ഒരിക്കലും ആവർത്തിക്കപ്പെടുകയില്ലാത്ത വേലയിൽ പങ്കെടുക്കുക
1 മനുഷ്യവർഗത്തിന്റെ ചരിത്രത്തിലുടനീളം നിരവധി സന്ദർഭങ്ങളിൽ, തന്റെ ശത്രുക്കളുടെമേൽ ന്യായവിധി നടത്തേണ്ടത് യഹോവയെ സംബന്ധിച്ചിടത്തോളം അനിവാര്യമായിരുന്നു. എന്നാൽ, തന്റെ കരുണ നിമിത്തം അവൻ ഉചിതമായ ഹൃദയനിലയുള്ളവർക്ക് രക്ഷയ്ക്കുള്ള അവസരം പ്രദാനം ചെയ്തു. (സങ്കീ. 103:13) അവരുടെ പ്രതികരണം അവർക്ക് അന്തിമമായി എന്തു സംഭവിക്കുമെന്നു നിർണയിച്ചു.
2 ദൃഷ്ടാന്തത്തിന്, പൊ.യു.മു. 2370-ലെ പ്രളയത്തിനുമുമ്പ് നോഹ ഒരു “നീതിപ്രസംഗിയാ”യിരുന്നു. ദിവ്യ മുന്നറിയിപ്പു തൃണവത്കരിച്ചവരായിരുന്നു നശിപ്പിക്കപ്പെട്ടത്. (2 പത്രൊ. 2:5; എബ്രാ. 11:7) പൊ.യു. 70-ലെ യെരൂശലേമിന്റെ നാശത്തിനു മുമ്പ്, ആ നഗരത്തിൻമേൽ സംഭവിക്കാനിരുന്ന നാശത്തിൽനിന്നു രക്ഷപ്പെടുന്നതിന് ഏതൊരുവനും സ്വീകരിക്കേണ്ടിയിരുന്ന നടപടി യേശു വ്യക്തമായി വിവരിച്ചു. അവന്റെ മുന്നറിയിപ്പിൻ സന്ദേശം തിരസ്കരിച്ച ഏവരും ഭീതിദമായ അനന്തരഫലങ്ങൾ അനുഭവിച്ചു. (ലൂക്കൊ. 21:20-24) അത്തരം ദിവ്യ മുന്നറിയിപ്പുകളും ന്യായവിധികളും ചരിത്രത്തിൽ അനേകം തവണ ആവർത്തിക്കപ്പെട്ടു.
3 ആധുനികകാല മുന്നറിയിപ്പിൻ വേല: ഇന്നത്തെ ദുഷ്ട വ്യവസ്ഥിതിക്കെതിരെ തന്റെ കോപം അഴിച്ചുവിടുമെന്നും സൗമ്യതയുള്ളവർ മാത്രമേ അതിജീവിക്കുകയുള്ളുവെന്നും യഹോവ ദീർഘകാലം മുമ്പു പ്രഖ്യാപിച്ചു. (സെഫ. 2:2, 3; 3:8) ഈ മുന്നറിയിപ്പിൻ സന്ദേശം പ്രസംഗിക്കുന്നതിനുള്ള സമയം സത്വരം തീർന്നുകൊണ്ടിരിക്കുന്നു! “മഹോപദ്രവം” തൊട്ടു മുമ്പിലാണ്. സൗമ്യതയുള്ളവർ ഇപ്പോൾ കൂട്ടിവരുത്തപ്പെടുന്നു. “നിലങ്ങൾ” തീർച്ചയായും “കൊയ്ത്തിന്നു വെളുത്തിരിക്കുന്നു.” അതുകൊണ്ട്, പ്രാധാന്യത്തിന്റെയും അടിയന്തിരതയുടെയും കാര്യത്തിൽ മറ്റൊരു വേലയെയും ഇതിനോടു താരതമ്യപ്പെടുത്താനാവില്ല.—മത്താ. 24:14, 21, 22; യോഹ. 4:35.
