യേശു “ഉത്ഭവം പണ്ടേയുള്ള” ഭരണാധിപൻ
വളരെ കാലമായി കാണാതിരുന്ന ഒരു ബന്ധുവിന്റെ ആഗമനത്തിനായി കാത്തിരിക്കെ നിങ്ങളാകെ ആവേശഭരിതനാകുന്നു. ഒടുവിൽ, അദ്ദേഹം ആഗതനാകുകയും നിങ്ങൾ അദ്ദേഹത്തെ ഊഷ്മളമായി എതിരേൽക്കുകയും ചെയ്യുന്നു. നിങ്ങളെ സന്ദർശിക്കാൻ തന്റെ പിതാവ് തന്നെ അയച്ചിരിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം പറയുമ്പോൾ നിങ്ങൾ ശ്രദ്ധാപൂർവം കേൾക്കുന്നു. തുടർന്ന്, അദ്ദേഹത്തിന് വീട്ടിലേക്കു തിരിച്ചുപോകാനുള്ള സമയം അതിവേഗം എത്തിച്ചേരുന്നു. നിങ്ങൾ അദ്ദേഹത്തിനു ദുഃഖത്തോടെ യാത്രാമംഗളം നേരുന്നു. അദ്ദേഹം സുരക്ഷിതനായി വീട്ടിൽ എത്തിയെന്ന് അറിയുമ്പോൾ അദ്ദേഹം വിട്ടുപോയപ്പോൾ നിങ്ങൾക്ക് അനുഭവപ്പെട്ട നഷ്ടബോധം കുറയുന്നു.
പിന്നീട്, ചില പഴയ എഴുത്തുകുത്തുകൾ പരിശോധിക്കവേ, നിങ്ങളെ കണ്ടുമുട്ടാനായി പുറപ്പെടുന്നതിനു വളരെക്കാലം മുമ്പ് ആ ബന്ധു ചെയ്ത ഉത്കൃഷ്ട കൃത്യങ്ങൾ ചുരുക്കമായി പരാമർശിക്കുന്ന ചില കത്തുകൾ നിങ്ങൾ കാണുന്നു. ആ കത്തുകൾ നിങ്ങളോടു പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ പശ്ചാത്തലം സംബന്ധിച്ച് രസാവഹമായ ഉൾക്കാഴ്ച നൽകുകയും അദ്ദേഹത്തിന്റെ സന്ദർശനത്തോടും ഇപ്പോഴത്തെ വേലയോടുമുള്ള നിങ്ങളുടെ വിലമതിപ്പു വർധിപ്പിക്കുകയും ചെയ്യുന്നു.
‘പണ്ടേയുള്ളത്’
ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാർക്കു ലഭ്യമായിരുന്ന പഴയ രേഖകളിൽ ഏതാണ്ട് എഴുന്നൂറു വർഷം മുമ്പ് ദൈവത്തിന്റെ പ്രവാചകനായ മീഖാ രേഖപ്പെടുത്തിയ ലേഖനങ്ങൾ ഉണ്ടായിരുന്നു. ഇവ മിശിഹായുടെ ജനന സ്ഥലം തിരിച്ചറിയിക്കുന്നു. “നീയോ, ബേത്ത്ലേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.” (മീഖാ 5:2) ഈ വാക്കുകൾ നിവർത്തിച്ചുകൊണ്ട്, ഇന്ന് പൊ.യു.മു. 2 എന്നു വിളിക്കപ്പെടുന്ന വർഷം യേശു യഹൂദ്യ ഗ്രാമമായ ബേത്ത്ലേഹേമിൽ ജനിച്ചു. എന്നാൽ അവന്റെ ഉത്ഭവം ‘പണ്ടേയുള്ളത്’ ആയിരിക്കാൻ കഴിയുന്നത് എങ്ങനെ?
യേശുവിന് മനുഷ്യപൂർവ അസ്തിത്വം ഉണ്ടായിരുന്നു. കൊലൊസ്സ്യയിലെ ക്രിസ്ത്യാനികൾക്കുള്ള തന്റെ ലേഖനത്തിൽ പൗലൊസ് അപ്പോസ്തലൻ യേശുവിനെ “അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും” എന്ന് വർണിച്ചു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—കൊലൊസ്സ്യർ 1:15.
