പഠനലേഖനം 43
ഗീതം 41 എന്റെ പ്രാർഥന കേൾക്കേണമേ
മറ്റുള്ളവർക്കായി പ്രാർഥിക്കാൻ മറക്കരുത്
“ഒരാൾക്കുവേണ്ടി മറ്റൊരാൾ പ്രാർഥിക്കുക. . . . നീതിമാന്റെ ഉള്ളുരുകിയുള്ള പ്രാർഥനയ്ക്കു വലിയ ശക്തിയുണ്ട്.” —യാക്കോ. 5:16.
ഉദ്ദേശ്യം
മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കേണ്ടത് എന്തുകൊണ്ടാണെന്നും അത് എങ്ങനെ ചെയ്യാമെന്നും നോക്കും.
1. നമ്മുടെ പ്രാർഥനകൾ യഹോവ വിലപ്പെട്ടതായി കാണുന്നു എന്ന് എങ്ങനെ അറിയാം?
പ്രാർഥന അത്ഭുതകരമായ ഒരു സമ്മാനമാണ്. ഇതെക്കുറിച്ചൊന്ന് ചിന്തിക്കൂ: യഹോവ ദൂതന്മാർക്ക് പല ചുമതലകളും കൊടുത്തിട്ടുണ്ട്. (സങ്കീ. 91:11) ഗൗരവമുള്ള പല ഉത്തരവാദിത്വങ്ങൾ തന്റെ മകനെയും ഏൽപ്പിച്ചിട്ടുണ്ട്. (മത്താ. 28:18) എന്നാൽ പ്രാർഥനയുടെ കാര്യമോ? അത് കേൾക്കാൻ യഹോവ ആരെയെങ്കിലും നിയമിച്ചിട്ടുണ്ടോ? ഇല്ല. അത് യഹോവ തനിക്കായി മാത്രം മാറ്റിവെച്ചിരിക്കുന്ന ഒരു കാര്യമാണ്. നമ്മുടെ ഓരോരുത്തരുടെയും അപേക്ഷകൾ, ‘പ്രാർഥന കേൾക്കുന്നവനായ’ യഹോവതന്നെയാണ് ശ്രദ്ധിക്കുന്നത്.—സങ്കീ. 65:2.
2. മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്ന കാര്യത്തിൽ അപ്പോസ്തലനായ പൗലോസ് എന്ത് മാതൃകയാണ് വെച്ചത്?
2 നമ്മുടെ സ്വന്തം പ്രശ്നങ്ങളെക്കുറിച്ച് യഹോവയോട് പറയുന്നതോടൊപ്പം മറ്റുള്ളവർക്കുവേണ്ടിയും നമ്മൾ പ്രാർഥിക്കണം. അപ്പോസ്തലനായ പൗലോസ് അങ്ങനെ ചെയ്തു. ഉദാഹരണത്തിന്, എഫെസൊസിലെ സഭയ്ക്ക് അദ്ദേഹം ഇങ്ങനെ എഴുതി: ‘നിങ്ങൾക്കുവേണ്ടി ഞാൻ പ്രാർഥിക്കുന്നു.’ (എഫെ. 1:17) പൗലോസ് വ്യക്തികൾക്കുവേണ്ടിയും പ്രാർഥിച്ചു. ഉദാഹരണത്തിന്, അദ്ദേഹം തിമൊഥെയൊസിനോടു പറഞ്ഞു: “രാവും പകലും ഞാൻ ഉള്ളുരുകി പ്രാർഥിക്കുമ്പോൾ ഇടവിടാതെ നിന്നെ ഓർക്കാറുണ്ട്.” (2 തിമൊ. 1:3) പൗലോസിന് പ്രാർഥിക്കാൻ തന്റേതായ ഉത്കണ്ഠകൾ ഉണ്ടായിരുന്നു. (2 കൊരി. 11:23; 12:7, 8) എങ്കിലും മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കാൻ അദ്ദേഹം സമയം കണ്ടെത്തി.
3. മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കാൻ നമ്മൾ മറന്നുപോയേക്കാവുന്നത് എന്തുകൊണ്ട്?
