1993-ലെ “ദിവ്യ ബോധന” ഡിസ്ട്രിക്ററ് കൺവെൻഷനിൽനിന്നു പൂർണമായി പ്രയോജനം നേടുക
1 “യഹോവേ, എന്നെ പ്രബോധിപ്പിക്കേണമേ.” (സങ്കീ. 86:11, NW) ദൈവത്തിന്റെ ഓരോ സമർപ്പിതദാസന്റെയും ആത്മാർഥമായ യാചന ഇതായിരിക്കണം. പഠിക്കുന്നതോ പഠിക്കുന്നതു ബാധകമാക്കുന്നതോ ഒരിക്കലും നിർത്താതിരിക്കാൻ നാം ദൃഢനിശ്ചയമുളളവരാണ്. സങ്കീർത്തനക്കാരനായ ദാവീദ് ചെയ്തതുപോലെ ചിലപ്പോൾ നാം പുനഃക്രമീകരിക്കപ്പെടേണ്ട ആവശ്യമുണ്ട്. നമ്മുടെ ഹൃദയം വിഭജിതമാകാതിരിക്കേണ്ടതിന് അതിനെ ഏകാഗ്രമാക്കാൻ നാം ദൈവത്തോടു യാചിക്കേണ്ടതുണ്ട്. “ദിവ്യ ബോധന” ഡിസ്ട്രിക്ററ് കൺവെൻഷനിലെ പരിപാടി, ഈ വ്യവസ്ഥിതിയിലെ സമ്മർദങ്ങൾക്കു മധ്യേ യഹോവയെ വിശ്വസ്തതയോടെ നാം സേവിക്കേണ്ടതിനു പ്രായോഗികമായ പ്രബോധനവും പുനഃക്രമീകരണവും പ്രദാനം ചെയ്യും.
2 ഒരു ചതുർദിന കൺവെൻഷൻ: ഇൻഡ്യയിലുടനീളം സൗകര്യപ്രദമായ 16 സ്ഥലങ്ങളിൽ പരിപാടി അവതരിപ്പിക്കപ്പെടും. ആയിരത്തിത്തൊളളായിരത്തിത്തൊണ്ണൂററിമൂന്ന് ജൂലൈ 15-ലെ വീക്ഷാഗോപുരത്തിന്റെ ഇംഗ്ലീഷ് പതിപ്പും 1993 മേയ് 15-ലെ വീക്ഷാഗോപുരത്തിന്റെ പ്രാദേശിക ഭാഷാപതിപ്പുകളും ഈ സ്ഥലങ്ങളുടെ ഒരു സമ്പൂർണ ലിസ്ററ് പ്രദാനം ചെയ്യുന്നു. ഇംഗ്ലീഷിലുളളതു കൂടാതെ പരിപാടി ആസാമീസ്, കന്നട, കൊങ്കണി, ഗുജറാത്തി, ബംഗാളി, മലയാളം, മറാത്തി, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അതാതു സ്ഥലങ്ങളിൽ അവതരിപ്പിക്കപ്പെടും. മിക്ക സ്ഥലങ്ങളിലും പരിപാടി വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 1:20-ന് ആരംഭിക്കുകയും ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഏകദേശം 4:15-ന് അവസാനിക്കുകയും ചെയ്യും.
3 നമുക്കായി എന്താണു കരുതിവെച്ചിട്ടുളളത്? വൈവിധ്യമാർന്ന വിധങ്ങളിൽ വിളമ്പുന്ന കട്ടിയായ ആത്മീയ ഭക്ഷണത്തിന്റെ ഒരു ശേഖരംതന്നെ: പ്രസംഗങ്ങളും പ്രകടനങ്ങളും അഭിമുഖങ്ങളും രണ്ടു നാടകങ്ങളും. ജീവത്പ്രധാനമായ ഈ പ്രബോധനത്തിലൊന്നും നഷ്ടപ്പെടുത്തരുത്! കൂടാതെ പഴയ പരിചയം പുതുക്കുന്നതിനും പുതിയ അനേകരെ പരിചയപ്പെടുന്നതിനും നാം കാത്തിരിക്കുന്നു. വിദേശ നിയമനങ്ങളിൽ സേവിക്കുന്ന മിഷനറിമാർ നിങ്ങളുടെ കൺവെൻഷനിൽ ഹാജരാകുന്നുണ്ടായിരിക്കാം. ഈ വിശ്വസ്ത സഹോദരീസഹോദരൻമാരെ അറിയാനുളള അവസരം പ്രയോജനപ്പെടുത്തുക. നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ നിങ്ങളുടെ കുട്ടികളെയും സംഭാഷണത്തിൽ ഉൾപ്പെടുത്തുക. ഈ മിഷനറിമാരുടെ സന്തോഷപൂർണവും ആത്മത്യാഗപരവും ആയ ആത്മാവ് മുഴുസമയ സേവനത്തിലെ വേലയെക്കുറിച്ചു പരിചിന്തിക്കുന്നതിനു നിങ്ങളുടെ ചെറുപ്പക്കാർക്ക് അടിത്തറയിട്ടേക്കാം.
4 ദശാംശം മുഴുവനും നിങ്ങൾ ഭണ്ഡാരത്തിലേക്കു കൊണ്ടുവരുമോ? ഇസ്രയേല്യർ തന്നെ പരീക്ഷിക്കാൻ സന്നദ്ധരായി ദശാംശം മുഴുവൻ ഭണ്ഡാരത്തിലേക്കു കൊണ്ടുവന്നാൽ മേലാൽ ആവശ്യം ഇല്ലാതെ വരുവോളം താൻ അനുഗ്രഹം ചൊരിയുമെന്നു മലാഖി 3:10-ൽ യഹോവ ഇസ്രയേല്യരോടു വാഗ്ദത്തം ചെയ്തു.
