1994-ലെ “ദൈവഭയ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ
1 ഇന്ത്യയിൽ നടന്ന 1993-ലെ “ദിവ്യ ബോധന” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ സംബന്ധിച്ച 21,597 പേരിൽ പലരും ആത്മീയമായി നവോൻമേഷ പരിപാടിയോടുളള ഹൃദയംഗമമായ വിലമതിപ്പു പ്രകടമാക്കുന്നതു കേട്ടു. ബൈബിളിലെ ദിവ്യ ബോധനത്തിനു ശ്രദ്ധകൊടുക്കുന്നതിന്റെ ഫലമായി മൊത്തം 830 ആളുകൾ സ്നാപനമേറ്റു. നാം കഴിഞ്ഞ വർഷം പരിപുഷ്ടിപ്പെടുത്തുന്ന അത്തരമൊരു പരിപാടി ആസ്വദിച്ചു. അതുകൊണ്ട് 1994-ലെ “ദൈവഭയ” ഡിസ്ട്രിക്റ്റ് കൺവെൻഷനുവേണ്ടി ക്രമീകരിക്കപ്പടുന്ന ഉത്തേജകമായ പരിപാടിയിൽ സംബന്ധിക്കാൻ അതു നമ്മെ വാസ്തവത്തിൽ പ്രചോദിപ്പിക്കണം. ഇന്നു മനുഷ്യവർഗത്തെ ഒട്ടുവളരെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതുകൊണ്ട് അവിടെ സന്നിഹിതരാകാൻ നമ്മുടെ ബൈബിൾ വിദ്യാർഥികളെ നാം ക്ഷണിക്കുകയും അതിനുവേണ്ടിയുള്ള ക്രമീകരണങ്ങൾ നടത്തുകയും വേണം. വരാനിരിക്കുന്ന നാളുകളിൽ ഉണ്ടായേക്കാവുന്ന ഏതൊരു വെല്ലുവിളിയുടെയും മധ്യേ ദൈവഭയത്തോട് നാം യഹോവയെ തുടർന്നു സേവിക്കവേ, പ്രോത്സാഹനത്തിന്റയും ശക്തിയുടെയും ഒരു ഉറവായിരിക്കും അത്.
2 ഹാബേലിന്റെയും നോഹയുടെയും കാലം മുതൽ ഇന്നോളം വിശ്വാസമുള്ള മനുഷ്യർ “ദൈവഭയം” പ്രകടിപ്പിച്ചിട്ടുണ്ട്. (എബ്രാ. 11:4, 7) ദൈവഭയം പുലർത്തുക എന്നതിന്റെ അർഥം “സ്രഷ്ടാവിനോടുള്ള ഭയവും ആഴമായ ആദരവും അവനെ അപ്രീതിപ്പടുത്തുന്നതിലെ ആരോഗ്യവാഹമായ ഭയവും” കാട്ടുക എന്നാണ് (ഉൾക്കാഴ്ച-1 [ഇംഗ്ലീഷ്] പേ. 818) “ദൈവഭയ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിച്ചുകൊണ്ട് നാം ഈ ആഴമായ ആദരവു പ്രകടിപ്പിക്കും. മുഴു പരിപാടിയും ആസ്വദിക്കാൻ നിങ്ങൾ അവിടെ ഉണ്ടായിരിക്കുമോ?
3 പ്രാരംഭഗീതം മുതൽ സമാപന പ്രാർഥനവരെ സന്തോഷഭരിതമായ ആത്മീയപരിപാടികളെല്ലാം ആസ്വദിക്കാൻ നിങ്ങൾക്കു കഴിയത്തക്കവണ്ണം കൺവെൻഷനു വേണ്ടിയുള്ള ക്രമീകരണങ്ങൾ നിശ്ചയമായും ശ്രദ്ധയോടെയും പ്രാർഥനാപൂർവവും ചെയ്യുക. സഹായമാവശ്യമുള്ളവരെ, എല്ലാ സെഷനുകളിലും സംബന്ധിക്കാൻ കഴിയത്തക്കവണ്ണം പ്രത്യേകിച്ചു പുതിയ താത്പര്യക്കാരെ, നിങ്ങളുടെ ആസൂത്രണത്തിൽ സ്നേഹപൂർവം ഉൾപ്പെടുത്തുക. കൺവെൻഷനിൽ സംബന്ധിക്കാൻ ഉദ്ദേശിക്കുന്ന ബൈബിൾ വിദ്യാർഥികളുമൊത്ത് ഈ അനുബന്ധത്തിലെ വിവരങ്ങൾ പരിചിന്തിക്കുന്നത് വളരെ സഹായമായിരിക്കും.—ഗലാ. 6:10
4 ഒരു ത്രിദിന കൺവെൻഷൻ: ഈ വർഷം ഇന്ത്യയിൽ 16 കൺവെൻഷനുകളായി പരിപാടികൾ അവതരിക്കപ്പെടും. കൺവെൻഷൻ സ്ഥലങ്ങളുടെ ഒരു ലിസ്റ്റ് ഈ അനുബന്ധത്തിൽ കൊടുത്തിട്ടുണ്ട്. കൺവെൻഷനുകൾ ഇംഗ്ലീഷിൽ മാത്രമല്ല, കന്നട, കൊങ്കണി, ഗുജറാത്തി, തമിഴ്, തെലുങ്ക്, ബംഗാളി, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലും ഉണ്ടായിരിക്കും. മിക്കസ്ഥലങ്ങളിലും പരിപാടി വെള്ളിയാഴ്ച രാവിലെ 10:20-ന് സംഗീതത്തോടെ ആരംഭിച്ച് വൈകുന്നേരം 5:00 മണിയോടടുത്തു സമാപിക്കും. ശനിയാഴ്ച പരിപാടികൾ ആരംഭിക്കുന്നത് രാവിലെ 9:30-നാണ്, പാട്ടോടും പ്രാർഥനയോടും കൂടെ വൈകുന്നേരം 5:00 മണിയോടടുത്ത് അവസാനിക്കുകയും ചെയ്യും. ഞായറാഴ്ച രാവിലത്തെ സെഷൻ 9:30-ന് ആരംഭിക്കും. ആ ദിവസത്തെ പരിപാടികൾ അവസാനിക്കുത് വൈകുന്നേരം 4:15-നോടടുത്തായിരിക്കും.
