പഠനലേഖനം 42
ഗീതം 44 എളിയവന്റെ പ്രാർഥന
നിങ്ങളുടെ പ്രാർഥനകൾ എങ്ങനെ മെച്ചപ്പെടുത്താം?
“ഞാൻ മുഴുഹൃദയാ വിളിച്ചപേക്ഷിക്കുന്നു. യഹോവേ, ഉത്തരമേകേണമേ.”—സങ്കീ. 119:145.
ഉദ്ദേശ്യം
ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രാർഥനകളെക്കുറിച്ച് ചിന്തിക്കുന്നത്, നമ്മുടെ പ്രാർഥനകൾ മെച്ചപ്പെടുത്താൻ സഹായിക്കും.
1-2. (എ) യഹോവയോടു മനസ്സ് തുറക്കുന്നതിനു നമുക്കു തടസ്സമായേക്കാവുന്നത് എന്തൊക്കെയാണ്? (ബി) യഹോവ നമ്മുടെ പ്രാർഥനകൾ ശ്രദ്ധിച്ച് കേൾക്കും എന്നു നമുക്ക് ഉറപ്പുള്ളത് എന്തുകൊണ്ട്?
നിങ്ങളുടെ പ്രാർഥനകളെക്കുറിച്ച് നിങ്ങൾക്ക് എന്താണു തോന്നുന്നത്? ഒരു പതിവ് ചടങ്ങുപോലെ എന്നും ഒരേ കാര്യങ്ങൾതന്നെയാണോ നിങ്ങൾ പറയാറുള്ളത്? ഇതു നമുക്കെല്ലാം സംഭവിച്ചേക്കാം. കാരണം ഇന്നത്തെ ജീവിതം വളരെ തിരക്കുള്ളതായതുകൊണ്ട് ഉള്ളുതുറന്ന്, നീണ്ട പ്രാർഥനകൾ നടത്താൻ നമുക്കു സമയം കിട്ടാതെ പോയേക്കാം. അല്ലെങ്കിൽ യഹോവയോടു സംസാരിക്കാൻ യോഗ്യതയില്ല എന്നു ചിന്തിക്കുന്നതുകൊണ്ട് നമുക്കു ഹൃദയം തുറന്ന് പ്രാർഥിക്കാൻ പറ്റുന്നില്ലായിരിക്കാം.
2 ബൈബിൾ പറയുന്നതനുസരിച്ച് നമ്മുടെ പ്രാർഥനകൾ എത്ര നീളമുള്ളതാണ് എന്നതല്ല, അതു താഴ്മയുള്ള ഹൃദയത്തിൽനിന്നാണോ വരുന്നത് എന്നതാണു യഹോവയ്ക്കു പ്രധാനം. ‘യഹോവ സൗമ്യരുടെ അപേക്ഷ കേൾക്കുന്നു.’ (സങ്കീ. 10:17) നമ്മുടെ കാര്യത്തിൽ ശരിക്കും താത്പര്യമുള്ളതുകൊണ്ട് യഹോവ നമ്മൾ പറയുന്ന ഓരോ വാക്കും ചെവി ചായിച്ച് കേൾക്കും.—സങ്കീ. 139:1-3.
3. ഈ ലേഖനത്തിൽ നമ്മൾ ഏതെല്ലാം ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കും?
3 നമ്മൾ ഇങ്ങനെ ചോദിച്ചേക്കാം: യഹോവയോടു പ്രാർഥിക്കാൻ നമ്മൾ മടിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്? ഉള്ളുതുറന്ന് പ്രാർഥിക്കാൻ നമ്മളെ എന്തു സഹായിക്കും? ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഹൃദയസ്പർശിയായ പ്രാർഥനകളെക്കുറിച്ച് ചിന്തിക്കുന്നതു നമ്മുടെ പ്രാർഥനകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നത് എങ്ങനെയാണ്? ഉള്ളിലെ വേദനകൾ കാരണം വികാരങ്ങൾ വാക്കുകളാക്കാൻ ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ എന്തു ചെയ്യാനാകും? നമുക്ക് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താം.
