അക്രമം നിങ്ങൾക്ക് സ്വയം രക്ഷിക്കാൻ കഴിയും
ബ്രിട്ടന്റെ ആഭ്യന്തര ഓഫീസ് ഈ അടുത്ത കാലത്ത് ജയിൽ സർവ്വീസിൽ “നിയന്ത്രണവും നിരോധവും” എന്നു വിളിക്കപ്പെടുന്ന ഒരു പുതിയ രൂപത്തിലുള്ള പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. ഈ പരിശീലനത്തെ മൂന്നായി വിഭജിക്കാം:
◼ ഒരു വ്യക്തിയെ കൂട്ടായ യത്നത്തിലൂടെ നിയന്ത്രിക്കുകയും തടയുകയും ചെയ്യൽ
◼ ഒററപ്പെട്ടുപോവുന്ന സ്ററാഫ് അംഗങ്ങൾക്ക് ഒഴിഞ്ഞുമാറുന്നതിനുള്ള തന്ത്രങ്ങൾ
◼ കലാപങ്ങൾ പോലുള്ള സംഘടിത ആക്രമണത്തെ കൈകാര്യം ചെയ്യൽ
ഈ പരിശീലനകോഴ്സ് “നിരായുധ പോരാട്ടത്തിന്റെ ഒരു ആക്രമണരൂപമായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതല്ല” എന്ന് ഒരു ആഭ്യന്തര ഓഫീസ് വക്താവ് വിശദീകരിക്കുന്നു. “ഒരു സ്ഥിതിവിശേഷം നിയന്ത്രിക്കുന്നതിനും സംഘർഷം ദൂരീകരിക്കുന്നതിനുമുള്ള എല്ലാ ബദൽ നടപടികളും ആദ്യം പരീക്ഷിച്ചു നോക്കണം.” മററ് വാക്കുകളിൽ: സംഘട്ടനം ഒഴിവാക്കുക! അത്തരം ചിന്ത എത്ര സാധുവാണ്?
സ്വയപ്രതിരോധത്തെ സംബന്ധിച്ചെന്ത്?
ആയോധന കലകൾ പലപ്പോഴും ശുപാർശ ചെയ്യപ്പെടുന്നുണ്ടെങ്കിലും അക്രമികൾക്കെതിരെ ആത്മരക്ഷക്ക് അവ ഉപയോഗിക്കുന്നതിന് മിക്കയാളുകൾക്കും പ്രോൽസാഹനം നൽകപ്പെടുന്നില്ല. അക്രമം—സംരക്ഷകതൊഴിലുകൾക്കൊരു വഴികാട്ടി എന്ന പുസ്തകം വിശദീകരിക്കുന്നു:
“സങ്കീർണ്ണങ്ങളായ സ്വയപ്രതിരോധ വിദ്യകളുടെ അഭ്യസനത്തിന് പ്രായേണ കുറഞ്ഞ പിന്തുണയെ ലഭിച്ചിരുന്നിട്ടുള്ളു. ഇതിനു കാരണം അത്തരം പരിശീലനത്തിന്റെ മുഖ്യ ലക്ഷ്യമായി കാണുന്നത് നിരോധം ആണെന്നുള്ളതും അവയുടെ നിരന്തരമായ അപ്രായോഗികതയുമാണ്. . . . കൂടാതെ അത്തരം നടപടികൾക്ക് ഇടുങ്ങിയ, അലങ്കോലമായ സ്ഥലങ്ങളിൽ പ്രായോഗികത പരിമിതമാണ്. പലപ്പോഴും ഒരു പരിശീലന വിധേയനായ വ്യക്തിക്ക് അഭ്യാസം തികഞ്ഞശേഷം ജീവിതത്തിൽ ആക്രമണത്തിന്റെ യഥാർത്ഥ അപകടം നേരിടുമ്പോഴുണ്ടാവുന്നതിനേക്കാൾ അധികമായ ക്ഷതം പരിശീലന കാലയളവിൽ നേരിടാനിടയുണ്ട്.
