പുതിയ ലഘുപത്രിക ഫലപ്രദമായി ഉപയോഗിക്കൽ
1 സമീപകാലത്തു നടന്ന നമ്മുടെ ഡിസ്ട്രിക്ററ് കൺവെൻഷനിൽ, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന പുതിയ ലഘുപത്രിക കൈപ്പററുന്നതിൽ നാം വളരെ ആനന്ദപുളകിതരായിരുന്നു. പ്രിയപ്പെട്ട ഒരാളുടെ നഷ്ടത്തിൽ അനേകരും ദുഃഖിതരായിരിക്കുന്നതിനാൽ ജീവിതത്തിന്റെ എല്ലാ തുറകളിലുളള ആളുകളും അത് ഇഷ്ടപ്പെടും. അതിന്റെ ആകർഷകമായ ഫോട്ടോകളും ചിത്രങ്ങളും അതു സമർപ്പിക്കുന്നത് എളുപ്പമാക്കിത്തീർക്കുന്നു. ലാസർ ഉയിർപ്പിക്കപ്പെടുന്നതായി 29-ാം പേജിലുളള വിസ്മയാവഹമായ ചിത്രരചന “മരണത്തിന്റെ കെടുതികളെ ഇല്ലായ്മ ചെയ്യാനുളള [യേശുവിന്റെ] ഉൽക്കടമായ ആഗ്രഹത്തെ” കാണിക്കുന്നു. അടുത്തതായി മുഴുപേജിലും നൽകിയിരിക്കുന്ന ചിത്രം പുതിയ ലോകത്തിലെ സന്തോഷജനകമായ പുനരുത്ഥാനത്തെ പ്രതിപാദിക്കുന്നു. ദുഃഖിക്കുന്നവരുടെ ഹൃദയത്തിന് ഇത് എത്രമാത്രം ഊഷ്മളത പകരേണ്ടതാണ്!
2 മരണദുഃഖമനുഭവിക്കുന്നവർക്കു സാന്ത്വനം നൽകുന്നതിനുളള ശക്തമായ ഒരു സഹായിയായിരിക്കാൻ ഈ ലഘുപത്രികക്കു കഴിയും. അത് സംഭാഷണപരമായ ചർച്ചയ്ക്കുവേണ്ടി രൂപകൽപ്പന ചെയ്തിട്ടുളളതാണ്. വിശേഷാശയങ്ങൾ പരാമർശിക്കുന്നതിനുളള ചോദ്യങ്ങൾ ഓരോ പേജിനും അവസാനം നൽകുന്നതിനു പകരം ഓരോ ഭാഗത്തിന്റെയും ഒടുവിൽ നൽകിയിരിക്കുന്നു. ഈ “പരിചിന്തന ചോദ്യങ്ങൾ” നിങ്ങളുടെ വിദ്യാർഥിയെ ഏതു വിധത്തിൽ സഹായിക്കുമെന്നു നിങ്ങൾക്കു തോന്നുന്നുവോ ആ വിധത്തിൽ ഉപയോഗിക്കാവുന്നതാണ്.
3 സന്ദർശനം നടത്തവേ ലഘുപത്രികയിൽ കണ്ടെത്തുന്ന ആശയങ്ങൾ തിരഞ്ഞെടുത്തു ചർച്ചചെയ്യുക. 2-ാം പേജിൽ കൊടുത്തിരിക്കുന്ന ഉളളടക്കം കാണിച്ചുകൊണ്ടു വീട്ടുകാരനു താത്പര്യമേതിലാണെന്ന് അയാളോടു ചോദിക്കുക. ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾ സംബന്ധിച്ചു പ്രത്യേകം ബോധവാൻമാരായിരിക്ക. അയാൾ തന്റെ വികാരങ്ങൾ പ്രകടിപ്പിക്കട്ടെ, അതിനുശേഷം ലഘുപത്രിക എങ്ങനെ സാന്ത്വനം നൽകുന്നുവെന്നു കാണിക്കുക. നമ്മുടെ പ്രത്യാശക്ക് അടിസ്ഥാനം പ്രദാനം ചെയ്യാൻ ഓരോ ഭാഗവും ധാരാളം ബൈബിൾ വാക്യങ്ങൾ ഉപയോഗിക്കുന്നു.