യഹോവയോടു പ്രാർഥിക്കാൻ മടിക്കേണ്ടതില്ല
4. യഹോവയോടു മടികൂടാതെ പ്രാർഥിക്കാൻ നമ്മളെ എന്തു സഹായിക്കും? (സങ്കീർത്തനം 119:145)
4 നമ്മൾ വിജയിച്ചുകാണാൻ ആഗ്രഹിക്കുന്ന ഒരു വിശ്വസ്തസുഹൃത്താണ് യഹോവയെന്നു നമ്മൾ മനസ്സിലാക്കുമ്പോൾ യഹോവയോടു മടികൂടാതെ പ്രാർഥിക്കാൻ നമുക്കു തോന്നും. 119-ാം സങ്കീർത്തനത്തിന്റെ എഴുത്തുകാരനും യഹോവയെ ഒരു വിശ്വസ്തസുഹൃത്തായി കാണാനാണു ശ്രമിച്ചത്. പ്രശ്നങ്ങളില്ലാത്ത ഒരു ജീവിതമായിരുന്നില്ല അദ്ദേഹത്തിന്റേത്. വഞ്ചകർ അദ്ദേഹത്തെപ്പറ്റി നുണകൾ പറഞ്ഞു. (സങ്കീ. 119:23, 69, 78) അതുപോലെ സ്വന്തം കുറവുകൾ കാരണം അദ്ദേഹത്തിനു നിരുത്സാഹവും തോന്നി. (സങ്കീ. 119:5) അങ്ങനെയൊക്കെ ആയിരുന്നെങ്കിലും യഹോവയോട് ഹൃദയം തുറന്ന് പ്രാർഥിക്കാൻ സങ്കീർത്തനക്കാരൻ ഒരു മടിയും കാണിച്ചില്ല.—സങ്കീർത്തനം 119:145 വായിക്കുക.
5. വിലകെട്ടവരാണെന്ന തോന്നൽ കാരണം നമ്മൾ പ്രാർഥിക്കാൻ മടിക്കരുതാത്തത് എന്തുകൊണ്ട്? ഒരു ദൃഷ്ടാന്തം പറയുക.
5 തന്നോടു പ്രാർഥിക്കാൻ ഗുരുതരമായ തെറ്റു ചെയ്തവരെപ്പോലും യഹോവ ക്ഷണിക്കുന്നു. (യശ. 55:6, 7) അതുകൊണ്ട് വിലകെട്ടവരാണെന്ന തോന്നൽ കാരണം നമ്മൾ ഒരിക്കലും യഹോവയോടു പ്രാർഥിക്കാൻ മടിക്കേണ്ടതില്ല. അതു മനസ്സിലാക്കാൻ ഒരു വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ചിന്തിക്കാം. സഹായം വേണ്ടിവരുമ്പോൾ വിമാനത്താവളത്തിലെ ട്രാഫിക് കൺട്രോൾ റൂമിലുള്ളവരുമായി സംസാരിക്കാൻ കഴിയുമെന്ന് അദ്ദേഹത്തിന് അറിയാം. തനിക്ക് എന്തെങ്കിലും തെറ്റുപറ്റുകയോ എന്താണു ചെയ്യേണ്ടതെന്ന് അറിയാത്ത ഒരു സാഹചര്യം വരുകയോ ചെയ്യുമ്പോൾ, നാണക്കേടു കാരണം അദ്ദേഹം അവരുടെ സഹായം ചോദിക്കാതിരിക്കുമോ? ഒരിക്കലുമില്ല. അതുപോലെ നമുക്കും എന്തെങ്കിലും തെറ്റുപറ്റുകയോ എന്താണു ചെയ്യേണ്ടതെന്ന് അറിയാതെ വരുകയോ ചെയ്യുമ്പോൾ യഹോവയോടു പ്രാർഥിക്കാൻ ഒരു മടിയും വിചാരിക്കേണ്ടതില്ല.—സങ്കീ. 119:25, 176.
ഉള്ളുതുറന്ന് പ്രാർഥിക്കാൻ നമ്മളെ എന്തു സഹായിക്കും
6-7. യഹോവയുടെ ഗുണങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ഉള്ളുതുറന്ന് പ്രാർഥിക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെ? ഒരു ഉദാഹരണം പറയുക. (അടിക്കുറിപ്പും കാണുക.)
6 നമ്മൾ യഹോവയോടു തുറന്ന് സംസാരിക്കുമ്പോൾ, മനസ്സിലെ ചിന്തകളും വികാരങ്ങളും തുറന്ന് പ്രകടിപ്പിക്കുമ്പോൾ, യഹോവയോടു നമ്മൾ കൂടുതൽ അടുക്കും. അങ്ങനെയെങ്കിൽ ഉള്ളിന്റെയുള്ളിൽനിന്ന് പ്രാർഥിക്കാൻ നമ്മളെ എന്തു സഹായിക്കും?
