യഹോവ ചെയ്തിരിക്കുന്ന കാര്യങ്ങളെ എണ്ണിനോക്കുന്നത് എത്ര പ്രയോജനപ്രദമാണ്!
1 ‘സീയോനെ ചുററിനടന്നു അതിന്റെ ഗോപുരങ്ങളെ എണ്ണുവാനും വരുവാനുളള തലമുറയോടു അറിയിക്കേണ്ടതിന്നു അതിന്റെ കൊത്തളങ്ങളെ സൂക്ഷിച്ചു അരമനകളെ നടന്നു നോക്കുവാനും’ സങ്കീർത്തനം 48-ന്റെ നിശ്വസ്ത എഴുത്തുകാരൻ ഇസ്രായേലിൽ ഉളളവരെ ഉദ്ബോധിപ്പിച്ചു. യഹോവയോടുളള സ്നേഹത്താൽ പ്രേരിതരായ അവർ ദിവ്യാധിപത്യ ഭരണത്തിന്റെ ആ ഭൗമിക കേന്ദ്രത്തെ സംബന്ധിച്ച സകല വിശദാംശങ്ങളിലും അതീവ തത്പരരായിരിക്കും. ഈ വിശദാംശങ്ങൾ എത്ര അമൂല്യമായിരിക്കും, കാരണം യഹോവ തന്റെ സ്വന്തനാമം വച്ചിരിക്കുന്ന നഗരം അതായിരുന്നു! അവർ അതിനെക്കുറിച്ചു സംസാരിക്കുമായിരുന്നു, അവർ തങ്ങളുടെ ഹൃദയങ്ങളിൽ സ്വരൂപിച്ചിരുന്ന എല്ലാ കാര്യങ്ങളും തങ്ങളുടെ മക്കൾ കേട്ടുവെന്ന് അവർ വിശേഷാൽ ഉറപ്പുവരുത്തേണ്ടിയിരുന്നു.—സങ്കീ. 48:12, 13.
2 യഹോവയുടെ മിശിഹായുടെ ദിവ്യാധിപത്യ ഭരണം മേലാലൊരിക്കലും ഭൗമിക സീയോനിൽ കേന്ദ്രീകരിക്കാതെ സ്വർഗീയ യരുശലേമിൽ കേന്ദ്രീകരിച്ചിരിക്കുന്ന കാലത്താണു നാം ഇപ്പോൾ ജീവിക്കുന്നത്. (എബ്രാ. 12:22) യേശുക്രിസ്തുവിന്റെ കൈകളിലുളള യഹോവയുടെ രാജ്യം 1914 മുതൽ ഭരണം നടത്തിക്കൊണ്ടാണിരിക്കുന്നത്. (വെളി. 12:10) അതിന്റെ പ്രവർത്തനം നമുക്ക് ഏററവുമധികം താത്പര്യമുളളതാണ്. ആ രാജ്യത്തിന്റെ ദൃശ്യപ്രതിനിധികളെന്ന നിലയിൽ യഹോവയുടെ ഇഷ്ടം അവർക്കു നിറവേററാൻ കഴിയത്തക്കവണ്ണം തന്റെ ദാസൻമാരെ യഹോവ നയിച്ചിരിക്കുന്ന വിധത്തിൽ നാം അതീവ താത്പര്യമുളളവരാണ്. ഇതിനെ സംബന്ധിച്ച വിസ്മയാവഹമായ വിശദാംശങ്ങൾ യഹോവയുടെ സാക്ഷികൾ—ദൈവരാജ്യത്തിന്റെ പ്രഘോഷർ എന്ന നമ്മുടെ പുതിയ പുസ്തകത്തിൽ വർണിച്ചിട്ടുണ്ട്. അടുത്ത കാലത്തെ നമ്മുടെ “ദിവ്യ ബോധന” ഡിസ്ട്രിക്ററ് കൺവെൻഷനിൽവച്ച് ഈ പുസ്തകം ലഭിച്ചതിൽ നാം എത്ര പുളകിതരായിരുന്നു!
