പഠനലേഖനം 40
ഗീതം 111 സന്തോഷിക്കാനുള്ള കാരണങ്ങൾ
യഹോവ നമ്മുടെ ‘പരമമായ ആനന്ദം’
“എന്റെ പരമാനന്ദമായ ദൈവത്തിന്റെ അടുക്കലേക്കു ഞാൻ പോകും.”—സങ്കീ. 43:4.
ഉദ്ദേശ്യം
നമ്മുടെ സന്തോഷം കവർന്നെടുത്തേക്കാവുന്നത് എന്തൊക്കെയാണെന്നും നഷ്ടപ്പെട്ട സന്തോഷം വീണ്ടെടുക്കാൻ എങ്ങനെ കഴിയുമെന്നും നോക്കും.
1-2. (എ) ഇന്നു പലരുടെയും അവസ്ഥ എന്താണ്?(ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
ഈ ലോകത്തിലെ ആളുകൾ സന്തോഷത്തിനായുള്ള പരക്കംപാച്ചിലിലാണ്. എന്നാൽ അവർക്കു നിലനിൽക്കുന്ന സന്തോഷം കണ്ടെത്താനാകുന്നില്ല. ശൂന്യതയും നിരാശയും ആണ് പലരുടെയും മനസ്സിൽ ബാക്കിയാകുന്നത്. ദൈവജനത്തിൽപ്പെട്ടവർക്കും ഇങ്ങനെയൊക്കെ തോന്നിയേക്കാം. കാരണം നമ്മൾ ജീവിക്കുന്നത് ‘അവസാനകാലത്താണ്.’ ഉത്കണ്ഠയോ സങ്കടമോ ഉണ്ടാക്കുന്ന “ബുദ്ധിമുട്ടു നിറഞ്ഞ” സാഹചര്യങ്ങൾ നമ്മൾ പ്രതീക്ഷിക്കുന്നു.—2 തിമൊ. 3:1.
2 ഈ ലേഖനത്തിൽ നമ്മുടെ സന്തോഷം കവർന്നെടുക്കുന്നത് എന്തൊക്കെയാണെന്നും നഷ്ടപ്പെട്ടുപോയ സന്തോഷം വീണ്ടെടുക്കാൻ എന്തൊക്കെ ചെയ്യാമെന്നും നമ്മൾ ചർച്ച ചെയ്യും. എന്നാൽ അതിനു മുമ്പ് യഥാർഥസന്തോഷത്തിന്റെ ഉറവിടം ആരാണെന്നു നോക്കാം.
യഥാർഥസന്തോഷത്തിന്റെ ഉറവിടം
3. സൃഷ്ടികൾ യഹോവയെക്കുറിച്ച് എന്തു പഠിപ്പിക്കുന്നു? (ചിത്രങ്ങളും കാണുക.)
3 യഹോവയ്ക്ക് എപ്പോഴും സന്തോഷമുണ്ട്. നമ്മളും സന്തോഷിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ദൈവത്തിന്റെ സൃഷ്ടികളിൽനിന്നും നമുക്ക് അതു മനസ്സിലാക്കാനാകും. മനോഹരമായ ഭൂമിയും നമുക്കു ചുറ്റുമുള്ള എണ്ണമറ്റ നിറങ്ങളും മൃഗങ്ങളുടെ കുട്ടിക്കളികളും വൈവിധ്യമാർന്ന രുചികരമായ ഭക്ഷണവും ഒക്കെ അതിന് ഉദാഹരണങ്ങളാണ്. യഹോവ ശരിക്കും നമ്മളെ സ്നേഹിക്കുന്നു, നമ്മൾ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നു!