3 മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കാൻ നമ്മൾ ചിലപ്പോൾ മറന്നുപോയേക്കാം. എന്തുകൊണ്ട്? അതിന്റെ ഒരു കാരണത്തെക്കുറിച്ച് സബ്രീനa സഹോദരി ഇങ്ങനെ പറയുന്നു: “ഇന്നത്തെ ജീവിതം വളരെ തിരക്കുള്ളതാണ്. നമ്മുടെ സ്വന്തം പ്രശ്നങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ചുപോകുന്നതുകൊണ്ട് നമ്മുടെ പ്രാർഥന അതെക്കുറിച്ച് മാത്രമായി പോയേക്കാം.” നിങ്ങൾക്ക് അങ്ങനെ സംഭവിക്കാറുണ്ടോ? ഉണ്ടെങ്കിൽ ഈ ലേഖനം നിങ്ങളെ സഹായിക്കും. (1) മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കേണ്ടത് എന്തുകൊണ്ടാണെന്നും (2) അത് എങ്ങനെ ചെയ്യാമെന്നും ഈ ലേഖനത്തിൽ നമ്മൾ പഠിക്കും.
മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
4-5. മറ്റുള്ളവർക്കുവേണ്ടിയുള്ള “പ്രാർഥനയ്ക്കു വലിയ ശക്തിയുണ്ട്” എന്ന് പറയുന്നത് എന്തുകൊണ്ട്? (യാക്കോബ് 5:16)
4 മറ്റുള്ളവർക്കുവേണ്ടിയുള്ള “പ്രാർഥനയ്ക്കു വലിയ ശക്തിയുണ്ട്.” (യാക്കോബ് 5:16 വായിക്കുക.) നമ്മൾ മറ്റുള്ളവർക്കുവേണ്ടി പ്രാർഥിച്ചതുകൊണ്ട് അവരുടെ സാഹചര്യത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകാൻ സാധ്യതയുണ്ടോ? തീർച്ചയായും. പത്രോസ് തന്നെ തള്ളിപ്പറയും എന്ന് അറിയാമായിരുന്ന യേശു അദ്ദേഹത്തോട് പറഞ്ഞു: “നിന്റെ വിശ്വാസം നഷ്ടപ്പെടാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർഥിച്ചിട്ടുണ്ട്.” (ലൂക്കോ. 22:32) പ്രാർഥനയ്ക്കു മാറ്റങ്ങൾ കൊണ്ടുവരാൻ പറ്റുമെന്ന് പൗലോസിനും അറിയാമായിരുന്നു. അദ്ദേഹം അന്യായമായി റോമിൽ തടവിലായിരുന്നപ്പോൾ ഫിലേമോന് ഇങ്ങനെ എഴുതി: “നിങ്ങളുടെ പ്രാർഥനകളുടെ ഫലമായി എന്നെ നിങ്ങൾക്കു തിരികെ കിട്ടുമെന്നാണ് എന്റെ പ്രതീക്ഷ.” (ഫിലേ. 22) അങ്ങനെതന്നെ സംഭവിച്ചു. പൗലോസ് പെട്ടെന്നുതന്നെ ജയിലിൽനിന്ന് മോചിതനാകുകയും വീണ്ടും പ്രസംഗപ്രവർത്തനം തുടങ്ങുകയും ചെയ്തു.
5 നമുക്ക് പ്രാർഥിച്ചുകൊണ്ട് യഹോവയുടെമേൽ സമ്മർദം ചെലുത്താനൊന്നും പറ്റില്ല എന്നതു ശരിയാണ്. പക്ഷേ തന്റെ ദാസരുടെ പ്രാർഥനകൾ യഹോവ ശ്രദ്ധിച്ചുകേൾക്കുകയും ചിലപ്പോൾ അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യാറുണ്ട്. ഇത് അറിയുന്നത് ഒരു സാഹചര്യത്തെക്കുറിച്ച് ആത്മാർഥമായി പ്രാർഥിക്കാനും അത് യഹോവ ഏറ്റവും നല്ല വിധത്തിൽ കൈകാര്യം ചെയ്യുമെന്ന് വിശ്വസിക്കാനും നമ്മളെ സഹായിക്കും.—സങ്കീ. 37:5; 2 കൊരി. 1:11.
6. മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്നതിന്റെ ചില പ്രയോജനങ്ങൾ എന്തൊക്കെയാണ്? (1 പത്രോസ് 3:8)
6 മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്നത് ‘മനസ്സലിവ്’ വളർത്തിയെടുക്കാൻ നമ്മളെ സഹായിക്കും. (1 പത്രോസ് 3:8 വായിക്കുക.) മനസ്സലിവുള്ള ഒരു വ്യക്തി മറ്റുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയും അവരെ സഹായിക്കാൻ ആഗ്രഹിക്കുകയും ചെയ്യും. (മർക്കോ. 1:40, 41) ഒരു മൂപ്പനായ മൈക്കിൾ പറയുന്നു: “മറ്റുള്ളവരുടെ ആവശ്യങ്ങൾക്കുവേണ്ടി പ്രാർഥിക്കുമ്പോൾ അവരുടെ ബുദ്ധിമുട്ടുകളെപ്പറ്റി കൂടുതൽ ചിന്തിക്കാൻ എനിക്കാകുന്നു. അങ്ങനെ അവരോടുള്ള എന്റെ സ്നേഹവും അടുപ്പവും കൂടുന്നു; ഒരുപക്ഷേ അവർ അത് അറിയുന്നില്ലെങ്കിൽപ്പോലും.” മറ്റൊരു പ്രയോജനത്തെക്കുറിച്ച് മൂപ്പനായ റിച്ചാർഡ് ഇങ്ങനെ പറയുന്നു: “മറ്റ് ആളുകൾക്കുവേണ്ടി നമ്മൾ പ്രാർഥിക്കുമ്പോൾ അവർക്ക് എന്തെങ്കിലും സഹായം ചെയ്തുകൊടുക്കാൻ നമുക്ക് കൂടുതൽ ആഗ്രഹം തോന്നും. അങ്ങനെ അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരം കൊടുക്കാൻ നമ്മൾ ഒരർഥത്തിൽ യഹോവയെ സഹായിക്കുകയാണ്.”
7. മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്നത് നമ്മുടെ പ്രശ്നങ്ങളെക്കുറിച്ച് ശരിയായ ഒരു വീക്ഷണം ഉണ്ടായിരിക്കാൻ സഹായിക്കുന്നത് എങ്ങനെ? (ഫിലിപ്പിയർ 2:3, 4) (ചിത്രങ്ങളും കാണുക.)
7 മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്നത് നമ്മുടെതന്നെ പ്രശ്നങ്ങളെക്കുറിച്ച് ശരിയായ ഒരു വീക്ഷണം ഉണ്ടായിരിക്കാൻ സഹായിക്കും. (ഫിലിപ്പിയർ 2:3, 4 വായിക്കുക.) സാത്താന്റെ നിയന്ത്രണത്തിലുള്ള ഈ ലോകത്ത് ജീവിക്കുമ്പോൾ നമുക്കെല്ലാം പ്രശ്നങ്ങൾ നേരിടേണ്ടിവരും. (1 യോഹ. 5:19; വെളി. 12:12) പക്ഷേ, മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്ന ഒരു ശീലമുണ്ടെങ്കിൽ “ലോകം മുഴുവനുള്ള (നമ്മുടെ) സഹോദരസമൂഹവും ഇതുപോലുള്ള കഷ്ടതകൾ അനുഭവിക്കുന്നുണ്ടെന്ന്” നമ്മൾ ഓർക്കും. (1 പത്രോ. 5:9) മുൻനിരസേവികയായ കാതറിൻ പറയുന്നു: “മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുമ്പോൾ അവർക്കും പല പ്രശ്നങ്ങളുണ്ട് എന്ന് ഓർക്കാൻ എനിക്കാകുന്നു. അത് എന്റെ പ്രശ്നങ്ങളെക്കുറിച്ചുതന്നെ ഒത്തിരി ചിന്തിക്കാതിരിക്കാൻ എന്നെ സഹായിക്കുന്നു.”
മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്നത് സ്വന്തം പ്രശ്നങ്ങളെക്കുറിച്ച് ശരിയായ ഒരു വീക്ഷണം ഉണ്ടായിരിക്കാൻ നമ്മളെ സഹായിക്കും (7-ാം ഖണ്ഡിക കാണുക)d
അവർക്കു നമ്മുടെ പ്രാർഥനകൾ വേണം
8. നമുക്ക് ആർക്കൊക്കെവേണ്ടി പ്രാർഥിക്കാം എന്നതിന് ഉദാഹരണങ്ങൾ പറയുക.