5 ചിലരെ സംബന്ധിച്ചിടത്തോളം യഹോവയെ പരീക്ഷിക്കുക എന്നതു കൺവെൻഷനിൽ സംബന്ധിക്കുന്നതിനുളള അവധിക്കോ ഒഴിവു സമയത്തിനോ വേണ്ടി കഴിയുന്നിടത്തോളം നേരത്തെ തൊഴിലുടമയെ സമീപിക്കുന്നതിനെ അർഥമാക്കും. കൺവെൻഷനിൽ സംബന്ധിക്കാൻ തങ്ങളുടെ തൊഴിലുടമ ഒരിക്കലും അനുമതി തരികയില്ല എന്നു വിചാരിച്ചുകൊണ്ടു ചിലപ്പോൾ ഇതു ചെയ്യാൻ സഹോദരങ്ങൾ വിമുഖത കാട്ടിയിട്ടുണ്ട്. എന്നാൽ ആത്മീയ കാര്യങ്ങൾ ഉൾപ്പെടാത്ത സംഗതികളിൽ തങ്ങളുടെ ആവശ്യം തൊഴിലുടമയെ അറിയിക്കാൻ അവർക്ക് അല്പമേ പ്രയാസമുളളു, അല്ലെങ്കിൽ ഒട്ടുംതന്നെയില്ല.
6 നാം നമ്മോടുതന്നെ ഇങ്ങനെ ചോദിക്കണം: മറെറാരു പ്രദേശത്ത് ഒരു പ്രിയ സുഹൃത്തു വിവാഹിതനാകുന്നെങ്കിൽ അതിൽ സംബന്ധിക്കുന്നതിനു നാം നമ്മുടെ തൊഴിലുടമയെ കണ്ട് അവധിക്കുവേണ്ടി ചോദിക്കുകയില്ലേ? അയാൾ വിസമ്മതിക്കുമെന്നു തോന്നിയാൽ നമുക്കു പോകാൻ കഴിയുന്നതു നമ്മെ സംബന്ധിച്ചിടത്തോളം എത്രമാത്രം അർഥമാക്കുമെന്നു നാം ആദരവോടെ വിശദീകരിക്കുകയില്ലേ? തീർച്ചയായും ഒരു വിവാഹത്തിൽ പങ്കെടുക്കുന്നതിനെക്കാൾ വളരെ പ്രധാനമാണു യഹോവയാൽ പഠിപ്പിക്കപ്പെടുന്നത്! കൺവെൻഷൻ പരിപാടി നമ്മുടെ ആത്മീയ വളർച്ചയ്ക്കു ജീവത്പ്രധാനമാണെന്നു നമുക്കു യഥാർഥത്തിൽ ബോധ്യമുണ്ടെങ്കിൽ കൺവെൻഷനിൽ സംബന്ധിക്കുന്നതിന് അവധി അനുവദിക്കാൻ നമ്മുടെ തൊഴിലുടമയെ ബോധ്യപ്പെടുത്തുന്നതു കൂടുതൽ എളുപ്പമായിരിക്കും.—യാക്കോബ് 1:7, 8.
7 ഇസ്രയേലിൽ, ദശാംശം കൊടുക്കുന്നതിൽ യഹോവയുടെ ആരാധനാസ്ഥലത്തിനുവേണ്ട ഭൗതിക പിന്തുണ ഉൾപ്പെട്ടിരുന്നു. നമ്മുടെ കാലത്തു ദശാംശം, യഹോവയുടെ സേവനത്തിൽ നേരിട്ടും രാജ്യവേലയുടെ പിന്തുണയ്ക്കും ഉപയോഗിക്കുന്ന സമയത്തെയും ഊർജത്തെയും പണത്തെയും പ്രതിനിധാനം ചെയ്യുന്നു. യോഗങ്ങളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും അതുപോലെതന്നെ യോഗസ്ഥലങ്ങൾ ശുചിയായി സൂക്ഷിക്കുന്നതിലും നാം ചെലവിടുന്ന സമയം ദശാംശത്തിൽ ഉൾപ്പെടുന്നു. യഹോവയുടെ ആത്മീയ ഭണ്ഡാരത്തിലേക്കു ദശാംശം മുഴുവൻ കൊണ്ടുവരാനുളള ധാരാളം അവസരങ്ങൾ “ദിവ്യ ബോധന” ഡിസ്ട്രിക്ററ് കൺവെൻഷൻ നമുക്കു പ്രദാനം ചെയ്യുന്നു. ഇവയിൽ ചിലത് ഏതൊക്കെയാണ്?
8 കൺവെൻഷൻ പരിപാടി ശ്രദ്ധാപൂർവം കേൾക്കുന്നതിനാലും ഓരോ രാജ്യഗീതവും പാടുന്നതിൽ ഉത്സാഹപൂർവം പങ്കുപററുന്നതിനാലും ആത്മാർഥമായ ആമേൻ നമുക്കു കൂട്ടിച്ചേർക്കാൻ കഴിയുമാറ് ഓരോ പ്രാർഥനയും ശ്രദ്ധാപൂർവം കേൾക്കുന്നതിനാലും നമുക്കു ദശാംശം കൊണ്ടുവരാൻ കഴിയും.
9 സത്യത്തിലെ നമ്മുടെ പുരോഗതി നാം എങ്ങനെ ശ്രദ്ധിക്കുന്നു എന്നതിനെ ഒരു ഗണ്യമായ അളവിൽ ആശ്രയിച്ചിരിക്കുന്നു. ഒരു വലിയ ഓഡിറേറാറിയത്തിലോ സ്റേറഡിയത്തിലോ നമുക്കു ചുററുമുളള മററാളുകൾ ചെയ്യുന്ന കാര്യങ്ങളാൽ ശ്രദ്ധ പതറാൻ എളുപ്പമാണ്, അതുകൊണ്ട് നാം നമ്മുടെ ചിന്തകളെ യഥാസ്ഥാനത്തു നിർത്തണം. നിങ്ങളുടെ ബൈബിളും പാട്ടുപുസ്തകവും പേനയും നോട്ടുബുക്കും ആ വാരം പഠിക്കേണ്ട വീക്ഷാഗോപുര ലക്കവും സഹിതം പൂർണമായി തയ്യാറായി വരാൻ ഉറപ്പുളളവരായിരിക്കുക. നോട്ടുകൾ ചുരുക്കിയെഴുതുക; വളരെയധികം നോട്ടുകൾ എഴുതിയെടുക്കുന്നതു ശ്രദ്ധിക്കുന്നതിനു തടസ്സമായേക്കാം. ശ്രദ്ധാപൂർവം കേൾക്കുന്നവരായിരിക്കാൻ കുട്ടികളെയും പരിശീലിപ്പിക്കണം. പരിപാടി സാധ്യമാകുന്നിടത്തോളം അടുത്തു പിൻപററിക്കൊണ്ടു കുട്ടികൾക്കു തങ്ങളുടെ മാതാപിതാക്കളോടൊപ്പം ദശാംശം കൊണ്ടുവരാൻ കഴിയും.