സെൽഫ് ഡിഫൻസ് ഇൻ ആക്ഷൻ എന്ന പുസ്തകത്തിൽ ബ്രിട്ടീഷ് ജിയു ജിററ്സു അസോസിയേഷന്റെ ദേശീയ കോച്ച് ആയ റോബർട്ട് ക്ലാർക്ക് ഇങ്ങനെ പറഞ്ഞു: “ആദ്യമായി അഭ്യസിക്കുന്ന എല്ലാ കാര്യങ്ങളെയുംപോലെ അവയും [ആയോധന കലകൾ] ഒരാളുടെ രണ്ടാം പ്രകൃതിയായിത്തീർന്നിട്ട് മന:പൂർവ്വമായ ആലോചന കൂടാതെ പ്രയോഗിക്കാൻ കഴിയുന്നതിന് മുമ്പ് വലിയ അളവിലുള്ള പ്രാരംഭ യത്നം ആവശ്യമാണ്. നിങ്ങൾ ആക്രമിക്കപ്പെടുമ്പോൾ ഏതു നീക്കത്തെ തുടർന്ന് ഏതു നീക്കം എന്ന് ചിന്തിക്കാൻ സമയമില്ല.”
തന്റെ ജോലിക്കിടക്ക് അജ്ഞാതമായ വിധത്തിൽ അപ്രത്യക്ഷയായ 25 വയസ് പ്രായമുണ്ടായിരുന്ന ഒരു സ്ത്രീയുടെ ഓർമ്മക്ക് ഏർപ്പെടുത്തപ്പെട്ട ദി സൂസി ലാംപ്ലോ ട്രസ്ററ് എന്ന ക്ഷേമസ്ഥാപനം ഇതുപോലെതന്നെ, സ്വയം പ്രതിരോധത്തെ അവസാന അവലംബം എന്ന നിലക്കേ ശുപാർശ ചെയ്യുന്നുള്ളു.
അപ്രതീക്ഷിതമായ ഒരു അക്രമനടപടിയെ ചെറുക്കാൻ ആയോധന കല ഒരു ഉത്തരമല്ലെങ്കിൽ പിന്നെ ഉത്തരം എന്താണ്?
കവർച്ചക്കാരെ നേരിടൽ
കവർച്ചക്കാരെ നേരിടുന്നതിനുള്ള താക്കോൽ നിങ്ങളെത്തന്നെ ബലഹീനാവസ്ഥയിൽ ആക്കാതിരിക്കുക എന്നതാണ്. ഇംഗ്ലണ്ടിലെ ലീഡ്സിലുള്ള ഒരു പോലീസ് ഇൻസ്പെക്ടർ കുറിക്കൊണ്ടതുപോലെ: “കവർച്ച എന്നത് ഒരു അവസരം നോക്കി നടത്തുന്ന ഏർപ്പാടാണ്, അതാണ് ഓർക്കേണ്ട കാര്യം.” അതുകൊണ്ട് സാഹചര്യങ്ങൾ നിങ്ങളെ ഒരു അരക്ഷിത പ്രദേശത്ത് ആക്കിപ്പോയാൽ ജാഗ്രത കാക്കുക. കവർച്ചക്കാർക്ക് അവസരം നൽകാതിരിക്കുക. പിൻവരുന്ന ബൈബിൾ തത്വം പാലിച്ചുകൊണ്ട് പ്രവർത്തിക്കുക: “ബോധവാനായ ഒരു മനുഷ്യൻ അപകടം മുൻകണ്ട് അതിൽ നിന്ന് ഒളിക്കുന്നു; പക്ഷേ നിസ്സാരനോ നേരെ ചെന്ന് ശിക്ഷിക്കപ്പെടുന്നു.”—സദൃശവാക്യങ്ങൾ 22:3, ഒരു അമേരിക്കൻ ഭാഷാന്തരം.