Baby elephant: Image © Romi Gamit/Shutterstock; penguin chicks: Vladimir Seliverstov/500px via Getty Images; baby goats: Rita Kochmarjova/stock.adobe.com; two dolphins: georgeclerk/E+ via Getty Images
മൃഗങ്ങളുടെ കുട്ടിക്കളികൾ യഹോവ സന്തോഷമുള്ളവനാണെന്നു നമ്മളെ ഓർമിപ്പിക്കുന്നു (3-ാം ഖണ്ഡിക കാണുക)
4. (എ) ഈ ലോകത്തിലെ കഷ്ടപ്പാടുകൾ കാണേണ്ടിവരുന്നുണ്ടെങ്കിലും യഹോവയ്ക്കു സന്തോഷം നിലനിറുത്താനാകുന്നത് എങ്ങനെ? (ബി) യഹോവ നമുക്കു തരുന്ന സമ്മാനം എന്താണ്? (സങ്കീർത്തനം 16:11)
4 യഹോവ ‘സന്തോഷമുള്ള ദൈവമാണെങ്കിലും’ മനുഷ്യർ ഇന്ന് അനുഭവിക്കുന്ന ഹൃദയവേദനകളും കഷ്ടപ്പാടുകളും യഹോവ നന്നായി മനസ്സിലാക്കുന്നുണ്ട്. (1 തിമൊ. 1:11) പക്ഷേ, അതൊന്നും തന്റെ സന്തോഷം ഇല്ലാതാക്കാൻ യഹോവ അനുവദിച്ചിട്ടില്ല. കാരണം, ഈ കഷ്ടപ്പാടുകൾ ഒക്കെ താത്കാലികമാണെന്ന് യഹോവയ്ക്ക് അറിയാം. ദൈവംതന്നെ അതിനെല്ലാം ഒരു സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഈ സങ്കടങ്ങളും ദുരിതങ്ങളും എല്ലാം എന്നേക്കും ഇല്ലാതാക്കുന്ന ആ ദിവസത്തിനായി യഹോവ ക്ഷമയോടെ കാത്തിരിക്കുകയാണ്. അതുവരെ നമ്മൾ അനുഭവിക്കുന്നതെല്ലാം യഹോവ അറിയുന്നുണ്ട്, നമ്മളെ സഹായിക്കാൻ ആഗ്രഹിക്കുന്നുണ്ട്. എങ്ങനെയാണ് യഹോവ സഹായിക്കുന്നത്? ഒരുവിധം, സന്തോഷം എന്ന സമ്മാനം നമുക്കു തന്നുകൊണ്ടാണ്. (സങ്കീർത്തനം 16:11 വായിക്കുക.) തന്റെ മകനായ യേശുവിന് യഹോവ എങ്ങനെയാണ് ആ സമ്മാനം കൊടുത്തതെന്നു നോക്കാം.
5-6. യേശുവിനു സന്തോഷമുള്ളത് എന്തുകൊണ്ട്?
5 യഹോവയുടെ എല്ലാ സൃഷ്ടികളിലുംവെച്ച് ഏറ്റവും സന്തോഷമുള്ളത് യേശുവിനാണ്. എന്തുകൊണ്ട്? യേശുവിന് മാത്രമായുള്ള രണ്ടു കാരണങ്ങൾ നോക്കാം: (1) ‘അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപമായതുകൊണ്ട്’ യേശുവിനു പിതാവിന്റെ അതേ വ്യക്തിത്വമാണുള്ളത്. (കൊലോ. 1:15; 1 തിമൊ. 6:15) (2) യേശു തന്റെ ജീവിതത്തിൽ കൂടുതൽ സമയവും ചെലവഴിച്ചിരിക്കുന്നതു സന്തോഷത്തിന്റെ ഉറവിടമായ യഹോവയോട് ഒപ്പമാണ്.
6 ഇനി അതോടൊപ്പം പിതാവ് ആവശ്യപ്പെടുന്ന കാര്യങ്ങളെല്ലാം ചെയ്യുന്നതുകൊണ്ടും യേശുവിന് എപ്പോഴും സന്തോഷമുണ്ട്. (സുഭാ. 8:30, 31; യോഹ. 8:29) തന്റെ വിശ്വസ്തജീവിതം യേശുവിന് യഹോവയുടെ പ്രീതിയും അംഗീകാരവും നേടിക്കൊടുക്കുന്നു. അതും യേശുവിന്റെ സന്തോഷത്തിനുള്ള ഒരു കാരണമാണ്.—മത്താ. 3:17.
7. നമുക്ക് യഥാർഥസന്തോഷം എങ്ങനെ കണ്ടെത്താം?