5 ഒരോ വർഷവും വളരെ ആകാംക്ഷയോടെയാണു നാം ഡിസ്ട്രിക്റ്റ് കൺവെൻഷനുവേണ്ടി കാത്തിരിക്കുന്നത്. വളരെയധികം വ്യക്തിപരമായ ശ്രമവും ചെലവുകളും ഉൾപ്പെട്ടിരുന്നേക്കാമെങ്കിലും നമുക്കായി കാത്തിരിക്കുന്ന അനുഗ്രഹങ്ങൾ വളരെയധികമാണ്. ആത്മീയമായി സംതൃപ്തരും കെട്ടുപണി ചെയ്യപ്പെട്ടവരുനായി നാം സന്തോഷത്തേട് ഭവനത്തിലേക്കു മടങ്ങുന്നു. (താരതമ്യം ചെയ്യുക: 1 രാജാക്കൻമാർ 8:66.) പരസ്പര സഹവാസം പ്രചോദകമാണ്, കൺവെൻഷൻ നമ്മുടെ പതിവു ജിവിതക്രമത്തിൽനിന്ന് ഒരു മാറ്റം പ്രദാനം ചെയ്യുന്നു. എന്നാൽ ഇതു മറക്കാതിരിക്കുക, നാം കൂടിവരുന്നത് യഹോവയെ ആരാധിക്കാനാണ്. അങ്ങനെ ചെയ്യാൻ അവൻ നമ്മോടു കൽപ്പിക്കുന്നു. നമുക്ക് എങ്ങനെ പ്രയോജനം നേടാനാവുമെന്നാണ് അവൻ നമ്മെ പഠിപ്പിക്കുന്നത്.—ആവ. 31:12, 13; സങ്കീ. 122:1.
6 യഹോവയോടുള്ള ആഴമായ ആദരവ് കൺവെൻഷനിൽ സംബന്ധിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു: “ദൈവത്തിനു . . . ഭക്തിയോടും ഭയത്തോടും കൂടെ സേവ”ചെയ്യാൻ പൗലോസ് എബ്രായ ക്രിസ്ത്യാനികളെ ഉപദേശിച്ചു. (എബ്രാ. 12:28) ഈ വർഷത്തെ നമ്മുടെ ഡിസ്ട്രിക്റ്റ് കൺവെൻഷൻ അതു ചെയ്യാൻ നമ്മെ സഹായിക്കുന്നതിനുവേണ്ടി ഒരിക്കിയിട്ടുള്ളതാണ്. അതിൽ സംബന്ധിക്കുന്നതിനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ പരിശോധിച്ചേക്കാവുന്ന തടസ്സങ്ങൾ നമുക്ക് നേരിട്ടേക്കാം. അവ പർവതസമാനമെന്നുതോന്നിയേക്കാമെങ്കിലും യഹേവയുടെ സഹായത്തോടെ അവയെ ജയിച്ചടക്കാൻ നമുക്കു കഴിയും. (മത്താ. 17:20) വെള്ളിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച ഉച്ചതിരിഞ്ഞുവരെയുള്ള മുഴു കൺവെൻഷനിലും സംന്ധിക്കുന്നതിനുള്ള അവധി ചോദിച്ചു വാങ്ങാൻ പ്രാർഥനാപൂർവം നിങ്ങൾ തൊഴിലുടമയെ സമീപിച്ചിട്ടുണ്ടോ? (യാക്കോ. 1:6-8) സ്കൂളിനു പ്രവൃത്തിദിവസമായിരിക്കെ, കൺവെൻഷനിൽ സംബന്ധിക്കുന്ന സ്കൂൾകുട്ടികൾ തങ്ങളുടെ മതപരമായ ആരാധനയുടെ പ്രധാന വശമായ കൺവെൻഷനിൽ സംബന്ധിക്കന്നതിനുവേണ്ടി വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്കൂളിൽവരില്ലെന്ന് തങ്ങളുടെ അധ്യാപകരെ ആദരപൂർവം അറിക്കേണ്ടതുണ്ട്.
7 മുതൽ മുടക്കിന്റെ പ്രയോജനം നേടുക: അത് എന്തുതരം മുതൽമുടക്കാണ്? സമ്മേളനത്തിൽ സംബന്ധിക്കാൻ വിനിയോഗിക്കുന്ന സമയവും ശ്രമവും. ഈ വർഷത്തെ ഡിസ്ട്രിക്റ്റ് കൻവെൻഷനിൽ സംബന്ധിക്കാൻ ശ്രദ്ധാപൂർവം ആസൂത്രണം ചെയ്തിട്ട് പരിപാടിയുടെ നല്ലൊരു ഭാഗം നഷ്ടപ്പെടുത്തിയിട്ടാണ് ഞായറാഴ്ച വൈകുന്നേരം വീട്ടിൽതിരിച്ചെത്തുന്നതെങ്കിൽ അത് ബുദ്ധിപൂർവമായിരിക്കില്ല. ഒരു സദ്യ നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ മറ്റുകാര്യങ്ങൾ ചെയ്യാൻ നിങ്ങൾ എഴുന്നേറ്റുപോകുമോ? രാവിലത്തെ സെഷനുകൾക്കു ശേഷം ചിലർ സ്ഥലംവിട്ടതായി കുറേ കൺവെൻഷനുകളിൽ കാണുകയുണ്ടായി. എന്നാൽ യഹോവ നമുക്കുവേണ്ടി ഒരുക്കിയിരിക്കുന്ന യാതൊന്നും നഷ്ടമാകാതിരിക്കാൻ നമ്മുടെ ആത്മീയ പക്വതയും ദൈവഭയവും നമ്മെ പ്രചോദിപ്പിക്കണം.—താരതമ്യം ചെയ്യുക: 1 കൊരിന്ത്യർ 2:9, 10.