മുമ്പിലുള്ള തെരുവീഥിയിലൂടെ നിങ്ങൾ ദൃഷ്ടി പായിച്ചുകൊണ്ടിരിക്കുക. ഒരു ഗതാഗത തടസ്സത്തിലകപ്പെടും മുമ്പേ നോക്കി മനസ്സിലാക്കുക—അപായം പ്രതീക്ഷിക്കുക. ഇരുട്ടായിക്കഴിഞ്ഞാൽ ഒററക്ക് യാത്രചെയ്യുന്നത് ഒഴിവാക്കുക. നിങ്ങളുടെ വാഹനം ഓടിക്കുമ്പോൾ എല്ലാ കതകുകളും പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. അവ പൂട്ടിയിട്ടില്ലെങ്കിൽ നിങ്ങൾ ഒരു സിഗ്നൽ കണ്ട് വണ്ടി നിർത്തുന്ന നേരത്ത് ഒരു അക്രമിക്ക് അനായാസം അകത്ത് പ്രവേശിക്കാനാവും.
പക്ഷേ നിങ്ങളുടെ മുൻകരുതലുകൾ എല്ലാമുണ്ടായിരുന്നിട്ടും ഒരു കത്തിയോ ഒരു തോക്കോ ഉള്ള ആരെയെങ്കിലും പെട്ടെന്ന് കൺമുമ്പിൽ കണ്ടാൽ എന്ത്? ഓർമ്മിക്കുക: നിങ്ങളുടെ ജീവനാണ് മുൻഗണന. മറെറാരു സ്വത്തിനും അതിന്റെ മൂല്യത്തെ അതിശയിക്കാൻ കഴിയുകയില്ല. നിങ്ങളെ ആക്രമിക്കുന്നവന് പണമാണാവശ്യമെങ്കിൽ അതവന് കൊടുത്തേക്കുക. അപകടം നിറഞ്ഞ പ്രദേശങ്ങളിൽ താമസിക്കുന്ന ചില ആളുകൾ ‘കവർച്ചക്കാർക്കുള്ള പണം’—ഒരു കവർച്ചക്കാരനെ തൃപ്തിപ്പെടുത്താനുള്ള അൽപ്പം പണം—ഒരു വാലററിലോ പേഴ്സിലോ കൊണ്ടു നടക്കാറുണ്ട്.
ഇതുംകൂടെ ഓർമ്മിക്കുക: ശാന്തമായി പ്രതികരിക്കുക. നിങ്ങളുടെ സാധാരണ ശബ്ദത്തിൽ ദൃഢതയോടെ സംസാരിക്കുക. വ്യക്തിയെ അയാളുടെ കണ്ണിൽ നോക്കി അയാളുടെ ദൃഷ്ടി പിടിച്ചു നിർത്തുക. പിൻവരുന്ന ബൈബിൾ ബുദ്ധിയുപദേശം ബാധകമാക്കുക: “ഒരു ഉത്തരം മൃദുവായിരിക്കുമ്പോൾ ക്രോധത്തെ അകററുന്നു.” “എല്ലാവരോടും സൗമ്യമായിരിക്കുക.” (സദൃശവാക്യങ്ങൾ 15:1; 2 തിമൊഥെയോസ് 2:24) ക്ഷമാപണം നടത്താൻ വാസ്തവത്തിൽ ഒന്നും തന്നെയില്ലെങ്കിലും ക്ഷമാപണം നടത്താൻ ഒരുങ്ങിയിരിക്കുക.