7 യഹോവയുടെ ഗുണങ്ങളെക്കുറിച്ച് ചിന്തിക്കുക.a യഹോവയുടെ ഗുണങ്ങളെക്കുറിച്ച് എത്രയധികം ചിന്തിക്കുന്നോ അത്രയധികം നമ്മുടെ ഉള്ളിലെ ചിന്തകൾ യഹോവയോടു തുറന്നുപറയാൻ എളുപ്പമായിരിക്കും. (സങ്കീ. 145:8, 9, 18) ക്രിസ്റ്റീൻ സഹോദരിയുടെ അനുഭവം നോക്കാം. സഹോദരിയുടെ അപ്പൻ ക്രൂരനായ ഒരാളായിരുന്നു. സഹോദരി പറയുന്നു: “അതുകൊണ്ടുതന്നെ ഒരു അപ്പനെപ്പോലെ കണ്ട് യഹോവയോടു തുറന്ന് സംസാരിക്കാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. എന്റെ അപൂർണതകൾ കാരണം യഹോവ എന്നെ ഉപേക്ഷിക്കുമെന്ന് എനിക്കു തോന്നി.” യഹോവയുടെ ഏതു ഗുണത്തെക്കുറിച്ച് ചിന്തിച്ചതാണ് സഹോദരിയെ സഹായിച്ചത്? ക്രിസ്റ്റീൻ തുടരുന്നു: “യഹോവയുടെ അചഞ്ചലസ്നേഹത്തെക്കുറിച്ച് ചിന്തിച്ചത് എന്നെ യഹോവ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുതന്നു. യഹോവ എന്റെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ട്. ഞാൻ വീണാലും എന്നെ പിടിച്ച് എഴുന്നേൽപ്പിക്കും. ഈ ഉറപ്പ് എന്റെ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും യഹോവയോടു തുറന്നുപറയാൻ എന്നെ പ്രേരിപ്പിക്കുന്നു.”
8-9. പ്രാർഥിക്കുന്നതിനു മുമ്പുതന്നെ എന്തൊക്കെ പറയണം എന്നു ചിന്തിക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാമാണ്? ഒരു ഉദാഹരണം പറയുക.
8 എന്തു പറയണം എന്നു ചിന്തിക്കുക. പ്രാർഥിക്കുന്നതിനു മുമ്പ് നിങ്ങൾക്കു ചില ചോദ്യങ്ങൾ സ്വയം ചോദിക്കാനാകും. ഉദാഹരണത്തിന്: ‘ഇപ്പോൾ ഞാൻ നേരിടുന്ന ചില പ്രശ്നങ്ങൾ എന്തൊക്കെയാണ്? ഞാൻ ക്ഷമിക്കേണ്ട ആരെങ്കിലുമുണ്ടോ? യഹോവയുടെ സഹായം ആവശ്യമായ എന്തെങ്കിലും പുതിയ മാറ്റം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ?’ (2 രാജാ. 19:15-19) ഇനി, യേശു പ്രാർഥിക്കാൻ പഠിപ്പിച്ച കാര്യങ്ങളെക്കുറിച്ചും ഓർക്കണം. യഹോവയുടെ പേര്, ദൈവരാജ്യം, ദൈവത്തിന്റെ ഇഷ്ടം എന്നിവയെക്കുറിച്ച് എന്തു പ്രാർഥിക്കാമെന്നു മുന്നമേ ചിന്തിക്കുക.—മത്താ. 6:9, 10.
9 അലിസ്ക സഹോദരിയുടെ ഭർത്താവിനു തലച്ചോറിൽ ക്യാൻസർ ആണെന്നു കണ്ടെത്തി. അദ്ദേഹം അധികം നാൾ ജീവിച്ചിരിക്കില്ലെന്നു ഡോക്ടർമാർ പറഞ്ഞു. ആ സമയത്ത് സഹോദരിക്കു പ്രാർഥിക്കാൻ വളരെ ബുദ്ധിമുട്ട് തോന്നി. സഹോദരി ഓർക്കുന്നു: “പ്രാർഥിക്കാൻ തുടങ്ങിക്കഴിയുമ്പോൾ എന്തു പറയണമെന്നു ചിന്തിക്കാൻപോലും എനിക്കു പറ്റുന്നില്ലായിരുന്നു.” തന്നെ എന്താണു സഹായിച്ചതെന്നു അലിസ്ക തുടർന്ന് പറയുന്നു: “പ്രാർഥിക്കുന്നതിനു മുമ്പ്, എന്തൊക്കെയാണു പറയേണ്ടതെന്നു ഞാൻ കുറച്ച് സമയമെടുത്ത് ചിന്തിക്കും. അങ്ങനെ ചെയ്യുന്നതു പ്രാർഥനയിൽ എന്നെക്കുറിച്ചും ഭർത്താവിന്റെ അസുഖത്തെക്കുറിച്ചും മാത്രം പറയുന്നത് ഒഴിവാക്കാൻ എന്നെ സഹായിക്കുന്നു. അതുപോലെ എന്റെ മനസ്സ് ശാന്തമാക്കാനും യഹോവയോടു വ്യത്യസ്ത കാര്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാനും എനിക്ക് ഇപ്പോൾ കഴിയുന്നു.”
10. സമയമെടുത്ത് പ്രാർഥിക്കാൻ ശ്രമിക്കേണ്ടത് എന്തുകൊണ്ട്? (ചിത്രങ്ങളും കാണുക.)