10 ചില മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾക്കു വായിക്കുന്നതിനും സൊസൈററിയുടെ ഏതെങ്കിലും പ്രസിദ്ധീകരണത്തിലെ ചിത്രങ്ങൾ കാണുന്നതിനുമായി ദിവസവും സ്വസ്ഥമായ കുറച്ചു സമയം അനുവദിക്കാറുണ്ട്. ഈ നല്ല പരിശീലനം യോഗങ്ങളുടെയും കൺവെൻഷനുകളുടെയും സമയത്തു ശാന്തരായിരിക്കാൻ കുട്ടികൾക്കു കൂടുതൽ എളുപ്പമാക്കിത്തീർക്കുന്നു. മാതൃകായോഗ്യരായ കുട്ടികളെ വളർത്തിയിട്ടുളള മാതാപിതാക്കൾ, കളിപ്പാട്ടങ്ങളോ ചായപ്പുസ്തകങ്ങളോ യോഗസ്ഥലത്തു കൊണ്ടുവരാൻ തങ്ങൾ കുട്ടികളെ ഒരിക്കലും അനുവദിക്കാറില്ലെന്നു പറയുന്നു. യോഗങ്ങൾക്കു ഹാജരാകുന്നതിന്റെ കാരണം യഹോവയെ ആരാധിക്കാനാണെന്നു വളരെ ചെറിയ കുട്ടികൾക്കുപോലും മനസ്സിലാക്കാൻ കഴിയും. ഭണ്ഡാരത്തിലേക്കു ദശാംശം മുഴുവനും കൊണ്ടുവരികയെന്നാൽ എന്തർഥമാക്കുന്നു എന്നു തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്ന മാതാപിതാക്കളെ വാസ്തവത്തിൽ പ്രശംസിക്കേണ്ടതാണ്!
11 കൺവെൻഷൻ സംഘാടനത്തെ സഹായിക്കാൻ നമ്മുടെ സമയവും ഊർജവും സ്വമേധയാ ചെലവഴിച്ചുകൊണ്ടും നമുക്കു ദശാംശം കൊണ്ടുവരാൻ സാധിക്കും. മിക്ക സ്ഥലങ്ങളിലും കൺവെൻഷൻ തുടങ്ങുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് ഒരു ശുചീകരണ പരിപാടി പട്ടികപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ അടുത്താണു താമസിക്കുന്നതെങ്കിൽ മുഴു കുടുംബവും അതിൽ പങ്കെടുക്കാൻ എന്തുകൊണ്ടു ക്രമീകരണം ചെയ്തുകൂടാ? ചില സഹോദരങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ ബൈബിൾ വിദ്യാർഥികളെ തങ്ങളോടൊപ്പം കൊണ്ടുവരുന്നു, അങ്ങനെ ഈ പുതിയവർക്കു സ്നാപനമേൽക്കുന്നതിനു മുമ്പുതന്നെ യഹോവയുടെ ആരാധനയെ പിന്തുണയ്ക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത് എന്നു പഠിക്കാൻ കഴിയും. കൺവെൻഷന്റെ സുഗമമായ നടത്തിപ്പ് ഉറപ്പു വരുത്താൻ ധാരാളം ചെയ്യാനുണ്ട്. ഒരു കുടുംബമെന്ന നിലയിൽ എന്തുകൊണ്ടു സ്വമേധയാ പ്രവർത്തിച്ചുകൂടാ?
12 കൺവെൻഷനു നാം നൽകുന്ന സാമ്പത്തിക പിന്തുണ ദശാംശം കൊണ്ടുവരുന്നതിനുളള മറെറാരു വിധമാണ്. ശുദ്ധാരാധനയെ പിന്താങ്ങുന്നതിൽ ഭൗതിക ദാനങ്ങൾ എങ്ങനെ നൽകാമെന്നു വിവരിക്കവേ യഹോവ ഇസ്രയേൽ ജനതയോട് ഇപ്രകാരം കല്പിച്ചു: “യഹോവയുടെ സന്നിധിയിൽ വെറുങ്കയ്യായി വരരുതു. നിന്റെ ദൈവമായ യഹോവ നിനക്കു തന്നിട്ടുളള അനുഗ്രഹത്തിന്നു തക്കവണ്ണം ഓരോരുത്തൻ താന്താന്റെ പ്രാപ്തിപോലെ കൊണ്ടുവരേണം.” (ആവ. 16:16, 17) മുന്നമേ ഒരുക്കിയ അവരുടെ അംശം അധികമോ അല്പമോ ആയിരുന്നാലും അതു യഹോവയ്ക്കു പ്രസാദകരമായിരുന്നു. സമാനമായി, പണമോ ഭൗതിക വസ്തുക്കളോ ആയിരുന്നാലും സംഭാവന നൽകുന്നതിനു മുമ്പു പല സഹോദരങ്ങളും അതു സംബന്ധിച്ചു പ്രാർഥനാപൂർവം ചിന്തിക്കുന്നു. പെട്ടിയിൽ സംഭാവന ഇടാൻ നിങ്ങൾ നിങ്ങളുടെ കൊച്ചു കുട്ടികളെ എപ്പോഴെങ്കിലും അനുവദിക്കുന്നുവോ?
13 നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ പ്രബോധനത്തെ അലങ്കരിക്കുക: നമ്മുടെ നല്ല ആചാരമര്യാദകളാലും നല്ല നടത്തയാലും “നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരി”ക്കാൻ നമുക്കു കഴിയും. (തീത്തൊ. 2:9) മററു വാക്കുകളിൽ പറഞ്ഞാൽ, കൺവെൻഷൻ സമയത്തുതന്നെ ദിവ്യ ബോധനം നമ്മുടെ ജീവിതത്തിൽ ബാധകമാകുന്നതു നമുക്കു പ്രകടമാക്കാൻ കഴിയും.