ബലാൽസംഗവും ഭവനസുരക്ഷിതത്വവും
“ഒരു സ്ത്രീയെ ബലാൽസംഗം ചെയ്യുക എത്ര എളുപ്പമെന്ന് പല ബലാൽസംഗികളും ആശ്ചര്യപ്പെടാറുണ്ട്” എന്ന് സ്ത്രീകളും പുരുഷൻമാരും ബലാൽസംഗവും എന്ന പുസ്തകത്തിൽ റേ വയർ എഴുതുന്നു. “അവളുടെ പേടിച്ചരണ്ട സ്തബ്ധാവസ്ഥ പ്രതിഷേധത്തിന്റെ അഭാവമായി വ്യാഖ്യാനിക്കപ്പെടുകയും അക്രമനടപടിയുമായി മുന്നോട്ട് പോകാൻ സാധാരണയായി അക്രമിക്ക് ഇതൊരു ഒഴിവുകഴിവായി ഉതകുകയും ചെയ്യുന്നു.” അതുകൊണ്ട് ഒരിക്കലും വഴിപ്പെടാതിരിക്കുക! നിങ്ങൾ കീഴടങ്ങാൻ പോവുന്നില്ല എന്ന് വ്യക്തമാക്കുക. ലൈംഗികബന്ധം ഒഴിവാക്കാൻ നിങ്ങൾക്ക് ലഭ്യമായ ഏതു മുഖാന്തരവും ഉപയോഗിക്കുക. നിങ്ങൾ ഒരു ശക്തയായ പോരാളി അല്ലെങ്കിലും നിങ്ങൾക്ക് ശക്തിയേറിയ ഒരായുധമുണ്ട്—നിങ്ങളുടെ ശബ്ദം.
ആവുന്നത്ര ഉറക്കെ നിങ്ങൾ നിലവിളിക്കുക. അത് ബൈബിളിന്റെ ഉപദേശത്തിന് ചേർച്ചയിലാണ്. (ആവർത്തനം 22:23-27) ഒററപ്പെട്ട ഒരു നടപ്പാതയിലേക്ക് വലിച്ചിഴക്കപ്പെട്ട ഒരു കൗമാരപ്രായക്കാരി ഉറക്കെ നിലവിളിച്ചു. അക്രമി ഓടിപ്പോകത്തക്കവണ്ണം ഇത് അയാളെ വല്ലാതെ പരിഭ്രാന്തനാക്കി. നിലവിളിക്ക് അക്രമിയുടെ വീര്യം കെടുത്തുന്നതിനും അതുവഴി നിങ്ങൾക്ക് രക്ഷപ്പെടാൻ ഒരു അവസരം തരുന്നതിനും അല്ലെങ്കിൽ മററുള്ളവർ നിങ്ങളുടെ സഹായത്തിനെത്തുന്നതിനും ഇടവരുത്തിയേക്കാം.a
ബ്രിട്ടനിൽ ബലാൽസംഗ കേസുകളിൽ മിക്കതും വീടുകൾക്കുള്ളിൽ നടക്കുന്നു. മിക്കപ്പോഴും ആക്രമിക്കപ്പെടുന്ന സ്ത്രീയുടെ ഭവനത്തിൽ വച്ചുതന്നെ. ഈ അക്രമങ്ങളിൽ ഒട്ടേറെ നടക്കുന്നത് കവർച്ചകൾക്കിടക്കാണ്. അതുകൊണ്ട് നിങ്ങളുടെ ഭവനം സാദ്ധ്യമായിടത്തോളം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നത് അർത്ഥവത്താണ്. ഇക്കാര്യം സംബന്ധിച്ച് നിങ്ങൾക്കെന്തു ചെയ്യാൻ കഴിയും?