7 സന്തോഷത്തിന്റെ ഉറവിടമായ യഹോവയോടു നമ്മൾ കൂടുതൽ അടുക്കുന്നെങ്കിൽ നമുക്കും യഥാർഥസന്തോഷം കിട്ടും. യഹോവയെക്കുറിച്ച് പഠിക്കാനും യഹോവയെ അനുകരിക്കാനും നമ്മൾ എത്രയധികം ശ്രമിക്കുന്നോ അത്രയും സന്തോഷം നമുക്കുണ്ടാകും. അതുപോലെ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതും നമുക്കു ദൈവത്തിന്റെ അംഗീകാരമുണ്ടെന്ന് അറിയുന്നതും നമ്മളെ സന്തോഷിപ്പിക്കും.a (സങ്കീ. 33:12) എന്നാൽ ചിലപ്പോഴൊക്കെ നിങ്ങൾക്കു സന്തോഷം നഷ്ടപ്പെടുന്നതായി തോന്നുന്നെങ്കിലോ? യഹോവയുടെ അംഗീകാരം ഇല്ലെന്നാണോ അതിന്റെ അർഥം? അല്ല. നമ്മൾ അപൂർണരായതുകൊണ്ട് ഇടയ്ക്കൊക്കെ സങ്കടവും വേദനയും വിഷാദവും ഒക്കെ തോന്നും. അത് യഹോവയ്ക്കും അറിയാം. (സങ്കീ. 103:14) നമ്മുടെ സന്തോഷം കവർന്നെടുത്തേക്കാവുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നും സന്തോഷം എങ്ങനെ തിരിച്ചുപിടിക്കാമെന്നും ഇപ്പോൾ നോക്കാം.
നിങ്ങളുടെ സന്തോഷം കവർന്നെടുക്കാൻ ഒന്നിനെയും അനുവദിക്കരുത്
8. ജീവിതത്തിലെ പ്രശ്നങ്ങൾ നമ്മളെ എങ്ങനെ ബാധിച്ചേക്കാം?
8 കവർച്ചക്കാരൻ 1: ജീവിതത്തിലെ പ്രശ്നങ്ങൾ. ഉപദ്രവമോ പ്രകൃതിദുരന്തമോ സാമ്പത്തികബുദ്ധിമുട്ടോ രോഗമോ വാർധക്യമോ പോലുള്ള എന്തെങ്കിലും പ്രശ്നങ്ങൾ നിങ്ങൾ ജീവിതത്തിൽ അനുഭവിക്കുന്നുണ്ടോ? ഇത്തരം പ്രശ്നങ്ങൾ, പ്രത്യേകിച്ചും നമുക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുമ്പോൾ നമ്മുടെ സന്തോഷം പെട്ടെന്നു നഷ്ടപ്പെട്ടേക്കാം. “ഹൃദയവേദന ആത്മാവിനെ തകർത്തുകളയുന്നു” എന്ന് ബൈബിളും സമ്മതിക്കുന്നു. (സുഭാ. 15:13) ബാബിസ് എന്ന മൂപ്പന് നാലു വർഷത്തിനുള്ളിൽ തന്റെ അപ്പനെയും അമ്മയെയും ആകെയുള്ള ഒരു ചേട്ടനെയും മരണത്തിൽ നഷ്ടമായി. സഹോദരൻ പറയുന്നു: “എനിക്ക് ഒറ്റപ്പെടലും നിസ്സഹായതയും തോന്നി. ചിലപ്പോഴൊക്കെ എന്റെ നെഞ്ച് പൊട്ടുന്നതുപോലെ എനിക്കു തോന്നുമായിരുന്നു. കാരണം എന്റെ മാതാപിതാക്കളോടും ചേട്ടനോടും ഒപ്പം കൂടുതൽ സമയം ചെലവഴിക്കാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനു പറ്റിയിരുന്നില്ല.” ജീവിതത്തിലെ പ്രശ്നങ്ങൾ നമ്മളെ മാനസികമായും ശാരീരികമായും തകർത്തുകളയും.