14 നമ്മുടെ സദാചാര നടപടികൾ സംബന്ധിച്ചെന്ത്? മററുളളവരോടുളള പരിഗണന ഇന്നു ലോകത്തിൽ വിരളമാണ്. എന്നാൽ തിരുവെഴുത്തു തത്ത്വങ്ങളാൽ ഭരിക്കപ്പെടുന്ന യഹോവയുടെ ജനം തങ്ങളുടെ സ്വന്തം പ്രയോജനത്തെക്കുറിച്ചു മാത്രമല്ല, തങ്ങളുടെ സഹ മനുഷ്യരുടെ പ്രയോജനത്തെക്കുറിച്ചും ചിന്തിക്കുന്നു. (ഫിലി. 2:4) നമുക്കു ചുററുമുളള മററുളളവരെക്കുറിച്ചു നാം ബോധവാൻമാരാണ്. ഭക്ഷണത്തിനോ പ്രസിദ്ധീകരണങ്ങൾക്കോ വേണ്ടി നിരയിൽ നിൽക്കുമ്പോൾ നാം ഉന്തുകയോ തളളുകയോ ചെയ്യുകയില്ല. വൃദ്ധരെയും മാതാപിതാക്കളോടൊപ്പം നിൽക്കുന്നവരെങ്കിലും അവരറിയാതെ മററു മുതിർന്നവരാൽ തളളിമാററപ്പെടാൻ സാധ്യതയുളള കൊച്ചു കുട്ടികളെയും സംബന്ധിച്ചു നാം പരിഗണനയുളളവരാണ്. റെസ്റേറാറൻറുകളിൽ അവിടുത്തെ സ്ററാഫ് അംഗങ്ങളോടു നാം മര്യാദയും വിനയവും ഉളളവരാണ്. നമ്മുടെ പ്രതീക്ഷകൾക്കൊത്തു നമുക്ക് അവരുടെ സേവനങ്ങൾ ലഭിക്കുന്നില്ലെങ്കിൽ നാം പരുഷരോ അമിതമായി ആവശ്യപ്പെടുന്നവരോ ആയിരിക്കുന്നില്ല. ചെയ്തുതന്ന സേവനങ്ങൾക്കു ന്യായമായ ഒരു ടിപ്പ് നൽകുന്ന ആചാരമനുസരിച്ചു പ്രവർത്തിക്കാൻ നാം സന്തോഷമുളളവരാണ്.
15 നമ്മുടെ ദൈവിക നടത്തയ്ക്കു നമുക്കു ചുററുമുളളവരുടെ മേൽ ഒരു യഥാർഥമായ സ്വാധീനമുണ്ട്. കഴിഞ്ഞ വർഷം ഒരു കൺവെൻഷൻ നഗരത്തിൽ 21 വർഷം സേവനത്തിലായിരുന്ന ഒരു പൊലീസുകാരൻ ഇങ്ങനെയാണു പറഞ്ഞത്: “നിങ്ങളുടെ ആളുകളുടെ അച്ചടക്കം എന്നിൽ മതിപ്പുളവാക്കിയിരിക്കുന്നു. അവർ വിശേഷപ്പെട്ടവരാണ്; ആരും പറയാതെതന്നെ അവർ ചപ്പുചവറുകൾ എടുത്തു മാററുന്നു, അവർ ചിട്ടയുളളവരാണ്, നിങ്ങളുടെ കൺവെൻഷൻ നന്നായി സംഘടിതവുമാണ്.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “നിങ്ങളുടെ ആളുകൾ ഞങ്ങളെ കാണുമ്പോൾ പുഞ്ചിരി തൂകുന്നു. അതു നല്ലൊരു അടയാളമാണ്. ഞങ്ങൾ അതിനായി നോക്കുന്നു. അതു സൗഹൃദത്തിന്റെയും ഒന്നും മറച്ചുവയ്ക്കാനില്ലാത്തതിന്റെയും ഒരു അടയാളമാണ്. കൂടാതെ കുട്ടികൾ തങ്ങളുടെ മാതാപിതാക്കളോട് എങ്ങനെ പെരുമാറുന്നുവെന്നും അവർ എത്ര സുശിക്ഷിതരാണെന്നും ഞങ്ങൾക്കു കാണാൻ കഴിയുന്നു. എന്നെ വിശ്വസിക്കൂ, എനിക്കു മതിപ്പു തോന്നുന്നു. ഇവിടെ നിയമിക്കപ്പെട്ടത് ആസ്വാദ്യമാണ്.”
16 ചില ഉദ്യോഗസ്ഥൻമാർ തങ്ങളുടെ നഗരത്തിൽ ഒരു കൺവെൻഷൻ നടത്തുന്നതിനുളള ക്ഷണം വെച്ചുനീട്ടാൻ ബെഥേലിലേക്കു പ്രത്യേകം ഒരു യാത്ര നടത്തി. വിനയപുരസ്സരമായ ഈ ക്ഷണം സൊസൈററി സ്വീകരിച്ചു, കോർപ്പറേഷൻ ഭാരവാഹികൾ നിരാശരായില്ല. നഗരത്തിലെ ഡെപ്യൂട്ടി മാനേജർ ഇങ്ങനെ പറഞ്ഞു: “നിങ്ങളെപ്പോലെ അന്തസ്സുററ ഒരു കൂട്ടമാളുകൾ ഞങ്ങളുടെ നഗരത്തിൽ സമ്മേളിക്കുന്നതു സംബന്ധിച്ചു ഞങ്ങൾ വളരെ ആവേശമുളളവരാണ്. നിങ്ങളെ ഇവിടെ കൊണ്ടുവരാൻ ഞങ്ങൾ ഒരു വലിയ ശ്രമം നടത്തി . . . ഞങ്ങൾക്ക് ഇതിനെക്കാൾ സന്തുഷ്ടരായിരിക്കാൻ കഴിയില്ല.” അവിടെ നൽകപ്പെട്ട ആ വളരെ നല്ല സാക്ഷ്യത്തിനു സഹോദരീസഹോദരൻമാർ ഓരോരുത്തരും സംഭാവന നൽകി.