3 സെപ്ററംബർ 1 ആയതോടെ ഈ പുസ്തകം ലോകവ്യാപകമായി 20 ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. മററ് 13 ഭാഷകൾ സംസാരിക്കുന്നവരുടെ ആവശ്യങ്ങളെ നിറവേററാൻ അതിന്റെ പരിഭാഷപ്പെടുത്തലും പ്രസിദ്ധപ്പെടുത്തലും നടക്കുകയായിരുന്നു. അതിന്റെ ഒരു പ്രതി നിങ്ങളുടെ വീട്ടിൽ കിട്ടിയിട്ടുണ്ടെങ്കിൽ നിങ്ങൾ അതു വായിക്കുന്നുണ്ടോ? അതിൽനിന്നു പഠിക്കുന്ന കാര്യങ്ങൾ സംബന്ധിച്ചു നിങ്ങൾ സംസാരിക്കുന്നുണ്ടോ?
4 കൺവെൻഷനിൽ സൂചിപ്പിച്ചതുപോലെ ചിത്രങ്ങൾ നോക്കുകയും ചിത്രവിവരണങ്ങൾ വായിക്കുകയും ചെയ്തശേഷം അനേകം സഹോദരീസഹോദരൻമാർ മുഖ്യ പാഠം വായിക്കാൻ തുടങ്ങി. അവരുടെ അഭിപ്രായങ്ങൾ എന്തൊക്കെയായിരുന്നു? അവയിൽ ചിലത് ഇവയാണ്.
5 ഒരു സഹോദരി ഇപ്രകാരം എഴുതി: “എനിക്കു ലഭിച്ചിട്ടുളള ഒരു പുസ്തകം വീണ്ടും വായിക്കാൻ കഴിയേണ്ടതിന് അതു പൂർത്തിയാക്കാൻ ഞാൻ വളരെ ആകാംക്ഷ കാണിച്ചിട്ടുളള ഒരേയൊരു പുസ്തകം ഇതു മാത്രമാണ്. ഇപ്പോൾ ഞാൻ വായിക്കുന്നത് 25-ാം അധ്യായമാണ്. ഞാൻ കൂടുതൽ വായിക്കുമ്പോൾ കൂടുതൽ കണ്ണുനീർ വരികയും എന്റെ ഹൃദയം യഹോവയോടുളള സ്നേഹത്താൽ നിറയുകയും ചെയ്യുന്നു. ഈ പുസ്തകം വളരെ പ്രോത്സാഹജനകവും വിശ്വാസത്തെ ബലിഷ്ഠമാക്കുന്നതുമാണ്.”
6 കഴിഞ്ഞ 40 വർഷത്തോളമായി യഹോവയെ സേവിക്കുന്ന ഒരു സഹോദരൻ പറഞ്ഞത് ഇങ്ങനെയാണ്: “ഈ പുസ്തകം എത്ര ഹൃദയഹാരിയാണെന്ന് ഞാൻ തെല്ലും തിരിച്ചറിഞ്ഞിരുന്നില്ല. ഞാൻ വളരെ വൈകുന്നതുവരെ ഉറങ്ങാതിരിക്കുകയും നേരത്തെ എഴുന്നേൽക്കുകയും ചെയ്തു, രണ്ടാഴ്ചകൊണ്ടു ഞാൻ വായന തീർത്തു. ഞാൻ വായിച്ചിട്ടുളള പുസ്തകങ്ങളിൽവച്ച് ഏററവും പ്രചോദനം നൽകുന്ന ഒന്നാണ് ഇത്. അതു ഗവേഷണത്തിന്റെ മാത്രമല്ല പ്രോത്സാഹനത്തിന്റെയും ഒരു അത്യുത്തമ കൃതിയാണ്.”
