നമ്മുടെ ദൈവത്തിന്റെ ഭവനത്തെ നാം അവഗണിക്കരുത്
1 “പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ പട്ടണത്തിലുള്ള പരദേശിയും കേട്ടു പഠിച്ചു നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ടു ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നും . . . ജനത്തെ വിളിച്ചുകൂട്ടേണം.” (ആവ. 31:12, 13) പുരാതന ഇസ്രായേൽ ജനതയ്ക്കു നൽകിയ ഈ ഉദ്ബോധനം ഇന്നുള്ള യഹോവയുടെ സകല സത്യാരാധകർക്കും ബാധകമാണ്, എന്തെന്നാൽ ക്രമമായി ഒരുമിച്ചുകൂടാൻ എബ്രായർ 10:25-ൽ പൗലൊസ് ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. അതുകൊണ്ട്, യോഗങ്ങൾ നമ്മുടെ ആരാധനയുടെ ഒരു മർമപ്രധാന ഭാഗമാണ്. വ്യക്തമായും, അത്തരം കൂടിവരവിന്റെ ഉദ്ദേശ്യം ശ്രദ്ധിക്കുകയും പഠിക്കുകയും യഹോവയാൽ പഠിപ്പിക്കപ്പെടുകയും ചെയ്യുക എന്നതാണ്. (യെശ. 54:13) പുരാതന ഇസ്രായേലിന്റെ കാര്യത്തിലെന്നപോലെ അത്തരം യോഗങ്ങൾ, ദാവീദിന്റേതുപോലുള്ള ഒരു പ്രതികരണം നമ്മിൽ ഉളവാക്കുന്ന സന്തോഷകരമായ അവസരങ്ങളാണ്. അവൻ എഴുതി: “യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു.” (സങ്കീ. 122:1) യഹോവയുടെ ഭവനത്തിനു വേണ്ടിയുള്ള നെഹെമ്യാവിന്റെ തീക്ഷ്ണത ഇപ്രകാരം പറയാൻ അവനെ പ്രേരിപ്പിച്ചു, “നമ്മുടെ ദൈവത്തിന്റെ ഭവനത്തെ നാം അവഗണിക്കരുത്.”—നെഹമ്യാവു 10:39, NW.
2 വാസ്തുശിൽപ്പപരമായി ചിലപ്പോൾ വളരെ മതിപ്പുളവാക്കുന്ന, ക്രൈസ്തവലോകത്തിന്റെ പള്ളികളിൽനിന്നു വ്യത്യസ്തമായി, യഹോവയുടെ സാക്ഷികൾ ആരാധനയ്ക്കായി കൂടിവരുന്ന സ്ഥലങ്ങൾ ലളിതമായവയാണ്, എങ്കിലും രാജ്യഹാളുകൾ എന്നറിയപ്പെടുന്ന അവ സജീവവും ഊഷ്മളവുമാണ്. 1935-ൽ, സൊസൈറ്റിയുടെ അന്നത്തെ പ്രസിഡൻറായിരുന്ന ജെ. എഫ്. റതർഫോർഡാണ് പ്രത്യക്ഷത്തിൽ ഈ പേർ ആദ്യമായി ഉപയോഗിച്ചത്. അദ്ദേഹം ഹവായി സന്ദർശിക്കുകയും അവിടെ ഒരു യോഗസ്ഥലത്തിന്റെ നിർമാണം സംഘടിപ്പിക്കുകയും ചെയ്തപ്പോഴായിരുന്നു അത്. ഇന്നുവരെ ആ പേർ ഭൂമിയിലുടനീളം നിലനിന്നിരിക്കുന്നു. 1961 വെബ്സ്റ്റേഴ്സ് അൺഅബ്രിഡ്ജ്ഡ് ഡിക്ഷ്നറി രാജ്യഹാളിനെ, “യഹോവയുടെ സാക്ഷികളുടെ മതശുശ്രൂഷകൾ നടക്കുന്ന ഒരു പ്രാദേശിക യോഗസ്ഥലം,” എന്നു നിർവചിക്കുന്നു. ഒരു ആരാധനാസ്ഥലമെന്ന നിലയിൽ രാജ്യഹാളുകൾ മറ്റുള്ളവരിൽ മതിപ്പുളവാക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു പ്രദർശന കെട്ടിടമായിരിക്കരുത്. അതിന്റെ വാസ്തുവിദ്യ ഓരോ പ്രദേശത്തും വ്യത്യസ്തമായിരിക്കാമെങ്കിലും, ഉദ്ദേശ്യത്തിന് ഉതകുന്നവിധത്തിലായിരിക്കണം അത്.—പ്രവൃ. 17:24.
ഓരോ സഭയ്ക്കും സ്വന്തം രാജ്യഹാൾ ഉണ്ടായിരിക്കണമോ?