8 കൺവെൻഷൻ തീരുന്നതിനു മുമ്പ് വീട്ടിൽ പോകണമെന്ന് നമ്മിൽ മിക്കവരും വിചാരിക്കാറില്ല. എന്നാൽപ്പോലും പരിപാടിയുടെ നല്ലൊരു ഭാഗം നമുക്ക് അപ്പോഴും നഷ്ടമായേക്കാം. ഇത് എങ്ങനെ സംഭവിക്കാം? അവതരിക്കപ്പെടുന്ന ഭാഗങ്ങളിൽനിന്ന് പൂർണമായ പ്രയോജനം ലഭിക്കാൻ നാം മുന്നമേ ആസൂത്രണം ചെയ്യാതെ വരുമ്പോൾ. പരിപാടി തുടങ്ങുന്നതിനു മുമ്പ് നമ്മുടെ ഇരിപ്പിടങ്ങളിൽ വന്നിരിക്കാൻ കഴിയേണ്ടതിന് വേണ്ടത്ര പ്രാതൽ കഴിക്കാനും മറ്റ് ആവശ്യകാര്യങ്ങൾ നടത്താനും നേരത്തെതന്നെ നമ്മുടെ ദിവസം തുടങ്ങാൻ നാമാഗ്രഹിക്കുന്നു. രാത്രിയിൽ നന്നായി ഉറങ്ങുന്നതും പ്രധാനമാണ്, ഉണർന്നിരിക്കുന്നതിനും മുഴു ദിവസത്തേയും പരിപാടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും അപ്പോൾ നമുക്കു കഴിയും.
9 പരിപാടിയിൽനിന്ന് ഏറ്റവുമധികം പ്രയോജനം നേടുന്നതിൽ പരീക്ഷിച്ചു തെളിഞ്ഞ ഒരു കാര്യമാണ് മിതമായ കുറിപ്പെടുക്കൽ. മുതിർന്നവരും കുട്ടികളും കുറിപ്പെടുക്കുന്നത് ഒരുപോലെ പ്രധാനമാണ്. 16 വയസ്സുള്ള ഒരു പ്രസാധിക ഇങ്ങനെ പറയുന്നു: “പ്രസംഗത്തിൽ പരാമർശിക്കപ്പെടുന്ന തിരുവെഴുത്തുകൾ ഞാൻ എഴുതിയെടുക്കുന്നു. പിന്നീട് വീട്ടിവെച്ച് എനിക്ക് ആ പ്രസംഗം അവലോകനം ചെയ്യാൻ കഴിയും.” 16 വയസുള്ള ഒരു യുവാവ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു. “മുഖ്യാശയങ്ങൾ ഞാൻകുറിച്ചിടുന്നു. ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇതെന്നെ സഹായിക്കുന്നു.” പരിപാടിക്കുവേണ്ടി നിങ്ങൾക്ക് ആകെ ആവശ്യമുള്ളത് ബൈബിളും പാട്ടുപുസ്തകവും ഒരു ഇടത്തരം നോട്ടുബുക്കും കൂടാതെ ഒരു പേനയോ പെൻസിലോ കൂടിയാണ്. കൊച്ചുകുട്ടികളുള്ള മതാപിതാക്കൾ തീർച്ചയായും അവരുടെ ആവശ്യങ്ങളിൽ ശ്രദ്ധയുള്ളവരായിരിക്കണം, എന്നാൽ ഭക്ഷണം വയ്ക്കുന്ന വലിയ പാത്രങ്ങളോ ആവശ്യത്തിലധികം വ്യക്തിപരമായ സാധനങ്ങളോ കൊണ്ടുനടന്ന് നമുക്കും മറ്റുള്ളവർക്കും അസൗകര്യം ഉണ്ടാക്കരുത്.
10 വീട്ടിൽവെച്ചു വീണ്ടും കേൽക്കുന്നതിനുവേണ്ടി ഓഡിയോ കാസെറ്റ് റെക്കോർഡറോ വീഡിയോ ക്യാമറയോ ഉപയോഗിച്ച് ചില സഹോദരങ്ങൾ പരിപാടികൾ റെക്കോർഡു ചെയ്യാറുണ്ട്. ഇതു വേണോ വേണ്ടയോ എന്നത് ഒരു വ്യക്തി തീരുമാനിക്കേണ്ട കാര്യമാണ്. എന്നാൽ ചിലരുടെ കാര്യത്തിൽ പതിവു ജീവിതചര്യയിലേക്കു പ്രവേശിച്ചുകഴിഞ്ഞാൽ അതു വീണ്ടും കേൾക്കാൻ അവർക്കുസമയമില്ലെന്നാണ് അനുഭവം തെളിയിച്ചിട്ടുള്ളത്. മാത്രമല്ല, റെക്കോർഡിങ് ഉപകരണം ശരിപ്പെടുത്തുമ്പോൾ ചില പ്രസക്ത ഭാഗങ്ങൾ വിട്ടുപോകാനുമിടയുണ്ട്.
11 പരിപാടി തുടങ്ങുന്നതിനുമുമ്പുതന്നെ നമ്മുടെ ഇരിപ്പിടങ്ങളിൽ ചെന്നിരിക്കാൻ നാം ആത്മാർഥ ശ്രമം നടത്തണം. നാം പഴയ സ്നേഹിതരുമായി സന്തോഷകരമായ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിരക്കിലാണെങ്കിലും പരിപാടിതുടങ്ങാറായി എന്ന് അധ്യക്ഷൻ അറിയിക്കുമ്പോൾ ഉടൻതന്നെ സംഭാഷണം നിറുത്തി നമ്മുടെ ഇരിപ്പിടങ്ങളിൽ പോയിരിക്കുന്നത് പരിപാടിയോടും മൊത്തത്തിൽ നമ്മുടെ സഹോദരങ്ങളോടുമുള്ള ആദരവിനെ വെളിപ്പെടുത്തുന്നു.