10 സമയമെടുത്ത് പ്രാർഥിക്കുക. ചെറിയ പ്രാർഥനകളും നമ്മളെ യഹോവയോട് അടുപ്പിക്കുമെങ്കിലും സമയമെടുത്ത് പ്രാർഥിക്കുമ്പോൾb ഉള്ളിലെ ചിന്തകളും വികാരങ്ങളും നമ്മൾ തുറന്നുപറയാനുള്ള സാധ്യത കൂടുതലാണ്. അലിസ്കയുടെ ഭർത്താവായ എലൈജ പറയുന്നു: “ഒരു ദിവസത്തിൽ പല തവണ പ്രാർഥിക്കാൻ ഞാൻ ശ്രമിക്കും. സമയമെടുത്ത് പ്രാർഥിക്കുന്നത് എന്നെ യഹോവയോടു കൂടുതൽ അടുപ്പിക്കുന്നു. നമ്മുടെ പ്രാർഥന എങ്ങനെയെങ്കിലും ഒന്നു തീർന്നുകിട്ടാൻ യഹോവ നോക്കിയിരിക്കുകയല്ല. അതുകൊണ്ടുതന്നെ എനിക്ക് എത്ര സമയം വേണമെങ്കിലും എടുക്കാം.” ഇതൊന്നു പരീക്ഷിച്ചുനോക്കൂ: പ്രാർഥിക്കുന്നതിനായി, നിങ്ങളുടെ ശ്രദ്ധ കളയുന്ന ഒന്നുമില്ലാത്ത ഒരു സ്ഥലവും സമയവും കണ്ടെത്തുക. ചിലപ്പോൾ നിങ്ങൾക്ക് ഉച്ചത്തിൽ പ്രാർഥിക്കാനായേക്കും. സമയമെടുത്തു പ്രാർഥിക്കുന്നത് ഒരു ശീലമാക്കുക.
കുറച്ചധികം സമയം സ്വസ്ഥമായി പ്രാർഥിക്കാൻ പറ്റുന്ന ഒരു സ്ഥലവും സമയവും കണ്ടുപിടിക്കുക (10-ാം ഖണ്ഡിക കാണുക)
ബൈബിളിലെ ഹൃദയസ്പർശിയായ പ്രാർഥനകളെക്കുറിച്ച് ചിന്തിക്കുക
11. ബൈബിളിലുള്ള പ്രാർഥനകളെക്കുറിച്ച് ചിന്തിക്കുന്നതു നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും? (“നിങ്ങൾക്കും അവരെപ്പോലെ തോന്നുന്നുണ്ടോ?” എന്ന ചതുരവും കാണുക.)
11 ബൈബിളിലെ ഹൃദയസ്പർശിയായ പ്രാർഥനകളെക്കുറിച്ചും യഹോവയെ സ്തുതിക്കുന്ന ഗീതങ്ങളെക്കുറിച്ചും ചിന്തിക്കുന്നതു പ്രയോജനം ചെയ്തേക്കാം. ദൈവദാസന്മാർ അവരുടെ ഉള്ളിലെ ചിന്തകൾ യഹോവയോടു തുറന്ന് പറഞ്ഞതിനെക്കുറിച്ച് ആലോചിക്കുമ്പോൾ പ്രാർഥനയിൽ ഹൃദയം തുറക്കാൻ അതു നിങ്ങളെയും പ്രേരിപ്പിക്കും. അതുപോലെ പ്രാർഥനയിൽ ഉപയോഗിക്കാൻ കഴിയുന്ന നല്ല പദപ്രയോഗങ്ങൾ നിങ്ങൾക്ക് അതിൽ കാണാനായേക്കും. ഇനി നിങ്ങളുടെ അതേ സാഹചര്യങ്ങളിലൂടെ കടന്നുപോയവരുടെ പ്രാർഥനകളും ബൈബിളിൽ ചിലപ്പോൾ കണ്ടെത്താനാകും.
12. ബൈബിളിലെ ഒരു പ്രാർഥനയെക്കുറിച്ച് ചിന്തിക്കുന്ന സമയത്ത് ഏതൊക്കെ ചോദ്യങ്ങൾ നമുക്കു സ്വയം ചോദിക്കാം?
12 ബൈബിളിൽ എഴുതിയിരിക്കുന്ന പ്രാർഥനകളെക്കുറിച്ച് ചിന്തിക്കുമ്പോൾ സ്വയം ചോദിക്കുക: ‘ആരാണ് ഈ വാക്കുകൾ പറഞ്ഞത്? എന്തായിരുന്നു സാഹചര്യം? ഈ പ്രാർഥനയിൽ കാണുന്ന അതേ ചിന്തകൾ എനിക്കും തോന്നിയിട്ടുണ്ടോ? ഇതിൽനിന്ന് എന്തൊക്കെ പാഠങ്ങൾ എനിക്കു പഠിക്കാം?’ ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ നിങ്ങൾക്കു കൂടുതലായി ഗവേഷണം ചെയ്യേണ്ടിവന്നേക്കാം. എന്നാൽ അതൊരിക്കലും ഒരു നഷ്ടമല്ല. എങ്കിൽ, ബൈബിളിലെ നാലു പ്രാർഥനകളെക്കുറിച്ച് ഇപ്പോൾ നോക്കാം.