7 ക്രമമായുളള ഒരു വായനാപരിപാടി: ഈ പുസ്തകം മുഴുവനും പെട്ടെന്നു വായിച്ചുതീർത്ത ചിലർ അതു വീണ്ടും വായിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്, എന്നാൽ ഇത്തവണ സാവധാനം.
8 നിങ്ങളുടെ ഭവനത്തിൽ ഒന്നിലധികം പേർ സത്യത്തിലുണ്ടെങ്കിൽ ഈ പുസ്തകത്തിന്റെ ഭാഗങ്ങൾ നിങ്ങളുടെ കുടുംബാധ്യയനത്തിന്റെ ഭാഗമായി ഉപയോഗിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. കൺവെൻഷനിൽവെച്ച് ഈ പുസ്തകത്തിന്റെ ഒരു കോപ്പി ലഭിച്ചു ചുരുക്കം ചില ദിവസങ്ങൾക്കുളളിൽ ചില കുടുംബങ്ങൾ അങ്ങനെ ചെയ്തുതുടങ്ങി. വീക്ഷാഗോപുര അധ്യയനത്തിനുവേണ്ടിയുളള ഒരുക്കംപോലുളള മററു കാര്യങ്ങൾ അവഗണിക്കണം എന്നല്ല ഇതിന്റെ അർഥം. എന്നാൽ പ്രഘോഷകർ പുസ്തകത്തിൽനിന്നുളള വിവരങ്ങൾ വായിക്കാനും ചർച്ച ചെയ്യാനുമായി വേറെ 15-ഓ 20-ഓ മിനിററ് ഉപയോഗിക്കുന്നതു വളരെ പ്രയോജനപ്രദമാണെന്നു നിങ്ങൾ കണ്ടേക്കാം.
9 മററു ചില കുടുംബങ്ങൾ ഓരോ അത്താഴം കഴിഞ്ഞു പോകുന്നതിനു മുമ്പായി ഒന്നോ രണ്ടോ പേജുകൾ—ഒരുപക്ഷേ ഒന്നോ രണ്ടോ ഉപതലക്കെട്ടിൻ കീഴിലുളള വിവരങ്ങൾ—വായിക്കുന്നു. ഈ പുസ്തകത്തിന്റെ അധിക ഭാഗവും വ്യക്തിപരമായി അവർ വായിച്ചിട്ടുണ്ടായിരിക്കാം. എന്നാൽ വിവരങ്ങൾ ചർച്ച ചെയ്യാനുളള അവസരത്തോടൊപ്പം സാവധാനം പരിചിന്തിക്കുന്നതിനാൽ അവർ പ്രയോജനം നേടുകയാണ്. ഇപ്രകാരം ചെയ്യുന്ന ചിലർ അനവധി വർഷങ്ങളായി യഹോവയെ സേവിക്കുന്നവരാണ്. അവർ വായിക്കുമ്പോൾ ഇമ്പകരമായ ധാരാളം ഓർമകൾ മനസ്സിലേക്കു വരുന്നു. അവർ വായിക്കുന്ന സംഭവങ്ങളിലെ അവരുടെ പങ്കിനെക്കുറിച്ചു ചർച്ച ചെയ്യുമ്പോൾ അവരുടെ ഹൃദയങ്ങളെ അത് ഊഷ്മളമാക്കുന്നു.