17 നിങ്ങളുടെ മാതൃകായോഗ്യമായ നടത്തയാൽ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ പ്രബോധനത്തെ നിങ്ങൾ വ്യക്തിപരമായി അലങ്കരിക്കുമോ? ഇതു ചെയ്യുന്നതിനുളള ധാരാളം മാർഗങ്ങൾ ഇതാ:
വസ്ത്രധാരണവും ചമയവും: നാം ഒരു കൺവെൻഷനു ഹാജരാകുന്ന സമയത്തു നാം അവധിയിലായിരിക്കുന്നതായി സ്വയം കരുതരുത്. പകരം യഹോവയാൽ പഠിപ്പിക്കപ്പെടാൻ നാം അവിടുത്തെ മുമ്പാകെ നമ്മേത്തന്നെ അർപ്പിക്കുകയാണ്. വാസ്തവം അതായതുകൊണ്ടു രാജ്യഹാളിൽ യോഗങ്ങൾക്കു ഹാജരാകുമ്പോഴെന്നതുപോലെ നാം വസ്ത്രധാരണം ചെയ്യേണ്ടതല്ലേ? (1 തിമൊ. 2:9, 10) കൂടാതെ, പരിപാടികൾ കഴിഞ്ഞശേഷം നാം എന്തു ധരിക്കും എന്നതു സംബന്ധിച്ചും നല്ല ചിന്തയുളളവരായിരിക്കണം. നമ്മുടെ താമസസ്ഥലത്തേക്കു മടങ്ങിയതിനുശേഷം, കൺവെൻഷൻ സമയത്തു നാം ഉടുത്ത വിനയമുളളതും മാന്യവും ആയ വസ്ത്രം മാറി, അലസമായി വസ്ത്രം ധരിച്ച പ്രാകൃത ലോകക്കാരെന്നു തോന്നിപ്പിക്കുന്ന വസ്ത്രങ്ങൾ ഇടുന്നതു നമുക്കു യോജിക്കുന്നതായിരിക്കുമോ? നാം യോഗത്തിനിട്ട വസ്ത്രങ്ങൾ നമ്മുടെ ജീവിതരീതിയെ പ്രതിഫലിപ്പിക്കുന്നതിനുപകരം വസ്ത്രാലങ്കാരത്തെക്കാൾ കവിഞ്ഞ ഒന്നുമല്ല എന്ന ധാരണ ഇതു നൽകുകയില്ലേ? നാം യഹോവയുടെ നാമമാണു വഹിക്കുന്നതെന്ന് ഓർക്കുക. സത്യത്തിന്റെ മാർഗത്തിനെതിരെ അടിസ്ഥാനമുളള ഒരു കുററാരോപണം വരുത്തിവയ്ക്കാതിരിക്കാൻ നാമോരോരുത്തരും ശ്രദ്ധിക്കണം.
ലോക മുദ്രാവാക്യങ്ങളോ പദങ്ങളോ വാണിജ്യ പരസ്യങ്ങളോ ഉളള ടീ-ഷർട്ടുകൾ സ്നാപനമേൽക്കുന്നതുപോലുളള പവിത്രമായ സന്ദർഭത്തിൽ ധരിക്കുന്നത് അനുചിതമാണെന്നു സ്നാപനാർഥികളെ ഓർപ്പിക്കണം. സ്നാപന ചോദ്യങ്ങൾ മുന്നമേ തന്നെ പരിചിന്തിച്ചിട്ടുണ്ടെന്നും ഓരോ സ്നാപനാർഥിയോടും അയാൾ സ്നാപനത്തിനു യോഗ്യനാണോ ഇല്ലയോ എന്നു മുൻകൂട്ടി പറയുകയും ചെയ്തിട്ടുണ്ടെന്നു മൂപ്പൻമാർ ഉറപ്പു വരുത്തണം. (ചോദ്യങ്ങൾ പരിചിന്തിക്കുമ്പോൾ സ്നാപനത്തിനു വേണ്ട വിനയമുളള ഉചിതമായ വസ്ത്രം സംബന്ധിച്ച നിർദേശങ്ങൾ നൽകുന്നത് അനുയോജ്യമായിരിക്കാം.)
ഹോട്ടലുകൾ: നിങ്ങൾ ഹോട്ടലിൽ മുറിയെടുക്കുമ്പോൾ ആത്മാവിന്റെ ഫലം പ്രകടമാക്കുക. ചുരുങ്ങിയ സമയത്തിനുളളിൽ ഒരു വലിയ കൂട്ടം ആളുകളെ കൈകാര്യം ചെയ്യാൻ ഹോട്ടൽ ഭാരവാഹികൾ സജ്ജരല്ലായിരിക്കാം. ക്ഷമയുളളവരായിരിക്കുക, സമാനുഭാവം കാട്ടുക, വേണ്ടവിധം ടിപ്പ് കൊടുക്കുകയും ചെയ്യുക.
ഹോട്ടലിലെ വസ്തുക്കളോടു ബഹുമാനം കാണിച്ചുകൊണ്ടും സൗകര്യങ്ങളുടെ ഉപയോഗം സംബന്ധിച്ച നിയമങ്ങൾ അനുസരിച്ചുകൊണ്ടും കുട്ടികൾക്കു തങ്ങളുടെ ഭാഗം അനുഷ്ഠിക്കാൻ കഴിയും. കുട്ടികളിൽനിന്നു പ്രതീക്ഷിക്കപ്പെടുന്നതരം പെരുമാററത്തെക്കുറിച്ച് അവലോകനം നടത്തുകയും നടത്ത സംബന്ധിച്ച ക്രിസ്തീയ നിലവാരങ്ങളോടു പററിനിൽക്കേണ്ട അവരുടെ വ്യക്തിപരമായ ഉത്തരവാദിത്വത്തെക്കുറിച്ച് അവരെ ഓർമപ്പെടുത്തുകയും ചെയ്തുകൊണ്ടു കൺവെൻഷനു മുമ്പു കുട്ടികളോടൊപ്പം മാതാപിതാക്കൾ കുറച്ചു സമയം ചെലവഴിക്കുന്നതു നല്ലതായിരിക്കും.