3 ഒരു പ്രാദേശിക സഭയ്ക്കു സ്വന്തം രാജ്യഹാൾ ഉണ്ടായിരിക്കണമോ വേണ്ടയോ എന്നു സൊസൈററി തീരുമാനിക്കുന്നില്ല. പ്രാദേശിക സഭ തീരുമാനിക്കേണ്ട ഒരു സംഗതിയാണിത്. ചിലർ സ്വന്തം ഹാളുകൾ നിർമിച്ചിരിക്കുന്നു; മറ്റുള്ളവർ തങ്ങളുടെ യോഗങ്ങൾ നടത്താൻ കെട്ടിടങ്ങൾ വാടകയ്ക്കെടുത്തിരിക്കുന്നു. സംഗതി എന്തുതന്നെയായിരുന്നാലും, യോഗസ്ഥലം മാന്യവും വൃത്തിയുള്ളതും യഹോവയുടെ ആരാധനയുടെ ഉന്നത നിലവാരങ്ങൾ പ്രതിഫലിപ്പിക്കുന്നതും ആയിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഉപയോഗത്തിലായിരിക്കുമ്പോൾ അതിനു ശ്രദ്ധേയമായൊരു സൗഹൃദാന്തരീക്ഷം ഉണ്ടായിരിക്കണം. നമ്മുടെ രാജ്യഹാളുകളിലൊന്നിൽ യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിൽ ഹാജരായിട്ട് ഒരു യൂണിയൻ മെതഡിസ്റ്റ് ശുശ്രൂഷകൻ പറഞ്ഞു, “ഈ ആളുകളുടെ ഭാഗത്തെ യഥാർഥ കരുതൽ ഞങ്ങൾക്കു ബോധ്യമായി, ഞങ്ങൾ അതിനായി ഒരുങ്ങിയിരുന്നില്ല. എന്നാൽ ഒരവസരത്തിലും ഞങ്ങൾക്ക് അവരിൽനിന്നു സമ്മർദം അനുഭവപ്പെട്ടില്ല. ഒഴിവുദിനത്തോടുള്ള ബന്ധത്തിൽ ഞങ്ങൾ സന്ദർശിച്ച 20 സഭകളിൽ ഒന്നിലും ലഭിക്കാത്ത, കൂടുതൽ യഥാർഥമായ സ്വാഗതം അവരിൽനിന്ന് അനുഭവവേദ്യമായി. ഊഷ്മളമായി പുഞ്ചിരിതൂകുന്ന, പിരിമുറുക്കമില്ലാത്ത ഒരു ജനത്തിന്റെ സഭ. അവർ വ്യക്തമായി, അന്യോന്യവും അപരിചിതരുടെ കാര്യത്തിലും ആഴമായ കരുതൽ പ്രകടമാക്കി. അതുപോലെതന്നെ, ദൈവവചനം ഗ്രഹിക്കാൻ തീവ്രമായ ശ്രമവും ചെലുത്തി.”
4 സ്വന്തമായി ഹാൾ ഉണ്ടായിരിക്കുന്നതിനെക്കുറിച്ചു പരിചിന്തിക്കാൻ അനേകം സഭകളെയും അവയുടെ സാമ്പത്തിക നില അനുവദിക്കുന്നില്ലെന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. തന്നെയുമല്ല, ചില സ്ഥലങ്ങളിൽ ഒരു ഹാൾ വാടകയ്ക്കെടുക്കുന്നത് ഒരെണ്ണം വാങ്ങുകയോ നിർമിക്കുകയോ ചെയ്യുന്നതിനെക്കാൾ സൗകര്യപ്രദമാണ്. എന്നാൽ, സ്ഥലം വാങ്ങി, തങ്ങളുടെ ആവശ്യങ്ങൾക്കു യോജിച്ച സ്വന്തം രാജ്യഹാൾ പണിയാൻ നിരവധി സഭകൾ തീരുമാനിച്ചിരിക്കുന്നു. അല്ലെങ്കിൽ അവർ ഒരു കെട്ടിടം വാങ്ങി അതു പുതുക്കിപ്പണിതിരിക്കുന്നു. ഓരോ സഭയ്ക്കും സ്വന്തം രാജ്യഹാളുണ്ടെങ്കിൽ സുനിശ്ചിതമായ നേട്ടങ്ങളുണ്ട്. ഉദാഹരണത്തിന്, സ്വന്തമായി രാജ്യഹാളുകൾ പണിത രണ്ടു സഭകൾക്ക്, ഒരു വർഷത്തിനുള്ളിൽത്തന്നെ ഹാജർ വളരെയേറെ വർധിച്ചതിന്റെ ഫലമായി വ്യത്യസ്ത സമയങ്ങളിലായി രണ്ടു യോഗസെഷനുകൾ നടത്തേണ്ടത് ആവശ്യമായിവന്നുവെന്നു കേരളത്തിലെ ഒരു സർക്കിട്ട് മേൽവിചാരകൻ റിപ്പോർട്ടു ചെയ്യുന്നു. രാജ്യഹാൾ പദ്ധതിയെ സാമ്പത്തികമായി പിന്താങ്ങുന്നതു മാത്രമല്ല, അതിന്റെ നിർമാണത്തിനും അതിനുശേഷമുള്ള അതിന്റെ സംരക്ഷണത്തിനും—വൃത്തിയായും പ്രദർശനയോഗ്യമായും നല്ലനിലയിലും നിലനിർത്തിക്കൊണ്ടുപോകാൻ—തങ്ങളുടെ സേവനങ്ങൾ സ്വമേധയാ ലഭ്യമാക്കുന്നത് ഒരു പദവിയായി സാക്ഷികൾ കണക്കാക്കണം. രാജ്യഹാൾ അതിന്റെ അകമേയും പുറമേയും യഹോവയെയും അവന്റെ സ്ഥാപനത്തെയും ഉചിതമായി പ്രതിനിധാനം ചെയ്യണം.
5 തങ്ങൾ സ്വന്തം രാജ്യഹാൾ ഉണ്ടായിരിക്കാൻ പറ്റിയ നിലയിലാണെന്ന് ഒരു സഭ വിചാരിക്കുന്നെങ്കിലെന്ത്? ഈ കാര്യം പ്രാദേശിക സഹോദരങ്ങൾ തീരുമാനിക്കണം. സ്ഥലം വാങ്ങുകയും രൂപരേഖ തയ്യാറാക്കുകയും ഹാൾ നിർമിക്കുകയും ചെയ്യുമ്പോൾ ചിട്ടയായി പിൻപറ്റേണ്ട നിരവധി നടപടിക്രമങ്ങൾ സൊസൈററി വിവരിച്ചിട്ടുണ്ട്. ഈ നീക്കത്തെ അംഗീകരിക്കുന്ന ഒരു പ്രമേയം സഭ പാസാക്കിയിട്ട് കൂടുതലായ മാർഗനിർദേശങ്ങൾക്കായി സൊസൈറ്റിയുടെ രാജ്യഹാൾ ഡെസ്ക്കുമായി ബന്ധപ്പെടുക എന്നതാണ് ആദ്യപടി. സ്ഥലം വാങ്ങാനുള്ള നടപടി ആരംഭിക്കുന്നതിനു മുമ്പ് നിരവധി മുൻകരുതലുകൾ എടുക്കണം. മേഖലാ നിയന്ത്രണങ്ങൾ, നിർമാണ ചട്ടങ്ങൾ, മതോദ്ദേശ്യങ്ങൾക്കായി കെട്ടിടം പണിയുന്നതിനുള്ള അനുവാദം എന്നിവ പരിശോധിക്കേണ്ടിയിരിക്കുന്ന ചില പ്രാഥമിക കാര്യങ്ങളാണ്.