10 നിങ്ങളുടെ ഭവനത്തിലെ സാഹചര്യങ്ങൾ നിമിത്തം നിങ്ങൾ ഒററക്കായിരിക്കാം വായിക്കുന്നത്. സൊസൈററിക്ക് എഴുതിയ ഒരു സഹോദരി ഇപ്രകാരം പറഞ്ഞു: “ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഓരോ ദിവസവും രാത്രി ഈ പുസ്തകത്തിന്റെ കുറച്ചു ഭാഗം ഞാൻ വായിക്കുന്നു. ഈ പുസ്തകം സത്യത്തോടുളള ആഴമായ വിലമതിപ്പും സ്നേഹവും എന്നിൽ കെട്ടിപ്പടുക്കുകയാണ്, ഞാൻ യഹോവയോടു കൂടുതൽ അടുത്തായിരിക്കുന്നതുപോലെ തോന്നുന്നു, അവിടുത്തെ സ്ഥാപനത്തിന്റെ ഒരു ഭാഗമായിരിക്കുന്നതിൽ ഞാൻ വളരെ നന്ദിയുളളവളാണ്. ഞാൻ വായിക്കുന്ന ഓരോ പേജും യഥാർഥത്തിൽ ഞാൻ രുചിച്ചറിയുകയാണ്.”
11 പുസ്തകം വലുതാണെങ്കിലും അതിലെ ഓരോ ഭാഗങ്ങളും വലുതല്ല. പ്രാരംഭഭാഗം ഹാബേലിന്റെ നാളുകൾ മുതൽ 1992 എന്ന വർഷം വരെയുളള സംഭവങ്ങളുടെ വേഗത്തിലുളള, എന്നാൽ മനോജ്ഞമായ ഒരു പരിചിന്തനമാണ്—വെറും 108 പേജുകളിൽ. മററു ഭാഗങ്ങൾക്ക് 13 മുതൽ 150 വരെ പേജുകളാണുളളത്. ഈ ഓരോ ഭാഗത്തെയും പല അധ്യായങ്ങളായി തിരിച്ചിട്ടുണ്ട്. അവ വളരെ പെട്ടെന്നു വായിച്ചുപോകുന്നതിനു പകരം ഒരു സമയത്ത് ഒരു ഭാഗമോ ഒരു അധ്യായമോ ഒരു ഉപതലക്കെട്ടോ പരിചിന്തിക്കുക; അത് ആസ്വദിക്കുക; അതിൽനിന്നു പ്രയോജനം നേടുക.
12 നിങ്ങൾ വായിക്കുന്ന കാര്യത്തെക്കുറിച്ചു ചിന്തിക്കാൻ സമയമെടുക്കുക: നിങ്ങൾ വായിക്കുമ്പോൾ നിങ്ങളുടെ ലക്ഷ്യം എന്താണ്? കേവലം പേജുകൾ തളളിവിടുക—പുസ്തകം തീർക്കുക—എന്നതായിരിക്കരുത് നിങ്ങളുടെ ലാക്ക്. നിങ്ങളുടെ ആത്മീയ പൈതൃകത്തിന്റെ ഒരു രേഖ പ്രഘോഷകർ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു. നിങ്ങൾ അതു നല്ലവണ്ണം അറിഞ്ഞിരിക്കേണ്ടതുണ്ട്. നിങ്ങൾ വായിക്കുന്നതിന്റെ സൂചനകളെക്കുറിച്ചു ചിന്തിക്കാൻ സമയമെടുക്കുക. യഹോവയുടെ പുരാതന ദാസൻമാരെക്കുറിച്ചു നിങ്ങൾ പുനരവലോകനം ചെയ്യുമ്പോൾ അവരുടെ വിശ്വാസത്തെ നിങ്ങൾക്ക് എങ്ങനെ അനുകരിക്കാൻ കഴിയുമെന്നു ചിന്തിക്കുക. (എബ്രാ. 12:1, 2) വൻ വിശ്വാസത്യാഗത്തിന്റെ വികാസത്തെക്കുറിച്ചു വായിക്കുമ്പോൾ പിൻമാറിപ്പോയവരെ കെണിയിലാക്കിയ കുഴപ്പങ്ങൾക്കു പ്രത്യേക ശ്രദ്ധ കൊടുക്കുക, നിങ്ങളുടെ ആത്മീയത കാത്തുസൂക്ഷിക്കുക എന്ന ഒരു വീക്ഷണത്തോടെതന്നെ. നമ്മുടെ ആധുനികകാല ചരിത്രം നിങ്ങൾ പുനരവലോകം ചെയ്യുമ്പോൾ ദൈവം ഉപയോഗിച്ചവരുടെ ആത്മീയ ഗുണങ്ങളെയും തങ്ങളുടെ ജീവിതത്തിൽ ദൈവേഷ്ടം ചെയ്യുന്നതാണ് ഏററവും പ്രധാനപ്പെട്ട സംഗതി എന്ന് അവർ പ്രകടമാക്കിയ വിധത്തെയും ദൈവം അനുവദിച്ച സാഹചര്യങ്ങളോട്—അവയിൽ ചിലതു വളരെ ദുഷ്കരമായിരുന്നു—അവർ പ്രതികരിച്ച വിധത്തെയും നിരീക്ഷിക്കുക.—എബ്രാ. 13:7.
