽ, നമ്മൾ മുമ്പു ചെയ്ത തെറ്റുകൾ വളരെ വലുതാണെന്നും അതുകൊണ്ട് യഹോവയ്ക്ക് നമ്മളെക്കുറിച്ച് അറിയാൻ ഒട്ടും ആഗ്രഹമില്ലെന്നും യഹോവ നമ്മളിൽനിന്ന് വളരെ അകലെയാണെന്നും നമുക്ക് തോന്നിയേക്കാം. ദാവീദിനുപോലും ഇടയ്ക്കൊക്കെ അങ്ങനെ തോന്നിയിട്ടുണ്ട്. (സങ്കീ. 38:18, 21) അതല്ലെങ്കിൽ ദൈവത്തിന്റെ നിലവാരങ്ങൾ പിൻപറ്റാൻവേണ്ടി സ്വന്തം ജീവിതരീതിതന്നെ മാറ്റാൻ ശ്രമിക്കുന്ന ഒരാൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘ദൈവത്തിന് എന്നെ ശരിക്കും അറിയാമെങ്കിൽ, പിന്നെ എന്തുകൊണ്ടാണ് തികച്ചും സ്വാഭാവികമാണെന്ന് എനിക്കു തോന്നുന്ന ഒരു ജീവിതരീതി മാറ്റാൻ ദൈവം എന്നോട് ആവശ്യപ്പെടുന്നത്?’
18. നമ്മളെക്കാൾ നന്നായി യഹോവയ്ക്ക് നമ്മളെ അറിയാം എന്ന് അംഗീകരിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്? (ചിത്രങ്ങളും കാണുക.)
18 നമ്മളെക്കാൾ നന്നായി യഹോവയ്ക്കു നമ്മളെ അറിയാമെന്നും നമ്മൾപോലും കാണാത്ത നന്മ യഹോവ നമ്മളിൽ കാണുന്നുണ്ടെന്നും നമ്മൾ അംഗീകരിക്കണം. യഹോവ നമ്മുടെ കുറവുകൾ കാണുന്നുണ്ടെങ്കിലും ശരി ചെയ്യാനുള്ള ആഗ്രഹവും യഹോവ മനസ്സിലാക്കുന്നു, നമ്മളെ സ്നേഹിക്കുന്നു. (റോമ. 7:15) നമുക്ക് എത്ര നല്ലൊരു വ്യക്തി ആയിത്തീരാൻ കഴിയുമെന്ന് യഹോവയ്ക്ക് അറിയാം. അതു തിരിച്ചറിയുന്നത് വിശ്വസ്തതയോടെയും സന്തോഷത്തോടെയും യഹോവയെ സേവിക്കാനുള്ള നമ്മുടെ ആത്മവിശ്വാസം കൂട്ടും.
സന്തോഷം നിറഞ്ഞ പുതിയ ലോകത്തിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കിക്കൊണ്ട്, ഇന്നത്തെ അപ്രതീക്ഷിതസംഭവങ്ങൾ സഹിച്ചുനിൽക്കാൻ യഹോവ സഹായിക്കുന്നു (18-19 ഖണ്ഡികകൾ കാണുക)c
19. യഹോവയെക്കുറിച്ച് എന്തെല്ലാം കാര്യങ്ങൾ നമുക്കു നന്നായി അറിയാം?