പ്രാദേശിക നിർമാണക്കമ്മിറ്റിയുടെ പങ്ക്
6 രാജ്യഹാളുകളുടെ നിർമാണത്തോടു ബന്ധപ്പെട്ട കാര്യങ്ങളിൽ മാർഗനിർദേശവും സഹായവും നൽകാൻ യോഗ്യരായ ആത്മീയ പക്വതയുള്ള മൂപ്പൻമാരുടെ ഒരു പ്രാദേശിക നിർമാണക്കമ്മിറ്റി (Regional Building Committee—ആർബിസി) സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. സഭയുടെ ധനമാർഗങ്ങളും ആവശ്യമായ വലുപ്പവും പരിഗണനയിലെടുത്തുകൊണ്ട്, നിങ്ങളുടെ പ്രദേശത്തിനു യോജിക്കുന്ന രാജ്യഹാളിനുള്ള കെട്ടിടം വാങ്ങുകയോ നിർമിക്കുകയോ ചെയ്യുന്നതു സംബന്ധിച്ച് ഈ അഞ്ചംഗ കമ്മിറ്റി മാർഗനിർദേശങ്ങൾ പ്രദാനം ചെയ്യും. പ്രാദേശിക നിർമാണക്കമ്മിറ്റി തദ്ദേശ രാജ്യഹാൾ നിർമാണക്കമ്മിറ്റിക്ക് പകരമാവില്ല, മറിച്ച് നിർമാണ പരിപാടിയിൽ അതിനെ സഹായിക്കും. സ്ഥലം വാങ്ങുന്നതിനു മുമ്പുപോലും തദ്ദേശ നിർമാണക്കമ്മിറ്റി ആർബിസി-യുമായി പര്യാലോചിക്കുന്നത് ഉചിതമാണ്. ആർബിസി, വിലയോടും നിർമാണത്തോടും ബന്ധപ്പെട്ട അനേക വശങ്ങളിൽ വൈദഗ്ധ്യമുള്ള, പ്രാപ്തരായ പുരുഷൻമാർ ഉൾപ്പെട്ടതായതിനാൽ അത്തരം സംരംഭങ്ങളിൽ അവരുടെ സഹായം മൂല്യവത്തായിരിക്കും.
7 മുൻകൂട്ടിയുള്ള ആസൂത്രണം ആവശ്യമായിരിക്കുന്ന ഒരു പ്രധാനപ്പെട്ട മണ്ഡലം രാജ്യഹാളിന്റെ വലുപ്പമാണ്—അതിന്റെ രൂപരേഖയും ഇരിപ്പിടങ്ങളുടെ എണ്ണവും. ലളിതമായ എന്നാൽ പ്രായോഗികമായ രൂപരേഖയാണ് ഏറ്റവും മെച്ചം. ആർബിസി-ക്ക് അത്തരം അനേകം രൂപരേഖകളുണ്ട്. എന്നാൽ അടിസ്ഥാനപരമായി മൂന്നു തരത്തിലുള്ള ഇരിപ്പിടാവശ്യങ്ങളാണു പ്രദാനം ചെയ്യുന്നത്: 100, 150, 250 ആളുകൾക്കുള്ളത്. ഹാളിന്റെ തറവിസ്തീർണം കണക്കാക്കുന്നത്, ഇരുത്തേണ്ട ആളുകളുടെ എണ്ണത്തെ 1.8 ചതുരശ്ര മീറ്റർകൊണ്ടു ഗുണിക്കുക എന്ന ഫോർമുലയുടെ അടിസ്ഥാനത്തിലാണ്. ഉദാഹരണത്തിന്, 100 പേരെ ഇരുത്താവുന്ന ഹാളാണ് വേണ്ടതെങ്കിൽ, 180 ചതുരശ്ര മീറ്റർ ആവശ്യമാണ്. കക്കൂസുകൾ, മാസികാസാഹിത്യ കൗണ്ടറുകൾ, രണ്ടാം സ്കൂൾ തുടങ്ങിയ മറ്റാവശ്യങ്ങൾക്കുള്ള സ്ഥലം ഇതിൽ ഉൾപ്പെടും. അത്തരം കണക്കുകൂട്ടലുകളും ആസൂത്രണവും രാജ്യഹാളിനെ സൗകര്യപ്രദവും വേണ്ടുവോളം ഇടമുള്ളതുമാക്കും. അനുയോജ്യമായ പ്ലാറ്റ്ഫോം, പരസ്യപ്രസംഗ സംവിധാനത്തിന്റെ സ്ഥാനം, ലൈറ്റുകൾ, ഫാനുകൾ, മറ്റു വൈദ്യുത ക്രമീകരണങ്ങൾ എന്നിവയുടെ സ്ഥാനം, ജനറേറ്റർ മുറി, പ്ലംബിങ്ങിനും മലിനജല നിർമാർജനത്തിനുമുള്ള സംവിധാനം തുടങ്ങിയവയെക്കുറിച്ചെല്ലാം നിർദേശങ്ങൾ നൽകാൻ പ്രാദേശിക നിർമാണക്കമ്മിററി പ്രാപ്തമാണ്.