13. ഹന്നയിൽനിന്ന് പ്രാർഥനയെക്കുറിച്ച് നമുക്കു പഠിക്കാനാകുന്ന ഒരു പാഠം എന്താണ്? (1 ശമുവേൽ 1:10, 11) (ചിത്രവും കാണുക.)
13 1 ശമുവേൽ 1:10, 11 വായിക്കുക. ഹന്ന ഇങ്ങനെ പ്രാർഥിച്ച സമയത്ത് അവൾക്കു രണ്ടു വലിയ പ്രശ്നങ്ങളുണ്ടായിരുന്നു. ഒന്ന്, ഹന്നയ്ക്കു കുട്ടികൾ ഉണ്ടായിരുന്നില്ല. അതോടൊപ്പം ഭർത്താവിന്റെ മറ്റേ ഭാര്യ ഹന്നയെ മാനസികമായി വല്ലാതെ വിഷമിപ്പിക്കുകയും ചെയ്തിരുന്നു. (1 ശമു. 1:4-7) നിങ്ങൾക്കും ഇതുപോലെ നീണ്ടുനിൽക്കുന്ന ഒരു പ്രശ്നമുണ്ടെങ്കിൽ ഹന്നയുടെ പ്രാർഥനയിൽനിന്ന് എന്തു പഠിക്കാനാകും? ഹന്ന സമയമെടുത്ത്, തന്റെ ഹൃദയത്തിലുള്ളതെല്ലാം യഹോവയോടു തുറന്നുപറഞ്ഞുകൊണ്ട് ആശ്വാസം കണ്ടെത്തി. (1 ശമു. 1:12, 18) അതുപോലെ നമുക്കും ഓരോ ബുദ്ധിമുട്ടുകളും നമ്മളെ എങ്ങനെയാണു ബാധിക്കുന്നതെന്ന് എടുത്തുപറഞ്ഞുകൊണ്ട് യഹോവയോടു പ്രാർഥിക്കാം. അങ്ങനെ ‘നമ്മുടെ ഭാരം യഹോവയുടെ മേൽ ഇടുമ്പോൾ’ നമുക്കും ആശ്വാസം കണ്ടെത്താനാകും.—സങ്കീ. 55:22.
കുട്ടികളില്ലാത്തതിന്റെ വിഷമവും ഭർത്താവിന്റെ മറ്റേ ഭാര്യയിൽനിന്നുള്ള നിരന്തരമായ പരിഹാസവും നേരിട്ട ഹന്ന തന്റെ ഹൃദയത്തിലെ ഭാരം മുഴുവൻ യഹോവയുടെ മേൽ ഇട്ടു (13-ാം ഖണ്ഡിക കാണുക)
14. (എ) ഹന്നയുടെ മാതൃകയിൽനിന്ന് നമുക്കു വേറെ എന്താണു പഠിക്കാനാകുന്നത്? (ബി) തിരുവെഴുത്തുകളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കുന്നതു നമ്മുടെ പ്രാർഥന മെച്ചപ്പെടുത്താൻ സഹായിക്കുന്നത് എങ്ങനെ? (അടിക്കുറിപ്പ് കാണുക.)
14 ശമുവേൽ എന്ന മകൻ ജനിച്ച് ഏതാനും വർഷങ്ങൾ കഴിഞ്ഞ് ഹന്ന അവനെ മഹാപുരോഹിതനായ ഏലിയുടെ അടുത്ത് കൊണ്ടുചെന്നു. (1 ശമു. 1:24-28) അവിടെവെച്ച് ഹന്ന ഹൃദയസ്പർശിയായ ഒരു പ്രാർഥന നടത്തി. തന്റെ വിശ്വസ്തദാസരെ യഹോവ സംരക്ഷിക്കുമെന്നും അവർക്കായി കരുതുമെന്നും ഉള്ള ഹന്നയുടെ ബോധ്യം ആ വാക്കുകളിൽ വ്യക്തമാണ്.c (1 ശമു. 2:1, 8, 9) അവൾക്ക് അപ്പോഴും വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം. എങ്കിലും യഹോവ എങ്ങനെയാണ് തന്നെ അനുഗ്രഹിച്ചിരിക്കുന്നത് എന്നതിലാണ് ഹന്ന ശ്രദ്ധവെച്ചത്. ഇതിൽനിന്ന് നമുക്ക് എന്തു പഠിക്കാം? നമ്മൾ ഇപ്പോൾ ഒരു പ്രശ്നത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിൽ ഇതുവരെ യഹോവ എങ്ങനെയാണ് നമ്മളെ സഹായിച്ചിരിക്കുന്നത് എന്നതിൽ ശ്രദ്ധിക്കുക. അതു തുടർന്നും സഹിച്ചുനിൽക്കാൻ സഹായിക്കും.