8 ആർക്കൊക്കെവേണ്ടി പ്രാർഥിക്കാം? നമുക്ക് ഒരു കൂട്ടം ആളുകളെ മനസ്സിൽക്കണ്ട് പ്രാർഥിക്കാനാകും. ഉദാഹരണത്തിന് ആരോഗ്യപ്രശ്നമുള്ളവർക്കും, കൂടെ പഠിക്കുന്നവരിൽനിന്ന് സമ്മർദവും കളിയാക്കലും നേരിടേണ്ടിവരുന്ന ചെറുപ്പക്കാർക്കും, പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും വേണ്ടി നമുക്കു പ്രാർഥിക്കാം. അതുപോലെ പല സഹോദരങ്ങളും കുടുംബത്തിൽനിന്നോ ഗവൺമെന്റിൽനിന്നോ എതിർപ്പുകൾ നേരിടുന്നു. (മത്താ. 10:18, 36; പ്രവൃ. 12:5) രാഷ്ട്രീയകലാപങ്ങൾ കാരണം ചില സഹോദരങ്ങൾക്ക് അവരുടെ വീടുകൾ വിട്ടുപോകേണ്ടി വരുന്നുണ്ട്. ഇനി മറ്റു ചിലർക്കു പ്രകൃതിവിപത്തുകളുടെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരുന്നു. ഈ സഹോദരങ്ങളെയെല്ലാം നമുക്ക് നേരിട്ട് അറിയില്ലായിരിക്കാം. എങ്കിലും ഇവർക്കുവേണ്ടി പ്രാർഥിക്കുമ്പോൾ “തമ്മിൽത്തമ്മിൽ സ്നേഹിക്കണം” എന്ന യേശുവിന്റെ കല്പന നമ്മൾ അനുസരിക്കുകയാണ്.—യോഹ. 13:34.
9. യഹോവയുടെ സംഘടനയിൽ നേതൃത്വമെടുക്കുന്നവർക്കും അവരുടെ ഭാര്യമാർക്കും വേണ്ടി നമ്മൾ പ്രാർഥിക്കേണ്ടത് എന്തുകൊണ്ട്?
9 യഹോവയുടെ സംഘടനയിൽ നേതൃത്വമെടുക്കുന്നവർക്കു വേണ്ടിയും നമുക്കു പ്രാർഥിക്കാനാകും. അവരിൽ ഭരണസംഘവും അവരുടെ സഹായികളും ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളും ബ്രാഞ്ചോഫീസുകളിലെ ഉത്തരവാദിത്വപ്പെട്ട സഹോദരങ്ങളും സർക്കിട്ട് മേൽവിചാരകന്മാരും സഭയിലെ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ഒക്കെ ഉൾപ്പെടുന്നു. സ്വന്തമായി പല പ്രശ്നങ്ങളും ഉള്ളപ്പോൾത്തന്നെയാണ് ഇവരിൽ പലരും നമ്മളെ സഹായിക്കാനായി കഠിനാധ്വാനം ചെയ്യുന്നത്. (2 കൊരി. 12:15) ഉദാഹരണത്തിന്, സർക്കിട്ട് മേൽവിചാരകനായ മാർക് പറയുന്നു: “എന്റെ പ്രായമായ മാതാപിതാക്കളിൽനിന്ന് ദൂരെ ആയിരിക്കുന്നത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. അവർക്ക് രണ്ടു പേർക്കും പല ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. അവരുടെ കാര്യങ്ങളൊക്കെ എന്റെ ചേച്ചിയും ഭർത്താവും നന്നായി നോക്കുന്നുണ്ടെങ്കിലും എനിക്ക് അധികമൊന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന ചിന്ത എന്നെ വേദനിപ്പിക്കുന്നു.” ഇത്തരത്തിൽ കഠിനാധ്വാനം ചെയ്യുന്ന സഹോദരന്മാർ നേരിടുന്ന ടെൻഷനുകൾ നമുക്ക് അറിയാമെങ്കിലും ഇല്ലെങ്കിലും അവർക്കുവേണ്ടി നമുക്കു പ്രാർഥിക്കാനാകും. (1 തെസ്സ. 5:12, 13) ഇനി, അവരുടെ ഭാര്യമാരെയും നമ്മുടെ പ്രാർഥനയിൽ ഉൾപ്പെടുത്താം. കാരണം ഭാര്യമാരുടെ പിന്തുണ ഉള്ളതുകൊണ്ടുകൂടിയാണ് ഈ സഹോദരന്മാർക്ക് അവരുടെ ഉത്തരവാദിത്വങ്ങൾ നന്നായി ചെയ്യാനാകുന്നത്.