8 ചില സന്ദർഭങ്ങളിൽ ഒന്നിലധികം സഭകൾക്ക് ഒരേ രാജ്യഹാൾ ഉപയോഗിക്കാവുന്നതാണ്. അത് സാധനസൗകര്യങ്ങൾ പൂർണമായി പ്രയോജനപ്പെടുത്താൻ ഇടയാക്കുകയും സാമ്പത്തിക ഭാരത്തെ കൂടുതൽ വ്യക്തികളിലായി വ്യാപിപ്പിക്കുകയും ചെയ്യുന്നു. രണ്ടോ അതിലധികമോ സഭകൾ തമ്മിലുള്ള അത്തരം സഹകരണം നിർമാണ പരിപാടിയുടെ സാമ്പത്തിക പ്രായോഗികത ഗണ്യമായി വർധിപ്പിക്കും. എന്നിരുന്നാലും, മുൻകൂർ പണത്തോടും മറ്റു ക്രമീകരണങ്ങളോടുമുള്ള ബന്ധത്തിൽ സൊസൈറ്റി പ്രസ്തുത സഭകളിൽ ഒരെണ്ണവുമായി മാത്രമേ ഇടപെടുകയുള്ളൂ. സഭകൾ എപ്പോൾ തങ്ങളുടെ യോഗങ്ങൾ നടത്തണമെന്നതു സംബന്ധിച്ചുള്ള വിശദാംശങ്ങൾ പങ്കെടുക്കുന്ന സഭകളിലെ മൂപ്പൻമാരുടെ സംഘങ്ങൾ തീരുമാനിക്കണം.
രാജ്യഹാളിനു സാമ്പത്തിക സഹായം നൽകൽ
9 വേല നന്നായി പുരോഗമിക്കുന്ന നഗരങ്ങളിൽ, രണ്ടോ അതിലധികമോ സഭകൾക്ക് ഒരു ഹാൾ ഉപയോഗിക്കാൻ കഴിയുന്ന അപൂർവം ചില കേസുകളിൽ സ്ഥലം വാങ്ങുന്നതിനു പണം നൽകാൻ സൊസൈറ്റി സഹായിച്ചിട്ടുണ്ടെങ്കിലും, രാജ്യഹാളിനുവേണ്ടിയുള്ള സ്ഥലത്തിന് സൊസൈറ്റി പണം നൽകുന്നില്ലെന്നുള്ളതു ശ്രദ്ധിക്കേണ്ടതാണ്. 2 കൊരിന്ത്യർ 8:13-15-ൽ, പൗലൊസ് പ്രോത്സാഹിപ്പിച്ച അതേ ആത്മാവ് യഹോവയുടെ ആധുനികകാല ദാസൻമാർ തുടർന്നും പ്രകടമാക്കും: ‘മററുളളവർക്കു സുഭിക്ഷവും നിങ്ങൾക്കു ദുർഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ. സമത്വം ഉണ്ടാവാൻ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുർഭിക്ഷത്തിന്നു ഉതകേണ്ടതിന്നു ഇക്കാലം നിങ്ങൾക്കുളള സുഭിക്ഷം അവരുടെ ദുർഭിക്ഷത്തിന്നു ഉതകട്ടെ. “ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.’ പുതിയ രാജ്യഹാളുകൾ നിർമിക്കുന്നതിൽ സഹായിക്കാൻ നമ്മുടെ സമയവും വിഭവങ്ങളും നൽകുന്നത് യഹോവയെ ബഹുമാനിക്കാനുള്ള ഒരു ഉത്തമ മാർഗമാണ്.—സദൃ. 3:9
10 ഏതാണ്ട് 3,500 വർഷം മുമ്പ് ഉദാരമായ സംഭാവനകളുടെ ആവശ്യം ഉയർന്നുവന്ന ഒരു സാഹചര്യം പരിഗണിക്കുക. തന്റെ ആരാധനയ്ക്കായി ഉപയോഗിക്കാൻ ഒരു തിരുനിവാസം, അല്ലെങ്കിൽ ‘സമാഗമന കൂടാരം’ നിർമിക്കാൻ യഹോവ മോശെയോടു കൽപ്പിച്ചു. ദൈവദത്ത രൂപകൽപ്പന അമുല്യമായ അനേകം വസ്തുക്കൾ ആവശ്യമാക്കി. യഹോവ കൽപ്പിച്ചു: “നിങ്ങളുടെ ഇടയിൽനിന്നു യഹോവെക്കു ഒരു വഴിപാടു [“സംഭാവന,” NW] എടുപ്പിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവെക്കു വഴിപാടു കൊണ്ടുവരേണം.” (പുറ. 35:4-9) ജനം എങ്ങനെ പ്രതികരിച്ചു? “ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താല്പര്യവും തോന്നിയവൻ എല്ലാം സമാഗമനകൂടാരത്തിന്റെ പ്രവൃത്തിക്കും അതിന്റെ സകലശുശ്രൂഷയ്ക്കും വിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവെക്കു വഴിപാടു കൊണ്ടുവന്നു”വെന്നു വിവരണം നമ്മോടു പറയുന്നു. ഈ സ്വമേധയാ ദാനം ക്രമേണ വളരെ വലുതായിത്തീർന്നു. ചെയ്യണമെന്നു യഹോവ കൽപ്പിച്ച വേല ചെയ്യുന്നതിന് “വേണ്ടതിലധികമായി”രുന്നു അത്. (പുറ. 35:21-29; 36:3-5) എത്ര നിസ്വാർഥവും ഉദാരവുമായ ആത്മാവാണ് ജനം പ്രകടിപ്പിച്ചത്!
