ബൈബിളിന്റെ വീക്ഷണം | പ്രാർഥന
പ്രാർഥന
നമ്മുടെ പ്രാർഥനകൾ ആരെങ്കിലും കേൾക്കുന്നുണ്ടോ?
“പ്രാർത്ഥന കേൾക്കുന്നവനായുള്ളോവേ, സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു.”—സങ്കീർത്തനം 65:2.
ആളുകൾ പറയുന്നത്: “പ്രാർഥനകൾ മേൽക്കൂരയ്ക്കു മീതെ ഉയരുന്നില്ല” എന്ന് ആളുകൾ പൊതുവേ പറയാറുണ്ട്.
പ്രത്യേകിച്ച്, കഷ്ടപ്പാടുകളിലൂടെ കടന്നുപോകുന്ന ആളുകൾ തങ്ങളുടെ പ്രാർഥനകൾ ആരെങ്കിലും കേൾക്കുന്നുണ്ടോയെന്നു സംശയിച്ചേക്കാം.
ബൈബിൾ പറയുന്നത്:
“യഹോവയുടെ കണ്ണ് നീതിമാന്മാരുടെമേൽ ഉണ്ട്; അവന്റെ ചെവി അവരുടെ യാചനയ്ക്കു തുറന്നിരിക്കുന്നു. എന്നാൽ യഹോവയുടെ മുഖം ദുഷ്കർമികൾക്കു പ്രതികൂലമായിരിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (1 പത്രോസ് 3:12) അതെ, ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കുന്നുണ്ട്. തന്റെ നിയമങ്ങൾ പിൻപറ്റുന്നവരുടെ പ്രാർഥനകൾ കേൾക്കാൻ അവൻ പ്രത്യേകാൽ താത്പര്യം കാണിക്കുന്നു. നമ്മുടെ പ്രാർഥനകൾ കേൾക്കാനുള്ള ദൈവത്തിന്റെ മനസ്സൊരുക്കത്തെക്കുറിച്ചു മറ്റൊരു ബൈബിൾവാക്യം ഇങ്ങനെ പറയുന്നു: “തിരുഹിതപ്രകാരം നാം എന്ത് അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നതത്രേ നമുക്ക് അവനിലുള്ള ഉറപ്പ്.” (1 യോഹന്നാൻ 5:14) അതുകൊണ്ട്, അവനെ ആത്മാർഥമായി വിളിച്ചപേക്ഷിക്കുന്ന ആളുകൾ തങ്ങൾ ദൈവേഷ്ടത്തിനു ചേർച്ചയിലാണോ പ്രാർഥിക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്.
നാം പ്രാർഥിക്കേണ്ടത് എങ്ങനെ?
“പ്രാർഥിക്കുമ്പോൾ, . . . ഒരേ കാര്യങ്ങൾതന്നെ ഉരുവിടരുത്.”—മത്തായി 6:7.
ആളുകൾ പറയുന്നത്:
ബുദ്ധമതം, കത്തോലിക്കാമതം, ഹിന്ദുമതം, ഇസ്ലാംമതം പോലുള്ള അനേകം മതങ്ങൾ ജപമണികൾ ഉപയോഗിച്ച് പ്രാർഥനകൾ ഉരുവിടാനും അവ എണ്ണാനും തങ്ങളുടെ വിശ്വാസികളെ പഠിപ്പിച്ചിരിക്കുന്നു.
ബൈബിൾ പറയുന്നത്:
പ്രാർഥനകൾ ഹൃദയത്തിൽനിന്നുള്ളതും ആത്മാർഥതയുള്ളതും ആയിരിക്കേണ്ടതുണ്ട്; അവ മനഃപാഠമാക്കി ഒരു ചടങ്ങെന്നപോലെ ആവർത്തിക്കേണ്ട ഒന്നല്ല. ബൈബിൾ നമ്മോട് ഇങ്ങനെ പറയുന്നു: “പ്രാർഥിക്കുമ്പോൾ, വിജാതീയർ ചെയ്യുന്നതുപോലെ ഒരേ കാര്യങ്ങൾതന്നെ ഉരുവിടരുത്. അതിഭാഷണത്താൽ തങ്ങളുടെ പ്രാർഥന കേൾക്കപ്പെടുമെന്നല്ലോ അവർ കരുതുന്നത്. നിങ്ങൾ അവരെപ്പോലെ ആകരുത്; നിങ്ങൾക്കു വേണ്ടത് എന്താണെന്ന് നിങ്ങൾ ചോദിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ.”—മത്തായി 6:7, 8.
അതിന്റെ പ്രാധാന്യം:
ദൈവത്തിന് സ്വീകാര്യമല്ലാത്ത വിധത്തിൽ പ്രാർഥിക്കുമ്പോൾ ഒരു വ്യക്തി തന്റെ സമയം പാഴാക്കുകയോ ദൈവത്തെ അപ്രീതിപ്പെടുത്തുകയോ ആയിരിക്കും ചെയ്യുന്നത്. ദൈവേഷ്ടത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ വിസമ്മതിക്കുന്ന ഒരാളുടെ പ്രാർഥന ദൈവത്തിന് “വെറുപ്പാകുന്നു” എന്നു ബൈബിൾ മുന്നറിയിപ്പു നൽകുന്നു.—സദൃശവാക്യങ്ങൾ 28:9.
നാം ആരോടാണ് പ്രാർഥിക്കേണ്ടത്?
“യഹോവയെ (ദൈവത്തെ) കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ.”—യെശയ്യാവു 55:6.
ആളുകൾ പറയുന്നത്:
ചില വിശ്വാസികൾ മറിയയോടോ ആരാധനാമൂർത്തികളായ ദൂതന്മാരോടോ അല്ലെങ്കിൽ ‘വിശുദ്ധന്മാരായി’ വാഴ്ത്തപ്പെട്ട വ്യക്തികളോടോ പ്രാർഥിക്കുന്നു. ‘ആത്മീയവും ഭൗതികവും ആയ ആവശ്യങ്ങൾ’ നിവർത്തിക്കുമെന്നു പറയപ്പെടുന്ന ‘വിശുദ്ധ’ അന്തോണിയോസും, ‘ആശയറ്റ സാഹചര്യങ്ങളിൽ’ സഹായിക്കുമെന്നു കരുതപ്പെടുന്ന ‘വിശുദ്ധ’ യൂദായും ഇവരിൽ ചിലരാണ്. ഇങ്ങനെയുള്ള വിശുദ്ധന്മാരും ദൂതന്മാരും, തങ്ങൾക്കും ദൈവത്തിനും ഇടയിൽ മധ്യസ്ഥത വഹിക്കും എന്ന് പ്രതീക്ഷിച്ചുകൊണ്ട് ആളുകൾ അവരോട് പ്രാർഥിക്കുന്നു.
ബൈബിൾ പറയുന്നത്:
സത്യാരാധകർ ‘സ്വർഗസ്ഥനായ പിതാവി’നോടാണ് പ്രാർഥിക്കേണ്ടത്. (മത്തായി 6:9) ബൈബിൾ നമ്മെ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “ഒന്നിനെക്കുറിച്ചും ഉത്കണ്ഠപ്പെടേണ്ട; ഏതു കാര്യത്തിലും പ്രാർഥനയാലും യാചനയാലും നിങ്ങളുടെ അപേക്ഷകൾ കൃതജ്ഞതാസ്തോത്രങ്ങളോടെ ദൈവത്തെ അറിയിക്കുക.”—ഫിലിപ്പിയർ 4:6.