12 യഹോവയുടെ സമൃദ്ധമായ അനുഗ്രഹം നിമിത്തം ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ എല്ലായ്പോഴും സന്തോഷഭരിതമായ അവസരങ്ങളാണ്. ആത്മീയവും ഭൗതീകവുമായ പ്രയോജനങ്ങൾ നമുക്കു ലഭിക്കുന്നു. കൺവെൻഷൻ സൗകര്യങ്ങൾ വാടകയ്ക്കെടുക്കാൻ നല്ല ചെലവുണ്ടെന്ന കാര്യം നാം മറക്കരുത്. മാത്രമല്ല ഭക്ഷണസാധനങ്ങളുടെ വിലയും വർധിക്കുകയാണ്, ഓരോ കൺവെൻഷനിലും വിതരണം ചെയ്യുന്നതിനുവേണ്ടി ഗുണനിലവാരമുള്ള ഭക്ഷണസാധനങ്ങളാണു സൊസൈറ്റി വാങ്ങുന്നത്. ഈ ചെലവുകളും മറ്റു ചെലവുകളും എങ്ങനെയാണു നടക്കുന്നത്? പണമായോ “വാച്ച് ടവ്വർസൊസൈറ്റി” ക്കു മാറിയെടുക്കാവുന്ന ചെക്ക് രൂപത്തിലോ നാം നൽകുന്ന സ്വമേധയാ സംഭാവനകൾ വഴി. ഇത് സങ്കീർത്തനം 96:8-ന്റെ അന്തസത്തയ്ക്കു ചേർച്ചയിലാണ്. “യഹോവെക്കു തന്റെ നാമത്തിനു തക്ക മഹത്വം കൊടുപ്പിൻ; തിരുമുൽകാഴ്ചയുമായി അവന്റെ പ്രാകാരങ്ങളിൽ ചെല്ലുവിൻ” എന്ന് ആ വാക്യം നമ്മെ പ്രോത്സാഹിപ്പിക്കുന്നു.
13 നിങ്ങളുടെ നടത്ത സ്തുതി കൈവരുത്തുമോ? ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിക്കുമ്പോൾ നല്ല നടത്ത ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മുടെ രാജ്യ ശുശൂഷ ഓരോ വർഷവും ദയാപുരസ്സരം നമ്മെ ഓർമിപ്പിക്കാറുണ്ട്. തീർച്ചയായും, നമ്മുടെ നടത്ത എല്ലായ്പോഴും മാതൃകാപരമായിരിക്കണം, എന്നാൽ നാം വലിയോരു കൂട്ടമായി സമ്മേളിക്കുമ്പോൾ സത്യത്തിനു പുറത്തുള്ളവരുടെ സൂക്ഷ്മ നിരീക്ഷണത്തിനു വിധേയരാകുന്നു. നമ്മുടെ നടത്ത നല്ലതായിരുന്നാലും മോശമായിരുന്നാലും അതു നമ്മുടെ പ്രസംഗത്തേക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു. പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കാര്യത്താൽ യഹോവയെ സ്തുതിക്കാനാണു നാമാഗ്രഹിക്കുന്നത്.—സദൃ. 27:2; 1 പത്രോ. 2:12.
14 കഴിഞ്ഞ വർഷത്തെ “ദിവ്യ ബോധന” ഡിസ്ട്രിക്റ്റ് കൺവെൻഷനു ശേഷം ഹോട്ടലുകളിലൊന്നിലെ ഒരു കാവൽക്കാരൻ ഇങ്ങനെ അഭിപ്രായപ്പെട്ടു. “ഞാൻ വളരെക്കാലമായികണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും നല്ലകുട്ടികളാണിവർ” ചെറുപ്പക്കാരുടെ മറ്റു സംഘങ്ങളുടെ പെരുമാറ്റങ്ങളെയും നശീകരണസ്വഭാവത്തെയും സംബന്ധിച്ചു പറഞ്ഞശേഷം സാക്ഷികളായ കുട്ടികളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു. “നല്ല സ്വഭാവമുള്ള അവർ കൂടെ ഉണ്ടായിരിക്കുന്നതുതന്നെ സന്തോഷമാണ്. ഇവിടെ നടത്തുന്ന മറ്റു കൺവെൻഷനുകളും ഇതുപോലുള്ളതായിരുന്നെങ്കിൽ എന്ന് ഞാനാശിക്കുന്നു.”
15 പ്രസ്തുത കൺവെൻഷനെക്കുറിച്ച് ഒരു പത്രത്തിലെ പംക്തിയെഴുത്തുകാരൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “സ്ത്രീകളും പെൺകുട്ടികളും വളരെ നല്ല വസ്ത്രങ്ങളും പുരുഷൻമാരും ആൺകുട്ടികളും കോട്ടും ടൈയും ധരിച്ചിരുന്നു. അവർ നാലു ദിവസത്തെയും പ്രസംഗങ്ങൾ കേട്ടപ്പോൾ ആത്മാർഥതയോടെ കുറിപ്പുകൾ എഴുതിയെടുത്തു. വിശുദ്ധിക്ക് ദൈവീകഭക്തിയുടെ തൊട്ടടുത്ത സ്ഥാനമുണ്ടോ, എങ്കിൽ യഹോവയുടെ സാക്ഷികൾ ആ ആശയത്തെ പുതിയൊരുമാനത്തിലെത്തിക്കുന്നു.” എന്നിരുന്നാലും എല്ലാ റിപ്പോർട്ടുകളും അത്ര തന്നെ നല്ലതായിരുന്നില്ല.
16 സെഷൻ നടന്നുകൊണ്ടിരുന്ന സമയത്ത് പലരും അങ്ങുംമിങ്ങും നടന്നതായി ഒരു സമ്മേളനത്തെക്കുറിച്ചു റിപ്പോർട്ടു ചെയ്യപ്പെട്ടു. ശനിയാഴ്ച ഉച്ചകഴിഞ്ഞുള്ള പരിപാടി നടന്നുകൊണ്ടിരുന്നപ്പോൾ 1,000-ലേറെ പേർ (അവരിലനേകരും പേർ കുട്ടികളായിരുന്നു) ഇടനാഴിയിലൂടെ നടന്നതായി എണ്ണി, മതാപിതാക്കളുടെ ഭാഗത്ത് കൂടുതൽ പരിശീലനവും മേൽനോട്ടവും ആവശ്യമാണെന്ന് അതു സൂചിപ്പിക്കുന്നു. ഇടനാഴിയിലൂടെ അങ്ഹഉം മങ്ങും ചുറ്റി നടക്കുന്നത് അമിതമായ ശബ്ദമുണ്ടാക്കുമെനന്നു മാത്രമല്ല ശ്രദ്ധിക്കാൻ ശ്രമിക്കുന്നവർക്കു ശല്യമുണ്ടാക്കുകയും ചെയ്യും. പരിപാടി നടക്കുന്ന സമയത്തു ചിലർക്ക് ചില അവശ്യകകാര്യങ്ങൾ നടത്തേതുണ്ട്, എന്നാൽ മറ്റുള്ളവർ തങ്ങളുടെ ഇരിപ്പിടങ്ങളിൽ ശ്രദ്ധാപൂർവം കേട്ടുകൊണ്ടിരിക്കേണ്ടതല്ലേ?
