നിങ്ങളുടെ രാജ്യസേവനമെന്ന നിക്ഷേപം വർധിപ്പിക്കുക
1 രാജ്യപ്രത്യാശയെ അമൂല്യമായ ഒരു നിക്ഷേപത്തോട് യേശു ഉപമിച്ചു. (മത്താ. 13:44-46) യേശുവിന്റെ ഉപമയിലെ പുരുഷൻമാർ കൂടുതൽ മൂല്യമുളള ഒന്ന് വാങ്ങാനായി തങ്ങളുടെ സകല സ്വത്തുക്കളും വിററു, അവരെപ്പോലെയാണോ നാം? ആണെങ്കിൽ, അസൗകര്യവും ആത്മത്യാഗവും ഉൾപ്പെട്ടിരുന്നാൽപ്പോലും നാം ദൈവരാജ്യത്തിനു പ്രഥമസ്ഥാനം കൊടുക്കും.—മത്താ. 6:19-22.
2 രാജ്യസേവനം ഒരു നിക്ഷേപമായിരിക്കുന്നതുകൊണ്ട് അതു വർധിപ്പിക്കാനായിരിക്കണം നമ്മുടെ ആഗ്രഹം. നമ്മുടെ വ്യക്തിപരമായ ജീവിതഗതി എന്താണു പ്രകടമാക്കുന്നത്? നാം നമ്മുടെ രാജ്യപ്രവർത്തനം വർധിപ്പിക്കുന്നുണ്ടോ? വീടുതോറുമുളള വേലയിൽ ഏർപ്പെടുന്നതും മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും നടത്തുന്നതും അനൗപചാരികമായി സാക്ഷീകരിക്കുന്നതും ഉൾപ്പെടെ ശുശ്രൂഷയുടെ വിവിധ വശങ്ങളിൽ പങ്കുപററിക്കൊണ്ടു നമുക്ക് അങ്ങനെ ചെയ്യാനാകും.
3 ‘എന്റെ പങ്ക് എങ്ങനെ വർധിപ്പിക്കാനാകും?’ ഒരു പുതിയ സേവനവർഷം ആരംഭിക്കുമ്പോൾ ശുശ്രൂഷയിൽ ചെലവിടുന്ന സമയം വർധിപ്പിക്കാൻ എന്തു ചെയ്യാനാകുമെന്നു കാണുന്നതിന് ഓരോരുത്തരും സ്വന്തം പ്രവർത്തനത്തെ അവലോകനം ചെയ്യുന്നതും ഇങ്ങനെ ചോദിക്കുന്നതും നല്ലതാണ്: ‘ഇടയ്ക്കിടയ്ക്കോ നിരന്തരമായ അടിസ്ഥാനത്തിലോ ഒരു സഹായ പയനിയറായി പ്രവർത്തിക്കാൻ എന്റെ കാര്യാദികളെ ക്രമപ്പെടുത്താൻ എനിക്കു കഴിയുമോ? കുറച്ചൊക്കെ പൊരുത്തപ്പെടുത്തലുകൾ വരുത്തി എനിക്കു നിരന്തരപയനിയർ സേവനത്തിൽ പ്രവേശിക്കാനാകുമോ?’ സെപ്ററംബർ 1-ാം തീയതിയോടെ പയനിയർനിരയിൽ പ്രവേശിക്കുന്ന പുതിയ പയനിയർമാർ, അടുത്ത പയനിയർ സേവനസ്കൂളിൽ പ്രവേശിക്കാൻ യോഗ്യത നേടിയേക്കാം.
4 കൂടുതൽ അനൗപചാരിക സാക്ഷീകരണം നടത്തുന്നതിനു വേണ്ടി ചില പ്രസാധകർ വ്യക്തിപരമായ ഒരു ലാക്കു വെച്ചിട്ടുണ്ട്. ഈ പ്രവർത്തനം മിക്കപ്പോഴും മികച്ച ഫലം ഉത്പാദിപ്പിക്കുന്നു. ഫലപ്രദമായ മടക്കസന്ദർശനങ്ങളോ ബൈബിളധ്യയനങ്ങളോ നടത്തുന്നതിൽ പുരോഗമിക്കേണ്ട ആവശ്യം മററു ചിലർക്കു തോന്നിയേക്കാം.