റെക്കോർഡ് ചെയ്യുന്ന ഉപകരണങ്ങൾ: വീഡിയോ ക്യാമറകൾ അനുവദിച്ചിരിക്കെ നിങ്ങൾ മററുളളവരോടു പരിഗണനയുളളവനായിരിക്കും എന്നു ഞങ്ങൾക്കറിയാം. പരിപാടിയുടെ വീഡിയോച്ചിത്രം എടുക്കുമ്പോൾ സഹ സമ്മേളിതരുടെ കാഴ്ചയെ തടസ്സപ്പെടുത്തുന്നതു സ്നേഹപൂർവകമായിരിക്കുകയില്ല. നിങ്ങളുടെ സീററിലിരുന്നു വിവേകപൂർവം റെക്കോർഡ് ചെയ്യാൻ കഴിയുന്നെങ്കിൽ അങ്ങനെ ചെയ്യുന്നതിൽ ഒരു തടസ്സവുമില്ല. എന്നാൽ ക്യാമറയോ റെക്കോർഡിംഗ് ഉപകരണങ്ങളോ കൺവെൻഷൻ സ്ഥലത്തെ വൈദ്യുത ലൈനുകളുമായോ സൗണ്ട് സിസ്ററവുമായോ ബന്ധിപ്പിക്കാവുന്നതല്ലെന്നും ഇടപ്പാതകളിലോ വാഹനങ്ങൾ പോകുന്ന സ്ഥലത്തോ ഉപകരണങ്ങൾ വയ്ക്കരുതെന്നും ദയവായി ഓർക്കുക.
ഇരിപ്പിടം: നിങ്ങളുടെ അടുത്ത കുടുംബാംഗങ്ങൾക്കും നിങ്ങളോടൊപ്പം കാറിൽ യാത്ര ചെയ്തേക്കാവുന്നവർക്കും വേണ്ടി മാത്രം സീററുകൾ കരുതിവെക്കാം എന്നു ദയവായി മനസ്സിൽ പിടിക്കുക. ചില സമ്മേളനങ്ങളിൽ വൃദ്ധർക്കും വികലാംഗർക്കും വേണ്ടി പ്രത്യേകം ഇരിപ്പിട സ്ഥലങ്ങൾ ലഭ്യമായിരുന്നേക്കാം. പ്രായമായവരോടു പരിഗണനയുളളവരായിരിക്കുക. കഴിഞ്ഞ കാലങ്ങളിൽ, പ്രായമായവർക്കു വേണ്ടിയുളള ഭാഗത്തെ സീററുകൾ കുട്ടികളെക്കൊണ്ടു നിറഞ്ഞതിനാൽ പ്രായമായവർക്കു സൗകര്യപ്രദമല്ലാത്ത സ്ഥലത്തു ഇരിപ്പിടങ്ങൾ നോക്കേണ്ടി വന്നിട്ടുണ്ട്. അലർജികൾ പോലുളള പ്രശ്നങ്ങൾ ഉളളവർക്കുവേണ്ടി പ്രത്യേകം സ്ഥലങ്ങൾ ക്രമീകരിക്കാൻ സാധ്യമല്ലാത്തതിൽ ഞങ്ങൾക്കു ഖേദമുണ്ട്.
വ്യക്തിപരമായ സാധനങ്ങൾ: നിങ്ങൾ കൺവെൻഷനു കൊണ്ടുവരുന്ന വ്യക്തിപരമായ സാധനങ്ങൾ കഴിയുന്നിടത്തോളം ചുരുക്കുക. ഒരു സാധനം നിങ്ങളുടെ ഇരിപ്പിടത്തിനു കീഴിൽ ഒതുങ്ങുന്നില്ലെങ്കിൽ അതു വീട്ടിലോ കാറിന്റെ ഡിക്കിയിലോ വച്ചേച്ചു പോരുന്നതായിരിക്കും ഭേദം. സുരക്ഷിതത്വ കാരണങ്ങളാൽ വലിയ വാട്ടർ ജാറുകൾ ഇടപ്പാതയിൽ വെക്കാൻ അനുവദിക്കുന്നതല്ല, അവ നിങ്ങളുടെ അടുത്ത ഇരിപ്പിടത്തിൽ വെച്ചാൽ ആർക്കെങ്കിലും ഒരു സീററ് കിട്ടാതെ പോകും.
സാഹിത്യവും ഭക്ഷണ സേവനവും: യാതൊന്നും പാഴാക്കിക്കളയുന്നില്ല എന്ന് ഉറപ്പു വരുത്തിക്കൊണ്ടു ദൈവത്തിന്റെ നല്ല ദാനങ്ങളോടു വിലമതിപ്പു പ്രകടമാക്കാൻ നമെല്ലാം ആഗ്രഹിക്കുന്നു. (യോഹ. 6:12) നിങ്ങൾക്ക് ആവശ്യമുളളതിലധികം എടുക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക. ഭക്ഷണം പാഴാക്കാതിരിക്കുന്നതു സംബന്ധിച്ചു മാതാപിതാക്കൾ തങ്ങളുടെ കുട്ടികളോടു സംസാരിക്കണം. സാഹിത്യം വിതരണം ചെയ്യുമ്പോൾ മററുളളവരോടു സ്നേഹപൂർവകമായ പരിഗണന കാട്ടുക.
18 മററുളളവരോടുളള സ്നേഹപൂർവകമായ പരിഗണന നിമിത്തം ഓരോ ദിവസവും നേരത്തെ എത്താൻ ആസൂത്രണം ചെയ്യുക. വാഹനം പാർക്കു ചെയ്യുന്നതിനും ഇരിപ്പിടം കണ്ടെത്തുന്നതിനും സാധാരണയിൽ കൂടുതൽ സമയം വേണ്ടതുകൊണ്ടു വ്യാഴാഴ്ച വിശേഷിച്ചു നേരത്തെ എത്തുക.
19 യഹോവയാൽ പഠിപ്പിക്കപ്പെടുന്നതിനു നമുക്ക് എന്തൊരു പദവിയാണുളളത്! ഈ വേനൽക്കാലത്തെ “ദിവ്യ ബോധന” ഡിസ്ട്രിക്ററ് കൺവെൻഷനെ പിന്തുണയ്ക്കാൻ നമ്മുടെ സമയവും ഊർജവും ഭൗതിക വസ്തുക്കളും ഉപയോഗിക്കുന്നതു നമുക്കും നമ്മുടെ കുടുംബങ്ങൾക്കും നിലനിൽക്കുന്ന ആത്മീയ പ്രയോജനങ്ങളിൽ കലാശിക്കും.
