മാനവചരിത്രത്തിലെ ഏററവും സുപ്രധാന സംഭവം
1 തന്റെ പിതാവിന്റെ നിർദേശപ്രകാരം, നമ്മെ നിത്യജീവനിലേക്കു നയിക്കുന്ന സത്യത്തിനു സാക്ഷ്യം വഹിക്കാൻ യേശു ഭൂമിയിലേക്കു വന്നു. (യോഹ. 18:37) മരണത്തോളമുളള അവന്റെ വിശ്വസ്തത യഹോവക്കു ബഹുമതി കരേററുകയും ദൈവനാമത്തെ വിശുദ്ധീകരിക്കുകയും ഒരു മറുവില പ്രദാനം ചെയ്യുകയും ചെയ്തു. (യോഹ. 17:4, 6) അതാണ് യേശുവിന്റെ മരണത്തെ മുഴു മാനവചരിത്രത്തിലേക്കുംവച്ച് ഏററവും സുപ്രധാന സംഭവമാക്കിത്തീർത്തത്.
2 ആദാമിന്റെ സൃഷ്ടിമുതൽ രണ്ടു പൂർണ മനുഷ്യരേ ഈ ഭൂമിയിൽ ജീവിച്ചിരുന്നിട്ടുളളൂ. തന്റെ അജാത സന്തതികൾക്ക് മഹനീയാനുഗ്രഹങ്ങൾ കൈവരുത്താവുന്ന ഒരു സ്ഥാനത്തായിരുന്നു ആദാം. മറിച്ച്, മരണത്തിൽ കലാശിക്കുന്ന പരിതാപകരമായ അസ്തിത്വത്തിലേക്ക് അവരെ തളളിയിട്ടുകൊണ്ട് അവൻ സ്വാർഥപൂർവം മത്സരിച്ചു. യേശു വന്നപ്പോൾ പരിപൂർണ വിശ്വസ്തതയും അനുസരണവും കാണിച്ചുകൊണ്ട് വിശ്വാസം പ്രകടമാക്കുന്ന സകലർക്കും നിത്യജീവന് അവസരം തുറന്നുകൊടുത്തു.—യോഹ. 3:16; റോമ. 5:12.
3 വേറൊരു സംഭവത്തെയും യേശുവിന്റെ ബലിമരണത്തോടു തുലനം ചെയ്യാനാവില്ല. അത് മാനവചരിത്രത്തിന്റെ ഗതിയെത്തന്നെ മാററിമറിച്ചു. അത് ശതകോടിക്കണക്കിന് ആളുകളെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുന്നതിനുളള അടിസ്ഥാനം പ്രദാനംചെയ്തു. അത് ദുഷ്ടതയ്ക്ക് അന്ത്യം വരുത്തുകയും ഭൂമിയെ ഒരു പറുദീസയായി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന ഒരു നിത്യ രാജ്യത്തിന് അടിസ്ഥാനമിട്ടു. അത് ഒടുവിൽ സകലമനുഷ്യവർഗത്തെയും സകലവിധത്തിലുമുളള മർദനങ്ങളിൽനിന്നും അടിമത്തത്തിൽനിന്നും മോചിപ്പിക്കും.—സങ്കീ. 37:11; പ്രവൃ. 24:15; റോമ. 8:21, 22.
4 വർഷംതോറും തന്റെ മരണത്തിന്റെ സ്മാരകം ആഘോഷിക്കുന്നതിനു യേശു ശിഷ്യൻമാരോട് നിർദേശിച്ചതെന്തുകൊണ്ടെന്നു വിലമതിക്കാൻ ഇതെല്ലാം നമ്മെ സഹായിക്കുന്നു. (ലൂക്കൊ. 22:19) അതിന്റെ പ്രാധാന്യം വിലമതിച്ചുകൊണ്ട്, ഏപ്രിൽ 14-ാം തീയതി വെളളിയാഴ്ച സൂര്യാസ്തമയത്തിനുശേഷം യഹോവയുടെ സാക്ഷികളുടെ സഭകളോടൊപ്പം സമ്മേളിക്കുന്നതിനു നാം നോക്കിപ്പാർത്തിരിക്കുന്നു. അതിനുമുമ്പ് യേശുവിന്റെ ഭൂമിയിലെ അവസാനനാളുകളെപ്പററിയും സത്യത്തിനുവേണ്ടിയുളള അവന്റെ ധൈര്യപൂർവകമായ നിലപാടിനെക്കുറിച്ചുമുളള ബൈബിൾ വൃത്താന്തങ്ങൾ ഒരു കുടുംബമെന്ന നിലയിൽ ഒരുമിച്ചു വായിക്കുന്നതു നന്നായിരിക്കും. (നിർദേശിച്ചിരിക്കുന്ന ഭാഗങ്ങൾ 1995-ലെ കലണ്ടറിൽ ഏപ്രിൽ 9-14 തീയതികളിൽ സൂചിപ്പിച്ചിട്ടുണ്ട്.) നമ്മുടെ സ്രഷ്ടാവിനോടു ഭക്തി കാട്ടുന്നതിൽ അവൻ നമുക്കുവേണ്ടി മാതൃകവച്ചു. (1 പത്രൊ. 2:21) ഈ സുപ്രധാന കൂടിവരവിനു നമ്മുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ബൈബിൾ വിദ്യാർഥികളെയും താത്പര്യക്കാരെയും ക്ഷണിക്കാൻ നമുക്കു നമ്മാലാവുന്നതു ചെയ്യാം. അവിടെ നടക്കാൻ പോകുന്നതിനെപ്പററിയും ചിഹ്നങ്ങളുടെ പ്രാധാന്യത്തെപ്പററിയും നേരത്തെതന്നെ വിശദീകരിക്കുക.—1 കൊരി. 11:23-26.
5 രാജ്യഹാൾ വെടിപ്പും വൃത്തിയും ഉളളതാണെന്ന് ഉറപ്പുവരുത്താൻ മൂപ്പൻമാർ മുൻകൂട്ടിത്തന്നെ ആസൂത്രണം ചെയ്യണം. ഒരുവൻ ചിഹ്നങ്ങൾ ലഭ്യമാകുന്നതിനുളള ക്രമീകരണങ്ങൾ നടത്തണം. ചിഹ്നങ്ങൾ വിതരണം ചെയ്യുന്നത് സുസംഘടിതമായ വിധത്തിലായിരിക്കണം. കർത്താവിന്റെ സന്ധ്യാഭക്ഷണത്തോട് എങ്ങനെ ആദരവു കാണിക്കാമെന്നതു സംബന്ധിച്ചുളള സഹായകരമായ നിർദേശങ്ങൾ 1985 ഫെബ്രുവരി 15-ലെ വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 19-ാം പേജിൽ നൽകിയിട്ടുണ്ട്. ആഘോഷത്തിനു പലദിവസം മുമ്പും അതേത്തുടർന്ന് ഏതാനും ദിവസങ്ങളിലും കൂടുതലായ വയൽസേവനം ക്രമീകരിക്കുന്നതു സഭയെ സംബന്ധിച്ചിടത്തോളം തികച്ചും ഉചിതമായിരിക്കും.
6 കഴിഞ്ഞവർഷം ഈ സുപ്രധാന സംഭവത്തിന്റെ ആഘോഷത്തിൽ ലോകവ്യാപകമായി മൊത്തം 1,22,88,917 പേർ ഹാജരായി. അതു നമ്മുടെ കലണ്ടറിലെ ഏററവും സുപ്രധാന ദിനമായതുകൊണ്ട് നാം എല്ലാവരും സന്നിഹിതരായിരിക്കണം.