പ്രവേശനം സാദ്ധ്യമായ എല്ലാ ഇടങ്ങളും ബലമുള്ള ജനൽ ഓടാമ്പലുകളും വാതിൽ പൂട്ടുന്ന ബോൾട്ട് ലോക്കുകളും കൊണ്ട് അടച്ച് ഭദ്രത ഉറപ്പു വരുത്തുക. അത്തരം ഒരു പൂട്ടിന്റെ ബോൾട്ട്, നിങ്ങൾ വീട് വിട്ടിറങ്ങുമ്പോൾ താക്കോൽ തിരിച്ചു പൂട്ടുകയും നിങ്ങൾ ഉള്ളിലായിരിക്കുമ്പോൾ ബോൾട്ട് തിരിക്കുകയും ചെയ്യേണ്ടത് ആവശ്യമാക്കിത്തീർക്കുന്നു. ഇതിന് പുറമെ ഒരു വാതിൽചങ്ങല കൂടെ സമ്പാദിക്കുന്നത് വിവേകമായിരിക്കും. പക്ഷേ ഓർമ്മിക്കുക. അത്തരമൊരു ഉപകരണത്തിന് നിങ്ങളുടെ വാതിൽ ഫ്രേയ്മുകളുടെയും, ചങ്ങല ഉറപ്പിച്ചിരിക്കുന്ന ബോൾട്ടുകളുടെയും ബലം മാത്രമെ കാണുകയുള്ളു.
മറെറാരു ജ്ഞാനപൂർവ്വകമായ കരുതൽ നടപടി, സന്ദർശകരുടെ അധികാരപത്രം അഥവാ തിരിച്ചറിയിക്കൽ രേഖകൾ പരിശോധിക്കുക എന്നതാണ്. അവരുടെ തിരിച്ചറിയിക്കൽ കാർഡുകൾക്ക് വേണ്ടി ചോദിക്കുക.
അക്രമം കുറയുകയല്ല. തീർച്ചയായും ലോകമെമ്പാടും നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നത് അത് വർദ്ധിക്കുന്നുവെന്നാണ്. നമ്മെയും നമ്മുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കാൻ നമ്മളാലാവത് ചെയ്യുന്നത് വിവേകമാണ്, പക്ഷേ ഇത് പ്രശ്നം മുഴുവനായി പരിഹരിക്കുകയില്ല. യഥാർത്ഥത്തിൽ ഉത്തരമെന്താണ്? (g89 4/22)
[അടിക്കുറിപ്പുകൾ]
a ബലാൽസംഗം എന്ന വിഷയം സംബന്ധിച്ച് വിശദമായ ചർച്ചകൾക്ക് എവേക്! ന്റെ 1986 മേയ് 22, 1984 ഫെബ്രുവരി 22 ലക്കങ്ങളും ഉണരുക!യുടെ 1980 ഒക്ടോബർ 8 ലക്കവും കാണുക.
[19-ാം പേജിലെ ചതുരം]
നിങ്ങൾക്ക് ചെയ്യാനാകുന്ന കാര്യങ്ങൾ:
വെളിച്ചമില്ലാത്ത റോഡുകളും വിജനമായ തെരുവുകളും ഒഴിവാക്കിക്കൊണ്ട് നിങ്ങളുടെ യാത്ര, വിശേഷിച്ച് രാത്രിയിലാണെങ്കിൽ ആസൂത്രണം ചെയ്യുക. നിങ്ങൾക്ക് ഉയർന്ന ഹീലുകളുള്ള പാദരക്ഷകൾ ഇട്ടുകൊണ്ട് ഓടുന്നതിനെക്കാൾ വേഗത്തയിൽ പരന്ന ഹീലുള്ളവ ഇട്ടുകൊണ്ട് ഓടാൻ കഴിയുമെന്ന് ഓർമ്മിക്കുക.
ഒരു അപരിചിതനിൽ നിന്ന് ഒരിക്കലും ഒരു ലിഫ്ററ് സ്വീകരിക്കരുത്. യാതൊരു കാരണവശാലും നിങ്ങളുടെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാനുള്ള പ്രലോഭനങ്ങൾക്ക് വഴിപ്പെടരുത്. എന്ത് അററകുററപ്പണിയും നിങ്ങൾക്ക് പരിചയമുള്ള ആരെങ്കിലും ഒരു സുരക്ഷിതമായ സ്ഥാനത്തുവച്ച് ചെയ്യുന്നതാണ് ഉത്തമം. അത് ഒരു അപരിചിതൻ വഴിയരികെ വച്ച് ചെയ്യുന്നതാകരുത്.