15. അനീതി നേരിടുമ്പോൾ യിരെമ്യ പ്രവാചകന്റെ പ്രാർഥനയിൽനിന്ന് എന്തു പഠിക്കാം? (യിരെമ്യ 12:1)
15 യിരെമ്യ 12:1 വായിക്കുക. ഒരു സമയത്ത് പ്രവാചകനായ യിരെമ്യക്ക്, ദുഷ്ടന്മാർ വിജയിക്കുന്നതു കണ്ടപ്പോൾ വല്ലാത്ത ബുദ്ധിമുട്ട് തോന്നി. സഹ ഇസ്രായേല്യർ തന്നോടു മോശമായി പെരുമാറിയതും അദ്ദേഹത്തെ വിഷമിപ്പിച്ചു. (യിരെ. 20:7, 8) സത്യസന്ധരല്ലാത്തവർ സുഖമായി ജീവിക്കുന്നതു കാണുമ്പോഴോ മറ്റുള്ളവരുടെ കളിയാക്കലുകൾ നേരിടേണ്ടി വരുമ്പോഴോ നമുക്കും യിരെമ്യയെപ്പോലെ ബുദ്ധിമുട്ട് തോന്നിയേക്കാം. യിരെമ്യ തന്റെ വിഷമങ്ങളെല്ലാം യഹോവയോടു പറഞ്ഞെങ്കിലും ദൈവത്തിന്റെ നീതിയെ ഒരിക്കലും ചോദ്യം ചെയ്തില്ല. യഹോവ മത്സരികളായ തന്റെ ജനത്തെ ശിക്ഷിക്കുന്നതു കണ്ടപ്പോൾ യഹോവയുടെ നീതിയിലുള്ള യിരെമ്യയുടെ വിശ്വാസം ഉറപ്പായും കൂടിക്കാണും. (യിരെ. 32:19) നമുക്കും അനീതി കാണുമ്പോഴുണ്ടാകുന്ന വിഷമങ്ങളും അസ്വസ്ഥതകളും യഹോവയോടു തുറന്ന് പറയാനാകും. അതേസമയം നമ്മൾ നേരിടുന്ന അനീതിയെല്ലാം യഹോവ തന്റെ സമയത്ത് നീക്കും എന്ന ബോധ്യവും നമുക്കുണ്ടായിരിക്കാം.
16. സാഹചര്യങ്ങൾ കാരണം അധികമൊന്നും ചെയ്യാൻ പറ്റുന്നില്ലെങ്കിൽ പ്രവാസിയായ ഒരു ലേവ്യന്റെ പ്രാർഥനയിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (സങ്കീർത്തനം 42:1-4) (ചിത്രങ്ങളും കാണുക.)
16 സങ്കീർത്തനം 42:1-4 വായിക്കുക. പ്രവാസിയായ ഒരു ലേവ്യൻ എഴുതിയ പാട്ടാണ് ഇത്. സഹ ഇസ്രായേല്യരോടൊപ്പം ആലയത്തിൽ പോയി യഹോവയെ ആരാധിക്കാൻ കഴിയാത്തതിൽ അദ്ദേഹത്തിനുള്ള വിഷമം ഈ സങ്കീർത്തനത്തിൽ വളരെ വ്യക്തമാണ്. നമ്മൾ വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലോ വിശ്വാസത്തിന്റെ പേരിൽ ജയിലിലോ ആണെങ്കിൽ നമുക്കും ആ ലേവ്യന്റെ സാഹചര്യം നന്നായി മനസ്സിലാകും. ആ സമയത്ത് നമ്മുടെ ഉള്ളിൽ പല വികാരങ്ങൾ മാറിമാറി വന്നേക്കാം. എങ്കിലും നമുക്കു പ്രാർഥനയിൽ അതെല്ലാം യഹോവയോടു പറയാനാകും. അങ്ങനെ ചെയ്യുന്നതു നമ്മുടെ വികാരങ്ങൾ നമുക്കുതന്നെ മനസ്സിലാക്കാനും നമ്മുടെ സാഹചര്യത്തെ വേറൊരു രീതിയിൽ കാണാനും സഹായിക്കും. ഉദാഹരണത്തിന്, മാറിയ സാഹചര്യത്തിലും യഹോവയെ സ്തുതിക്കാനുള്ള അവസരങ്ങൾ തനിക്കുണ്ടെന്നു തിരിച്ചറിയാൻ പ്രാർഥന ആ ലേവ്യനെ സഹായിച്ചു. (സങ്കീ. 42:5) അതുപോലെ യഹോവ തനിക്കുവേണ്ടി കരുതുന്ന വിധങ്ങളെക്കുറിച്ച് ചിന്തിക്കാനും അദ്ദേഹത്തിനായി. (സങ്കീ. 42:8) ആത്മാർഥമായ പ്രാർഥന നമ്മളെയും സഹായിക്കും. നമ്മുടെ ചിന്തകളും വികാരങ്ങളും മനസ്സിലാക്കാനും ശാന്തത വീണ്ടെടുക്കാനും സഹിച്ചുനിൽക്കാനുള്ള ശക്തി നേടാനും അതിലൂടെ നമുക്കു കഴിയും.