17 ഒരോവാരവും സഭായോഗങ്ങൾക്കു സംബന്ധിക്കേണ്ടകാര്യം വരുമ്പോൾ മിക്ക മതാപിതാക്കളും തങ്ങളുടെ കുട്ടികളോടു കർശനമനോഭാവമുള്ളവരാണ്. സമ്മേളനപരിപാടിയുടെ സമയത്ത് അവർ ഇടനാഴിയിലൂടെ ചുറ്റിത്തിരിഞ്ഞു നടക്കാതെ തങ്ങളുടെ അടുത്ത് ഇരിക്കുന്നു എന്നു ഉറപ്പു വരുത്തുന്നതിതും അവർ സമാനമായി കർശനമനോഭാവമുള്ളവർ ആയിരിക്കേണ്ടതല്ലേ? കൺവെൻഷൻ സ്ഥലം ഒരു രാജ്യഹാളായി മാറുന്നു. എന്നാൽ ഇതു സാത്താന്റെ വ്യവസ്ഥിതിയാണ്, അനുചിതമായ ആന്തരങ്ങളോടെ തത്ത്വദീക്ഷയില്ലാത്ത ആളുകൾ കെട്ടിടത്തിനുള്ളിൽ കടക്കുക എളുപ്പമാണ്. നിങ്ങളുടെ കുട്ടികൾ എവിടെയാണെന്നും എല്ലാ സമയത്തും അവർ എന്താണു ചെയ്യുന്നതെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്.
18 വസ്ത്രധാരണവും ചമയവും: ക്രമരഹിതവും അലസവുമായ വസ്ത്രധാരണത്തെ സ്വീകാരക്ഷമമായി വീക്ഷിക്കുന്ന ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്. തീരെ ക്രമരഹിതമായരീതിയിൽ വസ്ത്രങ്ങൾ ധരിച്ച് അനേകമാളുകളും പള്ളികളിലും സംഗീതശാലകളിലും പോകുന്നു, അല്ലെങ്കിൽ ആ വേഷത്തിൽ റെസ്റ്ററൻറുകളിൽ പോയി ഭക്ഷണം കഴിക്കുന്നു. മാന്യമായ വസ്ത്രധാരണത്തെ, പ്രത്യേകിച്ചും ഔപചാരിക ആരാധനയോടു ബന്ധപ്പെട്ടുള്ള വസ്ത്രധാരണത്തെ വിലമതിക്കുന്നവർ ഇപ്പോഴുമുണ്ടെന്ന് 15-ാം ഖണ്ഡികയിലെ ഉദ്ധരണി പ്രകടമാക്കുന്നു. അലസമായ, ക്രമമില്ലാത്ത വസ്ത്രധാരണവും അനുചിതമായ ചമയവും നമ്മെക്കുറിച്ച് ഒട്ടേറെ കാര്യങ്ങളായിരിക്കും വെളിപ്പെടുത്തുന്നത്. കൺവെൻഷൻ നടക്കുന്ന കെട്ടിടം വലിയ ഒരു രാജ്യഹാളാണെന്ന കാര്യം ഒരിക്കലും മറക്കരുത്. കൺവെൻഷനിൽ ചിലർ മാന്യമായി വസ്ത്രം ധരിക്കുന്നു. എന്നാൽ സെഷനുകൾ അവസാനിച്ചുകഴിയുമ്പോൾ പ്രാദേശിക റെസ്റ്ററൻറുകളിലും മറ്റുള്ളിടങ്ങളിലും ഔചിത്യവും മാന്യതയും ഇല്ലാതെ വസ്ത്രം ധരിച്ചു പോകുന്നു.
19 കുളിക്കാനുപയോഗിക്കുന്ന ചിലതരം വസ്ത്രങ്ങൾ സ്നാപനത്തിനു ചേർന്നതല്ല എന്നു സ്നാപനാർഥികൾ ഓർത്തിരിക്കേണ്ടതുണ്ട്. അപ്പോൾ ധരിക്കുന്ന വസ്ത്രം മാന്യവും ഇണങ്ങുന്നതുമായിരിക്കണം അത് ആരാണു തീരുമാനിക്കേണ്ടത്? തങ്ങളുടെ സഭയിൽനിന്നു സ്നാപനമേൽക്കുന്ന ആരും ഇടർച്ചയ്ക്ക് യാതൊരുകാരണവും നൽകുന്നില്ലെന്ന് ഉറപ്പുവരുത്താൻ മൂപ്പൻമാർക്ക് ഉത്തരവാദിത്വമുണ്ട്. (2 കൊരി. 6:3,4) അപ്പോൾ നീന്തൽ വസ്ത്രങ്ങളും ലോക മുദ്രാവാക്യങ്ങളോ പരസ്യങ്ങളോ ഉള്ള ടി-ഷർട്ടുകളും ഉപയോഗിക്കാനുള്ള സാധ്യതതന്നെ ഇല്ലാതാവുന്നു. സ്നാപനാർഥിയുമായി നമ്മുടെ ശുശൂഷ പുസ്തകത്തിലെ ചോദ്യങ്ങൾ അവലോകനം ചെയ്യുമ്പോൾ ഇക്കാര്യം മൂപ്പൻമാർ ചർച്ച ചെയ്യുന്നത് ഉചിതമായിരിക്കും.