ജ്ഞാനത്തിന്റെ ഉറവായ യഹോവ തന്റെ ആദ്യ പുത്രനെ തന്റെ “പ്രവൃത്തികളുടെ ആദ്യമായി” സൃഷ്ടിച്ചു. സദൃശവാക്യങ്ങളുടെ പുസ്തകത്തിൽ ശലോമോൻ രാജാവ് നിശ്വസ്തതയിൽ ആ പദപ്രയോഗമാണ് ഉപയോഗിച്ചിരിക്കുന്നത്. ഭൂമിയിലെ യേശുവിന്റെ താത്കാലിക വാസത്തിനും സ്വർഗത്തിലേക്കുള്ള മടങ്ങിപ്പോക്കിനും ശേഷം, തീർച്ചയായും താൻ “ദൈവസൃഷ്ടിയുടെ ആരംഭമാ”യിരുന്നെന്ന് അവൻ സാക്ഷ്യപ്പെടുത്തി. ജ്ഞാനത്തിന്റെ മൂർത്തിമദ്ഭാവം എന്ന നിലയിൽ മനുഷ്യനാകുന്നതിനു മുമ്പ് യേശു ഇപ്രകാരം പ്രഖ്യാപിച്ചു: “അവൻ [യഹോവ] ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു.”—സദൃശവാക്യങ്ങൾ 8:22, 23, 27; വെളിപ്പാടു 3:14.
തന്റെ പിതാവിനോടൊപ്പം ഒരു “ശില്പി [“വിദഗ്ധ വേലക്കാരൻ,” NW]” എന്ന നിലയിലുള്ള അതുല്യമായ ഒരു നിയമനം ദൈവപുത്രന് തുടക്കം മുതൽക്കേ ലഭിച്ചു. ഇത് യഹോവയ്ക്ക് എത്ര സന്തോഷം കൈവരുത്തി! “[ഞാൻ] ഇടവിടാതെ അവന്റെ [യഹോവയുടെ] മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനമ്പ്രതി അവന്റെ പ്രമോദമായിരുന്നു [“അവന് വിശേഷാൽ പ്രിയമുള്ളവൻ ആയിരുന്നു,” NW]” എന്ന് സദൃശവാക്യങ്ങൾ 8:30 പറയുന്നു.
പിന്നീട്, മനുഷ്യവർഗത്തിന്റെ സൃഷ്ടിയിൽ പങ്കെടുക്കാൻ യഹോവ തന്റെ ആദ്യജാതനെ ക്ഷണിച്ചു. അവൻ പ്രഖ്യാപിച്ചു: “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യ പ്രകാരം മനുഷ്യനെ ഉണ്ടാക്കുക.” (ഉല്പത്തി 1:26) തത്ഫലമായി മറ്റൊരു പ്രിയം വളർന്നുവന്നു. “എന്റെ പ്രമോദം [“പ്രിയം,” NW] മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു” എന്ന് മനുഷ്യനാകുന്നതിനു മുമ്പ് യേശു വിശദീകരിച്ചു. (സദൃശവാക്യങ്ങൾ 8:31) മനുഷ്യനാകുന്നതിനു മുമ്പ് യേശു സൃഷ്ടിയിൽ വഹിച്ച പങ്കിനെക്കുറിച്ച് തന്റെ സുവിശേഷത്തിന്റെ ആരംഭത്തിൽ യോഹന്നാൻ അപ്പോസ്തലൻ സമ്മതിച്ചു പറഞ്ഞു: “സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.”—യോഹന്നാൻ 1:3.
യഹോവയുടെ വക്താവ്
ദൈവപുത്രൻ ആസ്വദിച്ച മറ്റൊരു പദവിയിലേക്ക് യോഹന്നാന്റെ വാക്കുകൾ ശ്രദ്ധ ക്ഷണിക്കുന്നു. ഒരു വക്താവായിരിക്കുക എന്ന പദവിയാണ് അത്. തുടക്കം മുതൽ അവൻ വചനമായി സേവിച്ചു. അതുകൊണ്ട്, യഹോവ ആദാമിനോടു സംസാരിച്ചപ്പോഴും പിന്നീട് ആദാമിനെയും ഹവ്വായെയും സംബോധന ചെയ്തപ്പോഴും, അവൻ അതു ചെയ്തത് സാധ്യതയനുസരിച്ച് വചനം മുഖാന്തരം ആയിരുന്നു. മനുഷ്യ വർഗത്തിന്റെ ക്ഷേമത്തിനായുള്ള ദൈവിക നിർദേശങ്ങൾ അവർക്കു കൈമാറാൻ അവരോടു പ്രിയമുണ്ടായിരുന്ന ഒരുവനല്ലാതെ മറ്റ് ആർക്കാണ് കൂടുതൽ യോഗ്യതയുള്ളത്?—യോഹന്നാൻ 1:1, 2.
