-
യോഹന്നാൻയഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ്
-
യോഹന്നാൻ: പഠനക്കുറിപ്പുകൾ—അധ്യായം 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
മകനിൽ വിശ്വസിക്കുന്ന: ഇവിടെ കാണുന്ന പിസ്റ്റ്യൂവോ (“വിശ്വാസം” എന്നു പരിഭാഷപ്പെടുത്താറുള്ള പീസ്റ്റിസ് എന്ന ഗ്രീക്കുനാമവുമായി ഇതിനു ബന്ധമുണ്ട്.) എന്ന ഗ്രീക്കുക്രിയയുടെ അടിസ്ഥാനാർഥം “വിശ്വസിക്കുക; വിശ്വാസമുണ്ടായിരിക്കുക” എന്നൊക്കെയാണ്. എന്നാൽ സന്ദർഭം, വ്യാകരണഘടന എന്നിവയനുസരിച്ച് ഇതിന്റെ അർഥത്തിന് അൽപ്പമൊക്കെ വ്യത്യാസം വന്നേക്കാം. ഒരാൾ അസ്തിത്വത്തിലുണ്ട് എന്നു വിശ്വസിക്കുന്നതിനെയോ അംഗീകരിക്കുന്നതിനെയോ മാത്രമല്ല ഈ പദം കുറിക്കുന്നത്. (യാക്ക 2:19) ഒരാളിൽ ശക്തമായ വിശ്വാസവും ആശ്രയവും ഉള്ളതുകൊണ്ട് അയാളെ അനുസരിക്കുക എന്നൊരു അർഥവും അതിനുണ്ട്. യോഹ 3:16-ൽ പിസ്റ്റ്യൂവോ എന്ന ക്രിയയോടൊപ്പം ഒരു പ്രത്യയവുംകൂടെ ചേർത്തിട്ടുണ്ട്. ആ പദപ്രയോഗത്തെക്കുറിച്ച് ഒരു പണ്ഡിതൻ പറയുന്നത് ഇതാണ്: “വിശ്വാസം എന്നത് ഇവിടെ ഒരു പ്രവൃത്തിയായിട്ടാണു കണക്കാക്കുന്നത്, ആരെങ്കിലും ചെയ്യുന്ന ഒരു കാര്യമായിട്ട്. അതായത് ആരിലെങ്കിലും വിശ്വാസം അർപ്പിക്കുക എന്നതുപോലെ.” [പുതിയനിയമ ഗ്രീക്കിന്റെ അടിസ്ഥാനവ്യാകരണം (ഇംഗ്ലീഷ്), പോൾ എൽ. കോഫ്മൻ, 1982, പേ. 46] യേശു ഇവിടെ സംസാരിച്ചതു വിശ്വാസത്തിന്റെ ഒരൊറ്റ പ്രവൃത്തിയെക്കുറിച്ചല്ല, മറിച്ച് ജീവിതത്തിലുടനീളം വിശ്വാസം തെളിയിക്കുന്നതിനെക്കുറിച്ചാണെന്നു വ്യക്തം. യോഹ 3:36-ൽ സമാനമായ ഒരു പദപ്രയോഗം കാണാം. അവിടെ ‘പുത്രനിൽ വിശ്വസിക്കുക’ എന്നതിനു നേർവിപരീതമായി പറഞ്ഞിരിക്കുന്നതു ‘പുത്രനെ അനുസരിക്കാതിരിക്കുക’ എന്നാണ്. അതുകൊണ്ട് ‘വിശ്വസിക്കുക’ എന്ന് അവിടെ പറഞ്ഞിരിക്കുന്നതിന്റെ അർഥവും ഒരാളുടെ ശക്തമായ വിശ്വാസത്തിനു തെളിവേകാൻ അനുസരണം കാണിക്കുക എന്നുതന്നെയാണ്.
ലോകം: ഗ്രീക്ക് സാഹിത്യകൃതികളിലും പ്രത്യേകിച്ച് ബൈബിളിലും കോസ്മൊസ് എന്ന ഗ്രീക്കുപദം പൊതുവേ ഉപയോഗിച്ചിരിക്കുന്നതു മനുഷ്യകുലത്തെക്കുറിച്ച് പറയുമ്പോഴാണ്. (യോഹ 1:10-ന്റെ പഠനക്കുറിപ്പു കാണുക.) ഇവിടെ കോസ്മൊസ് എന്ന പദം, വീണ്ടെടുക്കപ്പെടാവുന്ന മാനവകുലത്തെ മുഴുവനും കുറിക്കുന്നു. യോഹ 1:29-ൽ അവരുടെ “പാപം” എന്നു പറഞ്ഞിരിക്കുന്നത് എല്ലാ മനുഷ്യർക്കും ആദാമിൽനിന്ന് കൈമാറിക്കിട്ടിയ പാപത്തെക്കുറിച്ചാണ്.