20 ഹോട്ടലുകൾ: ഹോട്ടലിൽ മുറിയെടുക്കുമ്പോൾ ഒരളവുവരെ ക്ഷമയും സമാനുഭാവവും മിക്കപ്പോഴും ആവശ്യമാണ്. കുറെയധികം പേർ ഒരേ സമയത്തു മുറിയെടുക്കുന്നെങ്കിൽ അൽപ്പം താമസം ഉണ്ടായേക്കാം. നാം എല്ലാ സമയത്തും ആത്മാവിന്റെ ഫലം പ്രകടമാക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ഹോട്ടലുകളിലെയോ റെസ്റ്ററൻറുകളിലെയോ ജോലിക്കാരുമായി ഇടപെടുമ്പോൾ. ഉചിതമായതോതിൽ ടിപ്പു കൊടുക്കേണ്ടതിന്റെ ആവശ്യവും നാം ഓർമിച്ചിരിക്കേണ്ടതുണ്ട്. 1986 ജുൺ 22 ഉണരുകയുടെ (ഇംഗ്ലീഷ്) 24-7 പേജുകളിലുള്ള “ടിപ്പ് കൊടുക്കൽ—വേണോ വേണ്ടയോ,” “ടിപ്പ് കൊടുക്കുന്നതു സംബന്ധിച്ച ചില വിവരങ്ങൾ” എന്നീ ലേഖനങ്ങൾ അവലോകനം ചെയ്യാൻ കുറേ സമയം എടുക്കുക.
21 റെക്കോർഡിങ് ഉപകരണങ്ങൾ: മുമ്പ് പ്രസ്താവിച്ചതുപോലെ, റെക്കോർഡിങ് ഉപകരണത്തിന്റെ ഉപയോഗം, പ്രത്യേകിച്ചും വീഡിയോ കാസെറ്റ് റെക്കോർഡുകളുടെ ഉപയോഗം, വ്യക്തിഗതമായ ഒരു തീരുമാനമാണ്. റെക്കോർഡ് ചെയ്യാൻ നിങ്ങൾ തീരുമാനിച്ചാൽ, ചുറ്റുപാടുമുള്ള മറ്റുള്ളവരോടു ദയവായി പരിഗണന കാട്ടുക. സ്വന്തം സീറ്റിലിരുന്നു റെക്കോർഡിങ് ചെയ്താൽപ്പോലും അതു ശ്രദ്ധ പതറിക്കുന്നതായിരുന്നേക്കാം. ടേപ്പ് ചെയ്യുമ്പോൾ സഹസമ്മേളിതരുടെ കാഴ്ചയെ ആരും മറയ്ക്കരുത്. യാതൊരു തരത്തിലുള്ള റെക്കോർഡിങ് ഉപകരണവും വൈദ്യുതി സംവിധാനവുമായോ സൗണ്ട് സിസ്റ്റവുമായോ ബന്ധിപ്പിക്കാൻ പാടില്ല.
22 ഇരിപ്പിടം: ഇരിപ്പിടങ്ങൾ പിടിച്ചുവെക്കുന്നതിനോടു ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇനിയും ശ്രദ്ധ അർഹിക്കുന്നതാണ്. അടുത്ത കുടുംബാംഗങ്ങൾക്കോ നിങ്ങളുടെ കൂട്ടത്തിൽ യാത്ര ചെയ്തേക്കാവുന്നവർക്കോ വേണ്ടി മാത്രമേ ഇരിപ്പിടങ്ങൾ കരുതിവെക്കാവൂ എന്ന് എല്ലാവരെയും വീണ്ടും ഓർപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ചില കൺവെൻഷനുകളിൽ രാവിലെ 7:30-ന് വാതിലുകൾ തുറന്നപ്പോൾ സഹോദരങ്ങൾ ഉള്ളിലേക്കു കടക്കവേ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. “തിരക്കൊന്നും കാട്ടാതെ തങ്ങളുടെ ഇരിപ്പിടങ്ങളിലേക്കു പോയ ആ സ്നേഹിതർക്ക് സ്റ്റേഡിയത്തിന്റെ ഏറ്റവും മുകളിലത്തെ ഭാഗത്തു മാത്രമേ ഇരിപ്പിടങ്ങൾ കിട്ടിയുള്ളൂ. ചില ഭാഗങ്ങളിലെ ഏതാണ്ട് മുഴുവൻ ഇരിപ്പിടങ്ങളും പലർ പിടിച്ചുവെച്ചു, ഈ ഇരിപ്പിടങ്ങളിൽ പലതിലും ഇരിക്കാൻ ആളില്ലായിരുന്നു.” പതിവായ ഓർമിപ്പിക്കലുകൾ ഉണ്ടായിരുന്നിട്ടും പരിഗണനയില്ലാത്ത ഇത്തരം കാര്യങ്ങൾ വീണ്ടും വീണ്ടും ഉണ്ടാകുന്നതായി തോന്നുന്നു. ഇക്കാര്യത്തിൽ നാം നമ്മുടെ ഹൃദയം പരിശോധിക്കുകയും ഫിലിപ്പിയർ 2:3, 4-ലെ തത്ത്വങ്ങളെക്കുറിച്ചു ധ്യാനിക്കുകയും ചെയ്യേണ്ടതല്ലേ?
23 പ്രായമുള്ളവർ, ശാരീരികമായി വൈകല്യമുള്ളവർ എന്നിങ്ങനെ പ്രത്യേക ആവശ്യങ്ങൾക്കു വേണ്ടിമാത്രം മിക്ക സമ്മേളനങ്ങളിലും ഇരിപ്പിട സൗകര്യങ്ങളുണ്ട്. നിങ്ങൾക്ക് അർഹതയില്ലെങ്കിൽ ഈ ഭാഗങ്ങളിൽ തീർച്ചയായും ചെന്നിരിക്കരുത്. ഇത്തരം പ്രത്യേക ആവശ്യങ്ങളുള്ളവരുടെ കൂടെ അവരുടെ പരിപാലനത്തിന് ഉത്തരവാദിത്വമുള്ള ആരുമില്ലെങ്കിൽ ഇരിപ്പിടം കണ്ടെത്താൻ അവരെ സഹായിക്കാനും ജാഗ്രതയുള്ളവരായിരിക്കുക.
