അംഗീകരിച്ച്, ബാധകമാക്കി, ദൈവവചനത്തിൽനിന്ന് പ്രയോജനം അനുഭവിക്കൽ
1 ദശലക്ഷക്കണക്കിന് ആളുകൾക്ക് ബൈബിളിന്റെ ഒരു പ്രതിയുണ്ടെങ്കിലും അനേകർ അതിനെ ദൈവവചനമായി അംഗീകരിക്കുന്നില്ല, മിക്കയാളുകളും അതിന്റെ ജ്ഞാനപൂർവമായ ഉപദേശം ബാധകമാക്കുന്നില്ല, അതുകൊണ്ട് വിരളമായേ അതിൽനിന്ന് പ്രയോജനം അനുഭവിക്കുന്നുളളു. എന്നുവരികിലും, അത് ദൈവത്തിന്റെ വചനമാണെന്നും സകലകാര്യങ്ങൾക്കും പ്രയോജനപ്രദമാണെന്നും യഹോവയുടെ സാക്ഷികൾ സത്യമായും വിശ്വസിക്കുന്നു. (2 തിമൊ. 3:16, 17) അതുകൊണ്ട് 1993 സേവന വർഷത്തിലേക്കുളള സർക്കിട്ട് സമ്മേളന പരിപാടിയുടെ വിഷയം “അംഗീകരിച്ച്, ബാധകമാക്കി, ദൈവവചനത്തിൽനിന്ന് പ്രയോജനം അനുഭവിക്കൽ” എന്നതായിരിക്കും.
2 നമ്മെ പ്രോൽസാഹിപ്പിക്കുന്നതിനും ദൈവവചനത്തോടുളള നമ്മുടെ വിലമതിപ്പ് അഗാധമാക്കുന്നതിനും ജീവിതത്തിന്റെ എല്ലാ വശങ്ങളിലും അത് കൂടുതൽ തികവോടെ ബാധകമാക്കാൻ നമ്മെ സഹായിക്കുന്നതിനും പ്രസംഗങ്ങളും പ്രകടനങ്ങളും ആക്ഷേപങ്ങളും അനുഭവങ്ങളും അഭിമുഖങ്ങളും ഉണ്ടായിരിക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞുളള പരിപാടിയിൽ വിനോദത്തോടും സഹവാസത്തോടും ഭൗതികത്വത്തോടുമുളള ബന്ധത്തിൽ കുടുംബവൃത്തത്തിനുളളിലെ ബുദ്ധ്യുപദേശവും ശിക്ഷണവും പരിചിന്തിക്കും. നാം ലോകത്തിൽനിന്ന് വ്യത്യസ്തരായിരിക്കേണ്ടത് എങ്ങനെയെന്നും അതിന്റെ വഷളായ രീതികളും ആദരവില്ലാത്തതോ അസഭ്യമോ ആയ ഭാഷയും സ്വീകരിക്കാതിരിക്കേണ്ടത് എങ്ങനെയെന്നും പ്രകടമാക്കും. അതിനുപുറമെ ഒററപ്പെട്ടുപോയ മാതാപിതാക്കളുടെയും പിതാവില്ലാത്ത കുട്ടികളുടെയും പ്രയോജനത്തിനായി പ്രോൽസാഹനം നൽകപ്പെടും.
3 കൂടാതെ, പുതുതായി സമർപ്പിച്ച വ്യക്തികൾക്ക് ശനിയാഴ്ച സ്നാപനം സംബന്ധിച്ചുളള ഒരു തിരുവെഴുത്തു പ്രസംഗം കേട്ടശേഷം സ്നാപനം സ്വീകരിക്കുന്നതിനുളള അവസരവും ഉണ്ടായിരിക്കും. സർക്കിട്ട് സമ്മേളനത്തിൽ സ്നാപനം ഏൽക്കാൻ ആസൂത്രണം ചെയ്യുന്നവർ സഭയിലെ അദ്ധ്യക്ഷമേൽവിചാരകനെ എത്രയും നേരത്തെ അവരുടെ ആഗ്രഹം അറിയിക്കണം, അപ്പോൾ സ്നാപനം സ്വീകരിക്കാനുളളവരുമായി ചോദ്യങ്ങൾ ചർച്ചചെയ്യാൻ മൂപ്പൻമാരെ ക്രമീകരിക്കുന്നതിന് അദ്ദേഹത്തിന് വേണ്ടത്ര സമയം ഉണ്ടായിരിക്കും.
4 ഞായറാഴ്ച രാവിലത്തെ പരിപാടി, ദൈവവചനത്തോട് അനുരൂപപ്പെടുന്നതിനാൽ നാം നമ്മേത്തന്നെ ലോകത്തിൽനിന്ന് വേർതിരിച്ചുനിർത്തുന്ന വിധങ്ങൾ പരിശോധിക്കുന്നതായിരിക്കും. നമ്മുടെ ചമയത്തിന്റെ പ്രാധാന്യവും നമ്മുടെ മനസ്സിനെ ദുഷിപ്പിക്കുന്നത് എങ്ങനെ ഒഴിവാക്കാമെന്നുളളതും പരിശോധിക്കുന്ന വിഷയങ്ങളിൽ ഉൾപ്പെടും. ഉച്ചകഴിഞ്ഞ് “ബൈബിളിനെ ആധികാരികമായി അടയാളപ്പെടുത്തുന്നതെന്ത്?” എന്ന പരസ്യപ്രസംഗം ഡിസ്ട്രിക്ററ് മേൽവിചാരകൻ നിർവ്വഹിക്കും. ഈ നല്ല പരിപാടിക്ക് എല്ലാ താൽപര്യക്കാരെയും നാം നിശ്ചയമായും ക്ഷണിക്കണം.
5 ഈ സർക്കിട്ട് സമ്മേളന പരിപാടിയുടെ തീയതികളും സ്ഥാനവും നിങ്ങളുടെ സർക്കിട്ട് മേൽവിചാരകൻ അറിയിക്കും. അംഗീകരിക്കാനും ബാധകമാക്കാനും ദൈവവചനത്തിലെ ബുദ്ധ്യുപദേശത്തിൽനിന്ന് പ്രയോജനം അനുഭവിക്കാനും ഹാജരാകാൻ ഞങ്ങൾ എല്ലാവരെയും പ്രോൽസാഹിപ്പിക്കുന്നു.—യാക്കോ. 1:22-25.