ഹവ്വായും പിന്നീട് ആദാമും തങ്ങളുടെ സ്രഷ്ടാവിനോട് അനുസരണക്കേടു കാട്ടിയത് വചനത്തെ എത്രമാത്രം വേദനിപ്പിച്ചിരിക്കണം! ആ അനുസരണക്കേട് അവരുടെ സന്തതികൾക്കു കൈവരുത്തിയ യാതനകൾ പരിഹരിക്കാൻ അവൻ എത്ര വാഞ്ഛിച്ചിട്ടുണ്ടാകണം! (ഉല്പത്തി 2:15-17; 3:6, 8; റോമർ 5:12) ഹവ്വായെ മത്സരിക്കാൻ പ്രോത്സാഹിപ്പിച്ച സാത്താനെ അഭിസംബോധന ചെയ്തുകൊണ്ട് യഹോവ പ്രഖ്യാപിച്ചു: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും.” (ഉല്പത്തി 3:15) ഏദെനിൽ സംഭവിച്ചതിനു ദൃക്സാക്ഷിയായിരുന്ന വചനം, സ്ത്രീയുടെ “സന്തതി”യുടെ പ്രഥമ ഭാഗമെന്ന നിലയിൽ താൻ ഉഗ്രമായ വിദ്വേഷത്തിനു പാത്രമാകുമെന്നു മനസ്സിലാക്കി. സാത്താൻ ഒരു മാനുഷ കൊലപാതകൻ ആണെന്ന് അവന് അറിയാമായിരുന്നു.—യോഹന്നാൻ 8:44.
പിന്നീട് വിശ്വസ്തനായ ഇയ്യോബിന്റെ നിർമലതയെ ചോദ്യം ചെയ്യവേ, തന്റെ പിതാവിന് എതിരായി സാത്താൻ നടത്തിയ ദൂഷണപരമായ ആരോപണങ്ങളിൽ വചനത്തിനു കോപം ജ്വലിച്ചിട്ടുണ്ടാകണം. (ഇയ്യോബ് 1:6-10; 2:1-4) തീർച്ചയായും, പ്രധാന ദൂതൻ എന്ന നിലയിലുള്ള തന്റെ റോളിൽ വചനം മീഖായേൽ എന്ന് അറിയപ്പെടുന്നു. ആ പേരിന്റെ അർഥം “ദൈവത്തെപ്പോലെ ആരുള്ളൂ?” എന്നാണ്. ദൈവത്തിന്റെ പരമാധികാരം കൈവശമാക്കാൻ ലക്ഷ്യമിടുന്ന ഏവർക്കും എതിരെ അവൻ യഹോവയ്ക്കായി എപ്രകാരം പോരാടുന്നുവെന്ന് അതു സൂചിപ്പിക്കുന്നു.—ദാനീയേൽ 12:1; വെളിപ്പാടു 12:7-10.
ഇസ്രായേലിന്റെ ചരിത്രം ഇതൾ വിരിഞ്ഞപ്പോൾ, മനുഷ്യരെ സത്യാരാധനയിൽനിന്നു വ്യതിചലിപ്പിക്കാനുള്ള സാത്താന്റെ ശ്രമങ്ങൾ വചനം നിരീക്ഷിച്ചു. ഈജിപ്തിൽനിന്നുള്ള പുറപ്പാടിനെ തുടർന്ന് ദൈവം മോശയിലൂടെ ഇസ്രായേലിനോടു ഇപ്രകാരം പറഞ്ഞു: “ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിന്നും ഞാൻ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിന്നും ഞാൻ ഒരു ദൂതനെ നിന്റെ മുമ്പിൽ അയക്കുന്നു. നീ അവനെ ശ്രദ്ധിച്ചു അവന്റെ വാക്കു കേൾക്കേണം; അവനോടു വികടിക്കരുതു; അവൻ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്റെ നാമം അവനിൽ ഉണ്ടു.” (പുറപ്പാടു 23:20, 21) ആ ദൂതൻ ആരായിരുന്നു? മനുഷ്യൻ ആയിത്തീരുന്നതിനു മുമ്പുള്ള യേശു ആയിരുന്നിരിക്കാനാണ് സാധ്യത.