24 സാഹിത്യവും ഭക്ഷ്യസേവനവും: ഡിസ്ട്രിക്റ്റ് കൺവെൻഷനു നാം കൂടിവരുമ്പോൾ, ഭൗതികവും ആത്മീയവുമായ ധാരാളം ഭക്ഷണം നാം ആസ്വദിക്കുന്നു. രണ്ടും നന്ദിയോടെ സ്വീകരിക്കേണ്ടതുണ്ട്, യാതൊന്നും പഴാക്കിക്കളയരുത്. (2 ദിന. 31:10; സദൃ. 3:10; യോഹ. 6:12) യഹോവയുടെ എല്ലാ കരുതലിനോടും വിലമതിപ്പു കാട്ടാൻ നാമാഗ്രഹിക്കുന്നു. മതാപിതാക്കളേ, ഭക്ഷണം പഴാക്കിക്കളയാതിരിക്കുന്നതിന്റെ പ്രാധാന്യം നിങ്ങളുടെ കുട്ടികൾ മനസ്സിലാക്കുന്നുണ്ടോ? നിങ്ങൾ അവർക്കു നല്ല മാതൃക വയ്ക്കണം. ഭക്ഷണം വിളമ്പുന്ന സ്ഥലത്തെ തിരക്ക് കുറയ്ക്കാൻ, ആഹാരമോ ലഘുഭക്ഷണമോ ലഭിച്ചാലുടൻ അവിടംവിട്ട് കഴിക്കുന്നതിനുള്ള സ്ഥലത്തു ചെന്നിരിക്കുന്നത് ഏറ്റവും നല്ലതായിരിക്കും. ഭക്ഷണം കിട്ടിയാലുടൻ ഭക്ഷണം വിളമ്പുന്ന സ്ഥലത്തുനിന്നും മാറിപ്പോകാൻ സഹോദരൻമാരോട് അഭ്യർഥിക്കാൻ സേവകർ ഒരുക്കമുള്ളവരായിരിക്കും. അവിടെ തിക്കും തിരക്കും ഉണ്ടാകാതിരിക്കാൻ ഇത് സഹായിക്കുന്നു.
25 1994 നവംബർ 4-ന് ആദ്യത്തെ “ദൈവഭയ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ ആരംഭിക്കും. നിങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയോ? സഹവർത്തിത്വവും ആത്മീയമായ നല്ല കാര്യങ്ങളും ലഭിക്കുന്ന മൂന്നു ദിവസങ്ങൾ പ്രയോജനപ്പെടുത്താൻ നിങ്ങൾ ഇപ്പോഴേ ഒരുങ്ങിയോ? ഈ വർഷം കൂടിവരാനും “ദൈവഭയ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽവെച്ച് നല്ല കാര്യങ്ങളുള്ള യഹോവയുടെ മേശയിങ്കൽനിന്നു ഭക്ഷിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കട്ടെ എന്നു ഞങ്ങൾ ആത്മാർഥമായി പ്രാർഥിക്കുന്നു.
ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഓർമിപ്പിക്കലുകൾ
സ്നാപനം: ശനിയാഴ്ച രാവിലെ പരിപാടികൾ തുടങ്ങുന്നതിനു മുമ്പ് സ്നാപനാർഥികൾക്കു വേണ്ടി നിശ്ചയിച്ചിരിക്കുന്ന ഭാഗത്തെ സീറ്റുകളിൽ അവർ ചെന്നിരിക്കേണ്ടതാണ്. സ്നാപനപ്പെടാൻ ഉദ്ദേശിക്കുന്ന ഓരോ വ്യക്തിയും ഉചിതമായ സ്നാപന വസ്ത്രവും തോർത്തും കൊണ്ടുവരേണ്ടതാണ്. പ്രസംഗകൻ സ്നാപന പ്രസംഗവും പ്രാർഥനയും നിർവഹിച്ച ശേഷം ആ സെഷന്റെ ചെയർമാൻ സ്നാപനാർഥികൾക്കുള്ള ഹ്രസ്വമായ നിർദേശങ്ങൾ നൽകും, എന്നിട്ട് ഒരു ഗീതത്തിന് ആഹ്വാനം നൽകുകയും ചെയ്യും. അവസാനത്തെ വരി പാടിത്തീർന്ന ശേഷം സേവകർ സ്നാപനാർഥികളെ സ്നാപനമേൽക്കാനുള്ള സ്ഥലത്തേക്കു നയിക്കും. ഒരുവന്റെ സമർപ്പണത്തിന്റെ പ്രതീകമായുള്ള സ്നാപനം ആ വ്യക്തിയും യഹോവയും തമ്മിലുള്ള സ്വകാര്യവും വ്യക്തിപരവുമായ ഒരു കാര്യമായിരിക്കുന്നതുകൊണ്ട്, ഒന്നോ അധിലധികമോ സ്നാപനാർഥികൾ കെട്ടിപ്പിടിച്ചോ കൈകൾ കോർത്തുപിടിച്ചോ സ്നാപനമേൽക്കുന്നതരം പങ്കാളി സ്നാപനങ്ങൾക്ക് അവസരമുണ്ടായിരിക്കുന്നതല്ല.
ബാഡ്ജ് കാർഡുകൾ: കൺവെൻഷൻ സ്ഥലത്തും കൺവെൻഷൻ സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുമ്പോഴും 1994 ബാഡ്ജ് കാർഡ് ദയവായി ധരിക്കുക. യാത്ര ചെയ്യുമ്പോൾ നല്ലൊരു സാക്ഷ്യം നൽകാൻ ഇതു മിക്കപ്പോഴും സഹായിക്കുന്നു. കഴിഞ്ഞ വർഷം മോസ്ക്കോയിലും കീവിലും നടന്ന കൺവെൻഷനുകളുടെ കാര്യത്തിൽ ഇതു പ്രത്യേകം ശ്രദ്ധേയമായിരുന്നു. ബാഡ്ജ് കാർഡുകളും ഹോൾഡറുകളും നിങ്ങളുടെ സഭ മുഖാന്തരം വാങ്ങേണ്ടതാണ്, കരണം കൺവെൻഷൻ സ്ഥലത്ത് അവ ലഭ്യമായിരിക്കുന്നതല്ല. നിങ്ങളുടെ നിലവിലുള്ള മെഡിക്കൽ ഡയറക്ടീവ് കാർഡ് എടുക്കാൻ മറക്കരുത്. ബെഥേൽ കുടുംബാംഗങ്ങളുടെയും പയനിയർമാരുടെയും തിരിച്ചറിയിക്കൽ കാർഡുകൾ കൈവശമുണ്ടായിരിക്കണം.