അക്രമികൾ പതിയിരിക്കാനിടയുള്ള ഇടനാഴികളുള്ള കെട്ടിടങ്ങളിൽ നിന്നകന്ന് നടപ്പാതകൾക്കരികിലൂടെ നടന്നുപോവുക.
സംശയം തോന്നിപ്പിക്കുന്ന ആളുകളുടെ ഒരു കൂട്ടത്തെ മുമ്പിലകലെ കാണുന്നുവെങ്കിൽ അവരെ ഒഴിവാക്കാൻ വഴി മുറിച്ചപ്പുറം കടക്കുകയോ ദിശ മാററുകയോ ചെയ്യുക. നിങ്ങളെ പിന്തുടർന്നാൽ പെരുവഴിയിലേക്ക് കയറുക. അപകടം ആസന്നമെന്നു തോന്നുന്നുവെങ്കിൽ ഓടുകയോ സഹായത്തിനായി നിലവിളിക്കുകയോ ചെയ്യുക.
ഉയർന്ന ശബ്ദം പുറപ്പെടുവിക്കുന്ന ഒരു അലാറം പേഴ്സിലല്ല നിങ്ങളുടെ കയ്യിൽ കൊണ്ടു നടക്കുക. മിക്കപ്പോഴും ശബ്ദത്തിന് ഒരു ആക്രമണകാരിയെ അവന്റെ വഴിക്ക് തിരിച്ചുവിടാനുള്ള പ്രാപ്തിയുണ്ട്.
ഒരു എലിവേറററിൽ കയറി നിൽക്കുന്നവർ അപകടകാരികളാണെന്ന് തോന്നിയാൽ അതിൽ പ്രവേശിക്കുന്നതൊഴിവാക്കുക.
ഒരു എലിവേറററിൽ ആയിരിക്കുമ്പോൾ കണ്ട്രോൾ സ്വിച്ചുകൾക്ക് തൊട്ടരികെ നിലയുറപ്പിക്കുക. സംശയം തോന്നിക്കുന്ന ഒരാൾ അകത്തു കടന്നാൽ പുറത്തിറങ്ങുന്നതായിരിക്കാം ഉത്തമം.
നിങ്ങളുടെ ക്രെഡിററ് കാർഡുകളും മററ് വിലയേറിയ വസ്തുക്കളും നിങ്ങളുടെ ശരീരത്തിൽ മറെറാരിടത്ത് സ്ഥാപിക്കുക. ഇങ്ങനെ ചെയ്താൽ നിങ്ങളുടെ പേഴ്സ് അഥവാ തട്ടിയെടുത്താൽ തന്നെ നിങ്ങളുടെ നഷ്ടം അത്രയധികമായിരിക്കുകയില്ല.
[20-ാം പേജിലെ ചിത്രം]
നിങ്ങളുടെ പണം കാക്കാൻ നിങ്ങൾ ശ്രമിക്കുകയും ഒരുപക്ഷേ ജീവൻ നഷ്ടപ്പെടുത്തുകയും ചെയ്യുമോ?
[20-ാം പേജിലെ ചിത്രം]
ലൈംഗികമായി ആക്രമിക്കപ്പെടുമ്പോൾ, ഒരു സ്ത്രീക്ക് ചെയ്യാൻ കഴിയുന്ന ഉത്തമ സംഗതി നിലവിളിക്കുക എന്നതാണ്
[21-ാം പേജിലെ ചിത്രം]
നിങ്ങളുടെ ഭവനത്തിന്റെ ഭദ്രതക്ക് ഗുണമേൻമയേറിയ പൂട്ടുകൾ അതിപ്രധാനമാണ്
[21-ാം പേജിലെ ചിത്രം]
ആരെയും അകത്ത് പ്രവേശിപ്പിക്കുന്നതിന് മുമ്പ് തിരിച്ചറിയിക്കൽ രേഖകൾ പരിശോധിക്കുക