13 നാം ഇപ്പോൾ ആസ്വദിക്കുന്ന ബൈബിൾ സത്യത്തിന്റെ വ്യക്തമായ ഗ്രാഹ്യത്തിലേക്കു യഹോവ തന്റെ ജനത്തെ എങ്ങനെ നയിച്ചിരിക്കുന്നു എന്നു കാണിക്കുന്ന വിശദാംശങ്ങൾ പര്യവേക്ഷണം ചെയ്യുന്നതു വിശ്വാസത്തെ ബലിഷ്ഠമാക്കുന്നതാണെന്നു നിങ്ങൾ കണ്ടെത്തും. സ്ഥാപനത്തിന്റെ വികാസവുമായി നിങ്ങൾ കൂടുതൽ പരിചിതനായിത്തീരുമ്പോൾ യഹോവ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ദൃശ്യമായ ക്രമീകരണത്തോടുളള നിങ്ങളുടെ വിലമതിപ്പു വളരും. പ്രവചനനിവൃത്തിയായി ഭൂമിയുടെ അതിവിദൂര ഭാഗത്തോളം സുവാർത്ത എങ്ങനെ എത്തിയിരിക്കുന്നു എന്നു നിങ്ങൾ വായിക്കുമ്പോൾ നിങ്ങൾക്കു തീർച്ചയായും വിസ്മയം തോന്നും. രാജ്യത്തെക്കുറിച്ചു പ്രഘോഷിക്കാൻ ഉത്സാഹപൂർവം പ്രവർത്തിച്ചിരിക്കുന്ന ഭൂമിയുടെ എല്ലാ ഭാഗങ്ങളിലുമുളള വിശ്വസ്തരായവരുടെ അനുഭവങ്ങളാൽ നിങ്ങളുടെ ഹൃദയം ഊഷ്മളമായിത്തീരും. യഹോവയോടുളള തങ്ങളുടെ സ്നേഹം നിമിത്തം വിശ്വസ്തരായ സഹോദരീസഹോദരൻമാർ ഇപ്പോൾത്തന്നെ അനുഭവിച്ചിട്ടുളള സംഗതിയെക്കുറിച്ചു വായിക്കുമ്പോൾ വ്യക്തിപരമായ പീഡാനുഭവങ്ങളെ കൈകാര്യം ചെയ്യാൻ നിങ്ങൾ ശക്തീകരിക്കപ്പെടും.