42-ാം സങ്കീർത്തനം എഴുതിയ ലേവ്യൻ തന്റെ ഹൃദയം ദൈവത്തിന്റെ മുമ്പാകെ പകർന്നു; നമ്മുടെ ഉള്ളിലെ വികാരങ്ങൾ എല്ലാം യഹോവയോടു പറയുമ്പോൾ നമ്മുടെ സാഹചര്യത്തെ വേറൊരു രീതിയിൽ കാണാൻ നമുക്കു കഴിഞ്ഞേക്കും (16-ാം ഖണ്ഡിക കാണുക)
17. (എ) യോന പ്രവാചകന്റെ പ്രാർഥനയിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (യോന 2:1, 2) (ബി) ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ സങ്കീർത്തനങ്ങളിലെ ചില പദപ്രയോഗങ്ങൾ നമ്മളെ എങ്ങനെ സഹായിച്ചേക്കാം? (അടിക്കുറിപ്പ് കാണുക.)
17 യോന 2:1, 2 വായിക്കുക. വലിയൊരു മീനിന്റെ വയറ്റിലായിരുന്നപ്പോൾ പ്രവാചകനായ യോന നടത്തിയ പ്രാർഥനയാണ് ഇത്. യഹോവയോട് അനുസരണക്കേടു കാണിച്ചെങ്കിലും ദൈവം തന്റെ ശബ്ദം കേൾക്കുമെന്നു യോനയ്ക്ക് ഉറപ്പായിരുന്നു. സങ്കീർത്തനങ്ങളിൽ കാണുന്ന പല പദപ്രയോഗങ്ങളും യോന തന്റെ പ്രാർഥനയിൽ ഉപയോഗിച്ചു.d ആ ഭാഗങ്ങൾ അദ്ദേഹത്തിനു നന്നായി അറിയാമായിരുന്നിരിക്കണം. ആ സങ്കീർത്തനങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോൾ യഹോവ തന്നെ സഹായിക്കുമെന്ന ഉറപ്പ് യോനയ്ക്കു കിട്ടി. ഇതുപോലെ നമുക്കും ചില ബൈബിൾവാക്യങ്ങൾ മനഃപാഠമാക്കാൻ ശ്രമിക്കാം. അങ്ങനെ ചെയ്യുന്നെങ്കിൽ ബുദ്ധിമുട്ടുള്ള സമയങ്ങളിൽ യഹോവയോടു പ്രാർഥിക്കുമ്പോൾ ഈ വാക്യങ്ങൾ മനസ്സിലേക്കു വരുകയും അതു നമ്മളെ ആശ്വസിപ്പിക്കുകയും ചെയ്തേക്കാം.
പ്രാർഥനയിലൂടെ യഹോവയോടു തുടർന്നും അടുക്കാം
18-19. പ്രാർഥിക്കുന്ന സമയത്ത് വികാരങ്ങൾ വാക്കുകളാക്കാൻ ബുദ്ധിമുട്ടുമ്പോൾ റോമർ 8:26, 27 നമ്മളെ ആശ്വസിപ്പിക്കുന്നത് എങ്ങനെ? ഒരു ഉദാഹരണം പറയുക.
18 റോമർ 8:26, 27 വായിക്കുക. ഉത്കണ്ഠ കാരണം, നമ്മുടെ വികാരങ്ങൾ വാക്കുകളാക്കി മാറ്റാൻ നമുക്കു ബുദ്ധിമുട്ട് തോന്നിയേക്കാം. പക്ഷേ നമുക്കു സഹായമുണ്ട്. അത്തരം സമയങ്ങളിൽ ദൈവാത്മാവ് നമുക്കുവേണ്ടി ‘അപേക്ഷിക്കും.’ എങ്ങനെ? ബൈബിളിൽ ധാരാളം പ്രാർഥനകൾ രേഖപ്പെടുത്താൻ യഹോവ തന്റെ ആത്മാവിലൂടെ ബൈബിളെഴുത്തുകാരെ പ്രചോദിപ്പിച്ചു. നമ്മുടെ ചിന്തകൾ യഹോവയോടു വ്യക്തമായി പറയാൻ പറ്റാതെ വരുമ്പോൾ ഈ പ്രാർഥനകളിലെ പദപ്രയോഗങ്ങൾ നമ്മുടെ അപേക്ഷകളായി യഹോവ കണക്കാക്കുകയും അതിന് ഉത്തരം തരുകയും ചെയ്തേക്കാം.
