സകലവും ദൈവമഹത്ത്വത്തിനായി ചെയ്യുവിൻ
1 നമ്മുടെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരുമൊത്തു സഹവസിക്കാൻ സാധിക്കുന്നത് എത്ര നവോന്മേഷപ്രദമാണ്! (1 കൊരി. 16:17, 18) യോഗങ്ങളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും വയൽശുശ്രൂഷയിലും നാം അതാണു ചെയ്യുന്നത്. അതിഥികൾ നമ്മുടെ ഭവനം സന്ദർശിക്കുന്നതുപോലുള്ള അനൗപചാരിക സന്ദർഭങ്ങളിലും നാം അത്തരം സഹവാസമാസ്വദിക്കുന്നു. അതു ചെയ്യവേ, നാം ആതിഥ്യമരുളുകയും അന്യോന്യം പ്രോത്സാഹിപ്പിക്കുകയുമാണു ചെയ്യുന്നത്. (റോമ. 12:13; 1 പത്രൊ. 4:9) വിവാഹവിരുന്നുകൾ സംഘടിപ്പിക്കുമ്പോൾ, 1984 ഏപ്രിൽ 15 വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) നല്ല ബുദ്ധ്യുപദേശം മനസ്സിൽ പിടിക്കുക. എല്ലാ സംഗതികളും ദൈവമഹത്ത്വത്തിനായി നടക്കേണ്ടതിന് എത്രയാളുകൾ കൂടിവരണം, ആൾക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കണം എന്നിവ തീരുമാനിക്കുന്നതു സംബന്ധിച്ച് അതിൽ 19, 20 പേജുകളിൽ കാണുന്ന ഉപദേശം വിശേഷാൽ ശ്രദ്ധിക്കുക.
2 സംഘടിതമായുള്ള സാമൂഹിക പ്രവർത്തനങ്ങൾ: നമ്മൾ “തിന്നാലും കുടിച്ചാലും” നാം “എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്യ”ണം. (1 കൊരി. 10:31-33) ചിലർ ഈ ബുദ്ധ്യുപദേശം ബാധകമാക്കുന്നില്ല. അതുകൊണ്ട്, ഉചിതമായി മേൽനോട്ടം വഹിക്കാൻ കഴിയാത്ത വലിയ സാമൂഹിക കൂടിവരവുകൾ നിമിത്തം പ്രശ്നങ്ങൾ വികാസം പ്രാപിക്കുന്നതു തുടരുകയാണ്. ചില കേസുകളിൽ, ലൗകിക വിനോദങ്ങൾ നടത്തപ്പെടുന്ന വിപുലമായ ആഘോഷപരിപാടികൾക്കു നൂറുകണക്കിന് ആളുകൾ ക്ഷണിക്കപ്പെടുന്നു. സംബന്ധിക്കുന്നവരോടു ചിലപ്പോൾ പ്രവേശന ഫീസോ മറ്റു ഫീസുകളോ കൊടുക്കാൻ ആവശ്യപ്പെട്ടേക്കാം. അത്തരം കൂടിവരവുകൾക്കു ലോകത്തിന്റെ പരിപാടികളുമായി വളരെ സാമ്യമുണ്ട്. അന്തസ്സുള്ളതോ ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിലുള്ളതോ അല്ല അതിന്റെ ആത്മാവ്.—റോമ. 13:13, 14; എഫെ. 5:15-20.
3 സാക്ഷികളുടെ വലിയൊരു കൂട്ടം വാടകയ്ക്കെടുത്ത കെട്ടിടങ്ങളിൽ ഒരുമിച്ചുകൂടി അനാരോഗ്യകരവും ലൗകികവുമായ വിനോദങ്ങളിൽ ഏർപ്പെടുന്നതായും ഉചിതമായ മേൽനോട്ടം ഇല്ലാതിരിക്കുന്നതായും റിപ്പോർട്ടുണ്ട്. “യഹോവയുടെ സാക്ഷി” വാരാന്ത്യം എന്ന പരസ്യത്തോടെ സമാനമായ പരിപാടികൾ ഹോട്ടലുകളിലോ സുഖവാസകേന്ദ്രങ്ങളിലോ നടത്തപ്പെട്ടിട്ടുണ്ട്. അത്തരം വലിയ കൂട്ടങ്ങളുടെമേൽ ഉചിതമായ മേൽനോട്ടം വഹിക്കുന്നതിലുള്ള ബുദ്ധിമുട്ടുനിമിത്തം പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. റൗഡിത്തരവും അമിത മദ്യപാനവും, എന്തിന്, അധാർമികത പോലും, ചിലപ്പോഴൊക്കെ ഉണ്ടായിട്ടുണ്ട്. (എഫെ. 5:3, 4) അത്തരം പെരുമാറ്റമുള്ള സാമൂഹിക കൂടിവരവുകൾ യഹോവയ്ക്കു മഹത്ത്വം കരേറ്റുന്നില്ല. മറിച്ച്, അവ സഭയുടെ സത്പ്പേരിനു കളങ്കം ചാർത്തുകയും മറ്റുള്ളവരെ ഇടറിക്കുകയും ചെയ്യുന്നു.—1 കൊരി. 10:23, 24, 29.
