ജൂലൈ 30 ബുധൻ
“ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കു കഴിയില്ല.”—പ്രവൃ. 4:20.
പ്രസംഗപ്രവർത്തനം നിറുത്താൻ അധികാരികൾ ആവശ്യപ്പെട്ടാലും അതു തുടർന്നും ചെയ്തുകൊണ്ട് നമുക്ക് അപ്പോസ്തലന്മാരുടെ മാതൃക അനുകരിക്കാം. പ്രസംഗപ്രവർത്തനം ചെയ്യാൻ യഹോവ നമ്മളെ സഹായിക്കുമെന്ന് ഉറപ്പുണ്ടായിരിക്കാം. അതുകൊണ്ട് ധൈര്യത്തിനും ജ്ഞാനത്തിനും പ്രശ്നങ്ങളെ നേരിടാനുള്ള സഹായത്തിനും വേണ്ടി യഹോവയോടു അപേക്ഷിക്കുക. നമ്മളിൽ പലരും ശാരീരികവും മാനസികവും ആയ വിഷമങ്ങൾ അനുഭവിക്കുന്നവരാണ്. മറ്റു ചിലർക്കു പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടാകാം. ഇനി, വേറേ ചിലർ കുടുംബപ്രശ്നങ്ങളോ ഉപദ്രവമോ മറ്റു ബുദ്ധിമുട്ടുകളോ നേരിടുന്നവരാകാം. മഹാമാരിയും യുദ്ധങ്ങളും ഇത്തരം പ്രശ്നങ്ങൾ സഹിച്ചുനിൽക്കുന്നതു കൂടുതൽ ബുദ്ധിമുട്ടാക്കിയിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ സങ്കടങ്ങളും വിഷമങ്ങളും എല്ലാം യഹോവയോടു തുറന്നുപറയുക, ഒരു അടുത്ത സുഹൃത്തിനോടു സംസാരിക്കുന്നതുപോലെ. യഹോവ “നിനക്കുവേണ്ടി പ്രവർത്തിക്കും” എന്ന വാക്കുകളിൽ വിശ്വാസമുണ്ടായിരിക്കുക. (സങ്കീ. 37:3, 5) മടുത്ത് പിന്മാറാതെ പ്രാർഥിച്ചുകൊണ്ടിരിക്കുന്നതു ‘കഷ്ടതകൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാൻ’ നമ്മളെ സഹായിക്കും. (റോമ. 12:12) തന്റെ ദാസന്മാർ ഏതെല്ലാം സാഹചര്യങ്ങളിലൂടെയാണു കടന്നു പോകുന്നതെന്ന് യഹോവയ്ക്ക് അറിയാം. “സഹായത്തിനായുള്ള അവരുടെ നിലവിളി” ദൈവം കേൾക്കുന്നുണ്ട്.—സങ്കീ. 145:18, 19. w23.05 5–6 ¶12-15
ജൂലൈ 31 വ്യാഴം
“കർത്താവിനു സ്വീകാര്യമായത് എന്താണെന്ന് എപ്പോഴും ഉറപ്പുവരുത്തണം.”—എഫെ. 5:10.