10-11. ഒരു കൂട്ടം സഹോദരങ്ങൾക്കുവേണ്ടി പൊതുവായി പ്രാർഥിക്കുന്നത് യഹോവയെ സന്തോഷിപ്പിക്കുമോ? വിശദീകരിക്കുക.
10 നമ്മൾ മുമ്പ് കണ്ടതുപോലെ, ഒരു വലിയ കൂട്ടം സഹോദരങ്ങൾക്കായി നമ്മൾ പ്രാർഥിച്ചേക്കാം. ഉദാഹരണത്തിന്, പ്രത്യേകിച്ച് ഒരു വ്യക്തിയെ മനസ്സിൽക്കാണാതെ, ജയിലിലുള്ള സഹോദരങ്ങളെ സഹായിക്കണേ എന്നോ പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കണേ എന്നോ നമ്മൾ പ്രാർഥിച്ചേക്കാം. ഡൊണാൾഡ് എന്ന മൂപ്പൻ പറയുന്നു: “പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന അനേകം സഹോദരങ്ങൾ നമുക്കുണ്ട്. അവരെയെല്ലാം പ്രാർഥനയിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നതുകൊണ്ട് നമ്മൾ അവർക്കെല്ലാംവേണ്ടി പൊതുവായി പ്രാർഥിച്ചേക്കാം.”
11 അത്തരം പ്രാർഥനകൾ യഹോവയെ സന്തോഷിപ്പിക്കുമോ? ഉറപ്പായും. പ്രശ്നങ്ങൾ അനുഭവിക്കുന്ന എല്ലാ സഹോദരങ്ങളുടെയും ആവശ്യങ്ങൾ നമ്മൾ കൃത്യമായി അറിയണമെന്നില്ല. അതുകൊണ്ട് സഹോദരങ്ങളെ ഒരു കൂട്ടമായി മനസ്സിൽക്കണ്ട് അവർക്കുവേണ്ടി പ്രാർഥിക്കുന്നത് ഉചിതമാണ്. (യോഹ. 17:20; എഫെ. 6:18) നമ്മൾ ‘സഹോദരസമൂഹത്തെ മുഴുവൻ സ്നേഹിക്കുന്നു’ എന്നതിന്റെ തെളിവാണ് അത്.—1 പത്രോ. 2:17.
വ്യക്തികൾക്കുവേണ്ടി പ്രാർഥിക്കുമ്പോൾ
12. നന്നായി നിരീക്ഷിക്കുന്നത് വ്യക്തികൾക്കുവേണ്ടി പ്രാർഥിക്കാൻ സഹായിക്കുന്നത് എങ്ങനെ?
12 നിരീക്ഷിക്കുക. ഒരുകൂട്ടം സഹോദരങ്ങളെ മനസ്സിൽക്കണ്ട് പ്രാർഥിക്കുന്നതോടൊപ്പം വ്യക്തികളുടെ പേരെടുത്ത് പറഞ്ഞ് പ്രാർഥിക്കുകയും വേണം. നിങ്ങളുടെ സഭയിൽ ഗുരുതരമായ രോഗത്താൽ പ്രയാസപ്പെടുന്ന ആരെങ്കിലും ഉണ്ടോ? സ്കൂളിലെ സമ്മർദം കാരണം വിഷമിക്കുന്ന ചെറുപ്പക്കാരനോ ചെറുപ്പക്കാരിയോ ഉണ്ടോ? തന്റെ കുട്ടിയെ ‘യഹോവയുടെ ശിക്ഷണത്തിലും ഉപദേശത്തിലും വളർത്തിക്കൊണ്ടുവരാൻ’ ബുദ്ധിമുട്ടുന്ന ഒറ്റയ്ക്കുള്ള ഒരു മാതാവോ പിതാവോ ഉണ്ടോ? (എഫെ. 6:4) നന്നായി നിരീക്ഷിക്കുന്നെങ്കിൽ മറ്റുള്ളവരോടുള്ള നിങ്ങളുടെ സഹാനുഭൂതി കൂടും. അത് അവർക്കുവേണ്ടി പ്രാർഥിക്കാനുള്ള നിങ്ങളുടെ ആഗ്രഹം ശക്തമാക്കും.b—റോമ. 12:15.