വിശ്വസ്ത വിധേയത്വം
പൊ.യു.മു. 1473-ൽ മോശ മരിച്ചു. അവന്റെ ശരീരം “മോവാബ്ദേശത്തു ബേത്ത്-പെയോരിന്നെതിരെയുള്ള താഴ്വരയിൽ അടക്കി.” (ആവർത്തനപുസ്തകം 34:5, 6) സാധ്യതയനുസരിച്ച് വിഗ്രഹാരാധന ഉന്നമിപ്പിക്കുന്നതിന് അവന്റെ മൃതദേഹം ഉപയോഗിക്കാൻ സാത്താൻ ആഗ്രഹിച്ചു. മീഖായേൽ അതിനെ എതിർത്തു. അതേസമയം അവൻ വിനയപൂർവം തന്റെ പിതാവായ യഹോവയുടെ അധികാരത്തിനു കീഴ്വഴങ്ങി. പിശാചിനെതിരെ “ഒരു ദൂഷണവിധി ഉച്ചരിപ്പാൻ തുനിയാതെ: കർത്താവു [“യഹോവ,” NW] നിന്നെ ഭർത്സിക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് മീഖായേൽ സാത്താനെ താക്കീതു ചെയ്തു.—യൂദാ 9.
ഇസ്രായേൽ അടുത്തതായി കനാനിലെ വാഗ്ദത്തദേശത്തിനു വേണ്ടിയുള്ള പോരാട്ടം തുടങ്ങി. വചനം ആ ജനതയുടെ മേൽനോട്ടം തുടർന്നും വഹിക്കുന്നു എന്നതിന്റെ ഉറപ്പ് യരീഹോ നഗരത്തിന് അടുത്തുവെച്ച് യോശുവയ്ക്കു ലഭിച്ചു. അവിടെ അവൻ ഊരിപ്പിടിച്ച വാളുമായി നിൽക്കുന്ന ഒരുവനെ കണ്ടുമുട്ടി. യോശുവ ആ അപരിചിതന്റെ അടുത്തേക്കു ചെന്ന് ചോദിച്ചു: “നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ”? അപ്പോൾ ആ അപരിചിതൻ, “അല്ല, ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് താൻ ആരാണെന്ന് വെളിപ്പെടുത്തിയപ്പോൾ യോശുവയ്ക്ക് ഉണ്ടായ ആശ്ചര്യം ഒന്നു സങ്കൽപ്പിച്ചുനോക്കൂ. യഹോവയുടെ ഈ മഹോന്നത പ്രതിനിധിയുടെ, നിസ്സംശയമായും പിന്നീട് “നേതാവായ മിശിഹാ” ആയിത്തീരുമായിരുന്ന മനുഷ്യനാകുന്നതിനു മുമ്പുള്ള യേശുവിന്റെ, മുമ്പാകെ യോശുവ സാഷ്ടാംഗം വീണതിൽ അതിശയിക്കാനില്ല.—യോശുവ 5:13-15; ദാനീയേൽ 9:25, NW.
ദൈവത്തിന്റെ പ്രവാചകനായ ദാനീയേലിന്റെ കാലത്ത് സാത്താനുമായി കൂടുതലായ ഒരു ഏറ്റുമുട്ടൽ നടന്നു. ആ സന്ദർഭത്തിൽ, പാർസിരാജ്യത്തിന്റെ ഭൂത പ്രഭു ഇരുപത്തൊന്നു ദിവസം ഒരു ദൂതനോട് “എതിർത്തുനിന്ന”പ്പോൾ മീഖായേൽ തന്റെ സഹദൂതനെ പിന്താങ്ങി. ആ ദൂതൻ ഇങ്ങനെ വിശദീകരിച്ചു: “എങ്കിലും പ്രധാനപ്രഭുക്കന്മാരിൽ ഒരുത്തനായ മീഖായേൽ എന്നെ സഹായിപ്പാൻ വന്നു: അവനെ ഞാൻ പാർസിരാജാക്കന്മാരോടുകൂടെ അവിടെ വിട്ടേച്ചു.”—ദാനീയേൽ 10:13, 21.