സ്നേഹം: ഗ്രീക്കുപാഠത്തിൽ ഇവിടെ അഗപാഓ (“സ്നേഹിക്കുക”) എന്ന ക്രിയയാണു കാണുന്നത്. യോഹന്നാന്റെ സുവിശേഷത്തിൽ ഈ പദം ആദ്യമായി കാണുന്നത് ഇവിടെയാണ്. ഈ ഗ്രീക്ക് ക്രിയാപദവും ഇതിനോടു ബന്ധമുള്ള അഗാപേ എന്ന നാമപദവും ഈ സുവിശേഷത്തിൽ 44 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. മറ്റു മൂന്നു സുവിശേഷങ്ങളിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നതിന്റെ മൊത്തം എണ്ണമെടുത്താലും ഇത്രയും വരില്ല. ബൈബിളിൽ അഗപാഓ, അഗാപേ എന്നീ പദങ്ങൾ, തത്ത്വങ്ങളാൽ നയിക്കപ്പെടുന്ന നിസ്സ്വാർഥസ്നേഹത്തെയാണു മിക്കപ്പോഴും കുറിക്കുന്നത്. ഈ വാക്യത്തിലും അത് ആ അർഥത്തിൽത്തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. കാരണം ലോകത്തെ, അഥവാ പാപത്തിന്റെ അടിമത്തത്തിൽനിന്ന് വീണ്ടെടുക്കേണ്ട മനുഷ്യരെ, ദൈവം സ്നേഹിക്കുന്നതിനെക്കുറിച്ചാണ് ഈ വാക്യം പറയുന്നത്. (യോഹ 1:29) “ദൈവം സ്നേഹമാണ്” എന്നു പറയുന്ന 1യോഹ 4:8-ലും ഈ നാമപദം കാണാം. ‘ദൈവാത്മാവിന്റെ ഫലത്തിൽ’ (ഗല 5:22) ആദ്യത്തേതായി പട്ടികപ്പെടുത്തിയിരിക്കുന്ന സ്നേഹത്തെക്കുറിച്ച് (അഗാപേ) 1കൊ 13:4-7-ൽ വിശദമായി ചർച്ച ചെയ്യുന്നുണ്ട്. തിരുവെഴുത്തുകളിൽ ഈ പദം ഉപയോഗിച്ചിരിക്കുന്ന രീതി നോക്കിയാൽ, ഇത്തരം സ്നേഹം വികാരത്തിന്റെ പുറത്ത് പെട്ടെന്നുണ്ടാകുന്ന ഒരു തോന്നൽ മാത്രമല്ലെന്നു മനസ്സിലാകും. മിക്കപ്പോഴും ഈ പദത്തിന് അതിനെക്കാൾ അർഥവ്യാപ്തിയുണ്ട്. ഇത്തരം സ്നേഹം കാണിക്കാൻ പലപ്പോഴും ബോധപൂർവം ശ്രമം ചെയ്യേണ്ടിവരും. (മത്ത 5:44; എഫ 5:25) ചുരുക്കത്തിൽ, ക്രിസ്ത്യാനികൾ കടമയുടെയും തത്ത്വങ്ങളുടെയും ഔചിത്യത്തിന്റെയും പേരിൽ സ്നേഹിക്കാനും പരിശീലിക്കണം. എന്നുവെച്ച് ഇതു തണുപ്പൻ മട്ടിലുള്ള ഒരു സ്നേഹമല്ല, മിക്കപ്പോഴും ഒരാളോടുള്ള ആത്മാർഥമായ ഇഷ്ടമാണ് ഇത്തരം സ്നേഹത്തിനു പിന്നിൽ. (1പത്ര 1:22) യോഹന്നാന്റെ സുവിശേഷത്തിൽ ഈ പദം ഉപയോഗിച്ചിരിക്കുന്ന ചില ഭാഗങ്ങൾ നോക്കിയാൽ ഇതു വ്യക്തമാകും. കാരണം “പിതാവ് പുത്രനെ സ്നേഹിക്കുന്നു” എന്നു പറഞ്ഞപ്പോൾ (യോഹ 3:35) അഗപാഓ എന്ന പദത്തിന്റെ ഒരു രൂപം ഉപയോഗിച്ച യോഹന്നാൻ അതേ ബന്ധത്തെക്കുറിച്ചുള്ള യേശുവിന്റെ വാക്കുകൾ രേഖപ്പെടുത്തിയപ്പോൾ ഫിലീയോ (“ഇഷ്ടം തോന്നുക”) എന്ന ഗ്രീക്കുക്രിയയുടെ ഒരു രൂപമാണ് ഉപയോഗിച്ചത്.—യോഹ 5:20.
-