ഡിസ്ട്രിക്ററ് കൺവെൻഷൻ ഓർമിപ്പിക്കലുകൾ
ഉചിതമായ പെരുമാററം: സമ്മേളന സ്ഥലത്തെ ‘ദൈവാലയം’പോലെ വീക്ഷിച്ചുകൊണ്ടു കൺവെൻഷനിൽ ഹാജരാകുന്ന എല്ലാവരും ഉചിതമായി പെരുമാറുന്നതു പ്രധാനമാണ്. (സങ്കീ. 55:14) പ്രസംഗങ്ങളുടെയും നാടകങ്ങളുടെയും പാട്ടുകളുടെയും വിശേഷിച്ചു പ്രാർഥനകളുടെയും സമയത്തു പരിപാടി കേൾക്കുന്നതിൽനിന്നു മററുളളവരുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കുന്ന യാതൊന്നും ദയവായി ചെയ്യാതിരിക്കുക. അനാവശ്യമായി അങ്ങുമിങ്ങും നടക്കുന്നതോ സംഭാഷണത്തിൽ നിർബാധം തുടരുന്നതോ അല്ലെങ്കിൽ കേൾക്കുന്ന കാര്യങ്ങൾക്കു ശ്രദ്ധ കൊടുക്കാൻ ശ്രമിക്കുന്നവരുടെ ശ്രദ്ധ പതറിക്കുംവിധം ഫ്ളാഷ് ക്യാമറകളോ വീഡിയോ റെക്കോർഡറുകളോ ഉപയോഗിക്കുന്നതോ ആദരവു കാണിക്കുകയായിരിക്കില്ല. നമ്മുടെ ഭാഗത്തെ വിവേകവും നല്ല നടത്തയും, നാം ദിവ്യ ബോധനത്തെ പരമാർഥമായി വിലമതിക്കുന്നുവെന്നും കൺവെൻഷനു വന്നിരിക്കുന്നതു യഹോവയാൽ പഠിപ്പിക്കപ്പെടാനാണെന്നും പ്രകടമാക്കും.
താമസസൗകര്യം: കൺവെൻഷനിലെ താമസസൗകര്യ ഡിപ്പാർട്ടുമെൻറുമായുളള നിങ്ങളുടെ സഹകരണം വളരെയധികം വിലമതിക്കപ്പെടും. മുറികൾക്കുളള അപേക്ഷാ ഫോറങ്ങൾ അനുയോജ്യമായ കൺവെൻഷൻ അഡ്രസ്സിൽ സത്വരം അയച്ചിട്ടുണ്ടെന്നു സഭാ സെക്രട്ടറിമാർ ഉറപ്പു വരുത്തണം. നിങ്ങൾ ഇപ്പോൾത്തന്നെ റിസർവേഷൻ ഉറപ്പുവരുത്തിയിട്ടില്ലെങ്കിൽ ഉടൻതന്നെ അങ്ങനെ ചെയ്യുക. നിങ്ങളുടെ റിസർവേഷൻ റദ്ദാക്കേണ്ടത് ആവശ്യമാണെന്നു കണ്ടെത്തുന്നെങ്കിൽ കൺവെൻഷൻ ഹെഡ്ക്വാർട്ടേഴ്സ് അഡ്രസ്സിൽ, സാധ്യമെങ്കിൽ ഹോട്ടലിലേക്കും, എഴുതുകയോ ഫോൺ ചെയ്യുകയോ വേണം. മററാർക്കെങ്കിലും മുറി കിട്ടത്തക്കവണ്ണം കഴിയുന്നിടത്തോളം നേരത്തെതന്നെ അങ്ങനെ ചെയ്യുക. നിങ്ങൾക്കു സ്വകാര്യ താമസസൗകര്യമാണു ലഭിച്ചിരിക്കുന്നതെങ്കിൽ നിങ്ങൾ ആരോടൊപ്പം താമസിക്കുന്നുവോ അദ്ദേഹത്തെയും അതുപോലെതന്നെ കൺവെൻഷൻ ഹെഡ്ക്വാർട്ടേഴ്സിനെയും കഴിയുന്നിടത്തോളം നേരത്തെ അറിയിക്കുക.
സ്നാപനം: ശനിയാഴ്ച രാവിലെ പരിപാടി തുടങ്ങുന്നതിനു മുമ്പു സ്നാപനാർഥികൾ അവർക്കുവേണ്ടി തിരിച്ചിരിക്കുന്ന സ്ഥലത്തെ ഇരിപ്പിടങ്ങളിൽ ഇരിക്കണം. സ്നാപനപ്പെടാൻ ആസൂത്രണം ചെയ്യുന്ന ഓരോരുത്തരും മാന്യമായ സ്നാപന വസ്ത്രവും ഒരു തോർത്തും കൊണ്ടുവരണം. പ്രസംഗകന്റെ സ്നാപനപ്രസംഗവും പ്രാർഥനയും കഴിഞ്ഞശേഷം സെഷൻ ചെയർമാൻ സ്നാപനാർഥികൾക്കുളള ഹ്രസ്വമായ നിർദേശങ്ങൾ നൽകുകയും അതിനുശേഷം ഗീതത്തിനായി ആഹ്വാനം ചെയ്യുകയും ചെയ്യും. അവസാനത്തെ വരി പാടിത്തീർന്നശേഷം സേവകർ സ്നാപനാർഥികളെ സ്നാപന സ്ഥലത്തേക്ക് അല്ലെങ്കിൽ അവരെ അങ്ങോട്ടെത്തിക്കുന്ന വാഹനങ്ങളിലേക്കു നയിക്കും. ഒരുവന്റെ സമർപ്പണത്തിന്റെ പ്രതീകമായുളള സ്നാപനം വ്യക്തിയും യഹോവയും തമ്മിലുളള ഒരു വ്യക്തിപരമായ കാര്യമായതുകൊണ്ട്, സ്നാപനാർഥികൾ കെട്ടിപ്പിടിച്ചോ കൈകോർത്തുപിടിച്ചോ ഏൽക്കുന്ന പങ്കാളിത്തസ്നാപനങ്ങൾ എന്നു വിളിക്കുന്നതിനു യാതൊരു ക്രമീകരണവും ഇല്ല.