9. സന്തോഷം തിരിച്ചുപിടിക്കാൻ നമ്മളെ എന്തു സഹായിക്കും? (യിരെമ്യ 29:4-7, 10)
9 സന്തോഷം തിരിച്ചുപിടിക്കാൻ നമ്മളെ എന്തു സഹായിക്കും? യാഥാർഥ്യബോധമുള്ളവരും നന്ദിയുള്ളവരും ആയിരുന്നുകൊണ്ട് നമുക്കു സന്തോഷം വീണ്ടെടുക്കാനാകും. നമ്മൾ പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങൾ പോയാൽ മാത്രമേ സന്തോഷത്തോടെയിരിക്കാൻ പറ്റൂ എന്നാണു ലോകം പഠിപ്പിക്കുന്നത്. പക്ഷേ ശരിക്കും അങ്ങനെയല്ല. ഉദാഹരണത്തിന്, ബാബിലോണിലേക്കു ബന്ദികളായി പോയ ജൂതന്മാരോട് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടെങ്കിലും അവരുടെ ആ പുതിയ സാഹചര്യം അംഗീകരിക്കാനും അവിടെ എന്താണോ ചെയ്യാൻ പറ്റുന്നത് അതു പരമാവധി ചെയ്യാനും ആണ് യഹോവ പറഞ്ഞത്. (യിരെമ്യ 29:4-7, 10 വായിക്കുക.) എന്താണു പാഠം? നിങ്ങളുടെ ഇപ്പോഴുള്ള സാഹചര്യങ്ങൾ മനസ്സിലാക്കി അത് അംഗീകരിക്കുകയും ജീവിതത്തിലുള്ള നല്ല കാര്യങ്ങൾക്കു നന്ദിയുള്ളവരായിരിക്കുകയും ചെയ്യുക. അങ്ങനെ മുന്നോട്ടുപോകുമ്പോൾ നിങ്ങളെ സഹായിക്കാൻ യഹോവ കൂടെയുണ്ടാകുമെന്ന് ഓർക്കുക. (സങ്കീ. 63:7; 146:5) ഒരു അപകടത്തിൽ ശരീരം തളർന്നുപോയ എഫി സഹോദരിയുടെ അനുഭവം നോക്കാം. സഹോദരി പറയുന്നു: “യഹോവയും എന്റെ കുടുംബാംഗങ്ങളും സഭയിലെ സഹോദരങ്ങളും എന്നെ ഒരുപാട് സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. ഞാൻ മടുത്ത് നിരാശയിലായി പോയാൽ അവരോടു നന്ദികേട് കാണിക്കുന്നതു പോലെയായിരിക്കും. അതുകൊണ്ട് സന്തോഷത്തോടെയിരിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ട് അവരോടു നന്ദി കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
10. പ്രശ്നങ്ങളുള്ളപ്പോഴും നമുക്കു സന്തോഷത്തോടെയിരിക്കാനാകുന്നത് എന്തുകൊണ്ട്?
10 ജീവിതം നമ്മൾ പ്രതീക്ഷിക്കുന്നതുപോലെ മുന്നോട്ടു പോയില്ലെങ്കിലും നമുക്കോ കുടുംബാംഗങ്ങൾക്കോ വലിയ പ്രശ്നങ്ങൾ നേരിടേണ്ടിവന്നാലും നമുക്കു സന്തോഷമുള്ളവരായിരിക്കാൻ കഴിയും.b (സങ്കീ. 126:5) കാരണം, സന്തോഷം ആശ്രയിച്ചിരിക്കുന്നതു നമ്മുടെ സാഹചര്യങ്ങളിൽ അല്ല. മരിയ എന്നൊരു മുൻനിരസേവിക പറയുന്നു: “പ്രശ്നങ്ങൾ ഉള്ളപ്പോഴും സന്തോഷത്തോടെയിരിക്കുന്നു എന്നു പറയുന്നതിന്റെ അർഥം, നമ്മൾ വികാരങ്ങൾ ഉള്ളിലൊതുക്കുന്നു എന്നല്ല മറിച്ച് യഹോവ തന്നിരിക്കുന്ന വാഗ്ദാനങ്ങൾ മറക്കുന്നില്ല എന്നാണ്. നമ്മുടെ പിതാവ് സന്തോഷം നിലനിറുത്താൻ നമ്മളെ സഹായിക്കും.” എത്ര ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയാലും അതെല്ലാം താത്കാലികമാണെന്ന് ഓർക്കാം—കടൽത്തീരത്ത് പതിയുന്ന കാൽപ്പാടുകൾപ്പോലെ. ഒരു അടയാളംപോലും ബാക്കിയാകാതെ പെട്ടെന്നുതന്നെ അതെല്ലാം മാഞ്ഞുപോകും.
11. അപ്പോസ്തലനായ പൗലോസിന്റെ മാതൃക നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ?