4 “ഒരു യഥാർഥ പ്രത്യാശയുണ്ട്” എന്ന 5-ാം പേജിലുളള, ഉപശീർഷകം മരിച്ചവർക്കുളള സാന്ത്വനദായകമായ ബൈബിളധിഷ്ഠിത പ്രത്യാശയെ വിശേഷവത്കരിക്കുന്നു. ഇത് 26-31 പേജുകളിൽ കാണുന്ന, “മരിച്ചവർക്ക് ഒരു സുനിശ്ചിത പ്രത്യാശ” എന്ന ഭാഗം ചർച്ചചെയ്യേണ്ടതിന് ആഗ്രഹം വളർത്തിയെടുക്കണം. 27-ാം പേജിലുളള ചതുരം “ആശ്വാസം പകരുന്ന തിരുവെഴുത്തുകൾ” കൂടുതലായി നൽകുന്നു. യഹോവ “സർവ്വാശ്വാസവും നല്കുന്ന ദൈവ”മാണെന്നു ദുഃഖാർത്തനായ ഒരു വീട്ടുകാരൻ പെട്ടെന്നു കണ്ടെത്തും.—2 കൊരി. 1:3-7.
5 പ്രിയപ്പെട്ട ഒരാളുടെ മരണത്തോടുളള വ്യത്യസ്ത പ്രതികരണത്തെ വളരെ നയപരമായി ഇടയ്ക്കുളള ഭാഗങ്ങൾ ചർച്ചചെയ്യുന്നു. ദുഃഖത്തെ എങ്ങനെ തരണം ചെയ്യാമെന്നും അത്തരം ക്ലേശകരമായ സമയങ്ങളിൽ മററുളളവർക്ക് എങ്ങനെ സഹായം നൽകാനാവുമെന്നും അവ കാണിക്കുന്നു. 25-ാം പേജിൽ, “മരണത്തിന്റെ പ്രയാസസന്ധിയെ നേരിടാൻ കുട്ടികളെ സഹായിക്കൽ” എന്ന ഒരു ചതുരമുണ്ട്. ഈ പ്രശ്നത്തെ തരണം ചെയ്യേണ്ട മാതാപിതാക്കൾക്ക് ഇതൊരു യഥാർഥ സഹായമായിരിക്കേണ്ടതാണ്.
6 കൂടുതലായി ഒരു പ്രതി കൈവശം വയ്ക്കുകയും അനൗപചാരിക സാക്ഷീകരണത്തിൽ അത് ഉപയോഗിക്കുകയും ചെയ്യുക. മരണദുഃഖമനുഭവിക്കുന്ന കുടുംബാംഗങ്ങളെ സഹായിക്കുന്നതിന് ഈ ലഘുപത്രികയുടെ പ്രതികൾ കൈവശം വയ്ക്കാൻ ആളുകൾ ആഗ്രഹിക്കുന്നുവോ എന്നറിയാൻ നിങ്ങളുടെ പ്രദേശത്തുളള ഏതെങ്കിലും ശവസംസ്കാര ഭവനം സന്ദർശിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. അതല്ല, പ്രിയപ്പെട്ട ഒരാളുടെ ശവക്കല്ലറ സന്ദർശിക്കാൻ മടങ്ങിയെത്തുന്നവരെ നയപൂർവം സമീപിക്കാൻ നിങ്ങൾ ഒരുപക്ഷേ സെമിത്തേരികൾ സന്ദർശിച്ചേക്കാം.
7 യഹോവ “എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവ”മാണെന്നതിൽ നാം ആനന്ദിക്കുന്നു. (2 കൊരി. 7:6) “ദുഃഖിതൻമാരെ ആശ്വസിപ്പിക്കുന്ന”തിൽ ഒരു പങ്കുണ്ടായിരിക്കുന്നത് ഒരു പദവിയായി നാം എണ്ണുന്നു.—യെശ. 61:2.