4 മറ്റുള്ളവരോട്, അവർ “കേട്ടാലും കേൾക്കാഞ്ഞാലും” ഈ ആധുനികകാല മുന്നറിയിപ്പു മുഴക്കുന്നതിൽ നാം പങ്കെടുക്കണം. നാം അവഗണിക്കരുതാത്ത ഒരു ദൈവദത്ത നിയമനമാണിത്. (യെഹെ. 2:4, 5; 3:17, 18) ഈ വേലയിൽ നമുക്ക് ഒരു പൂർണമായ പങ്കുണ്ടായിരിക്കുന്നത്, ദൈവത്തോടുള്ള നമ്മുടെ ആഴമായ സ്നേഹത്തിന്റെയും അയൽക്കാരോടുള്ള നമ്മുടെ യഥാർഥ താത്പര്യത്തിന്റെയും നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും ബോധ്യംവരുത്തുന്ന തെളിവു പ്രദാനം ചെയ്യുന്നു.
5 പ്രവർത്തിക്കാനുള്ള സമയം ഇതാണ്: യഹോവയുടെ കഴിഞ്ഞകാല ന്യായവിധികൾക്കു ശേഷം, സാത്താനും അവന്റെ ഭൂതങ്ങളും പ്രവർത്തനനിരതർ ആയിരുന്നതിനാൽ എല്ലായ്പോഴും ദുഷ്ടത പുതിയരൂപത്തിൽ ഉയർന്നുവന്നു. എന്നാൽ ഇത്തവണ അതു വ്യത്യസ്തമായിരിക്കും. സാത്താന്യ സ്വാധീനം തുടച്ചുനീക്കപ്പെട്ടിരിക്കും. ആസന്നമായിരിക്കുന്ന “മഹോപദ്രവ”ത്തെക്കുറിച്ചുള്ള ഒരു ആഗോള മുന്നറിയിപ്പു വീണ്ടുമൊരിക്കലും ആവശ്യമായിരിക്കുകയില്ല. (വെളി. 7:14, NW; റോമ. 16:20) ഒരിക്കലും ആവർത്തിക്കപ്പെടുകയില്ലാത്ത ഒരു വേലയിൽ പങ്കുപറ്റാനുള്ള പ്രത്യേക പദവി നമുക്കുണ്ട്. ഈ അവസരം ഏറ്റവും നന്നായി വിനിയോഗിക്കാനുള്ള സമയം ഇതാണ്.
6 തന്റെ പ്രസംഗ പ്രവർത്തനത്തെക്കുറിച്ചു തികഞ്ഞ ബോധ്യത്തോടെ അപ്പോസ്തലനായ പൗലൊസ് പ്രസ്താവിച്ചു: “സകല മനുഷ്യരുടെയും രക്തത്തിൽനിന്നു ഞാൻ സ്വതന്ത്രനാണ്.” (പ്രവൃ. 20:26, NW) മുന്നറിയിപ്പു മുഴക്കുന്നതിലെ എന്തെങ്കിലും പരാജയം നിമിത്തം രക്തപാതകക്കുറ്റമുള്ളതായി അവനു തോന്നിയില്ല. എന്തുകൊണ്ടില്ല? കാരണം അവനു തന്റെ ശുശ്രൂഷയെക്കുറിച്ച് ഇപ്രകാരം പറയാൻ കഴിഞ്ഞു: “ഞാൻ . . . പോരാടിക്കൊണ്ടു അദ്ധ്വാനിക്കുന്നു.” (കൊലൊ. 1:29) ഒരിക്കലും ആവർത്തിക്കപ്പെടുകയില്ലാത്ത വേലയിൽ കഴിവിന്റെ പരമാവധി പങ്കെടുത്തുകൊണ്ട് നമുക്കും അതേ സംതൃപ്തി ആസ്വദിക്കാം!—2 തിമൊ. 2:15.