11 ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ നമുക്ക് യഹോവയുടെ അംഗീകാരം നഷ്ടപ്പെട്ടു എന്നു തോന്നുന്നെങ്കിലോ? അപ്പോൾ പ്രയാസങ്ങളിലൂടെ കടന്നുപോയ വിശ്വസ്തരായ ദൈവദാസന്മാരെക്കുറിച്ച് നമുക്ക് ഓർക്കാനാകും. അങ്ങനെ ഒരാളായിരുന്നു പൗലോസ് അപ്പോസ്തലൻ. “ജനതകളുടെയും രാജാക്കന്മാരുടെയും ഇസ്രായേൽമക്കളുടെയും മുമ്പാകെ” സത്യം അറിയിക്കാൻ യേശുതന്നെയാണു പൗലോസിനെ തിരഞ്ഞെടുത്തത്. (പ്രവൃ. 9:15) അത് എത്ര വലിയൊരു പദവിയാണെന്നു ചിന്തിച്ച് നോക്കൂ! പക്ഷേ, പൗലോസിന്റെ ജീവിതം ഒരിക്കലും പ്രശ്നങ്ങൾ ഇല്ലാത്തതായിരുന്നില്ല. (2 കൊരി. 11:23-27) പൗലോസിന് ഇത്രയധികം പ്രശ്നങ്ങൾ നേരിട്ടത്, അദ്ദേഹത്തിന് യഹോവയുടെ അംഗീകാരം ഇല്ലാത്തതുകൊണ്ടായിരുന്നോ? ഒരിക്കലുമല്ല! ശരിക്കും പറഞ്ഞാൽ ഈ പ്രശ്നങ്ങൾ എല്ലാം സഹിച്ചുനിൽക്കാൻ പൗലോസിന് കഴിഞ്ഞു എന്നത്, അദ്ദേഹത്തിന് യഹോവയുടെ അനുഗ്രഹമുണ്ടായിരുന്നു എന്നതിന്റെ തെളിവാണ്. (റോമ. 5:3-5) ഇനി നിങ്ങളുടെ സാഹചര്യത്തെക്കുറിച്ച് ഒന്നു ചിന്തിക്കുക. ഇത്രയൊക്കെ പ്രശ്നങ്ങൾ നേരിടുമ്പോഴും നിങ്ങൾക്കു വിശ്വസ്തമായി സഹിച്ച് നിൽക്കാനാകുന്നു. നിങ്ങൾക്ക് യഹോവയുടെ അംഗീകാരം ഉണ്ടെന്നുള്ളതിന്റെ തെളിവല്ലേ അത്?
12. നിറവേറാത്ത പ്രതീക്ഷകൾ നമ്മുടെ സന്തോഷം കവർന്നെടുത്തേക്കാവുന്നത് എങ്ങനെ?
12 കവർച്ചക്കാരൻ 2: നിറവേറാത്ത പ്രതീക്ഷകൾ. (സുഭാ. 13:12) യഹോവയോടുള്ള സ്നേഹവും നന്ദിയും ദൈവസേവനത്തിൽ ലക്ഷ്യങ്ങൾവെക്കാൻ നമ്മളെ പ്രേരിപ്പിക്കും. എന്നാൽ നമ്മുടെ സാഹചര്യത്തിനു പറ്റാത്ത ലക്ഷ്യങ്ങളാണു വെക്കുന്നതെങ്കിൽ നമ്മുടെ മനസ്സിടിഞ്ഞ് പോകാനുള്ള സാധ്യതയുണ്ട്. (സുഭാ. 17:22) ഹോളി എന്നൊരു മുൻനിരസേവിക പറയുന്നു: “രാജ്യസുവിശേഷകർക്കുള്ള സ്കൂളിൽ പങ്കെടുത്ത് മറ്റൊരു രാജ്യത്തു പോയി സേവിക്കാനോ റമാപോ നിർമാണ പ്രോജക്ടിൽ പ്രവർത്തിക്കാനോ ഒക്കെ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ പിന്നീട് എന്റെ സാഹചര്യം മാറിയതുകൊണ്ട് ഈ ലക്ഷ്യങ്ങളിൽ ഒന്നും എത്തിച്ചേരാൻ എനിക്കു കഴിയുമായിരുന്നില്ല. എന്റെ സന്തോഷമെല്ലാം പോയി. പല കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിച്ചിട്ടും അതിനൊന്നും പറ്റാതെ വരുമ്പോൾ നമുക്കു നിരാശ തോന്നും.” സഹോദരിയുടെ ഈ വാക്കുകൾ പലരുടെയും കാര്യത്തിൽ സത്യമാണ്.
13. നമ്മുടെ സാഹചര്യം എന്തുതന്നെയാണെങ്കിലും നമുക്കു ചെയ്യാനാകുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്?