മനുഷ്യപൂർവ-മനുഷ്യ മഹത്ത്വം
യഹൂദ്യ രാജാവായ ഉസ്സീയാവു മരിച്ച വർഷം, പൊ.യു.മു. 778-ൽ, ദൈവത്തിന്റെ പ്രവാചകനായ യെശയ്യാവു യഹോവ തന്റെ മഹോന്നത സിംഹാസനത്തിൽ ഇരിക്കുന്നതിന്റെ ഒരു ദർശനം കണ്ടു. “ഞാൻ ആരെ അയക്കേണ്ടു? ആർ നമുക്കു വേണ്ടി പോകും?” എന്നു യഹോവ ചോദിച്ചു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) യെശയ്യാവു സന്നദ്ധനായി. എന്നാൽ അവന്റെ സഹ ഇസ്രായേല്യർ അവന്റെ പ്രഖ്യാപനങ്ങളോടു പ്രതികരണമില്ലാത്തവർ ആയിരിക്കുമെന്ന് യഹോവ അവനു മുന്നറിയിപ്പു നൽകി. യോഹന്നാൻ അപ്പോസ്തലൻ ഒന്നാം നൂറ്റാണ്ടിലെ അവിശ്വാസികളായ യഹൂദന്മാരെ യെശയ്യാവിന്റെ നാളിലെ ആളുകളോടു താരതമ്യപ്പെടുത്തിയിട്ട് ഇങ്ങനെ പ്രസ്താവിച്ചു: ‘യെശയ്യാവു അവന്റെ തേജസ്സു കണ്ടതുകൊണ്ടാകുന്നു ഇതു പറഞ്ഞതു.’ ആരുടെ തേജസ്സ്? യഹോവയുടെയും സ്വർഗീയ സദസ്സിൽ അവനോടൊപ്പം ഉണ്ടായിരുന്ന മനുഷ്യനാകുന്നതിനു മുമ്പുള്ള യേശുവിന്റെയും.—യെശയ്യാവു 6:1, 8-10; യോഹന്നാൻ 12:37-41.
ഏതാനും നൂറ്റാണ്ടുകൾ കഴിഞ്ഞ് യേശുവിന് അന്നുവരെ ലഭിച്ചിട്ടുള്ളതിലേക്കും ഏറ്റവും വലിയ നിയമനം ലഭിച്ചു. യഹോവ തന്റെ പ്രിയ പുത്രന്റെ ജീവനെ സ്വർഗത്തിൽനിന്ന് മറിയയുടെ ഗർഭപാത്രത്തിലേക്കു മാറ്റി. ഒമ്പതു മാസം കഴിഞ്ഞ് അവൾ ഒരു ആൺകുട്ടിക്ക്, യേശുവിന്, ജന്മമേകി. (ലൂക്കൊസ് 2:1-7, 21) പൗലൊസ് അപ്പോസ്തലന്റെ വാക്കുകളിൽ: ‘കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽ നിന്നു ജനിച്ചവനായി അയച്ചു.’ (ഗലാത്യർ 4:4) സമാനമായി യോഹന്നാൻ അപ്പോസ്തലൻ ഇങ്ങനെ പ്രസ്താവിച്ചു: “വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.”—യോഹന്നാൻ 1:14.
മിശിഹാ പ്രത്യക്ഷപ്പെടുന്നു
തന്റെ സ്വർഗീയ പിതാവിന്റെ വേല ചെയ്യുന്നതിൽ താൻ വ്യാപൃതനായിരിക്കണമെന്ന് കുട്ടിയായിരുന്ന യേശു, കുറഞ്ഞത് 12 വയസ്സ് ആയപ്പോൾ എങ്കിലും, മനസ്സിലാക്കിയിരുന്നു. (ലൂക്കൊസ് 2:48, 49) ഏതാണ്ട് 18 വർഷം കഴിഞ്ഞ് യേശു സ്നാപക യോഹന്നാന്റെ അടുത്തു വന്ന് യോർദാൻ നദിയിൽ സ്നാപനമേറ്റു. യേശു പ്രാർഥിക്കവേ, സ്വർഗം തുറന്നു, പരിശുദ്ധാത്മാവ് അവന്റെമേൽ ഇറങ്ങി. വിദഗ്ധ വേലക്കാരൻ, വക്താവ്, ദൈവത്തിന്റെ സൈനിക പ്രഭു, പ്രധാന ദൂതനായ മീഖായേൽ എന്നീ നിലകളിൽ തന്റെ പിതാവിനോടൊപ്പം താൻ സേവിച്ച അസംഖ്യം സഹസ്രാബ്ദങ്ങളെക്കുറിച്ച് ഓർത്തപ്പോൾ അവന്റെ മനസ്സിലേക്ക് ഒഴുകിയെത്തിയ സ്മരണകളുടെ പ്രളയം ഒന്നു ഭാവനയിൽ കാണൂ. അപ്പോഴതാ, സ്നാപക യോഹന്നാനോടുള്ള തന്റെ പിതാവിന്റെ വാക്കുകൾ കേൾക്കുന്നതിന്റെ പുളകപ്രദമായ അനുഭവം: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.”—മത്തായി 3:16, 17; ലൂക്കൊസ് 3:21, 22.