19 യഹോവ സ്നേഹമാണ് എന്ന് നമുക്ക് അറിയാം. അക്കാര്യത്തിൽ ഒരു സംശയവും ഇല്ല. (1 യോഹ. 4:8) യഹോവ ചില കാര്യങ്ങൾ ആവശ്യപ്പെടുന്നത് നമ്മളോടുള്ള സ്നേഹം കാരണമാണെന്നും നമുക്ക് ഏറ്റവും നല്ല ജീവിതം കിട്ടാൻ വേണ്ടിയാണെന്നും നമുക്ക് ഉറപ്പുണ്ട്. നമുക്ക് നിത്യജീവൻ കിട്ടാൻ യഹോവ ആഗ്രഹിക്കുന്നുണ്ടെന്നും നമുക്ക് അറിയാം. അതിനുവേണ്ടിയാണ് യഹോവ മോചനവില എന്ന സമ്മാനം തന്നത്. ആ സമ്മാനം ഉള്ളതുകൊണ്ടാണ്, തെറ്റുകൾ പറ്റിയേക്കാമെങ്കിലും ദൈവത്തിന് ഇഷ്ടമുള്ള രീതിയിൽ ജീവിക്കാനാകും എന്ന് നമുക്ക് ഉറപ്പുള്ളത്. (റോമ. 7:24, 25) “ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും” ആണെന്നും നമുക്ക് അറിയാം. (1 യോഹ. 3:19, 20) നമ്മളെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും യഹോവ അറിയുന്നു. തന്റെ ഇഷ്ടം ചെയ്യാൻ നമുക്ക് കഴിയുമെന്നും യഹോവയ്ക്ക് ഉറപ്പുണ്ട്.
20. അനാവശ്യ ഉത്കണ്ഠ ഒഴിവാക്കാൻ നമ്മളെ എന്തു സഹായിക്കും?
20 നമ്മൾ ശരിക്കും അറിയേണ്ട കാര്യങ്ങൾ യഹോവ മറച്ചുവെച്ചിട്ടില്ല. എളിമയോടെ ആ സത്യം അംഗീകരിക്കുകയാണെങ്കിൽ നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് ഓർത്ത് നമ്മൾ അനാവശ്യമായി ഉത്കണ്ഠപ്പെടില്ല. പകരം പ്രധാനപ്പെട്ട കാര്യങ്ങളിൽ നമുക്ക് ശ്രദ്ധിക്കാനാകും. അങ്ങനെ ചെയ്യുമ്പോൾ “സർവജ്ഞാനിയായ” യഹോവയിൽ പൂർണമായി ആശ്രയിക്കുന്നെന്ന് നമ്മൾ കാണിക്കുകയാണ്. (ഇയ്യോ. 36:4) നമുക്ക് എല്ലാ കാര്യങ്ങളും ഇപ്പോൾ അറിയില്ലെങ്കിലും ഭാവിയിൽ യഹോവ നമ്മളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കും. നിത്യതയിലെന്നും, മഹാദൈവമായ യഹോവയെക്കുറിച്ച് പഠിക്കുന്നതിനായി നമുക്ക് നോക്കിയിരിക്കാം.—സഭാ. 3:11.
ഗീതം 104 പരിശുദ്ധാത്മാവ് എന്ന ദൈവദാനം
a യേശുവാണ് സാത്താന്റെ ദുഷ്ടവ്യവസ്ഥിതിക്ക് എതിരെയുള്ള യുദ്ധത്തിന് നേതൃത്വമെടുക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ അർമഗെദോൻ തുടങ്ങുന്ന ദിവസവും തന്റെ ‘സമ്പൂർണമായ കീഴടക്കൽ’ പൂർത്തിയാക്കുന്ന ദിവസവും യേശുവിന് ഇപ്പോൾ അറിയാം എന്നു ചിന്തിക്കുന്നതു ന്യായമാണ്.—വെളി. 6:2; 19:11-16.
b ചിത്രത്തിന്റെ വിവരണം: ഒരു അപ്പനും മകനും ഒരുമിച്ച് ഗോ-ബാഗ് തയ്യാറാക്കുന്നു. ഒരു അടിയന്തിരസാഹചര്യം ഉണ്ടായാൽ അതിനെ നേരിടാൻ ആ കുടുംബം ഇപ്പോൾ തയ്യാറാണ്.
c ചിത്രത്തിന്റെ വിവരണം: ഇപ്പോൾ പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരു സഹോദരൻ പുതിയ ലോകത്തിൽ തന്നെ കാത്തിരിക്കുന്ന സന്തോഷമുള്ള ജീവിതം ഭാവനയിൽ കാണുന്നു.