19 ഈ ആശയം റഷ്യയിലെ ഒരു സഹോദരിയായ യെലേനയെ സഹായിച്ചു. ബൈബിൾ വായിക്കുകയും പ്രാർഥിക്കുകയും ചെയ്തതിനു സഹോദരിയെ അറസ്റ്റ് ചെയ്തു. ആ സമയത്ത്, വല്ലാത്ത ടെൻഷൻ കാരണം സഹോദരിക്കു പ്രാർഥിക്കാൻപോലും പറ്റുന്നില്ലായിരുന്നു. സഹോദരി പറയുന്നു: “ഉത്കണ്ഠ കാരണം എന്തു പ്രാർഥിക്കണമെന്ന് അറിയാതിരുന്നപ്പോൾ, ബൈബിളിലെ മുൻകാല ദൈവദാസരുടെ പ്രാർഥനകൾ യഹോവ . . . എന്റെ അപേക്ഷകളായി കണക്കാക്കുമല്ലോ എന്നു ഞാൻ ഓർത്തു. . . . ഇതു പ്രയാസം നിറഞ്ഞ ആ സമയത്ത് എനിക്കു വലിയ ആശ്വാസം തന്നു.”
20. ഉത്കണ്ഠയുള്ളപ്പോൾ പ്രാർഥിക്കാനായി മനസ്സിനെ ഒരുക്കാൻ നമുക്ക് എന്തു ചെയ്യാനാകും?
20 ടെൻഷൻ ഉണ്ടെങ്കിൽ പ്രാർഥനയുടെ സമയത്ത് ശ്രദ്ധ കിട്ടാൻ ബുദ്ധിമുട്ടായിരുന്നേക്കാം. അതുകൊണ്ട്, നിങ്ങളുടെ ഹൃദയത്തെ ഒരുക്കാൻ സങ്കീർത്തനങ്ങളുടെ ഓഡിയോ റെക്കോർഡിങ്ങുകൾ കേൾക്കുന്നതു നല്ലതാണ്. ഇനി ദാവീദ് രാജാവ് ചെയ്തതുപോലെ നിങ്ങളുടെ വികാരങ്ങൾ ഒന്ന് എഴുതി നോക്കാനാകും. (സങ്കീ. 18, 34, 142; മേലെഴുത്തുകൾ.) പ്രാർഥനയുടെ സമയത്ത് ഹൃദയത്തെ ഒരുക്കാൻ ഇതൊക്കെത്തന്നെ ചെയ്യണമെന്നു നിയമമൊന്നുമില്ല. (സങ്കീ. 141:2) നിങ്ങളുടെ കാര്യത്തിൽ ഏതാണോ ഏറ്റവും നല്ലത് അതു ചെയ്തുനോക്കുക.
21. മുഴുഹൃദയത്തോടെ നമുക്കു പ്രാർഥിക്കാനാകുന്നത് എന്തുകൊണ്ട്?
21 നമ്മൾ എന്തെങ്കിലും പറയുന്നതിനു മുമ്പുതന്നെ യഹോവ നമ്മുടെ വികാരങ്ങൾ മനസ്സിലാക്കുന്നു എന്ന് അറിയുന്നതു നമ്മളെ ആശ്വസിപ്പിക്കുന്നു. (സങ്കീ. 139:4) എങ്കിലും നമ്മുടെ വിശ്വാസം വാക്കുകളിലൂടെ പ്രകടമാക്കുന്നതു കേൾക്കാൻ യഹോവ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് സ്വർഗീയ പിതാവിനോടു പ്രാർഥിക്കാൻ ഒട്ടും മടിക്കരുത്. ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രാർഥനകളിൽനിന്ന് പഠിക്കുക. മുഴുഹൃദയത്തോടെ പ്രാർഥിക്കുക. നിങ്ങളുടെ എല്ലാ സന്തോഷവും സങ്കടവും യഹോവയോടു പറയുക. ഒരു വിശ്വസ്തസുഹൃത്തായി യഹോവ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകും!
ഗീതം 45 എന്റെ ഹൃദയത്തിൻ ധ്യാനം
a ക്രിസ്തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ എന്ന പുസ്തകത്തിലെ “യഹോവ” എന്ന തലക്കെട്ടിനു കീഴിൽ കൊടുത്തിരിക്കുന്ന “യഹോവയുടെ ചില പ്രമുഖ ഗുണങ്ങൾ” കാണുക.
b സഭയിൽ പരസ്യമായി നടത്തുന്ന പ്രാർഥനകൾ പൊതുവേ അധികം നീണ്ടതായിരിക്കില്ല.
c ഹന്ന തന്റെ പ്രാർഥനയിൽ മോശ എഴുതിയതിനോടു സമാനമായ പല പദപ്രയോഗങ്ങളും ഉപയോഗിച്ചിരിക്കുന്നതായി കാണാം. തിരുവെഴുത്തുകളെക്കുറിച്ച് ചിന്തിക്കാൻ ഹന്ന സമയമെടുത്തിരുന്നു എന്നു വ്യക്തമാണ്. (ആവ. 4:35; 8:18; 32:4, 39; 1 ശമു. 2:2, 6, 7) നൂറ്റാണ്ടുകൾ കഴിഞ്ഞ് യേശുവിന്റെ അമ്മയായ മറിയ, ഹന്ന പറഞ്ഞതിനോടു സമാനമായ സ്തുതിവാക്കുകൾ തന്റെ പ്രാർഥനയിൽ ഉപയോഗിച്ചു.—ലൂക്കോ. 1:46-55.