13. നമുക്ക് നേരിട്ട് അറിയില്ലാത്തവർക്കുവേണ്ടിയും എങ്ങനെ പ്രാർഥിക്കാം?
13 മറ്റുള്ളവരുടെ പേരെടുത്ത് പറഞ്ഞ് പ്രാർഥിക്കുക. നമ്മൾ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്തവരുടെ കാര്യത്തിൽപ്പോലും അത് ചെയ്യാനാകും. ഉദാഹരണത്തിന് ക്രിമിയ, എറിട്രിയ, റഷ്യ, സിംഗപ്പൂർ എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ ജയിലിൽ കഴിയുന്ന നമ്മുടെ സഹോദരങ്ങളുടെ പേരുകൾ jw.org-ൽ കാണാൻ കഴിയും.c ബ്രയാൻ എന്ന സർക്കിട്ട് മേൽവിചാരകൻ പറയുന്നു: “ജയിലിൽ ആയിരിക്കുന്ന ഏതെങ്കിലും ഒരു സഹോദരന്റെ പേര് ഞാൻ ആദ്യം എഴുതും. എന്നിട്ട് അത് ഉച്ചത്തിൽ പറയും. എന്റെ വ്യക്തിപരമായ പ്രാർഥനയുടെ സമയത്ത് ആ പേര് ഓർത്തെടുക്കാൻ അത് എന്നെ സഹായിക്കുന്നു.”
14-15. ചില കാര്യങ്ങൾ എടുത്തുപറഞ്ഞ് പ്രാർഥിക്കാൻ നമ്മളെ എന്തു സഹായിക്കും?
14 ചില കാര്യങ്ങൾ എടുത്തുപറഞ്ഞ് അപേക്ഷിക്കുക. മുമ്പ് കണ്ട മൈക്കിൾ പറയുന്നു: “ജയിലിലുള്ള സഹോദരന്മാരെക്കുറിച്ച് jw.org-ൽ വായിക്കുമ്പോൾ ഞാൻ എന്നെത്തന്നെ അവരുടെ സ്ഥാനത്ത് കാണാൻ ശ്രമിക്കും. ഞാനായിരുന്നെങ്കിൽ എന്റെ ഭാര്യയെക്കുറിച്ച് ഓർത്ത് ടെൻഷനടിക്കുകയും അവളുടെ കാര്യങ്ങൾ എല്ലാം നന്നായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ആഗ്രഹിക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ജയിലിലുള്ള വിവാഹിതരായ സഹോദരന്മാർക്കുവേണ്ടി ചില കാര്യങ്ങൾ പ്രത്യേകം എടുത്തുപറഞ്ഞ് പ്രാർഥിക്കാൻ എനിക്ക് പറ്റുന്നുണ്ട്.”—എബ്രാ. 13:3, അടിക്കുറിപ്പ്.
