നിങ്ങൾക്ക് ഒരു പയനിയറെന്ന നിലയിൽ യഹോവയെ സേവിക്കാൻ കഴിയുമോ?
1 “പ്രകാശ വാഹകർ” ഡിസ്ട്രിക്ററ് കൺവെൻഷനുകളിലൊന്നിൽ ഒരു പ്രസംഗകൻ ചോദിച്ചു: “നിങ്ങൾക്ക് പയനിയറിംഗ് നടത്താൻ കഴിയുമോ? നിങ്ങൾ പയനിയറിംഗ് നടത്തുമോ?” അർമ്മഗെദ്ദോൻ വളരെ അടുത്തിരിക്കുന്നതുകൊണ്ടും അത് പ്രസംഗവേലയെ മുമ്പ് എന്നത്തേതിലും കൂടുതൽ അടിയന്തിരമാക്കുന്നതുകൊണ്ടും ഈ ചോദ്യങ്ങൾ ഉചിതമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.—1 കൊരി. 7:29എ.
2 പയനിയറിംഗ് കഠിനവേലയാണെന്നുളളതിനു തർക്കമില്ല. അതിന് ആത്മശിക്ഷണവും നല്ല സംഘാടനവും ആവശ്യമാണ്. എങ്കിലും ശുശ്രൂഷയിലെ നമ്മുടെ അദ്ധ്വാനം “വ്യർത്ഥമല്ല”. (1 കൊരി. 15:58) നാം പിന്തുടരാൻ തിരഞ്ഞെടുത്തേക്കാവുന്നതും നമ്മുടെ സമയവും ഊർജ്ജവും തിന്നുതീർക്കുന്നതുമായ മററു പ്രവർത്തനങ്ങളെ സംബന്ധിച്ച് അതുതന്നെ പറയാൻ കഴിയുമോ? യഹോവയോടുളള സ്നേഹം അവിടുത്തെ സേവനത്തിൽ ഉത്സാഹമുളളവരായിരിക്കാൻ ക്രിസ്ത്യാനികളെ പ്രചോദിപ്പിക്കുന്നു, യഹോവയുടെ സേവനത്തിലുളള തീക്ഷ്ണത അനേകരെ പയനിയർ വേലയിലേക്കു നയിക്കുകയും ചെയ്തിരിക്കുന്നു.—1 യോഹ. 5:3; വെളി. 4:11.
3 സ്കൂൾ വിദ്യാഭ്യാസം കഴിയുന്ന ഉടനെ യഹോവയുടെ യുവദാസൻമാരിൽ പലരും പയനിയറിംഗിനെക്കുറിച്ച് ഗൗരവപൂർവ്വം ചിന്തിക്കുകയാണ്. അതു തികച്ചും ഉചിതമാണ്. മററ് ഏതു തൊഴിൽ മുഴുസമയ ശുശ്രൂഷയേക്കാൾ പ്രധാനമായിരിക്കാൻ കഴിയും? (മത്താ. 6:33) ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കപ്പെടണം; ഇത് യഹോവയുടെ വേലയാണ്, ഒരുവന്റെ ചെറുപ്പം മുതൽ അതിൽ മുഴുകുന്നത് എന്തൊരു പദവിയാണ്!—മത്താ. 24:14.
4 മാതാപിതാക്കളായ നിങ്ങൾ മുഴുസമയ സേവനം കയ്യേൽക്കാൻ നിങ്ങളുടെ മക്കളെ പ്രോത്സാഹിപ്പിക്കുന്നുവോ? മൂല്യവത്തായ ഈ വേലയിൽ അവർ തങ്ങളുടെ മുഴുഹൃദയവും ദേഹിയും മനസ്സും ശക്തിയും ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് നിങ്ങളുടെ മക്കൾ വ്യക്തമായി മനസ്സിലാക്കുന്നുവോ? (മർക്കോ. 12:30) പല യുവപ്രസാധകരും അവരുടെ സ്കൂൾവർഷങ്ങളിൽ ലഭിക്കുന്ന എത് അവസരത്തിലും സഹായ പയനിയറിംഗിൽ പങ്കെടുത്തുകൊണ്ട് നിരന്തര പയനിയർ വേലക്കു തങ്ങളെത്തന്നെ ഒരുക്കുന്നു. യഹോവയോടുളള അത്തരം ഭക്തി തീർച്ചയായും അവിടുത്തെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു!—സദൃ. 27:11.
5 എല്ലാവർക്കും പയനിയർ സേവനത്തിന് അനുവദിക്കുന്ന സാഹചര്യങ്ങൾ ഇല്ലെന്നുളളതു സത്യംതന്നെ. എന്നിരുന്നാലും, വിവാഹിതനോ ഏകാകിയോ, യുവാവോ വൃദ്ധനോ ആരായിരുന്നാലും നിങ്ങൾ സുവാർത്തയുടെ ഒരു പയനിയർ ശുശ്രൂഷകനായി യഹോവയെ സേവിക്കുന്നതിന് പ്രാർത്ഥനാപൂർവ്വം ഗൗരവമായ ചിന്ത നൽകിയിട്ടുണ്ടോ? (കൊലൊ. 3:23) ഒരാൾക്കോ ഇരുവർക്കുമോ പയനിയറിംഗ് നടത്താൻ കഴിയത്തക്കവണ്ണം തങ്ങളുടെ ശുശ്രൂഷ വികസിപ്പിക്കാൻ വിവാഹിതരായ പല യുവദമ്പതികളും പരിശ്രമിക്കുകയാണ്.
6 നിങ്ങൾ ഇപ്പോൾ ഒരു നിരന്തര പയനിയർ ആയിരിക്കാവുന്ന അവസ്ഥയിലല്ലെങ്കിൽ നിങ്ങൾക്ക് ഒരു സഹായപയനിയർ ആയി സേവിക്കാൻ കഴിയുമോ? നിങ്ങളുടെ സഭയിലെ പല പ്രസാധകരും ഏപ്രിലിൽ അതു ചെയ്യാൻ പദ്ധതിയിടുന്നുണ്ടാകും. നിങ്ങൾക്ക് അവരോടുകൂടെ ചേരാൻ കഴിയുമോ? യഹോവയുടെ വിശ്വസ്തദാസൻമാർക്കെല്ലാം അനേകം അനുഗ്രഹങ്ങൾ ലഭിക്കുന്നെങ്കിലും ചെമ്മരിയാടുതുല്യരെ അന്വേഷിച്ചുകൊണ്ട് രാജ്യസേവനത്തിൽ കൂടുതൽ സമയം ചെലവഴിക്കാൻ കഴിയുന്ന ഒരു സ്ഥാനത്തുളളവർക്ക് കൂടുതലായ അനുഗ്രഹങ്ങൾ കാത്തിരിക്കുന്നു.—പ്രവൃ. 20:35.