11 ഇസ്രായേല്യരിൽ നിന്നുള്ള ഉദാര സംഭാവനയ്ക്കായി 500 വർഷത്തിനുശേഷം വീണ്ടും സമാനമായൊരു ക്ഷണമുണ്ടായി. യഹോവയ്ക്കുവേണ്ടി യെരൂശലേമിൽ സ്ഥിരമായൊരു ആലയം പണിയാനുള്ള ദാവീദ് രാജാവിന്റെ ആഗ്രഹം അവന്റെ പുത്രനായ ശലോമോനിലൂടെ സാക്ഷാത്കരിക്കേണ്ടിയിരുന്നു. ആവശ്യമായിരിക്കുമായിരുന്നതിന്റെ വലിയൊരു ഭാഗം ദാവീദുതന്നെ സ്വരൂപിച്ചു സംഭാവനചെയ്തു. “യഹോവെക്കു കരപൂരണം [സമ്മാനം, NW]” കൊണ്ടുവരാൻ ദാവീദ് ആവശ്യപ്പെട്ടപ്പോൾ മറ്റുള്ളവരും പങ്കുചേർന്നു. ഫലമോ? “ജനം മനഃപുർവ്വമായി കൊടുത്തതു കൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ [“പൂർണഹൃദയത്തോടെ,” NW] മനഃപൂർവ്വമായിട്ടായിരുന്നു അവർ യഹോവെക്കു കൊടുത്തതു. ദാവീദ്രാജാവും അത്യന്തം സന്തോഷിച്ചു.” (1 ദിന. 22:14; 29:3-9) ഇപ്പോഴത്തെ മൂല്യമനുസരിച്ചു വെള്ളിക്കും സ്വർണത്തിനും മാത്രം സുമാർ രണ്ട് ലക്ഷം കോടി രൂപ വരുമായിരുന്നു!—2 ദിന. 5:1.
12 ആധുനികകാലത്തും ഭൂമിയുടെ വ്യത്യസ്ത ഭാഗങ്ങളിൽ നമ്മുടെ സഹോദരൻമാർ അതേ ആത്മാവു പ്രകടിപ്പിച്ചിരിക്കുന്നു. നമ്മുടെ പരമാധികാര കർത്താവായ യഹോവയ്ക്കുവേണ്ടി ഒരു ആരാധനാസ്ഥലം പണിയാനുള്ള ആഗ്രഹം, നമ്മുടെ സഹോദരങ്ങളുടെ ‘പൂർണവും മനസ്സൊരുക്കവുമുള്ള ഹൃദയത്തെ’ കാണിക്കുന്ന പുളകപ്രദമായ അനുഭവങ്ങളാൽ പ്രകടമാക്കപ്പെട്ടിരിക്കുന്നുവെന്ന് അറിയുന്നത് എത്ര പ്രോത്സാഹജനകമാണ്. ഉദാഹരണത്തിന്, പോളണ്ടിന്റെ ചില ഭാഗങ്ങളിൽ, കാലക്രമത്തിൽ രാജ്യഹാൾ പണിയാൻ കഴിയേണ്ടതിനു പണം സ്വരൂപിക്കാൻ സഹോദരങ്ങൾ വയലുകൾ പാട്ടത്തിനെടുത്തു കൃഷിചെയ്തിട്ട്, വിളകൾ വിൽക്കുകയോ ബെറികൾ പറിക്കുകയോ ചെയ്യുന്നു. അത്തരം പദ്ധതികൾക്കായി ചിലർ പണവും മറ്റുചിലർ ആഭരണങ്ങളും സ്ഥലവും നൽകിയിരിക്കുന്നു. അനേകം കൊച്ചുകുട്ടികൾ തങ്ങളുടെ ചില്ലിക്കാശുകൾ—ലൗകിക മൂല്യമനുസരിച്ചു ചെറിയ തുകകൾ, എന്നാൽ യഹോവയുടെ കണ്ണുകളിൽ വലിയത്—സൊസൈറ്റിക്ക് അയച്ചുകൊണ്ടു നിർമാണ പദ്ധതികളോടുള്ള വിലമതിപ്പു പ്രകടിപ്പിച്ചിരിക്കുന്നു.
13 സാമ്പത്തിക സഹായം നൽകുന്നതു തിരുവെഴുത്തുപരമാണ്. “സംഭാവന” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദത്തിന്റെ അർഥം “വിശുദ്ധ ഭാഗം” എന്നാണ്. (പുറ. 25:2, NW റഫറൻസ് ബൈബിൾ അടിക്കുറിപ്പ്.) രാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിനു ക്രിസ്ത്യാനികൾ തങ്ങളുടെ സമയവും ഊർജവും ഭൗതിക സ്വത്തുക്കളും സംഭാവന ചെയ്യാൻ ഉചിതമായി ആഗ്രഹിക്കുന്നു. രാജ്യഹാൾ നിർമിക്കാൻ സഭ തീരുമാനിക്കുമ്പോൾ, പെട്ടെന്നുതന്നെ പദ്ധതിക്കു സംഭാവന നൽകാനോ തങ്ങൾക്ക് അപ്പോൾ ആവശ്യമില്ലാത്ത പണം വായ്പയായി കൊടുക്കാനോ സാധിക്കുമെന്നു ചിലർ വ്യക്തിപരമായി കണ്ടെത്തിയേക്കാം. അതിനുപുറമേ, ഓരോ മാസവും ക്രമമായി തങ്ങൾ എത്രമാത്രം സംഭാവന ചെയ്യുമെന്ന് എല്ലാവർക്കും തീരുമാനിക്കാവുന്നതാണ്. ഇത് ഒരു ദശാംശമോ നിബന്ധനയോ അല്ലാത്തതിനാൽ, തികച്ചും സ്വമേധയാ ആയതിനാൽ, ആസൂത്രണങ്ങൾ ചെയ്യാൻ തങ്ങളെ സഹായിക്കുന്നതിനു മൂപ്പൻമാർ സഭാംഗങ്ങളോടു പ്രസ്തുത വിവരങ്ങൾ അന്വേഷിച്ചേക്കാം. തുക എഴുതിയ ഒപ്പിടാത്ത പേപ്പറുകൾ മതിയാകും ഈ കണക്കുകൂട്ടൽ നടത്താൻ.