4 അതിഥിപ്രിയം കാണിക്കാൻ ക്രിസ്ത്യാനികൾ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. എന്നാൽ ആത്മീയ സംഗതികൾ കൈമാറുന്നതിലായിരിക്കണം അതിന്റെ ഊന്നൽ. (റോമ. 1:11, 12) സാധാരണമായി, ചെറിയ കൂടിവരവുകളാണ് ഏറ്റവും നല്ലത്. നമ്മുടെ ശുശ്രൂഷ പുസ്തകം അതിന്റെ 140-1 പേജുകളിൽ ഇങ്ങനെ പറയുന്നു: “ചില സമയങ്ങളിൽ ക്രിസ്തീയ കൂട്ടായ്മക്കുവേണ്ടി പല കുടുംബങ്ങൾ ഒരു ഭവനത്തിലേക്കു ക്ഷണിക്കപ്പെട്ടേക്കാം. . . . ന്യായമായി, അങ്ങനെയുള്ള സന്ദർഭങ്ങളിൽ ആതിഥേയരായിരിക്കുന്നവർ അവിടെ നടക്കുന്നതു സംബന്ധിച്ച് വ്യക്തിപരമായി ഉത്തരവാദികളായിരിക്കണം. ഇതു മനസ്സിൽ പിടിച്ചുകൊണ്ട് വിവേകമുള്ള ക്രിസ്ത്യാനികൾ അങ്ങനെയുള്ള കൂട്ടങ്ങളുടെ വലിപ്പത്തെയും സമയദൈർഘ്യത്തെയും പരിമിതപ്പെടുത്തുന്നതിന്റെ ജ്ഞാനം മനസ്സിലാക്കിയിട്ടുണ്ട്.” നമ്മുടെ സുഹൃത്തുക്കളെ ആത്മീയമായി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. അതിനു വിപുലമായ പരിപാടികളൊന്നും ആവശ്യമില്ലെന്നു യേശു സൂചിപ്പിച്ചു.—ലൂക്കൊസ് 10:40-42.
5 സഹക്രിസ്ത്യാനികളോട് ആതിഥ്യം പ്രകടമാക്കുന്നത് നല്ല കാര്യംതന്നെ. എന്നിരുന്നാലും, നമ്മുടെ ഭവനത്തിൽ നടത്തുന്ന ലളിതമായ ഒരു കൂടിവരവുപോലെയല്ല വാടകയ്ക്കെടുത്ത കെട്ടിടങ്ങളിൽ ലൗകിക ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന വിപുലമായ ഒരു പരിപാടി നടത്തുന്നത്. അതിനു വലിയ വ്യത്യാസമുണ്ട്. നിങ്ങൾ മറ്റുള്ളവരെ നിങ്ങളുടെ അതിഥികളായി ക്ഷണിക്കുമ്പോൾ, സംഭവിക്കുന്ന സംഗതികളുടെ മുഴു ഉത്തരവാദിത്വവും നിങ്ങൾക്ക് ഏറ്റെടുക്കാൻ സാധിക്കുമെന്നു നിങ്ങൾ ഉറപ്പുവരുത്തണം.—1992 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 17-20 പേജുകൾ കാണുക.
6 സത്പ്രവൃത്തികളിൽ തുടരാൻ നമ്മെ പ്രചോദിപ്പിക്കുന്ന നവോന്മേഷപ്രദമായ പ്രോത്സാഹനം നൽകുന്ന സാഹോദര്യത്താൽ യഹോവ നമ്മെ സത്യമായും അനുഗ്രഹിച്ചിരിക്കുന്നു. (മത്താ. 5:16; 1 പത്രൊ. 2:12) സാമൂഹിക പ്രവർത്തനങ്ങളിൽ മിതത്വവും ന്യായയുക്തതയും പ്രകടമാക്കുന്നതിലൂടെ നാം സദാ ദൈവത്തിനു മഹത്ത്വം കരേറ്റുകയും മറ്റുള്ളവരെ പരിപോഷിപ്പിക്കുകയും ചെയ്യും.—റോമ. 15:2.