കൂടുതൽ പഠിക്കാനായി. . .
വാക്യങ്ങൾ എങ്ങനെ ഓർത്തിരിക്കാം?
നിങ്ങൾക്ക് ഒരുപാട് ഇഷ്ടമുള്ള, പല തവണ വായിച്ചിട്ടുള്ള ഒരു വാക്യം ബൈബിളിൽ എവിടെയാണെന്ന് ഓർത്തെടുക്കാൻ എപ്പോഴെങ്കിലും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടോ? അതു ചിലപ്പോൾ നിങ്ങളെ ആശ്വസിപ്പിക്കുന്നതോ ശരിയായി ചിന്തിക്കാൻ സഹായിക്കുന്നതോ മറ്റുള്ളവരെ കാണിച്ചുകൊടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നതോ ഒക്കെയായിരിക്കാം. (സങ്കീ. 119:11, 111) വാക്യങ്ങൾ ഓർത്തിരിക്കാൻ നിങ്ങൾക്കു ചെയ്യാനാകുന്ന ചില കാര്യങ്ങൾ നോക്കാം.
JW ലൈബ്രറി ആപ്ലിക്കേഷനിലെ ടാഗ് സവിശേഷത ഉപയോഗിക്കുക. JW ലൈബ്രറിയിൽ, “ഇഷ്ടപ്പെട്ട വാക്യങ്ങൾ” എന്ന പേരിൽ ഒരു ടാഗ് ഉണ്ടാക്കാനാകും. ബൈബിൾ വായിക്കുമ്പോൾ ഓർത്തിരിക്കാൻ ആഗ്രഹിക്കുന്ന ഒരു വാക്യം കാണുകയാണെങ്കിൽ അത് ഈ ടാഗിലേക്ക് ചേർക്കുക. അങ്ങനെ ചെയ്താൽ, പിന്നീട് ആ വാക്യം കണ്ടെത്താൻ എളുപ്പമായിരിക്കും.
കാണാനാകുന്ന ഒരിടത്ത് വാക്യം എഴുതി വെക്കുക. ഒരു കഷണം പേപ്പറിൽ, ഓർത്തിരിക്കാൻ ആഗ്രഹിക്കുന്ന വാക്യം എഴുതുക. എന്നിട്ട് അത് എപ്പോഴും കാണുന്ന ഒരു സ്ഥലത്ത് ഒട്ടിച്ച് വെക്കുക. ചിലർ അത് വീട്ടിലുള്ള കണ്ണാടിയിലോ ഫ്രിഡ്ജിന്റെ വാതിലിലോ ഒക്കെ ഒട്ടിച്ച് വെക്കാറുണ്ട്. മറ്റു ചിലർ ആ വാക്യത്തിന്റെ ഫോട്ടോ എടുത്തിട്ട് അത് അവരുടെ കമ്പ്യൂട്ടറിന്റെയോ മൊബൈലിന്റെയോ വാൾപേപ്പർ ആക്കും.
കാർഡുകൾ ഉണ്ടാക്കുക. കാർഡിന്റെ ഒരു വശത്ത് വാക്യവും മറുവശത്ത് അവിടെ എന്താണ് പറഞ്ഞിരിക്കുന്നതെന്നും എഴുതുക. എന്നിട്ട് ഒരു വശത്തെ വാക്യം നോക്കി അവിടെ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് ഓർത്തെടുക്കാനോ അല്ലെങ്കിൽ മറുവശത്ത് എഴുതിയിരിക്കുന്ന തിരുവെഴുത്തുഭാഗം വായിച്ചിട്ട് വാക്യം ഏതാണെന്ന് ഓർത്തെടുക്കാനോ ശ്രമിക്കുക.