സുവാർത്ത സമർപ്പിക്കൽ—വ്യക്തിപരമായ ദൃഢവിശ്വാസത്തോടെ
1 അപ്പോസ്തലനായ പൗലോസ് തെസ്സലോനിക്യ സഭയുടെ കഠിനവേല ഓർത്തുകൊണ്ട് അവരോട് ഇപ്രകാരം പറഞ്ഞു: “ഞങ്ങൾ പ്രസംഗിക്കുന്ന സുവാർത്ത സംസാരത്തോടെ മാത്രമല്ല നിങ്ങളുടെ ഇടയിൽ വന്നത്, എന്നാൽ ശക്തിയോടും പരിശുദ്ധാത്മാവോടും ശക്തമായ ദൃഢവിശ്വാസത്തോടും കൂടെയായിരുന്നു . . . നിങ്ങൾ ഞങ്ങളുടെയും കർത്താവിന്റെയും അനുകാരികളായിത്തീർന്നുമിരിക്കുന്നു.” (1 തെസ്സ. 1:5, 6) ഉവ്വ്, പൗലോസിനും അവന്റെ സഹകാരികൾക്കും തെസ്സലോനിക്യയിലെ സഭക്കും സുനിശ്ചിതമായി തങ്ങൾ ദൈവത്തെ ഉചിതമായി ആരാധിച്ചുകൊണ്ടിരിക്കുന്നു എന്ന് അറിയാമായിരുന്നു. ഈ ദൃഢവിശ്വാസം അവരുടെ സംസാരത്തിൽ പ്രതിഫലിച്ചിരുന്നു. നമ്മുടെ ശുശ്രൂഷയും ശക്തമായ, വ്യക്തിപരമായ ദൃഢവിശ്വാസം പ്രതിഫലിപ്പിക്കണം.
ഹൃദയത്തിൽനിന്നുളള സംസാരം
2 നമുക്കു നമ്മുടെ ശുശ്രൂഷയിൽ എങ്ങനെ വ്യക്തിപരമായ ദൃഢവിശ്വാസം പ്രതിഫലിപ്പിക്കാൻ കഴിയും? അടിസ്ഥാനപരമായി അതിൽ നമ്മുടെ ഹൃദയത്തിലുളളത് പ്രകടമാക്കുന്നത് ഉൾപ്പെടുന്നു. നാം സുവാർത്ത പ്രസംഗിക്കുന്ന വിധം നാം പറയുന്നത് നാം യഥാർത്ഥത്തിൽ വിശ്വസിക്കുന്നുണ്ടെന്ന് പ്രകടമാക്കണം. നാം നമ്മുടെ ഹൃദയത്തിൽനിന്നു സംസാരിക്കുന്നെങ്കിൽ നമ്മുടെ ആത്മാർത്ഥതയും വ്യക്തിപരമായ ദൃഢവിശ്വാസവും പ്രകാശിക്കും, എന്തുകൊണ്ടെന്നാൽ ‘ഹൃദയത്തിന്റെ നിറവിൽനിന്ന് വായ് സംസാരിക്കുന്നു.’—ലൂക്കോ. 6:45.
3 നാം വ്യക്തിപരമായ ദൃഢവിശ്വാസം പ്രതിഫലിപ്പിക്കണമെങ്കിൽ നമുക്ക് സത്യത്തോടും യഹോവയുടെ സ്ഥാപനത്തോടും ഒരു ആഴമായ വിലമതിപ്പ് ഉണ്ടായിരിക്കണം. സത്യം ലഭിക്കുമ്പോൾ അത് പഠിക്കുന്നതിനു മററുളളവരെ സഹായിക്കുന്നത് നിങ്ങളുടെ ഉത്തരവാദിത്വമാണ്. ഈ കാര്യങ്ങളെ സംബന്ധിച്ച ക്രിയാത്മകമായ ചിന്ത സത്യം ദൃഢവിശ്വാസത്തോടെ അവതരിപ്പിക്കുന്നതിന് നിങ്ങളെ പ്രേരിപ്പിക്കുന്നതിന് സഹായിക്കും. യേശു ഒരു ശമര്യാക്കാരി സ്ത്രീയോട് സംസാരിച്ചുകൊണ്ട് നമുക്ക് ഒരു നല്ല മാതൃക വെച്ചു.—യോഹ. 4:21-24.