14 രാജ്യഹാൾ നിർമാണത്തിനായി എളുപ്പം ലഭ്യമാകുന്ന ഫണ്ട് സ്വരൂപിക്കാനുള്ള ഒരു പ്രായോഗിക വിധം, ‘നിർമാണ ഫണ്ട്’ എന്ന് എഴുതിയ ഒരു സംഭാവനപ്പെട്ടി രാജ്യഹാളിൽ വെച്ചിട്ട് ആ ഉദ്ദേശ്യത്തിനായി സംഭാവന ചെയ്യാൻ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. അത്തരമൊരു പെട്ടിയുണ്ടാക്കാൻ 1995 ആഗസ്റ്റിൽ സൊസൈറ്റി ഇന്ത്യയിലെ സകല സഭകളോടും ആവശ്യപ്പെട്ടു. ഇപ്പോൾത്തന്നെ സ്വന്തമായി ഒരു രാജ്യഹാൾ ഉള്ള, അതിന്റെ കടംതീർത്തിട്ടുള്ള സഭകൾ, അല്ലെങ്കിൽ നിലവിൽ രാജ്യഹാൾ നിർമാണ പദ്ധതിയില്ലാത്തതും സമീപ ഭാവിയിലേക്ക് അത്തരമൊരു പദ്ധതി മുൻകൂട്ടിക്കാണുന്നില്ലാത്തതുമായ സഭകൾ ഈ പെട്ടിയിൽനിന്നു കിട്ടുന്ന തുക മുഴുവനും ഓരോ മാസവും സൊസൈറ്റിക്ക് അയച്ചുകൊടുക്കണം. ഈ പണം ‘ദേശീയ രാജ്യഹാൾ ഫണ്ടി’നായി (National Kingdom Hall Fund—എൻകെഎച്ച്എഫ്) വേർതിരിച്ചിട്ടുള്ളതാണ്. രാജ്യത്തെങ്ങുമുള്ള സഭകളെ തങ്ങളുടെ രാജ്യഹാൾ പദ്ധതികൾക്കു പണപരമായി സഹായിക്കാൻ മുൻകൂർ പണം നൽകുന്ന ഒരു ‘ചുറ്റിത്തിരിയുന്ന നിധി’യാണ് എൻകെഎച്ച്എഫ്. ഇടപാടു ചെലവുകൾ നികത്തുന്നതിനും മറ്റു ഹാളുകൾക്കു സാമ്പത്തിക സഹായം ചെയ്യുന്നതിനുമായി നാമമാത്രമായ മൂന്നു ശതമാനം സർച്ചാർജോടെ തിരിച്ചടയ്ക്കാവുന്ന മുൻകൂർ പണമാണിത്. പ്രാദേശിക സഭയുടെ ചെലവുകൾക്കായി പതിവു സംഭാവന നൽകുന്നതിനു പുറമേ, തങ്ങളുടെ പ്രാപ്തിയും ആഗ്രഹവും അനുസരിച്ച് ഈ ഫണ്ടിലേക്കു ക്രമമായി എന്തെങ്കിലും മാറ്റിവെക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കാവുന്നതാണ്. (1 കൊരിന്ത്യർ 16:1-4 താരതമ്യം ചെയ്യുക.) ആദിമ ക്രിസ്തീയ സഭയെക്കുറിച്ചു ചരിത്രകാരനായ തെർത്തുല്യൻ എഴുതി: “ഓരോ പുരുഷനും മാസത്തിലൊരിക്കൽ ഏതാനും എളിയ നാണയങ്ങൾ അല്ലെങ്കിൽ അയാൾ ആഗ്രഹിക്കുന്ന എന്തും കൊണ്ടുവരുന്നു, അയാൾക്ക് ആഗ്രഹവും പ്രാപ്തിയും ഉണ്ടെങ്കിൽ മാത്രം; എന്തെന്നാൽ ആരും നിർബന്ധിതരല്ല; അതൊരു സ്വമേധയാ ദാനമാണ്.” സംഭാവനകൾ ആവശ്യപ്പെടാൻ ഒരു കാണിക്ക പാത്രം കൈമാറുന്ന ഇന്നത്തെ അനേകം മതങ്ങളിൽനിന്നു വ്യത്യസ്തമായി, ക്രിസ്തീയ സഭയിലെ സകല ഭൗതിക ദാനങ്ങളും ഹൃദയത്തിൽനിന്നു സ്വമേധയാ നൽകപ്പെടുന്നു.—2 കൊരി. 9:7.
15 ആർബിസി-യുടെ നിർദേശങ്ങൾ ബാധകമാക്കിയതിനു ശേഷം പ്രാദേശിക മൂപ്പൻമാരുടെ സംഘം നിർമാണത്തിനായുള്ള പദ്ധതികൾ അംഗീകരിച്ചുകഴിഞ്ഞാൽ, പ്രാദേശിക നിർമാണക്കമ്മിറ്റിയുടെ സഹായത്തോടെ മുഴു പദ്ധതിയുടെയും ചെലവു കണക്കാക്കണം. പ്രാദേശികമായി എത്രമാത്രം പണം ലഭ്യമാണെന്നും സഭയ്ക്ക് അതിനോടകം ബോധ്യപ്പെട്ടിരിക്കും. ഈ സാഹചര്യത്തിൽ, മുൻകൂർ പണം ആവശ്യമാണെങ്കിൽ, സഭയ്ക്ക് അതിനായി സൊസൈറ്റിയോട് അപേക്ഷിക്കാവുന്നതാണ്. സൊസൈററി ആ അപേക്ഷ സൂക്ഷ്മമായി പരിശോധിച്ചിട്ട്, മാസ ഗഡുക്കളായി പത്തു വർഷംകൊണ്ട് അടച്ചുതീർക്കേണ്ട മുൻകൂർ പണം അനുവദിക്കണമോയെന്നു തീരുമാനിക്കും. ഒരേ പദ്ധതിക്കുവേണ്ടി വീണ്ടും മുൻകൂർ പണം ചോദിക്കുന്നത് ഒഴിവാക്കാൻ, അതിനായി അപേക്ഷിക്കുന്നതിനു മുമ്പ്, ഉൾപ്പെട്ടിരിക്കുന്ന ചെലവുകൾ സഹോദരൻമാർ കൃത്യമായും വസ്തുനിഷ്ഠമായും കണക്കാക്കേണ്ടത് അത്യാവശ്യമാണ്. (ലൂക്കൊ. 14:28) ഒരു ഫ്ളാറ്റോ രാജ്യഹാളായി രൂപപ്പെടുത്താൻ മറ്റു കെട്ടിടങ്ങളോ വാങ്ങുന്നതിനു വേണ്ടിയുള്ള മുൻകൂർ പണാപേക്ഷകളും, പദ്ധതി പ്രായോഗികമാണെന്നു കണ്ടാൽ പരിഗണിക്കും.