14 നിങ്ങൾ ഒരു ഭാഗം വായിച്ചശേഷം അതിന്റെ മൂല്യത്തെക്കുറിച്ച് ഒന്നിച്ചു ചർച്ച ചെയ്യാനും വിശദാംശങ്ങൾ പുനരവലോകനം ചെയ്യാനും സമയമെടുക്കുക. നിങ്ങൾക്കു പ്രായംകുറഞ്ഞ കുട്ടികളുണ്ടെങ്കിൽ ചിത്രങ്ങളെക്കുറിച്ചു വിശദീകരിക്കുന്നതിലും ചിത്രത്തിൽ കാട്ടിയിരിക്കുന്ന ആളുകളെക്കുറിച്ച് അവർക്ക് എന്തറിയാം എന്നു നിങ്ങളോടു പറയുന്നതിലും അവരെ ഉൾപ്പെടുത്തുക. നിങ്ങൾ തനിയെയാണു വായിക്കുന്നതെങ്കിൽപ്പോലും നിങ്ങൾ പഠിക്കുന്ന കാര്യം മററുളളവരുമായി പങ്കുവയ്ക്കാൻ പരിശ്രമിക്കുക. ഉചിതമായിരിക്കുന്നതുപോലെ വിവരങ്ങൾ മടക്കസന്ദർശനങ്ങളിലും ബൈബിളധ്യയനങ്ങളിലും ഉപയോഗിക്കുക. അത് ആവർത്തിക്കുന്നത് അതിനെ നിങ്ങളുടെ മനസ്സിലും ഹൃദയത്തിലും പതിപ്പിക്കും. അതു മററുളളവർക്കും പ്രയോജനം ചെയ്യും.
15 വിശദാംശങ്ങളിൽ ഒരു താത്പര്യമെടുക്കുക: പ്രഘോഷകർ പുസ്തകം വായിക്കാൻ നിങ്ങൾ ചെലവഴിക്കുന്ന ഘട്ടങ്ങൾ ആസ്വാദ്യവും പ്രതിഫലദായകവുമായിരിക്കണം.
16 നിങ്ങളുടെ കുടുംബം യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനം സന്ദർശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഒരു നൂററാണ്ട് മുമ്പ് പിററ്സ്ബർഗ് പ്രദേശത്ത് സൊസൈററി ഉപയോഗിച്ചിരുന്ന സൗകര്യങ്ങളെ 208-9 പേജുകൾ കാട്ടിത്തരുന്നു. 216-17 പേജുകൾ പിന്നീട് ബ്രുക്ക്ളിനിൽ ഉപയോഗിച്ചിരുന്ന കെട്ടിടങ്ങളെ നിങ്ങൾക്കു പരിചയപ്പെടുത്തിത്തരുന്നു. 352-6 പേജുകളിലുളള ചിത്രങ്ങൾ ഇന്നത്തെ ലോകാസ്ഥാനത്തെ ഭാവനയിൽ കാണാൻ നിങ്ങളെ സഹായിക്കും. ബെഥേലിൽ നടക്കുന്ന പ്രവർത്തനത്തെക്കൊണ്ടു നിറഞ്ഞതാണ് 26-ഉം 27-ഉം അധ്യായങ്ങൾ. 295-8 പേജുകൾ ബെഥേൽ ജീവിതത്തെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ നൽകുന്നു.
17 സൊസൈററിയുടെ ബ്രാഞ്ചുകളിൽ പലതും സന്ദർശിക്കാൻ നമ്മിൽ മിക്കവർക്കും കഴിയില്ല. പ്രഘോഷകർ പുസ്തകത്തിലെ 357-401 പേജുകൾ നിങ്ങളെ ഒരു ലോകപര്യടനത്തിനു കൊണ്ടുപോകുന്നു. വളരെ വേഗം അതു നോക്കിപ്പോകേണ്ടതില്ല. ഓരോ രാജ്യത്തും അൽപ്പസമയം ചെലവഴിച്ച് അത് ആസ്വദിക്കുക. ഓരോ സ്ഥലത്തിന്റെയും സ്ഥാനം നിശ്ചയിക്കാൻ 415-17 പേജുകളിലുളള ലോകഭൂപടം ഉപയോഗിക്കുക. ഓരോ ബ്രാഞ്ചിന്റെയും ചിത്രത്തോടൊപ്പം കൊടുത്തിരിക്കുന്ന അഭിപ്രായങ്ങൾ വായിച്ചുനോക്കുക. വിഷയസൂചികയിലൂടെ ഓരോ രാജ്യത്തെക്കുറിച്ചുമുളള വിസ്മയാവഹമായ മററു വിവരങ്ങളും നിങ്ങൾക്കു കണ്ടെത്താവുന്നതാണ്. മററു നാടുകളിലുളള നിങ്ങളുടെ ആത്മീയ കുടുംബത്തിലെ അംഗങ്ങളെ പരിചയപ്പെടാൻ ഈ അവസരം പ്രയോജനപ്പെടുത്തുക.