4 നാം സാഹിത്യം സമർപ്പിക്കുന്ന വിധം നാം ഹൃദയത്തിൽനിന്നാണോ സംസാരിക്കുന്നത് എന്ന് പ്രതിഫലിപ്പിക്കുന്നു. നാം സുവാർത്ത സമർപ്പിക്കുമ്പോൾ, നമുക്ക് സാഹിത്യസമർപ്പണം നന്നായി പരിചിതമായിരിക്കണം, വീട്ടുകാരന്റെ വിശപ്പ് വർദ്ധിപ്പിക്കാൻ ഉപയോഗിക്കാവുന്ന കൃത്യമായ ആശയങ്ങൾ തിരഞ്ഞെടുക്കുകയും വേണം. ഇതു നാം സാഹിത്യം അവതരിപ്പിക്കുമ്പോഴത്തെ നമ്മുടെ സ്വന്തം വിശ്വാസത്തെയും കെട്ടുപണിചെയ്യും.
ശീലവൈകൃതങ്ങൾ ഒഴിവാക്കുക
5 ചിലപ്പോൾ നമ്മുടെ ചില ശീലവൈകൃതങ്ങൾക്ക്, നമ്മുടെ ആത്മാർത്ഥതയെയും ദൃഢവിശ്വാസത്തെയും സംബന്ധിച്ച വീട്ടുകാരന്റെ വീക്ഷണത്തെ ബാധിക്കാൻ കഴിയും. നാം വീട്ടുകാരനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആവശ്യമില്ലാതെ സാഹിത്യത്തിൽ നോക്കിക്കൊണ്ടിരിക്കുകയൊ നമ്മുടെ കണ്ണുകൾ അലഞ്ഞുതിരിയുന്നതിന് അനുവദിക്കുകയൊ ചെയ്താൽ നാം ആത്മാർത്ഥതയുളളവരല്ലെന്ന തോന്നൽ ഉളവാക്കിയേക്കാം. നാം സംസാരിക്കുമ്പോൾ, നാം പറയുന്നത് വിശ്വസിക്കുന്നുണ്ടെന്ന് സൂചിപ്പിക്കത്തക്കവണ്ണം നാം വീട്ടുകാരന്റെ നേരെ നോക്കണം.
6 മുഖത്തിന്റെ ഭാവങ്ങളും പ്രധാനമാണ്, എന്തുകൊണ്ടെന്നാൽ അവ പൊതുവെ നിങ്ങളുടെ ഹൃദയത്തിലുളളത് വെളിപ്പെടുത്തുന്നു. നിങ്ങളുടെ മുഖഭാവത്തിൽ ശക്തമായ ദൃഢവിശ്വാസവും വീട്ടുകാരനിലുളള ഒരു ആത്മാർത്ഥമായ താൽപ്പര്യവും പ്രതിഫലിക്കണം.
7 നമ്മുടെ വാക്കുകളുടെ തിരഞ്ഞെടുപ്പിലും നാം അവശേഷിപ്പിക്കുന്ന മതിപ്പിനോട് ഒരു വലിയ ബന്ധമുണ്ട്. “ഞാൻ വിചാരിക്കുന്നു” എന്നും “ഒരുപക്ഷെ” എന്നുമുളള പദപ്രയോഗങ്ങൾ നാം ആവർത്തിച്ച് ഉപയോഗിച്ചാൽ നാം പറയുന്നതിൽ നമുക്ക് ഉറപ്പില്ലെന്നുളള ധാരണ വീട്ടുകാരന് കിട്ടിയേക്കാം. നമ്മുടെ വാക്കുകളുടെ തിരഞ്ഞെടുപ്പ് നമ്മുടെ ഭാഗത്തെ ദൃഢവിശ്വാസത്തെ പ്രതിഫലപ്പിക്കണം.—മത്താ. 7:28, 29 താരതമ്യപ്പെടുത്തുക.
8 നിങ്ങൾ വ്യക്തിപരമായ ദൃഢവിശ്വാസത്തോടെ സുവാർത്ത സമർപ്പിക്കുന്നതിന് കഠിനയത്നം ചെയ്യുമ്പോൾ നിങ്ങൾക്ക് ‘കർത്താവിനോടുളള ബന്ധത്തിൽ നിങ്ങളുടെ വേല വ്യർത്ഥമല്ല’ എന്ന ഉറപ്പുളളവരായിരിക്കാൻ കഴിയും.—1 കൊരി. 15:58.