സ്വമേധയാ സേവനം: ഡിസ്ട്രിക്ററ് കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനു സ്വമേധയായുളള സഹായത്തിന്റെ ആവശ്യമുണ്ട്. കൺവെൻഷന്റെ ഏതെങ്കിലും ദിവസമോ സമയത്തോ മാത്രമേ നിങ്ങൾക്കു പ്രവർത്തിക്കാൻ കഴിയുകയുളളുവെങ്കിൽപ്പോലും നിങ്ങളുടെ സേവനങ്ങൾ വിലമതിക്കപ്പെടും. നിങ്ങൾക്കു സഹായിക്കാൻ കഴിയുമെങ്കിൽ കൺവെൻഷനിലെ സ്വമേധയാ സേവന ഡിപ്പാർട്ടുമെൻറിനെ അറിയിക്കുക. പതിനാറു വയസ്സിൽ താഴെയുളള കുട്ടികൾക്കും സമ്മേളന വിജയത്തിനു സംഭാവന ചെയ്യാൻ കഴിയും, എന്നാൽ മാതാപിതാക്കളിൽ ആരെങ്കിലുമൊത്തോ ഉത്തരവാദിത്വപ്പെട്ട മുതിർന്ന ഒരാളോടൊത്തോ അവർ പ്രവർത്തിക്കേണ്ടതുണ്ട്.
ബാഡ്ജ് കാർഡുകൾ: പ്രത്യേകം ഡിസൈൻ ചെയ്ത ബാഡ്ജ് കാർഡ് കൺവെൻഷൻ കൂടാൻ യാത്ര ചെയ്യുമ്പോഴും കൺവെൻഷൻ സ്ഥലത്തും അവിടെനിന്നു തിരിച്ചു യാത്ര ചെയ്യുമ്പോഴും ദയവായി ധരിക്കുക. യാത്ര ചെയ്യുമ്പോൾ ഒരു നല്ല സാക്ഷ്യം കൊടുക്കാൻ ഇതു മിക്കപ്പോഴും സാധ്യമാക്കിത്തീർക്കുന്നു. വ്യക്തമായി എഴുതിയ ഒരു ബാഡ്ജ് കാർഡിനാൽ തിരിച്ചറിയിക്കപ്പെടുന്നതു ലളിതമായ ഭക്ഷ്യസേവന ക്രമീകരണത്തെ എളുപ്പമാക്കിത്തീർക്കും. ബാഡ്ജ് കാർഡുകൾ നിങ്ങളുടെ സഭ മുഖാന്തരം വാങ്ങേണ്ടതാണ്, അവ കൺവെൻഷൻ സ്ഥലത്തു ലഭിക്കുന്നതായിരിക്കില്ല.
വ്യക്തിപരമായ തിരിച്ചറിയിക്കൽ: “ദിവ്യ ബോധന” കൺവെൻഷന്റെ ലാപ്പൽ കാർഡ് കൂടാതെ ഓരോരുത്തർക്കും സ്വന്തം മെഡിക്കൽ ജാഗ്രതാ കാർഡ് ഉണ്ടായിരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ബെഥേൽ കുടുംബാംഗങ്ങൾക്കും പയനിയർമാർക്കും അവരുടെ പക്കൽ തിരിച്ചറിയിക്കൽ കാർഡുകൾ ഉണ്ടായിരിക്കണം.
മുന്നറിയിപ്പിൻ വാക്കുകൾ: നിങ്ങൾ വാഹനങ്ങൾ എവിടെ പാർക്കു ചെയ്താലും എല്ലാ സമയത്തും നിങ്ങൾ അതു പൂട്ടിയിട്ടിരിക്കണം, ദൃശ്യമായി യാതൊന്നും ഉളളിൽ വെക്കരുത്. സാധ്യമെങ്കിൽ നിങ്ങളുടെ സാധനങ്ങൾ ഡിക്കിക്കുളളിൽ പൂട്ടിവെക്കുക. വലിയ ജനക്കൂട്ടങ്ങളാൽ ആകർഷിക്കപ്പെടുന്ന കളളൻമാരെയും പോക്കററടിക്കാരെയും സൂക്ഷിക്കുക. വിലയുളള യാതൊന്നും കൺവെൻഷൻ സ്ഥലത്തെ ഇരിപ്പിടങ്ങളിൽ വച്ചേച്ചുപോകാതിരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. കൺവെൻഷൻ സ്ഥലത്തുനിന്നു കുട്ടികളെ വശീകരിച്ചുകൊണ്ടു പോകാൻ ശ്രമിച്ച തത്ത്വദീക്ഷയില്ലാത്ത വ്യക്തികളെക്കുറിച്ച് ഏതാനും ചില റിപ്പോർട്ടുകൾ പോലും ഉണ്ടായിരുന്നിട്ടുണ്ട്. ദയവായി ജാഗ്രത പുലർത്തുക.
അധാർമിക പരിപാടികൾ അടങ്ങിയതോ അശ്ലീലപ്രകൃതമുളളതോ ആയ ടെലിവിഷൻ പരിപാടികൾ ചില ഹോട്ടലുകൾ അനായാസം പ്രദാനം ചെയ്യുന്നു എന്നു റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നു. ഇത്തരം താമസസ്ഥലങ്ങളിൽ കുട്ടികൾ മേൽനോട്ടമില്ലാതെ ടിവി കാണുന്നതു തടയേണ്ടതിന്റെ ആവശ്യത്തെ ഇത് എടുത്തു കാണിക്കുന്നു.
ചില സഹോദരൻമാരും താത്പര്യക്കാരായ വ്യക്തികളും പരിപാടികൾ തുടങ്ങുന്ന സമയവും മററു കാര്യങ്ങളും സംബന്ധിച്ചുളള വിവരങ്ങൾ അന്വേഷിച്ചുകൊണ്ടു ഫോൺ ചെയ്തിട്ടുണ്ട്. ദയവായി ഇങ്ങനെ ചെയ്യരുത്. നിങ്ങൾക്കാവശ്യമുളള വിവരങ്ങൾ വീക്ഷാഗോപുരത്തിലോ നമ്മുടെ രാജ്യ ശുശ്രൂഷയിലോ കണ്ടെത്താൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിൽ 1993 ജൂലൈയിലെ നമ്മുടെ രാജ്യ ശുശ്രൂഷയിൽ കാണുന്ന ലിസ്ററിലെ ഉചിതമായ കൺവെൻഷൻ അഡ്രസ്സിൽ എഴുതുക.