18 ആളുകൾ സാമൂഹികമായി കൂടിവരുമ്പോൾ ലൗകിക വസ്തുതകളെക്കുറിച്ചുളള അറിവ് ഉൾപ്പെടുന്ന കളികൾ നടത്താറുണ്ട്. യഹോവയുടെ ജനത്തിന്റെ ആധുനികകാല ചരിത്രത്തിലെ ശ്രദ്ധേയമായ തീയതികളും സംഭവങ്ങളും അറിഞ്ഞിരിക്കുന്നത് അതിൽ കൂടുതൽ പ്രയോജനപ്രദമായിരിക്കില്ലേ? പ്രഘോഷകർ പുസ്തകത്തിന്റെ 718-23 പേജുകളിൽ അത്തരം പല വസ്തുതകളും പട്ടികപ്പെടുത്തിയിരിക്കുന്നതായി നിങ്ങൾ കണ്ടെത്തും. ആ പട്ടിക ഒരു അടിസ്ഥാന ചട്ടക്കൂട് പ്രദാനം ചെയ്യുന്നു; ഈ പുസ്തകത്തിന്റെ ശേഷിച്ച ഭാഗത്തു കാണുന്ന വിശദാംശങ്ങളിൽനിന്നുളള വിവരങ്ങളും നിങ്ങൾക്ക് ഇതിനോടു ചേർക്കാവുന്നതാണ്. പുനർവിചിന്തനത്തിനുളള ഒരു അടിസ്ഥാനമായി ഇവ ഉപയോഗിക്കുക. കുടുംബത്തിലെ പ്രായം കുറഞ്ഞവർ അവ മിക്കവാറും പെട്ടെന്നു ഓർത്തിരിക്കും. പ്രായമുളള നമ്മിൽ ചിലർ അൽപ്പം താമസമുളളവരായിരിക്കും. അറിഞ്ഞിരിക്കുന്നതിൽനിന്നു നമുക്കെല്ലാവർക്കും പ്രയോജനം നേടാൻ കഴിയുന്ന ദിവ്യാധിപത്യ ചരിത്രത്തിന്റെ വിശദാംശങ്ങളാണ് ഇവ. തീയതികളും അടിസ്ഥാന വസ്തുതകളും പഠിച്ചശേഷം അടിസ്ഥാനത്തിൻമേൽ പണിയുക. ഓരോ സംഭവത്തെ സംബന്ധിച്ചും എത്ര വിശദാംശങ്ങൾ നിങ്ങൾക്ക് ഓർക്കാൻ കഴിയുന്നു എന്നു നോക്കുക. എന്നിട്ട് ഓരോ സംഭവത്തിനും യഹോവയുടെ ഇഷ്ടം നടപ്പാക്കുന്നതിൽ ഉളള പങ്കിനെക്കുറിച്ചു സംസാരിക്കുക. അടുത്തതായി, അതു നിങ്ങളുടെ സ്വജീവിതത്തെയും യഹോവ ചെയ്തുകൊണ്ടിരിക്കുന്ന കാര്യത്തിൽ നിങ്ങൾ യോജിക്കുന്ന വിധത്തെയും കുറിച്ചു ചർച്ച ചെയ്യുക.