13 സന്തോഷം തിരിച്ചുപിടിക്കാൻ നമ്മളെ എന്തു സഹായിക്കും? നമ്മളെക്കൊണ്ട് പറ്റാത്ത കാര്യങ്ങൾ യഹോവ ഒരിക്കലും നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഓർക്കുക. അതുപോലെ യഹോവ നമ്മുടെ മൂല്യം നിശ്ചയിക്കുന്നത്, നമ്മൾ ദൈവസേവനത്തിൽ എത്രത്തോളം കാര്യങ്ങൾ ചെയ്യുന്നു എന്നതിന്റെ അടിസ്ഥാനത്തിലുമല്ല. നമ്മൾ എളിമയുള്ളവരും വിശ്വസ്തരും ആയിരിക്കാനാണ് യഹോവ പ്രതീക്ഷിക്കുന്നത്. (മീഖ 6:8; 1 കൊരി. 4:2) നമ്മൾ എന്തു ചെയ്യുന്നു എന്നതിനെക്കാൾ, ഉള്ളിന്റെയുള്ളിൽ എങ്ങനെയുള്ള ഒരാളാണ് എന്നതാണ് യഹോവ നോക്കുന്നത്.c അങ്ങനെയെങ്കിൽ യഹോവ പ്രതീക്ഷിക്കുന്നതിലും കൂടുതൽ നമ്മൾ നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്നതു ശരിയാണോ? ഒരിക്കലുമല്ല. അതുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ നിങ്ങൾക്ക് അധികം ഒന്നും ചെയ്യാൻ പറ്റുന്നില്ലെങ്കിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ഉദാഹരണത്തിന്, ചെറുപ്പക്കാരെ പരിശീലിപ്പിക്കാനോ പ്രായമുള്ള ഒരാളെ ബലപ്പെടുത്താനോ നിങ്ങൾക്കു കഴിയുമോ? ആരെയെങ്കിലും ഒരാളെ, നേരിട്ടോ ഫോണിലൂടെയോ അല്ലെങ്കിൽ ഒരു മെസ്സേജ് അയച്ചുകൊണ്ടോ പ്രോത്സാഹിപ്പിക്കാൻ നിങ്ങൾക്കു ലക്ഷ്യം വെക്കാനാകുമോ? ഇത്തരത്തിൽ നിങ്ങൾക്കു ചെയ്യാനാകുന്ന, അർഥവത്തായ ലക്ഷ്യങ്ങൾവെച്ച് പ്രവർത്തിക്കുമ്പോൾ യഹോവ സന്തോഷം തന്ന് നിങ്ങളെ അനുഗ്രഹിക്കും. ഇനി മറ്റൊരു കാര്യവും നമുക്കു മനസ്സിൽപ്പിടിക്കാം. ദൈവത്തിന്റെ പുതിയ ലോകത്തിൽ, നമുക്ക് ഒരിക്കലും ഭാവനയിൽപ്പോലും കാണാൻ പറ്റാത്തത്ര അവസരങ്ങളാണു ദൈവസേവനത്തിൽ നമ്മളെ കാത്തിരിക്കുന്നത്! മുമ്പ് കണ്ട ഹോളി ഇങ്ങനെ പറയുന്നു: “ഞാൻ ഇങ്ങനെ ചിന്തിക്കാറുണ്ട്, ‘എനിക്കു നിത്യതയുണ്ടല്ലോ.’ യഹോവയുടെ സഹായത്താൽ അന്നു ഞാൻ എന്റെ പല ലക്ഷ്യങ്ങളിലും എത്തിച്ചേരും.”
14. നമ്മുടെ സന്തോഷം കവർന്നെടുക്കുന്ന മറ്റൊരു കാര്യം എന്താണ്?
14 കവർച്ചക്കാരൻ 3: സ്വയം സന്തോഷിപ്പിക്കുന്നതിൽ മുഴുകിയുള്ള ജീവിതം. എപ്പോഴും അടിച്ചുപൊളിച്ച് ജീവിക്കുന്നതാണ് യഥാർഥ സന്തോഷവും സംതൃപ്തിയും തരുന്നതെന്ന് സോഷ്യൽ മീഡിയയിലൂടെ പലരും പ്രചരിപ്പിക്കുന്നു. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതും ആഗ്രഹിക്കുന്നത് എന്തും വാങ്ങുന്നതും ധാരാളം യാത്രകൾ നടത്തുന്നതും ഒക്കെയാണ് ശരിക്കുള്ള സന്തോഷം തരുന്നതെന്നാണ് ഇന്ന് ആളുകൾ ചിന്തിക്കുന്നത്. സന്തോഷം തരുന്ന കാര്യങ്ങൾ ആസ്വദിക്കുന്നതിൽ തെറ്റൊന്നുമില്ല. കാരണം ആ രീതിയിലാണ് യഹോവ നമ്മളെ സൃഷ്ടിച്ചിരിക്കുന്നത്. എന്നാൽ ഇന്നു പലരുടെയും കാര്യത്തിൽ സന്തോഷം തരുമെന്നു വിശ്വസിച്ച് അവർ ചെയ്ത കാര്യങ്ങൾ ശരിക്കും അവരുടെ സന്തോഷം നഷ്ടപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. ഇവ്വ എന്ന മുൻനിരസേവിക പറയുന്നു: “നിങ്ങൾക്കു സന്തോഷം തരുന്ന കാര്യങ്ങളെക്കുറിച്ചാണ് നിങ്ങൾ എപ്പോഴും ചിന്തിക്കുന്നതെങ്കിൽ ഒരിക്കലും തൃപ്തി വരില്ല.” സ്വയം സന്തോഷിപ്പിക്കുന്നതിൽ മുഴുകി ജീവിക്കുന്ന ഒരാൾക്കു ശൂന്യതയും നിരാശയും ആയിരിക്കും ജീവിതത്തിൽ ബാക്കിയാകുന്നത്.