രാജ്യഹാൾ സഹായ ക്രമീകരണം
16 സ്വന്തമോ വാടകയ്ക്കെടുത്തതോ ആയ ഒരു രാജ്യഹാൾ നിങ്ങൾക്ക് ഉണ്ടായിരിക്കുകയും ആ കെട്ടിടമോ അതിലെ എടുത്തുമാറ്റാവുന്ന വിലപിടിപ്പുള്ള വസ്തുക്കളോ സംരക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ, സൊസൈറ്റിക്ക് രാജ്യഹാൾ സഹായ ക്രമീകരണം (Kingdom Hall Assistance Arrangement—കെഎച്ച്എഎ) ഉണ്ട്. ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാ സഭകൾക്കും വിതരണം ചെയ്തിട്ടുണ്ട്. നാം ജീവിക്കുന്ന നിർണായക നാളുകളുടെ വീക്ഷണത്തിൽ, മോഷണത്തിന്റെയും മറ്റു നശീകരണപ്രവർത്തനങ്ങളുടെയും സാധ്യത വർധിച്ചിരിക്കുന്നതിനാൽ ഇതു വളരെ പ്രയോജനപ്രദമായ ക്രമീകരണമാണ്. സൊസൈറ്റി നിശ്ചയിക്കുന്ന ഒരു ചെറിയ സംഭാവനമാത്രം ഓരോ വർഷവും നൽകുന്നതിലൂടെ, കെട്ടിടത്തിന്റെയോ വിലപിടിപ്പുള്ള വസ്തുക്കളുടെയോ നഷ്ടം പുനരുദ്ധരിക്കാൻ സഹായം ലഭിക്കുന്ന നിരയിലായിത്തീരുന്നു സഭ. പരസ്യപ്രസംഗ സംവിധാനം, ഫർണീച്ചർ എന്നിവ പോലുള്ള വിലയേറിയ ഉപകരണങ്ങൾ അപ്രകാരം സംരക്ഷിക്കാവുന്നതാണ്. ഇതു വളരെ സ്നേഹപൂർവകമായ ഒരു കരുതലാണ്. ഇതു പ്രയോജനപ്പെടുത്താൻ എല്ലാ സഭകളെയും പ്രോത്സാഹിപ്പിക്കുന്നു.
17 കൊടുക്കലിന്റെ ആത്മാവ് യഹോവയിൽനിന്ന് ഉത്ഭവിക്കുന്നു. അവൻ തന്റെ ഭൗമിക മക്കൾക്കു സകല നല്ല ദാനങ്ങളും പൂർണമായ സമ്മാനങ്ങളും നൽകുന്ന ഏറ്റവും ഉദാരനായ ദാതാവാണ്. (യാക്കോ. 1:17) താൻ നൽകിയിരിക്കുന്ന അത്ഭുതകരമായ സകല സംഗതികൾക്കും പകരമായി അവൻ നമ്മിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നത്? സങ്കീർത്തനക്കാരനായ ദാവീദ് അതേക്കുറിച്ച് ഈ ചോദ്യം ഉന്നയിച്ചു: “യഹോവ എനിക്കു ചെയ്ത സകല ഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും?” (സങ്കീ. 116:12) യഹോവയുടെ സകല സ്നേഹദയയ്ക്കും നിത്യജീവന്റെ പ്രത്യാശയ്ക്കും പകരം നമുക്ക് അവന് എന്തു നൽകാവുന്നതാണ്? ഉത്തരമായി സങ്കീർത്തനക്കാരൻതന്നെ പറഞ്ഞു: “ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും. ഞാൻ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.” (സങ്കീ. 116:13, 17) അതേ, യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുകയും നമ്മുടെ പ്രദേശത്തു സത്യാരാധന ഉന്നമിപ്പിക്കുകയും ചെയ്തുകൊണ്ട് നമ്മുടെ അചഞ്ചലമായ കൂറു തെളിയിക്കുന്നതാണ് നമുക്ക് അവനു നൽകാൻ കഴിയുന്ന ഏറ്റവും അമൂല്യമായ സമ്മാനം. സ്വന്തമായി രാജ്യഹാൾ ഉണ്ടായിരിക്കുക എന്നതാണ് ഇതു ചെയ്യുന്നതിനുള്ള ഒരു അത്യുത്തമ മാർഗം. “ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു” എന്നു പറഞ്ഞുകൊണ്ട് ആളുകൾ വരുന്നത് അവിടേക്കാണ്.—സെഖ. 8:23.
[6-ാം പേജിലെ ചതുരം]
രാജ്യഹാൾ നിർമാണത്തിനു സംഭാവന ചെയ്യാൻ ഹൃദയം നിങ്ങളെ പ്രേരിപ്പിക്കുന്നുവോ?
രാജ്യഹാൾ നിർമാണത്തോടുള്ള നിങ്ങളുടെ വിലമതിപ്പും താത്പര്യവും പ്രകടിപ്പിക്കാൻ കഴിയുന്ന നിരവധി മാർഗങ്ങളുണ്ട്. അത്തരം പദ്ധതികളെ പണപരമായി സഹായിക്കുന്നതിനു സൊസൈറ്റിക്ക് ഒരു ദേശീയ രാജ്യഹാൾ ഫണ്ട് ഉണ്ട്. പിൻവരുന്ന വിധങ്ങളിൽ നിങ്ങൾക്കു സഹായിക്കാവുന്നതാണ്:
1. ദാനങ്ങൾ: സ്വമേധയാദാനമായുളള പണം Watch Tower Bible and Tract Society-യിലേക്കു നേരിട്ട് അയയ്ക്കാവുന്നതാണ്. കൂടാതെ ആഭരണങ്ങളോ വിലയേറിയ മററു വസ്തുക്കളോ സംഭാവന ചെയ്യാവുന്നതാണ്. ഈ സംഭാവനകളോടൊപ്പം അവ ദേശീയ രാജ്യഹാൾ ഫണ്ടിനായുള്ള ഒരു നിരുപാധിക ദാനമാണെന്നു ചുരുക്കമായി പ്രസ്താവിക്കുന്ന ഒരു കത്തും അയയ്ക്കേണ്ടതാണ്.