19 നിങ്ങൾക്കു ലഭ്യമായ അവസരങ്ങൾ കാണുക: യഹോവയുടെ സാക്ഷികൾ—ദൈവരാജ്യത്തിന്റെ പ്രഘോഷകർ എന്ന പുസ്തകം നിങ്ങൾ വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുമ്പോൾ യെശയ്യാവു 60:22-ന്റെ മഹത്ത്വമാർന്ന നിവൃത്തി നിങ്ങളുടെ കാഴ്ചയിലേക്കു ചുരുളഴിയുന്നതായി നിങ്ങൾ കണ്ടെത്തും. 519-ാം പേജിൽ ഈ പുസ്തകം ഇങ്ങനെ പ്രസ്താവിക്കുന്നു: “‘കുറഞ്ഞവൻ ആയിരമായിത്തീരും’ എന്നുളള വാഗ്ദത്തനിവൃത്തി തീർച്ചയായും നടന്നിരിക്കുന്നു, വർധിച്ച അളവിൽത്തന്നെ! ഒരു ‘ചെറിയവൻ’ പോലുമില്ലാതിരുന്ന അമ്പതിലധികം രാജ്യങ്ങളിൽ ഓരോന്നിലും—1919-ൽ ഒരൊററ യഹോവയുടെ സാക്ഷിപോലും ഇല്ലാതിരുന്നിടങ്ങളിൽ, പ്രസംഗപ്രവർത്തനം തീർത്തും നടക്കാതിരുന്ന സ്ഥലങ്ങളിൽ—ഇന്ന് ആയിരത്തിലധികം യഹോവയുടെ സ്തുതിപാഠകരുണ്ട്. ഈ രാജ്യങ്ങളിൽ ചിലതിൽ ഇപ്പോൾ പതിനായിരക്കണക്കിനു വരുന്ന അതേ, ഒരു ലക്ഷത്തിലധികം പോലും വരുന്ന യഹോവയുടെ സാക്ഷികളുണ്ട്, അവർ ദൈവരാജ്യത്തിന്റെ തീക്ഷ്ണതയുളള പ്രഘോഷകരാണ്! യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി ‘ഒരു മഹാജാതി’ ആയിത്തീർന്നിരിക്കുന്നു—ഒരു ആഗോള ഏകീകൃത സഭയെന്ന നിലയിൽ അത് എണ്ണത്തിൽ, ലോകത്തിലെ സ്വയംഭരണം നടത്തുന്ന 80 രാഷ്ട്രങ്ങളിൽ ഓരോന്നിലെയും ജനസംഖ്യയെക്കാൾ അധികം വരുന്നു.”
20 രാജ്യവർധനവിന്റെ ആ വേല ഒരു പ്രകാരത്തിലും അവസാനിച്ചിട്ടില്ല. മറിച്ച് മുമ്പുണ്ടായിട്ടില്ലാത്ത ഒരു അളവോളം യഹോവ അതിനെ ശീഘ്രമായി നടത്തിയിരിക്കുന്നു. എത്രത്തോളം നിങ്ങൾ അതിൽ പങ്കുപററും? നിങ്ങൾക്കു തുറന്നുകിടക്കുന്ന എല്ലാ അവസരങ്ങളും സംബന്ധിച്ചു നിങ്ങൾ ബോധവാനാണോ? മററുളളവർ ചെയ്തുകൊണ്ടിരിക്കുന്നതിനെക്കുറിച്ചു നിങ്ങൾ മനസ്സിലാക്കുമ്പോൾ, നമ്മുടെ നാളിൽ യേശുക്രിസ്തു മുഖാന്തരം നമ്മുടെ സ്നേഹവാനായ ദൈവം നടത്തുന്ന മഹത്തായ ഈ വേലയിൽ പൂർണമായി പങ്കുപററാൻ നിങ്ങളെ ലഭ്യമാക്കുന്നതിനു നിങ്ങളുടെ ഹൃദയം പ്രേരിതമാകട്ടെ.