15. ശലോമോൻ രാജാവിന്റെ ജീവിതം നമ്മളെ എന്താണു പഠിപ്പിക്കുന്നത്?
15 സ്വയം സന്തോഷിപ്പിക്കുന്നതിൽ മുഴുകി ജീവിക്കുന്നത് എത്ര വ്യർഥമാണെന്നു ശലോമോൻ രാജാവിന്റെ ജീവിതം നമ്മളെ പഠിപ്പിക്കുന്നു. തനിക്ക് ആഗ്രഹമുള്ള കാര്യങ്ങളെല്ലാം ശലോമോൻ ചെയ്തുനോക്കി. ഉദാഹരണത്തിന്, നല്ല ഭക്ഷണം കഴിക്കുകയും മനോഹരമായ സംഗീതം ആസ്വദിക്കുകയും പണംകൊണ്ട് നേടാനാകുന്നത് എല്ലാം നേടുകയും ഒക്കെ ചെയ്തു. പക്ഷേ അതൊന്നും അദ്ദേഹത്തിന് യഥാർഥസംതൃപ്തി കൊടുത്തില്ല. ശലോമോൻ പറയുന്നു: “കണ്ടിട്ടും കണ്ണിനു തൃപ്തിവരുന്നില്ല, കേട്ടിട്ടും ചെവിക്കു മതിവരുന്നില്ല.” (സഭാ. 1:8; 2:1-11) ശരിക്കും സന്തോഷം തരുമെന്ന് ഈ ലോകം പറയുന്ന കാര്യങ്ങൾ കള്ളനോട്ടുകൾ പോലെയാണ്. അതിനു വിലയുണ്ടെന്നു നമുക്കു തോന്നാം. പക്ഷേ നമ്മൾ വിചാരിക്കുന്ന മൂല്യം അതിന് ഇല്ല.
16. മറ്റുള്ളവർക്കു കൊടുക്കുന്നതു സന്തോഷം വീണ്ടെടുക്കാൻ നമ്മളെ എങ്ങനെ സഹായിക്കും? (ചിത്രങ്ങളും കാണുക.)
16 സന്തോഷം തിരിച്ചുപിടിക്കാൻ നമ്മളെ എന്തു സഹായിക്കും? “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്” എന്ന് യേശു നമ്മളെ പഠിപ്പിച്ചു. (പ്രവൃ. 20:35) അലെക്കോസ് എന്ന മൂപ്പൻ പറയുന്നു: “മറ്റുള്ളവർക്കുവേണ്ടി ചെറിയ കാര്യങ്ങൾ ആണെങ്കിൽപ്പോലും ഞാൻ ചെയ്യാൻ ശ്രമിക്കാറുണ്ട്. എത്രയധികം ഞാൻ മറ്റുള്ളവർക്കു കൊടുക്കുന്നോ അത്രയധികം എന്നെക്കുറിച്ചുതന്നെ ചിന്തിക്കുന്നത് എനിക്കു കുറയ്ക്കാനാകുന്നു. അതുകൊണ്ടുതന്നെ എനിക്കു സന്തോഷമുണ്ട്.” അങ്ങനെയെങ്കിൽ മറ്റുള്ളവർക്കുവേണ്ടി നിങ്ങൾക്ക് എന്തു ചെയ്യാനാകും? ആരെങ്കിലും വിഷമിച്ചിരിക്കുന്നതു കണ്ടാൽ അവരെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുക. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റിയില്ലെങ്കിലും നിങ്ങൾക്ക് അവരെ ആശ്വസിപ്പിക്കാനാകും. അവർ പറയുന്നതു സഹാനുഭൂതിയോടെ കേട്ടുകൊണ്ടും അവരുടെ വികാരങ്ങൾ മനസ്സിലാക്കി ഇടപെട്ടുകൊണ്ടും ഭാരം യഹോവയുടെമേൽ ഇടാൻ ഓർമിപ്പിച്ചുകൊണ്ടും നിങ്ങൾക്ക് അതു ചെയ്യാനാകും. (സങ്കീ. 55:22; 68:19) യഹോവ അവരെ ഉപേക്ഷിച്ചിട്ടില്ല എന്ന കാര്യം മനസ്സിലാക്കാൻ അവരെ സഹായിക്കുക. (സങ്കീ. 