15 ജയിലിലായിരിക്കുന്ന സഹോദരങ്ങളുടെ ഓരോ ദിവസത്തെയും ജീവിതം എങ്ങനെയായിരിക്കും എന്ന് ചിന്തിക്കുന്നതും ചില കാര്യങ്ങൾ പ്രത്യേകം എടുത്തുപറഞ്ഞ് പ്രാർഥിക്കാൻ നമ്മളെ സഹായിക്കും. ഉദാഹരണത്തിന്, ജയിലിലെ ഉദ്യോഗസ്ഥർ നമ്മുടെ സഹോദരങ്ങളോട് ദയയോടെ ഇടപെടാനായും അധികാരികൾ അവർക്ക് ആരാധന നടത്താനുള്ള സ്വാതന്ത്ര്യം നൽകാനായും നമുക്കു പ്രാർഥിക്കാനാകും. (1 തിമൊ. 2:1, 2) അതുപോലെ ജയിലിലുള്ള വിശ്വസ്തനായ ഒരു സഹോദരന്റെ മാതൃക കണ്ട് അദ്ദേഹത്തിന്റെ സഭയിലെ സഹോദരങ്ങൾക്ക് പ്രോത്സാഹനം കിട്ടാനും, സാക്ഷികളല്ലാത്തവർ ജയിലിലായിരിക്കുന്ന ആ സഹോദരന്റെ നല്ല പെരുമാറ്റം ശ്രദ്ധിക്കാനും അങ്ങനെ നമ്മുടെ സന്ദേശം കേൾക്കാനും ഇടയാകണമേയെന്ന് നമുക്കു പ്രാർഥിക്കാൻ കഴിഞ്ഞേക്കും. (1 പത്രോ. 2:12) ജയിലിലായിരിക്കുന്നവരുടെ കാര്യത്തിൽ മാത്രമല്ല മറ്റു പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന സഹോദരങ്ങളുടെ കാര്യത്തിലും നമുക്ക് ഇതേ രീതിയിൽ ചിന്തിക്കാനാകും. നന്നായി നിരീക്ഷിക്കുകയും മറ്റുള്ളവരുടെ പേര് എടുത്തുപറഞ്ഞ് പ്രാർഥിക്കുകയും ചില കാര്യങ്ങൾ എടുത്തുപറഞ്ഞ് അപേക്ഷിക്കുകയും ചെയ്യുന്നെങ്കിൽ ‘തമ്മിൽത്തമ്മിലുള്ള സ്നേഹം നിറഞ്ഞുകവിയുന്നു’ എന്നു നമ്മൾ കാണിക്കുകയായിരിക്കും.—1 തെസ്സ. 3:12.
പ്രാർഥിക്കുമ്പോൾ സമനിലയുള്ള ഒരു വീക്ഷണമുണ്ടായിരിക്കുക
16. നമ്മുടെ പ്രാർഥനകളെക്കുറിച്ച് സമനിലയുള്ള ഒരു വീക്ഷണം ഉണ്ടായിരിക്കാൻ നമുക്ക് എങ്ങനെ കഴിയും? (മത്തായി 6:8)
16 നമ്മൾ കണ്ടതുപോലെ നമ്മുടെ പ്രാർഥനകൾ ആളുകളുടെ സാഹചര്യത്തിൽ ചിലപ്പോൾ മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. എന്നാൽ ഒരു സമനിലയുള്ള വീക്ഷണം നമുക്ക് ഉണ്ടായിരിക്കണം. പ്രാർഥിക്കുമ്പോൾ യഹോവയ്ക്ക് ഇതുവരെ അറിയാത്ത ഒരു കാര്യം നമ്മൾ യഹോവയെ അറിയിക്കുകയല്ല. അതുപോലെ ഒരു സാഹചര്യം എങ്ങനെ നന്നായി കൈകാര്യം ചെയ്യണമെന്ന് നമ്മൾ യഹോവയ്ക്ക് പറഞ്ഞുകൊടുക്കേണ്ട ആവശ്യവുമില്ല. തന്റെ ദാസർക്ക് എന്താണ് വേണ്ടതെന്ന് അവരോ നമ്മളോ അറിയുന്നതിനു മുമ്പുതന്നെ യഹോവ അറിയുന്നുണ്ട്. (മത്തായി 6:8 വായിക്കുക.) പിന്നെ എന്തിനാണ് നമ്മൾ മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്നത്? ഈ ലേഖനത്തിൽ കണ്ട കാരണങ്ങൾക്കു പുറമേ മറ്റൊരു കാരണം, പരസ്പരം കരുതലുള്ള ആളുകൾ അങ്ങനെ ചെയ്യും എന്നതാണ്. മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് അവരോടുള്ള സ്നേഹമാണ്. തന്റെ ദാസന്മാർ ഈ രീതിയിൽ തന്റെ സ്നേഹം അനുകരിക്കുന്നത് കാണുമ്പോൾ അത് യഹോവയെ സന്തോഷിപ്പിക്കുകയും ചെയ്യും.
17-18. സഹാരാധകർക്കു വേണ്ടിയുള്ള നമ്മുടെ പ്രാർഥനകളെ ഒരു ദൃഷ്ടാന്തം ഉപയോഗിച്ച് വിശദീകരിക്കുക.