2. സോപാധിക സംഭാവനാ ക്രമീകരണം: വ്യക്തിപരമായ ആവശ്യം വരുന്നപക്ഷം തിരിച്ചുതരണമെന്നുളള വ്യവസ്ഥയിൽ, ദാതാവിന്റെ മരണംവരെ പണം ഒരു ട്രസ്ററായി സൂക്ഷിക്കാൻ വാച്ച് ടവർ സൊസൈറ്റിയെ ഏൽപ്പിക്കാവുന്നതാണ്. ഈ പണം മേൽപ്പറഞ്ഞ ഫണ്ടിനാണെന്നു വ്യക്തമായി രേഖപ്പെടുത്തണം.
3. ബാങ്ക് അക്കൗണ്ടുകൾ: പ്രാദേശിക ബാങ്കുനിയമങ്ങൾക്കു ചേർച്ചയിൽ, ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപസർട്ടിഫിക്കററുകൾ, അല്ലെങ്കിൽ വ്യക്തിപരമായ പെൻഷൻ അക്കൗണ്ടുകൾ എന്നിവ വാച്ച് ടവർ സൊസൈറ്റിയിൽ ട്രസ്ററായി അല്ലെങ്കിൽ മരണാനന്തരം സൊസൈറ്റിക്കു ലഭിക്കത്തക്കവിധം ഏൽപ്പിക്കാവുന്നതാണ്. ഈ തുകകൾ മേൽപ്പറഞ്ഞിരിക്കുന്ന ഫണ്ടിനായി ഉപയോഗിക്കണമെന്നു വ്യക്തമാക്കുക. അങ്ങനെയുളള ഏതു ക്രമീകരണവും സൊസൈറ്റിയെ അറിയിച്ചിരിക്കണം.
4. സ്റേറാക്കുകളും ഓഹരികളും: ഒരു നിരുപാധിക ദാനമായിട്ടോ അല്ലെങ്കിൽ വരുമാനം തുടർന്നും ദാതാവിനു ലഭിക്കുന്ന ക്രമീകരണത്തിൻകീഴിലോ സ്റേറാക്കുകളും ഓഹരികളും വാച്ച് ടവർ സൊസൈറ്റിക്കു ദാനമായി നൽകാവുന്നതാണ്. എന്തെങ്കിലും സാമ്പത്തിക ലാഭം ഉണ്ടെങ്കിൽ സൊസൈറ്റിയുടെ കൈവശമുള്ള രാജ്യഹാൾ ഫണ്ടിനായി രേഖപ്പെടുത്തണം.
5. സ്ഥാവരവസ്തു: ഒരു നിരുപാധിക ദാനമായിട്ടോ അല്ലെങ്കിൽ ആയുഷ്കാലാവകാശം നിലനിർത്തിക്കൊണ്ടോ, വിൽക്കാവുന്ന സ്ഥാവരവസ്തു വാച്ച് ടവർ സൊസൈറ്റിക്കു ദാനം ചെയ്യാവുന്നതാണ്, ദാതാവിന്റെ ആയുഷ്പര്യന്തം അയാൾക്ക് അവിടെ താമസിക്കാം. ഏതെങ്കിലും സ്ഥാവരവസ്തു സൊസൈറ്റിക്ക് ആധാരം ചെയ്യുന്നതിനു മുമ്പായി സൊസൈറ്റിയുമായി സമ്പർക്കം പുലർത്തണം. അതിൽനിന്നു ലഭിക്കുന്ന പണം രാജ്യഹാൾ ഫണ്ടിനായി ഉപയോഗിക്കാനാണെന്നു വ്യക്തമായി പ്രസ്താവിക്കണം.
6. വിൽപ്പത്രങ്ങളും ട്രസ്ററുകളും: നിയമപരമായി തയ്യാറാക്കിയ വിൽപ്പത്രം മുഖാന്തരം വസ്തുവോ പണമോ വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈറ്റിക്ക് ഒസ്യത്തായി നൽകാവുന്നതാണ്. അല്ലെങ്കിൽ ഒരു ട്രസ്ററ് ക്രമീകരണത്തിന്റെ പ്രയോക്താവായി സൊസൈററിയുടെ പേർ കൊടുക്കാവുന്നതാണ്. ഒരു മതസ്ഥാപനത്തിനു പ്രയോജകീഭവിക്കുന്ന ട്രസ്ററ് ചില നികുതിയിളവുകൾ പ്രദാനം ചെയ്തേക്കാം. വിൽപ്പത്രത്തിന്റെ അല്ലെങ്കിൽ ട്രസ്ററ് കരാറിന്റെ ഒരു പകർപ്പു സൊസൈറ്റിക്ക് അയച്ചുകൊടുക്കുകയും വിൽപ്പത്രത്തിന്റെയോ ട്രസ്റ്റിന്റെയോ ആദായം രാജ്യഹാൾ ഫണ്ടിനാണെന്നു വ്യക്തമായി രേഖപ്പെടുത്തുകയും വേണം.
ഇങ്ങനെയുളള കാര്യങ്ങൾ സംബന്ധിച്ചു കൂടുതൽ വിവരത്തിന്, Watch Tower Bible and Tract Society of India, H-58 Old Khandala Road, Lonavla 410401, MAH., INDIA-യിലേക്ക് എഴുതുക.