യേശുവിന്റെ മനുഷ്യപൂർവ അസ്ഥിത്വത്തെ കുറിച്ച് സ്നാപക യോഹന്നാന് തീർച്ചയായും യാതൊരു സംശയവും ഉണ്ടായിരുന്നില്ല. യേശു അവന്റെ അടുത്തേക്കു വന്നപ്പോൾ അവൻ ഉദ്ഘോഷിച്ചു: “ഇതാ ലോകത്തിന്റെ പാപം ചുമക്കുന്ന [“എടുത്തുമാറ്റുന്ന,” NW] ദൈവത്തിന്റെ കുഞ്ഞാടു.” അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (യോഹന്നാൻ 1:15, 29, 30) യോഹന്നാൻ അപ്പോസ്തലനും യേശുവിന്റെ പൂർവാസ്തിത്വത്തെ കുറിച്ച് മനസ്സിലാക്കിയിരുന്നു. അവൻ എഴുതി: “മേലിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവൻ; സ്വർഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാൺകയും കേൾക്കയും ചെയ്തതു സാക്ഷീകരിക്കുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—യോഹന്നാൻ 3:31, 32.
മിശിഹായുടെ ഭൂമിയിലെ ആഗമനത്തിന്റെയും മഹാപുരോഹിതൻ എന്ന നിലയിലുള്ള അവന്റെ വേലയുടെയും മുഴു പ്രാധാന്യവും വിലമതിക്കാൻ പൗലൊസ് അപ്പോസ്തലൻ പൊ.യു. ഏകദേശം 61-ൽ എബ്രായ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചു. വക്താവ് എന്ന നിലയിലുള്ള യേശുവിന്റെ ധർമത്തിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പൗലൊസ് എഴുതി: “ദൈവം . . . ഈ അന്ത്യകാലത്തു പുത്രൻമുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു. . . . അവൻ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.” ഇതു പരാമർശിക്കുന്നത്, സൃഷ്ടിയുടെ സമയത്ത് “വിദഗ്ധ വേലക്കാരൻ” എന്ന നിലയിൽ യേശുവിനുണ്ടായിരുന്ന പങ്കിനെയോ മനുഷ്യനെ താനുമായി അനുരഞ്ജനപ്പെടുത്താൻ വേണ്ടിയുള്ള ദൈവത്തിന്റെ ക്രമാനുഗതമായ ക്രമീകരണങ്ങളിലെ അവന്റെ ഉൾപ്പെടലിനെയോ ആയിരുന്നാലും, പൗലൊസ് ഇവിടെ യേശുവിന്റെ മനുഷ്യപൂർവ അസ്തിത്വത്തിനു സാക്ഷ്യം നൽകുന്നു.—എബ്രായർ 1:1-6; 2:9.
‘പണ്ടു’മുതലുള്ള വിശ്വസ്തത
ഒന്നാം നൂറ്റാണ്ടിൽ ഫിലിപ്പിയിൽ ഉണ്ടായിരുന്ന ക്രിസ്ത്യാനികൾക്ക് പൗലൊസ് ഈ ഉദ്ബോധനം നൽകി: “ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം [“ദൈവത്തോട് സമനായിരിക്കണം,” NW] എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.” (ഫിലിപ്പിയർ 2:5-8) യേശുവിനെ ഉയിർപ്പിച്ചിട്ട് അവനെ തിരികെ സ്വർഗീയ ഭവനത്തിലേക്കു സ്വാഗതം ചെയ്തുകൊണ്ട് യഹോവ യേശുവിന്റെ വിശ്വസ്ത ഗതിയോട് സ്നേഹപൂർവം പ്രതികരിച്ചു. എണ്ണമറ്റ യുഗങ്ങളിൽ ഉടനീളം യേശു നമുക്കായി നിർമലതയുടെ എന്തോരു ഉത്തമ ദൃഷ്ടാന്തമാണ് വെച്ചിരിക്കുന്നത്!—1 പത്രൊസ് 2:21.