17 നമ്മൾ സഹോദരങ്ങൾക്കുവേണ്ടി പ്രാർഥിച്ചിട്ടും അവരുടെ സാഹചര്യത്തിൽ മാറ്റമൊന്നും വരുന്നില്ല എന്നു തോന്നിയാലും നമുക്ക് ഒരു കാര്യം ഓർക്കാം: നമ്മുടെ പ്രാർഥന അവരോടുള്ള സ്നേഹമാണ് തെളിയിക്കുന്നത്. യഹോവ അതു ശ്രദ്ധിക്കുകയും ചെയ്യും. അതു മനസ്സിലാക്കാൻ ഇങ്ങനെ ഒരു ദൃഷ്ടാന്തം ചിന്തിക്കുക. ഒരു കുടുംബത്തിൽ രണ്ട് ചെറിയ കുട്ടികളുണ്ട്; ഒരു ആൺകുട്ടിയും പെൺകുട്ടിയും. ആൺകുട്ടിക്ക് ഒരു അസുഖം വന്ന് വയ്യാതെയായി. അപ്പോൾ പെൺകുട്ടി അപ്പനോട് ചോദിക്കുകയാണ്: “ചേട്ടന് തീരെ വയ്യ. പപ്പ എന്തെങ്കിലും ചെയ്യാമോ?” അപ്പന് ആ കാര്യം അപ്പോൾത്തന്നെ അറിയാം. അദ്ദേഹം മകനെ സ്നേഹിക്കുന്നുണ്ട്; അതുകൊണ്ടുതന്നെ അവന് വേണ്ടതെല്ലാം ചെയ്തുകൊടുക്കുന്നുമുണ്ട്. എന്നാൽ തന്റെ കുഞ്ഞ് മകൾക്ക് അവളുടെ ആങ്ങളയോട് എത്രമാത്രം സ്നേഹമുണ്ടെന്ന് ആ വാക്കുകൾ കേട്ടപ്പോൾ പിതാവിന് മനസ്സിലായിക്കാണും. അത് അദ്ദേഹത്തെ എത്രയധികം സന്തോഷിപ്പിച്ചിരിക്കും!
18 ഇതുപോലെ നമ്മളും പരസ്പരം കരുതാനും മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കാനും ആണ് യഹോവ ആഗ്രഹിക്കുന്നത്. അങ്ങനെ ചെയ്യുമ്പോൾ നമ്മൾ നമ്മളെക്കുറിച്ച് മാത്രമല്ല മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കുന്നുണ്ടെന്നും അവരെ സ്നേഹിക്കുന്നുണ്ടെന്നും കാണിക്കുകയാണ്. യഹോവ അതു ശ്രദ്ധിക്കുകയും ചെയ്യും. (2 തെസ്സ. 1:3; എബ്രാ. 6:10) ഇനി നമ്മൾ കണ്ടതുപോലെ, ചിലപ്പോൾ നമ്മുടെ പ്രാർഥനകൾ മറ്റുള്ളവരുടെ സാഹചര്യത്തിൽ മാറ്റങ്ങൾ കൊണ്ടുവരുകപോലും ചെയ്തേക്കാം. അതുകൊണ്ട് മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കാൻ നമുക്ക് ഒരിക്കലും മറക്കാതിരിക്കാം.
ഗീതം 101 ഐക്യത്തിൽ പ്രവർത്തിക്കാം
a ചില പേരുകൾക്ക് മാറ്റംവരുത്തിയിരിക്കുന്നു.
b ടെക്കേഷി ഷിമിസു—യഹോവ ‘പ്രാർഥന കേൾക്കുന്നവനാണ്’ എന്ന വീഡിയോ jw.org-ൽ കാണുക.
c ജയിലിൽ ആയിരിക്കുന്ന നമ്മുടെ സഹോദരങ്ങളുടെ പേരുകൾ അറിയാൻ jw.org-ന്റെ ഇംഗ്ലീഷ് സൈറ്റിൽ “Jehovah’s Witnesses Imprisoned for Their Faith—By Location” എന്ന് സെർച്ച് ചെയ്യുക.
d ചിത്രത്തിന്റെ വിവരണം: സ്വന്തമായി പ്രശ്നങ്ങൾ ഉള്ളപ്പോൾത്തന്നെ സഹോദരങ്ങൾ മറ്റു സഹോദരങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നു.