37:28; യശ. 59:1) കൂടാതെ, പ്രായോഗികമായ ചില കാര്യങ്ങൾ ചെയ്യാനും നിങ്ങൾക്കു കഴിഞ്ഞേക്കും. ഒരു നേരത്തെ ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുകയോ അവർക്ക് ആവശ്യമുള്ള എന്തെങ്കിലും ചെയ്തുകൊടുക്കുകയോ ചെയ്യാം. ശുശ്രൂഷയ്ക്ക് കൂടെ കൊണ്ടുപോകുന്നതും അവർക്ക് ഊർജം പകരും. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനു നിങ്ങളെ ഉപയോഗിക്കാൻ യഹോവയെ അനുവദിക്കുക. നിങ്ങളെക്കുറിച്ചുതന്നെ ചിന്തിക്കുന്നതിനു പകരം മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്നത് യഥാർഥസന്തോഷം തരും.—സുഭാ. 11:25.
എപ്പോഴും നിങ്ങളുടെ ആവശ്യങ്ങളെക്കുറിച്ചുതന്നെ ചിന്തിക്കാതെ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുക (16-ാം ഖണ്ഡിക കാണുക)d
17. നമ്മുടെ സന്തോഷം യഹോവയുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ? (സങ്കീർത്തനം 43:4)
17 നമ്മുടെ സ്വർഗീയപിതാവിലേക്കു കൂടുതൽ അടുക്കുന്നെങ്കിൽ നമുക്കു തുടർന്നും സന്തോഷമുള്ളവരായിരിക്കാനാകും. കാരണം യഹോവ നമ്മുടെ ‘പരമാനന്ദമാണ്‘ എന്നു ബൈബിൾ ഉറപ്പുതരുന്നു. (സങ്കീർത്തനം 43:4 വായിക്കുക.) അതുകൊണ്ട് ജീവിതത്തിൽ എന്തൊക്കെ സാഹചര്യങ്ങളിലൂടെ കടന്നുപോയാലും നമ്മൾ പേടിക്കേണ്ടതില്ല. നിലയ്ക്കാത്ത സന്തോഷത്തിന്റെ ഉറവായ യഹോവയിലേക്കുതന്നെ നമുക്ക് എപ്പോഴും നോക്കാം.—സങ്കീ. 144:15.
ഗീതം 155 നമ്മുടെ നിത്യസന്തോഷം
a “സന്തോഷത്തിനായി യഹോവയിലേക്കു നോക്കാം” എന്ന ചതുരം കാണുക.
b ഉദാഹരണത്തിന്, 2023 ഭരണസംഘത്തിൽനിന്നുള്ള പുതിയ വിവരങ്ങൾ #5-ലെ ഡെന്നിസ് ക്രിസ്റ്റൻസൺ, ഇറീന ദമ്പതികളുടെ അഭിമുഖം jw.org-ൽ കാണുക.
c കൂടുതൽ വിവരങ്ങൾക്ക് 2008 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിലെ “ന്യായമായ പ്രതീക്ഷകൾ വെച്ചുപുലർത്തി സന്തോഷം കണ്ടെത്തൂ” എന്ന ലേഖനം കാണുക.
d ചിത്രത്തിന്റെ വിവരണം: ഒരു സഹോദരി തനിക്കുവേണ്ടി കുറെ സാധനങ്ങൾ മേടിച്ച് കൂട്ടുന്നു. പക്ഷേ സഹോദരിക്കു ശരിക്കും സന്തോഷം കിട്ടിയത്, പ്രോത്സാഹനം വേണ്ട പ്രായമുള്ള ഒരു സഹോദരിക്കു പൂക്കൾ മേടിച്ച് കൊടുത്തപ്പോഴാണ്.