5 നമ്മുടെ ശുശ്രൂഷ ഏതെങ്കിലും വിധത്തിൽ പരിമിതമാണെന്നു നാം നിഗമനം ചെയ്യുന്നെങ്കിൽ അതു വർധിപ്പിക്കാൻ നമുക്ക് എന്തു ചെയ്യാൻ സാധിക്കും? എന്തു വില ഒടുക്കേണ്ടി വന്നാലും രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കുന്നതിനു ദൃഢനിശ്ചയം ചെയ്യാൻ ഉന്നത ലക്ഷ്യങ്ങൾ വിജയപ്രദമായി കൈവരിച്ചിട്ടുളളവർ ശുപാർശ ചെയ്യുന്നു. (മത്താ. 6:33) യഹോവയിലുളള വിശ്വാസവും സമ്പൂർണ ആശ്രയവും അനിവാര്യമാണ്. (2 കൊരി. 4:7) ആത്മാർഥമായ, സ്ഥിരമായ പ്രാർഥനയിലൂടെ അവന്റെ സഹായം തേടുക. (ലൂക്കൊ. 11:8, 9) യഹോവയുടെ സേവനത്തിലെ നമ്മുടെ പങ്ക് വർധിപ്പിക്കാനുളള ആത്മാർഥമായ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—1 യോഹ. 5:14.
6 തങ്ങളുടെ ശുശ്രൂഷ വിജയകരമായി വർധിപ്പിച്ചിട്ടുളള മററു സഹോദരീസഹോദരൻമാരോടു സംസാരിക്കുക. നിരുത്സാഹിതരാകാതെ പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ അവർക്ക് എങ്ങനെ സാധിച്ചുവെന്നു ചോദിക്കുക. അവരുടെ വ്യക്തിപരമായ അനുഭവങ്ങൾ മാത്രം മതിയായിരിക്കാം വിപുലമായ ഒരു ശുശ്രൂഷ അപ്രാപ്യമല്ലെന്നു നിങ്ങളെ ബോധ്യപ്പെടുത്താൻ.
7 വീക്ഷാഗോപുരത്തിലോ നമ്മുടെ രാജ്യ ശുശ്രൂഷയിലോ വയൽസേവനത്തോടു ബന്ധപ്പെട്ടു വരുന്ന ലേഖനങ്ങൾ വായിക്കുമ്പോൾ നിങ്ങളുടെ ശുശ്രൂഷയിൽ ആ നിർദേശങ്ങൾ എങ്ങനെ ബാധകമാക്കാമെന്നു പ്രാർഥനാപൂർവം പരിചിന്തിക്കുക. സഭായോഗങ്ങളിലോ സമ്മേളനങ്ങളിലോ സംബന്ധിക്കുമ്പോഴും അങ്ങനെ ചെയ്യുക. ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ കഴിഞ്ഞ വർഷത്തെ സർക്കിട്ട് സമ്മേളനത്തിന്റെ ഭാഗമായിരുന്ന ഒരു ചർച്ചയെ അധിഷ്ഠിതമാക്കിയുളളതാണ്. ആ പരിപാടിയിലൂടെ നൽകിയ പ്രോത്സാഹനത്തെ പിൻപററാനും ബാധകമാക്കാനും നമ്മെ സഹായിക്കാൻ ലാക്കാക്കിയുളള ലേഖനപരമ്പരയിൽ ആദ്യത്തേതാണിത്.
8 യേശു തന്റെ ശുശ്രൂഷയെ വളരെ ഗൗരവപൂർവം വീക്ഷിച്ചു, അവന്റെ ജീവിതത്തിൽ അതിനു പ്രഥമസ്ഥാനമുണ്ടായിരുന്നു. അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.” (യോഹ. 4:34) നമുക്കും അങ്ങനെതന്നെ തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ, നമ്മുടെ പ്രവർത്തനം വിപുലമാക്കാനും നമ്മുടെ നിക്ഷേപകലവറയിൽനിന്നു മററുളളവരുമായി “നല്ലതു” പങ്കുവെക്കാനുമുളള വഴികൾ നാം കണ്ടെത്തുകതന്നെ ചെയ്യും.—മത്താ. 12:35; ലൂക്കൊ. 6:45.