വളരെ ലഭിച്ചിരിക്കുന്നു—വളരെ ആവശ്യപ്പെടുന്നു
1 സത്യം ഉളളവരെന്നനിലയിൽ നാം എത്ര അനുഗൃഹീതരാണ്! യഹോവക്കുളള നമ്മുടെ സമർപ്പണംമൂലം നമ്മെ “സുവാർത്ത ഭരമേൽപ്പി”ച്ചിരിക്കുന്നു. (1 തെസ. 2:4, NW) ഇതു നമ്മെ വലിയ ഉത്തരവാദിത്വത്തിൻ കീഴിലാക്കുന്നു. “വളരെ ലഭിച്ചവനോടു വളരെ ആവശ്യപ്പെടും” എന്നു യേശു പറഞ്ഞു.—ലൂക്കൊ. 12:48ബി.
2 ആ വാക്കുകൾ എത്ര സത്യമാണ്! നാമോരോരുത്തരും ദൈവവചനത്തിന്റെ അറിവിനാലും നമ്മുടെ അത്ഭുതകരമായ സഹോദര സഹവാസത്താലും മഹനീയമായ പ്രത്യാശയാലും അനുഗൃഹീതരായിരിക്കുന്നതിനാൽ നമുക്കു വളരെ ലഭിച്ചിരിക്കുന്നു എന്നു സത്യസന്ധമായും പറയാൻ കഴിയും. തിരിച്ചും വളരെയധികം പ്രതീക്ഷിക്കുന്നുവെന്നതു ന്യായയുക്തമാണ്.
3 ആവശ്യങ്ങൾ സംബന്ധിച്ച് ഉചിതമായ വീക്ഷണം നിലനിർത്തുക: നമ്മിൽനിന്നു വളരെയധികം പ്രതീക്ഷിക്കുന്നതായി ചിലർ നിഗമനം ചെയ്തിരിക്കുന്നു. ക്രിസ്തീയ സഭയുടെ തലവനെന്ന നിലയിൽ അത് ഉചിതമായി പ്രവർത്തിക്കാൻ “ആവശ്യമായിരിക്കുന്നത് എന്താണെന്നു” തീരുമാനിക്കുന്നത് യേശുക്രിസ്തുവാണ്. (എഫേ. 4:15, 16, NW) ‘തന്റെ നുകം മൃദുവും തന്റെ ചുമടു ലഘുവും ആകുന്നു’ എന്ന് അവൻ നമുക്ക് ഉറപ്പു നൽകുന്നു. (മത്താ. 11:28-30) പരിമിതികൾ ഉളളവർക്ക് അവൻ സ്നേഹപുരസ്സരം ആനുകൂല്യങ്ങൾ നൽകുന്നു. (ലൂക്കൊ. 21:1-4) അളവു ഗണ്യമാക്കാതെ നമ്മുടെ പരമാവധി നൽകുന്നുവെങ്കിൽ നാം അനുഗ്രഹിക്കപ്പെടും.—കൊലൊ. 3:23, 24.
4 ‘രാജ്യ താത്പര്യങ്ങൾ എന്റെ ജീവിതത്തിൽ പ്രഥമ സ്ഥാനത്താണോ? ദൈവനാമത്തിന്റെ സ്തുതിക്കും മററുളളവരുടെ പ്രയോജനത്തിനും ഉതകുന്ന രീതിയിലാണോ ഞാൻ എന്റെ സമയവും സമ്പത്തും ഉപയോഗിക്കുന്നത്? ഭൗതിക വസ്തുക്കൾ സ്വാർഥതയോടെ ആസ്വദിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നതിനു പകരം യഹോവയെ സ്നേഹിക്കുന്നതിലാണോ ഞാൻ ഏററവും വലിയ സന്തോഷം കണ്ടെത്തുന്നത്?’ എന്നു നിങ്ങൾ സ്വയം ചോദിക്കുക. ഈ ചോദ്യങ്ങൾക്കുളള നമ്മുടെ ആത്മാർഥമായ ഉത്തരങ്ങൾ നമ്മുടെ ഹൃദയാഭിലാഷങ്ങളെ വെളിപ്പെടുത്തും.—ലൂക്കൊ. 6:45.