ജീവിതത്തിൽ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കേണ്ടി വരുമ്പോൾ നമ്മൾ “യഹോവയുടെ ഇഷ്ടം എന്താണെന്ന്” മനസ്സിലാക്കി അതിനു ചേർച്ചയിൽ പ്രവർത്തിക്കണം. (എഫെസ്യർ 5:17) നമ്മുടെ സാഹചര്യത്തോടു ബന്ധപ്പെട്ട ബൈബിൾതത്ത്വങ്ങൾ കണ്ടുപിടിക്കുമ്പോൾ, ശരിക്കും ആ കാര്യത്തെക്കുറിച്ച് യഹോവ എന്താണ് ചിന്തിക്കുന്നതെന്നു മനസ്സിലാക്കാൻ നമ്മൾ ശ്രമിക്കുകയാണ്. എന്നിട്ട് ആ തത്ത്വങ്ങൾ ബാധകമാക്കുന്നെങ്കിൽ നല്ല തീരുമാനങ്ങളെടുക്കാൻ നമുക്കു കഴിയും. ‘ദുഷ്ടനായ’ സാത്താൻ ആഗ്രഹിക്കുന്നത്, നമ്മൾ ഈ ലോകത്തിലെ കാര്യങ്ങൾക്കു പിന്നാലെ പോയി പരമാവധി സമയം കളയാനാണ്. അങ്ങനെയാകുമ്പോൾ ദൈവസേവനത്തിനു നമുക്ക് ഒട്ടും സമയം കിട്ടില്ലല്ലോ. (1 യോഹ. 5:19) യഹോവയെ സേവിക്കാനുള്ള കൂടുതൽ അവസരങ്ങളിലേക്കു നോക്കുന്നതിനു പകരം ഒരു ക്രിസ്ത്യാനിയുടെ ശ്രദ്ധ വസ്തുവകകൾ, വിദ്യാഭ്യാസം, ജോലി പോലുള്ള കാര്യങ്ങളിലേക്കു വളരെ എളുപ്പം മാറിപ്പോയേക്കാം. അങ്ങനെ സംഭവിച്ചാൽ, ലോകത്തിന്റെ ചിന്ത അദ്ദേഹത്തെ സ്വാധീനിച്ചുതുടങ്ങി എന്നതിന്റെ സൂചനയായിരിക്കും അത്. ശരിയാണ്, ഈ കാര്യങ്ങളൊന്നും ഒരു തെറ്റല്ല. പക്ഷേ, അവയൊന്നും നമ്മുടെ ജീവിതത്തിൽ ഒന്നാമതു വരാൻ അനുവദിക്കരുത്. w24.03 24 ¶16-17
ആഗസ്റ്റ് 1 വെള്ളി
“നീതിമാന് അനേകം ദുരിതങ്ങൾ ഉണ്ടാകുന്നു; അതിൽനിന്നെല്ലാം യഹോവ അവനെ രക്ഷിക്കുന്നു.”—സങ്കീ. 34:19.
ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുക: (1) നീതിമാന്മാർക്കു പ്രശ്നങ്ങൾ ഉണ്ടാകുന്നു. (2) പ്രശ്നങ്ങളിൽനിന്ന് യഹോവ നമ്മളെ വിടുവിക്കുന്നു. യഹോവ എങ്ങനെയാണ് അതു ചെയ്യുന്നത്? ഇപ്പോഴത്തെ നമ്മുടെ ജീവിതത്തെക്കുറിച്ച് ശരിയായ ഒരു കാഴ്ചപ്പാടുണ്ടായിരിക്കാൻ സഹായിക്കുന്നതാണ് ഒരു വിധം. ദൈവത്തെ സേവിക്കുന്നതിലൂടെ നമുക്ക് സന്തോഷം കിട്ടുമെന്ന് യഹോവ ഉറപ്പുതന്നിട്ടുണ്ട്. എങ്കിലും ജീവിതത്തിൽ ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് ദൈവം പറഞ്ഞിട്ടില്ല. (യശ. 66:14) പകരം നമുക്ക് എന്നും സന്തോഷത്തോടെ ജീവിക്കാനാകുന്ന ഭാവിയിലേക്കു നോക്കാനാണ് യഹോവ ആവശ്യപ്പെടുന്നത്. (2 കൊരി. 4:16-18) അതുവരെ ഓരോ ദിവസവും തന്നെ സേവിക്കാനുള്ള സഹായം ദൈവം നമുക്കു തരുന്നു. (വിലാ. 3:22-24) ബൈബിൾക്കാലങ്ങളിലെയും ഇപ്പോഴത്തെയും വിശ്വസ്തദാസന്മാരുടെ മാതൃകകളിൽനിന്ന് എന്തു പഠിക്കാം? പ്രതീക്ഷിക്കാത്ത പല പ്രശ്നങ്ങളും നമുക്കും നേരിട്ടേക്കാം. പക്ഷേ തന്നിൽ ആശ്രയിക്കുന്നവരെ യഹോവ ഒരിക്കലും കൈവിടില്ല.—സങ്കീ. 55:22. w23.04 14–15 ¶3-4.