താമസസൗകര്യം: നിങ്ങൾക്കു ഹോട്ടലിൽവെച്ച് എന്തെങ്കിലും പ്രശ്നം നേരിടുന്ന പക്ഷം അതു കൺവെൻഷൻ സ്ഥലത്തെ താമസസൗകര്യ ഡിപ്പാർട്ടുമെൻറ് മേൽവിചാരകന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ മടിക്കരുത്, കാരണം ഉടൻതന്നെ പ്രശ്നം പരിഹരിക്കാൻ അദ്ദേഹത്തിനു നിങ്ങളെ സഹായിക്കാനാകും. അനുയോജ്യമായ കൺവെൻഷൻ അഡ്രസ്സിൽ മുറികൾക്കുള്ള അപേക്ഷാഫോറങ്ങൾ സത്വരം അയയ്ക്കാൻ സഭാസെക്രട്ടറിമാർ ശ്രദ്ധിക്കണം. ബുക്ക് ചെയ്ത ഏതെങ്കിലും താമസസൗകര്യം നിങ്ങൾക്കു ക്യാൻസൽ ചെയ്യേണ്ടതുണ്ടെങ്കിൽ ഈ വിവരം ഉടൻതന്നെ ഹോട്ടലിലും കൺവെൻഷൻ താമസസൗകര്യ ഡിപ്പാർട്ടുമെൻറിലും അറിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുമ്പേൾ ആ മുറി മറ്റാർക്കെങ്കിലും കൊടുക്കാൻ സാധിക്കും.
സ്വമേധയാ സേവനം: ഏതെങ്കിലും ഒരു ഡിപ്പാർട്ടുമെൻറിൽ സഹായിക്കാൻ കൺവെൻഷനിൽവെച്ച് നിങ്ങൾക്കു കുറേ സമയം നീക്കിവെക്കാൻ കഴിയുമോ? ഏതാനും മണിക്കൂറുകളാണെങ്കിൽപ്പേലും നമ്മുടെ സഹോദരങ്ങളെ സേവിക്കൽ വളരെ സഹായകരമായിരിക്കാൻ കഴിയും. അതു വളരെ സംതൃപ്തിയും കൈവരുത്തും. നിങ്ങൾ സഹായിക്കാൻ സന്നദ്ധനാണെങ്കിൽ, കൺവെൻഷനിലെ സ്വമേധയാ സേവനാ ഡിപ്പാർട്ടുമെൻറിനെ ഈ കാര്യം അറിയിക്കുക. 16 വയസ്സിനു താഴെയുള്ള കുട്ടികൾക്കു മതാപിതാക്കളുടെ ആരുടെയെങ്കിലുമോ ഉത്തരവാദിത്വമുള്ള മറ്റാരുടെയെങ്കിലുമോ കീഴിൽ ജോലി ചെയ്യാൻ കഴിയും.
ഒരു മുന്നറിയിപ്പിൻ വാക്ക്: ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ സംബന്ധിച്ചു ജാഗ്രത പുലർത്തുന്നതിനാൽ, അനാവശ്യമായ ബുദ്ധിമുട്ടുകളിൽനിന്നു നമ്മെത്തന്നെ രക്ഷിക്കാൻ കഴിയും. മിക്കപ്പോഴും കള്ളൻമാരും തത്ത്വദീക്ഷയില്ലാത്ത മറ്റു വ്യക്തികളും തങ്ങളുടെ ഭവനചുറ്റുപാടിൽനിന്നു അകലെയായിരിക്കുന്ന ആളുകളെ പറ്റിക്കാൻ തക്കംപാർത്തിരിക്കും. ആളുകളുടെ വലിയ കൂട്ടങ്ങളിൽ കള്ളൻമാരും പോക്കറ്റടിക്കാരും വലിയ ആദായമുണ്ടാക്കുന്നു. വിലയുള്ള സാധനങ്ങൾ നിങ്ങളുടെ ഇരിപ്പിടത്തിൽ വെച്ചിട്ടുപോകുന്നത് ബുദ്ധിയായിരിക്കുകയില്ല. ചുറ്റുമുള്ള എല്ലാവരും ക്രിസ്ത്യാനിയാണെന്ന് യാതൊരു ഉറപ്പുമില്ല. എന്തിനാണു പ്രലോഭനംവെച്ചു നീട്ടുന്നത്? കുട്ടികളെ വശീകരിച്ചു കൊണ്ടുപോകാൻ പുറത്തുള്ള ചിലർ ശ്രമിച്ചിട്ടുള്ള സംഭവങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. എല്ലാ സമയത്തും നിങ്ങളുടെ കുട്ടികളെ കാഴ്ചപ്പാടിൽ നിർത്തുക.
പല ഹോട്ടലുകളിലുമുള്ള കേബിളിൾ ടെലിവിഷൻ ചിലപ്പോൾ അസഭ്യവും അശ്ലീലവുമായ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. ഈ കെണി സംബന്ധിച്ചു ജാഗ്രത പുലർത്തുക, മേൽനോട്ടമില്ലാതെ കുട്ടികൾ മുറിയിൽ ടിവി കാണാൻ അനുവദിക്കരുത്.
കൺവെൻഷൻ കാര്യങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ ആരാഞ്ഞുകൊണ്ട് കൺവെൻഷൻ ഓഡിറ്റോറിയത്തിലെ നടത്തിപ്പുകാർക്കു ദയവായി ഫോൺചെയ്യരുത്, മൂപ്പൻമാരിൽ നിന്ന് ഈ വിവരങ്ങൾ ലഭ്യമല്ലെങ്കിൽ, ദയവവായി കൺവെൻഷൻ അഡ്രസ്സിൽ എഴുതുക.