5 തിൻമ ചെയ്യാൻ പ്രലോഭിതരാകുന്നത് ഒഴിവാക്കുക: സ്വാർഥതാത്പര്യം, അത്യാഗ്രഹം, കാമാതുര സുഖത്തിലുളള ഭ്രമം എന്നിവയ്ക്ക് ഇതിനുമുമ്പൊരിക്കലും ഇത്രയധികം പ്രലോഭനങ്ങളും സമ്മർദങ്ങളും ഉണ്ടായിരുന്നിട്ടില്ല. പ്രലോഭനങ്ങൾക്കു വഴിപ്പെടാനുളള സാൻമാർഗിക വെല്ലുവിളികളെ നാം ദൈനംദിനം അഭിമുഖീകരിക്കുന്നു. ഈ വെല്ലുവിളികളെ വിജയകരമായി നേരിടുന്നതിനു നമ്മെ സഹായിക്കാൻ നാം യഹോവയോട് അപേക്ഷിക്കേണ്ട ആവശ്യമുണ്ട്. (മത്താ. 26:41) തന്റെ ആത്മാവിലൂടെ നമ്മെ ബലിഷ്ഠരാക്കാൻ അവനു കഴിയും. (യെശ. 40:29) ദൈവവചനം ദിവസവും വായിക്കുന്നത് ഒരു വലിയ സഹായമാണ്. (സങ്കീ. 1:2, 3) ആത്മശിക്ഷണവും ആത്മനിയന്ത്രണവും മുഖ്യ പങ്കു വഹിക്കുന്നു.—1 കൊരി. 9:27.
6 നൻമയെ സ്നേഹിക്കുന്നതു മാത്രം പോരാ, നാം തിൻമയെ വെറുക്കുകയും ചെയ്യണം. (സങ്കീ. 97:10) മോശമായ കാര്യങ്ങളോടുളള അഭിലാഷം നട്ടുവളർത്താതിരിക്കുക എന്നതാണ് ഇതിന്റെ അർഥം. യഹോവ വെറുക്കുന്ന ഏഴു കാര്യങ്ങളെ സദൃശവാക്യങ്ങൾ 6:16-19 പട്ടികപ്പെടുത്തുന്നു. യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരുവൻ തിൻമയെ വെറുക്കണമെന്നതു സ്പഷ്ടമാണ്. സത്യത്തെപ്പററിയുളള സൂക്ഷ്മപരിജ്ഞാനത്താൽ അനുഗൃഹീതരായിരിക്കുന്ന സ്ഥിതിക്ക് നല്ല കാര്യങ്ങളിൽ നമ്മുടെ മനസ്സ് പതിപ്പിച്ചുകൊണ്ട് ആ അറിവിന്റെ ചേർച്ചയിൽ പ്രവർത്തിക്കാൻ നാം ആഗ്രഹിക്കണം.
7 “കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാ”ൻ അനുകൂലമായ അവസരങ്ങൾക്കായി പ്രാർഥിക്കുന്നത് ഉചിതമാണ്. (1 കൊരി. 15:58, NW) യഹോവയുടെ സേവനത്തിൽ തിരക്കുളള ഒരു പട്ടികയുണ്ടായിരിക്കുന്നത് ഒരു സംരക്ഷണമായി അനേകരും കണ്ടെത്തിയിരിക്കുന്നു, കാരണം, അത് മൂല്യവത്തല്ലാത്ത കാര്യങ്ങളുടെ അനുധാവനത്തിന് അൽപ്പംപോലും സമയം അനുവദിക്കുന്നില്ല.
8 എല്ലാ കാര്യങ്ങളും പരിചിന്തിക്കുമ്പോൾ, യഹോവ നമ്മിൽനിന്ന് ആവശ്യപ്പെടുന്നതു തികച്ചും ന്യായയുക്തമാണ്. (മീഖാ. 6:8) ഓരോ സേവന പദവിയുടെ കാര്യത്തിലും കൃതജ്ഞരായിരിക്കാൻ നമുക്കു സകല കാരണങ്ങളുമുണ്ട്. (എഫെ. 5:20) തൻമൂലം, നമ്മിൽനിന്ന് എന്താവശ്യപ്പെട്ടാലും അതിലും വളരെ, വളരെ വലിയതായിരിക്കും നമ്മുടെ പ്രതിഫലം എന്ന ആത്മവിശ്വാസത്തിൽ നാം “അദ്ധ്വാനിച്ചും പോരാടിയും വരുന്നു.”—1 തിമൊ. 4:10.