യേശുവിന്റെ മനുഷ്യപൂർവ അസ്തിത്വത്തെക്കുറിച്ച് ബൈബിൾ നൽകുന്ന ഹ്രസ്വ വിവരണത്തിന് നാം എത്ര നന്ദിയുള്ളവരാണ്! അവന്റെ വിശ്വസ്ത സേവനത്തിന്റെ ദൃഷ്ടാന്തം അനുകരിക്കാനുള്ള നമ്മുടെ നിശ്ചയത്തെ അവ തീർച്ചയായും ശക്തിമത്താക്കുന്നു. വിശിഷ്യാ, ഇപ്പോൾ അവൻ ദൈവത്തിന്റെ മിശിഹൈക രാജ്യത്തിന്റെ രാജാവായി വാഴുന്നതിനാൽ. “ഉത്ഭവം പണ്ടേയുള്ള,” നമ്മുടെ അധിപതിയും ഭരണാധിപനുമായ “സമാധാന പ്രഭു”വായ യേശുക്രിസ്തുവിനെ നമുക്കു വാഴ്ത്താം.—യെശയ്യാവു 9:6; മീഖാ 5:2.
[24-ാം പേജിലെ ചതുരം]
മനുഷ്യപൂർവ അസ്തിത്വത്തിനുള്ള സാക്ഷ്യം
താഴെ കാണുന്ന പ്രകാരമുള്ള, യേശുവിന്റെ സ്വന്തം വാക്കുകൾ അവന്റെ മനുഷ്യപൂർവ അസ്തിത്വത്തിന് സമൃദ്ധമായ സാക്ഷ്യം നൽകുന്നു:
◻ ‘സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന . . . മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.’—യോഹന്നാൻ 3:13.
◻ ‘സ്വർഗ്ഗത്തിൽനിന്നുള്ള അപ്പം മോശെയല്ല നിങ്ങൾക്കു തന്നതു, എന്റെ പിതാവത്രേ സ്വർഗ്ഗത്തിൽനിന്നുള്ള സാക്ഷാൽ അപ്പം നിങ്ങൾക്കു തരുന്നതു. ദൈവത്തിന്റെ അപ്പമോ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു ലോകത്തിന്നു ജീവനെ കൊടുക്കുന്നതു [“കൊടുക്കുന്നവൻ,” NW] ആകുന്നു. . . . ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു.’—യോഹന്നാൻ 6:32, 33, 38.
◻ ‘ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്ന അപ്പം ആകുന്നു. സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും.’—യോഹന്നാൻ 6:50, 51.
◻ ‘മനുഷ്യപുത്രൻ മുമ്പെ ഇരുന്നേടത്തേക്കു കയറിപ്പോകുന്നതു നിങ്ങൾ കണ്ടാലോ?’—യോഹന്നാൻ 6:62.
◻ ‘എന്റെ സാക്ഷ്യം സത്യം ആകുന്നു; ഞാൻ എവിടെനിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും ഞാൻ അറിയുന്നു; . . . നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽനിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽ നിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽനിന്നുള്ളവനല്ല.’—യോഹന്നാൻ 8:14, 23.
◻ ‘ദൈവം നിങ്ങളുടെ പിതാവു എങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു. ഞാൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു; ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു.’—യോഹന്നാൻ 8:42.
◻ ‘ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിന്നു മുമ്പെ ഞാൻ ഉണ്ടു.’—യോഹന്നാൻ 8:58.
◻ ‘ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ. പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചിരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിന്നു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടുകൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു.’—യോഹന്നാൻ 17:5, 24.
[23-ാം പേജിലെ ചിത്രം]
യോശുവ യഹോവയുടെ സൈന്യത്തിന്റെ അധിപതിയെ കണ്ടുമുട്ടുന്നു